നവാലികയ്ക്കു പറയാന്‍ കഥകളുണ്ടോ എന്ന് തേടിക്കൊണ്ടിരിക്കുകയായിരുന്നു ഇത്രനാളും ഞാന്‍. ഒന്നും കിട്ടിയില്ല. എങ്കില്‍ അവള്‍ കഥകളില്ലാത്ത ഒരു നദി. അല്ലെങ്കില്‍ ഒരായിരം കഥകള്‍ തന്നിലൊളിപ്പിച്ച് ഒതുക്കിപ്പിടിച്ച ഒരു പുഞ്ചിരിയോടെ ശാന്തമായി ഒഴുകുന്ന നദി. പക്ഷേ, എനിക്ക് അവളെക്കുറിച്ച് പറയാന്‍ ഒരു ദിവസത്തിന്റെ കഥയുണ്ട്. ജനുവരിയുടെ തണുപ്പില്‍ ഉത്തരാഖണ്ഡിലെ ലാന്‍സ്ഡൗണിലെത്തിയതിന്റെ മൂന്നാംദിവസം വിശ്രമത്തിനു പറ്റിയൊരിടമായി ഞങ്ങള്‍ കണ്ടെത്തിയത് നാവാലികയുടെ കരയിലായിരുന്നു.
ശാന്തമായി, നിശ്ശബ്ദമായി ഒഴുകിക്കൊണ്ടിരുന്ന ഒരു നദി. ഞങ്ങളിരുന്നിടത്തെ ആഴക്കുറവുകൂടി അവളുടെ സൗന്ദര്യമായി. ഒരുപക്ഷേ, ഉദ്ഭവസ്ഥാനങ്ങളില്‍ നാവാലികയും ചെങ്കുത്തായ പാറമടക്കുകളിലൂടെ തട്ടിത്തടഞ്ഞും ഘോരശബ്ദം പുറപ്പെടുവിച്ചും ഒഴുകുന്നുണ്ടാവും. എന്നാല്‍ നമ്മുടെ കാഴ്ചകളും അനുഭവങ്ങളുമാണല്ലോ ഓരോന്നിനെക്കുറിച്ചുമുള്ള വിലയിരുത്തലുകളിലേക്കെത്തിക്കുന്നത്.
നിറയെ വലുതും ചെറുതുമായ കറുത്ത ഉരുളന്‍ കല്ലുകള്‍. അവയെ തൊട്ടും തൊടാതെയും നദിയൊഴുകുന്നു. തെളിഞ്ഞ തണുത്ത ജലം. നദിക്കു കുറുകെ ഒരു തൂക്കുപാലം. എതിരെ സൂര്യന്‍ നിന്നതുകൊണ്ട് ആകാശത്തിന്റെ വെളുപ്പില്‍ കറുപ്പിന്റെ മനോഹാരിതയായി അത്. വശങ്ങളില്‍ ഇടതൂര്‍ന്ന കാട്. ഇത്രയുമാണ് നാവാലിക ആദ്യകാഴ്ചയില്‍. എന്നാല്‍ അതിനുമപ്പുറം ഉല്ലാസഭരിതമായൊരു അന്തരീക്ഷം അവിടെ നിലനില്‍ക്കുന്നുണ്ടായിരുന്നു. മനുഷ്യന്റെ കൈയേറലുകള്‍ ഹാനികരമാംവിധം സംഭവിച്ചിട്ടില്ലാത്തതുകൊണ്ടാവാം പ്രകൃതി അത്രമേല്‍ തെളിമയോടെ നിന്നത്.
നാവാലികയുടെ കരയിലാണ് ജ്വാല്‍പാദേവി ക്ഷേത്രം. ഉത്തരാഖണ്ഡിലെ പോഡി ജില്ലയില്‍ പ്രധാന ടൗണില്‍നിന്ന് 34 കിലോമീറ്റര്‍ അകലെ. ആഗ്രഹിക്കുന്നതെന്തും ദേവി നടത്തിത്തരുമത്രെ. ദേവേന്ദ്രനെ വിവാഹംകഴിക്കണമെന്നാഗ്രഹിച്ച് ദേവിയോടുള്ള പ്രാര്‍ത്ഥനയിലൂടെ അത് സാധിപ്പിച്ചെടുത്ത രാജകുമാരിയുടെ കഥ ജ്വാല്‍പാദേവിയെക്കുറിച്ചുണ്ട്.
റോഡില്‍നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴി മുഴുവന്‍ പടവുകളാണ്. വശങ്ങളില്‍ മുഴുവനും കടകളും. ക്ഷേത്രത്തിലേക്ക് വരുന്ന തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന സാധനങ്ങളാണ് കടകളില്‍. അവ കണ്ടും വില ചോദിച്ചും പടവുകളിലൂടെ താഴോട്ടിറങ്ങി, ജ്വാല്‍പാദേവിക്കു മുന്നില്‍ കൈകൂപ്പി. പിന്നെ ഞങ്ങള്‍ നദിക്കരയിലേക്ക് നടന്നു. വെള്ളം വളരെ കുറവായിരുന്നു. ഉരുളന്‍കല്ലുകള്‍ക്കിടയിലൂടെയും മുകളിലൂടെയും ഇരിക്കാന്‍പറ്റിയ ഇടം നോക്കി നടക്കുമ്പോള്‍ പാതി കത്തിയ മരത്തടികള്‍ കാലില്‍ തടഞ്ഞു. ആരുടെയൊക്കെയോ ഭൗതികശരീരം അഗ്‌നിയിലമര്‍ത്താന്‍ സഹായകമായിരുന്നവയാണ് അവയെന്ന് വളരെ പെട്ടന്ന് മനസ്സിലായി.
കളി പറഞ്ഞും കഥ പറഞ്ഞും കുറെനേരം. പിന്നീട് തൂക്കുപാലത്തിനു മുകളിലേക്ക്. അവിടെവെച്ചാണ് സമീപവാസികളായ നാലു സ്ത്രീകളെ കണ്ടതും പരിചയപ്പെട്ടതും. ശാന്തിദേവി, നീതാദേവി, രൂപാദേവി,... നാലാമത്തെ സ്ത്രീയുടെ പേരോര്‍മ വരുന്നില്ല. വിവാഹിതകളാവുന്നതോടെ സ്ത്രീകളുടെ പേരിനൊപ്പം ദേവി എന്ന് ചേര്‍ക്കുമെന്ന് അവരാണ് പറഞ്ഞുതന്നത്. നാലുപേരും മലമുകളിലേക്ക് പുല്ലരിയാനായി പോവുകയാണത്രേ. സമയം വൈകിത്തുടങ്ങിയതൊന്നും അവരെ അലട്ടുന്നുണ്ടായിരുന്നില്ല. കാടും മലകളും അവിടത്തെ ഇരുട്ടുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയതുകൊണ്ടാവും. എന്തുകൊണ്ടോ ലാന്‍സ്ഡൗണിനെക്കുറിച്ച് പറഞ്ഞുകേട്ട ഒരു പ്രേതകഥ ഓര്‍മവന്നു. കന്റോണ്‍മെന്റ് ടൗണായ ലാന്‍സ്ഡൗണില്‍ രാത്രി കാവലിനിരിക്കുന്ന പട്ടാളക്കാര്‍ അറിയാതെയെങ്കിലും ഉറങ്ങിപ്പോയാല്‍ അവരെ മുഖത്തടിച്ചുണര്‍ത്താന്‍ ഒരു ആര്‍മി ഓഫീസറുടെ പ്രേതം വരുമത്രേ. ക്യാപ്റ്റന്‍ എക്സ് എന്നാണ് അദ്ദേഹം വിളിക്കപ്പെടുന്നത്. സത്യാസത്യങ്ങള്‍ എന്തെന്നറിയാത്തതുകൊണ്ട് കൗതുകവും ആകാംക്ഷയും ഞങ്ങളില്‍ നിറച്ചിരുന്നു ആ കഥ.
നീതാദേവി അവരുടെ വീടുകളിലേക്ക് ഞങ്ങളെ ക്ഷണിച്ചു. ഇനിയൊരിക്കല്‍ വരാമെന്നു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുമ്പോള്‍ ഇനിയങ്ങോട്ട് ചെല്ലുമോ എന്ന് ഉള്ളിലൊരു ചോദ്യമുയര്‍ന്നു. നദിയുടെ പേര് നാവാലികയെന്ന് അവരാണ് പറഞ്ഞുതന്നത്. ആ പേര് ഉള്ളിലെവിടെയോ സ്പര്‍ശിച്ചു. അതുകൊണ്ടാണ് കഥകള്‍ തേടി നടന്ന് കഥയില്ലായ്മകളില്‍ എത്തിനില്‍ക്കുമ്പോഴും അവളെക്കുറിച്ചെഴുതാന്‍ ഞാനെന്റെ പേനയെടുത്തത്.
Navalika is situated in the ditsrict of Gadwal, Utharakhand.The nearest town to Navalika is Lansdowne. Lansdowne is a hill station in the north Indian state of Uttarakhand. It was founded as a military garrison under the British Raj. The Garhwali Museum traces the history of the Garhwal Rifles regiment, which still trains in the town.
Getting there:
By road: Lansdowne is located 248 kilometers away from Delhi and 34 away from Navalika.
By train: Kotdwara station is the nearest railway staion. Two trains run from Delhi to Kotdwara (Mussoorie Express and Garhwal Express). Mussoorie Express is the best train to reach Kotdwar, the nearest railway station to Lansdowne. The train leaves Old Delhi station at 10.20 PM and reaches Kotdwar at around 6.00 AM in the early morning. By air: Jolly Grant Airport, Dehradun
Sights around: Jwalpa Devi Temple, Navalika bridge