വിദേശരാജ്യങ്ങളില്‍ സ്ഥിരം കാഴ്ചയായ ഓപ്പണ്‍ സ്ട്രീറ്റ് (തുറന്നതെരുവ്) പദ്ധതി ബെംഗളൂരു നഗരത്തിലും വ്യാപകമാവുകയാണ്. അടുത്തവര്‍ഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടര്‍ച്ചയായി ഓപ്പണ്‍ സ്ട്രീറ്റ് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഉദ്യാനനഗരിയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. റോഡില്‍ വാഹനങ്ങളെ പൂര്‍ണമായി ഒഴിവാക്കി പൂര്‍ണമായും കാല്‍നടയാത്രക്കാര്‍ക്കായും വിനോദസഞ്ചാരികള്‍ക്കായും വിട്ടുകൊടുക്കും. ഇതിനുമുമ്പ് ബെംഗളൂരുവില്‍ രണ്ടുതവണ പരീക്ഷണാടിസ്ഥാനത്തില്‍ ഓപ്പണ്‍ സ്ട്രീറ്റ് പദ്ധതി സംഘടിപ്പിച്ചിരുന്നു. 2017ല്‍ ഇത് വ്യാപകമാക്കുകയാണ് ലക്ഷ്യം.
ജനുവരി 15ന് ഇന്ദിരാനഗറിലാണ് ആദ്യം ഓപ്പണ്‍ സ്ട്രീറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. അന്നേദിവസം ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡ് വാഹനരഹിതമാകും. വിനോദസഞ്ചാരികളെക്കൊണ്ട് റോഡ് നിറയും. ശാന്തിനഗര്‍ എം.എല്‍.എ. എന്‍.എ. ഹാരിസാണ് ഓപ്പണ്‍ സ്ട്രീറ്റ് ഫെസിറ്റിവലിന് നേതൃത്വം കൊടുക്കുന്നത്.
നഗരത്തിന്റെ പരമ്പരാഗതസംസ്‌കാരം പ്രകടിപ്പിക്കാനും പാരമ്പര്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടുമാണ് ഓപ്പണ്‍ സ്ട്രീറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. നഗരത്തില്‍ ഓപ്പണ്‍ സ്ട്രീറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച കാര്യം ബെംഗളൂരു നഗരവികസനമന്ത്രി കെ.ജെ. ജോര്‍ജ് ടൂറിസം മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുമായി സംസാരിച്ച് അംഗീകാരം നേടിയിട്ടുണ്ട്.
ഇന്ദിരാനഗറില്‍ സംഘടിപ്പിച്ചതിന് ശേഷം തുടര്‍ന്നുള്ള മാസങ്ങളില്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി
കെ.ജെ. ജോര്‍ജ് പറഞ്ഞു. വളരെത്തിരക്കുള്ള റോഡില്‍ ഓപ്പണ്‍ സ്ട്രീറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളുംപ്രത്യാഘാതങ്ങളും ചര്‍ച്ചചെയ്തിട്ടുണ്ട്. ഒരുസ്ഥലത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമ്പോള്‍ സമീപപ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സ്വകാര്യവാഹനങ്ങള്‍ നിരോധിക്കുന്നത് കണക്കിലെടുത്ത് ബി.എം.ടി.സി. പ്രത്യേകസര്‍വീസുകള്‍ ഉണ്ടാകും. ഇന്ദിരാനഗര്‍ വഴി വരുന്ന വാഹനങ്ങള്‍ വഴിതിരിച്ച് വിടും.
പൊതുഗതാഗതസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും വായുമലിനീകരണം കുറയ്ക്കുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഓപ്പണ്‍ സ്ട്രീറ്റിന്റെ ഭാഗമായി പ്രത്യേകഭക്ഷണ സ്റ്റാളുകളും കലാപരിപാടികളും ഉണ്ടാകും.
അവധിദിവസം വാഹനങ്ങളെ ഭയക്കാതെ ആഘോഷിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഈ വര്‍ഷം ആദ്യം തിരക്കേറിയ എം.ജി. റോഡിലും കഴിഞ്ഞവര്‍ഷം എച്ച്.എസ്.ആര്‍. ലേഔട്ടിലും ഓപ്പണ്‍ സ്ട്രീറ്റ് സംഘടിപ്പിച്ചിരുന്നു. ജനങ്ങളില്‍ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തുടരാന്‍ തീരുമാനിച്ചത്.
ഓപ്പണ്‍ സ്ട്രീറ്റ് നടക്കുന്ന സ്ഥലങ്ങളുടെ സമീപപ്രദേശങ്ങളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാന്‍ നിശ്ചിതയിടവേളകളില്‍ ബി.എം.ടി.സി. ബസ് സര്‍വീസുണ്ടാകും. ആംബുലന്‍സുകള്‍, പോലീസ് വാഹനങ്ങള്‍, നഗരസഭയുടെ മാലിന്യവണ്ടികള്‍, എന്നിവ അനുവദിക്കും. ബി.എം.ടി.സി, ട്രാഫിക്ക് പോലീസ്, വിനോദസഞ്ചാരവകുപ്പ്, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ എന്നിവയുടെ
സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.