നെഞ്ചില്‍ ഒരു നെരിപ്പോട് എരിയുന്നുണ്ട്. മുംബൈ വിടുകയാണെന്ന് ഇപ്പോഴും സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. വളര്‍ത്തിയ, പോറ്റിയ, എല്ലാം തന്ന, എല്ലാം നഷ്ടപ്പെടുത്തിയ, ജീവിതം എന്താണെന്ന് പഠിപ്പിച്ച നഗരം. ഒരുദിവസം എല്ലാവരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കും. എന്റെ സമയം ഇപ്പോള്‍ വന്നു അത്രയേ ഉള്ളൂ. നീണ്ട 32 വര്‍ഷത്തെ ജീവിതം ഇവിടെ തീരുകയാണ്. മുംബൈയോട് വിട...
1984ലാണ് ഈ മഹാനഗരത്തില്‍ എത്തുന്നത്. ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ ബോംബെ എന്താണെന്നറിയില്ല. എവിടെയാണ് ബോംബെ എന്നൊരാളോട് ചോദിച്ചു. വി.ടി.യിലേക്കുള്ള വണ്ടിയാണ് അയാള്‍ ചൂണ്ടിക്കാട്ടിയത്. അങ്ങിനെ വി.ടി.യില്‍ എത്തി. കുറേനടന്നു. അവസാനം കല്‍ബാദേവിയിലെ ഒരു ഹോട്ടലില്‍ ജോലികിട്ടി. രണ്ടാംദിവസം വിശ്രമസമയത്ത് കടല്‍ കാണാന്‍ ഞാന്‍ പുറത്തിറങ്ങി.
കുറേവഴികള്‍ താണ്ടിയാണ് കടല്‍ക്കരയില്‍ എത്തിയത്. ജീവിതത്തില്‍ ആദ്യമായി കടല്‍ കാണുകയായിരുന്നു. കുറേനേരം അവിടെയിരുന്നു. പിന്നെ തിരികെനടന്നു. എന്നാല്‍ ഹോട്ടലിലേക്ക് തിരികെയെത്താന്‍ എനിക്ക് കഴിഞ്ഞില്ല. വഴിയറിയില്ലായിരുന്നു. പിന്നെ മറ്റൊരിടത്തായി ജോലി. താമസിക്കാന്‍ കിട്ടിയ മുറിയില്‍ ഒരു മലയാളിയെ കൂട്ട് കിട്ടി റഹ്മാന്‍. പേരിക്കച്ചവടക്കാരന്‍. റഹ്മാന് ഗള്‍ഫില്‍ ജോലി കിട്ടി പോകാന്‍ അവസരം ലഭിച്ചതോടെയാണ് എനിക്ക് വഴിക്കച്ചവടത്തില്‍ വഴിയൊരുങ്ങുന്നത്. അങ്ങനെ ഞാന്‍ ഒരു പേരിക്കച്ചവടക്കാരനാകുന്നു. നീണ്ട 30 വര്‍ഷം കച്ചവടത്തില്‍.
ക്യാമറയും ടേപ്പ് റിക്കോര്‍ഡറും
ഗള്‍ഫിലേക്ക് പോകുന്ന മലയാളികളുടേയും അവിടെ നിന്നും വരുന്ന മലയാളികളുടേയും ഒരു താവളമായിരുന്നു ബോംബെ. ഇവിടെ കുറേ ദിവസങ്ങള്‍ തങ്ങിയിട്ടേ അവര്‍ നാട്ടിലേക്കോ ഗള്‍ഫിലേക്കോ പോകുകയുള്ളൂ. ഗള്‍ഫില്‍ നിന്നും വരുന്നവരുടെ കയ്യില്‍ ധാരാളം ഇലക്‌ട്രോണിക് വസ്തുക്കള്‍ ഉണ്ടാകും. കുറെയൊക്കെ അവരിവിടെ വില്‍ക്കും. അന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊണ്ടുവരുന്നതാണ് റഷ്യന്‍ ക്യാമറകളും ടേപ്പ് റെക്കോഡറുകളും മറ്റും. ഇത് വാങ്ങി റോഡരുകില്‍ വില്‍ക്കുകയായിരുന്നു എന്റെ പ്രധാനജോലി. കസ്റ്റംസുകാര്‍ കൊണ്ടുക്കൊടുക്കുന്ന വസ്തുക്കള്‍ വേറെയുമുണ്ട്. ആഗോളവത്കരണത്തിന് മുമ്പ് വിദേശവസ്തുക്കള്‍ വില്‍ക്കപ്പെട്ടിരുന്ന ഏക സ്ഥലമായിരുന്നു ഫോര്‍ട്ട്.
ചില കള്ളപ്പണികളൊക്കെ ഈ വാങ്ങല്‍ വില്‍പ്പനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ വഴിക്കൊന്നും ഞാന്‍ പോയില്ല. ബെല്‍റ്റും ക്യാമറകളും മറ്റ് ഇലക്‌ട്രോണിക്‌സ് വസ്തുക്കളുമായൊക്കെ അങ്ങിനെ കഴിഞ്ഞു. എന്നാലും നല്ല കച്ചവടമായിരുന്നു. പൊലീസുകാരും ചിലപ്പോള്‍ കസ്റ്റംസുകാരും റെയ്ഡിനു വരും. സാധനങ്ങളെല്ലാം എടുത്തോടുകയായിരുന്നു അന്ന് പതിവ്. അങ്ങിനെ എത്ര ഓട്ടം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബി.എം.സി.യായി പ്രശ്‌നക്കാരായത്. അന്നൊക്കെ വി.ടി. മുതല്‍ കൊളാബ വരെയുള്ള റോഡിന്റെ ഇരുവശത്തും മലയാളികളായിരുന്നു കച്ചവടം ചെയ്തത്. ഏകദേശം 5000 പേരോളം. ഇന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. ബി.എം.സി. ആദ്യമായി തെരുവ് കച്ചവടക്കാരന് ലൈസന്‍സ് കൊടുത്തപ്പോള്‍ അതും ഒരു മലയാളിക്കായിരുന്നു. അന്ന് എല്ലാ ഞായറാഴ്ചകളിലും മെട്രോ, റീഗല്‍, ലിബര്‍ട്ടി തിയേറ്ററുകളിലൊക്കെ കാലത്ത് എട്ടരയ്ക്ക് മലയാളസിനിമ പ്രദര്‍ശിപ്പിക്കുമായിരുന്നു.
ഞങ്ങള്‍ കച്ചവടക്കാര്‍ക്ക് വേണ്ടി മാത്രം. ഞായറാഴ്ചകളില്‍ 11 മണിക്കേ എല്ലാവരും കച്ചവടം തുടങ്ങുകയുള്ളൂ. കൂപ്പറേജില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോഴും ഗാലറികള്‍ നിറച്ചിരുന്നത് ഈ കച്ചവടക്കാരായിരുന്നു. നാട്ടില്‍ നിന്ന് ഏതെങ്കിലും കലാസംഘം മുംബൈയില്‍ എത്തിയാല്‍ കച്ചവടക്കാര്‍ക്ക് അതൊരു ആഘോഷമാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവിനെതിരെ പ്രതിഷേധക്കാര്‍ വന്നപ്പോള്‍ അവരെ തടഞ്ഞ് നാടകം നടത്തിയത് ഈ തെരുവ് കച്ചവടക്കാരുടെ ബലമായിരുന്നു.
ഖൈര്‍നാറുടെ വരവ്
ഖൈര്‍നാര്‍ എന്ന വാര്‍ഡ് ഓഫീസറാണ് മലയാളികളുടെ കച്ചവടത്തെ ഇല്ലാതാക്കിയത്. ക്യാമറകള്‍ അടക്കം എന്റെ കടയിലുണ്ടായിരുന്ന എല്ലാവസ്തുക്കളും അദ്ദേഹം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തുകളഞ്ഞു. പലര്‍ക്കും ഒരുപാട് നഷ്ടമുണ്ടായി. ചിലര്‍ കച്ചവടം നിര്‍ത്തി നാട്ടിലേക്ക് പോയി. തലശ്ശേരിക്കാരന്‍ യൂസുക്ക ഹൃദയസ്തംഭനം മൂലം മരിച്ചു. ഞാന്‍ രണ്ട് വര്‍ഷം കൊണ്ട് പഴയ കച്ചവടത്തിലേക്ക് തിരിച്ചെത്തി. കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം ബി.എം.സി. ഡെപ്യൂട്ടി കമ്മിഷണറായി വന്ന ഖൈര്‍നാര്‍ വീണ്ടും തകര്‍ത്ത കച്ചവടത്തില്‍ നിന്നും എനിക്കടക്കം പലര്‍ക്കും പിന്നീട് കരകയറാന്‍ കഴിഞ്ഞില്ല.
തെരുവ് കച്ചവടക്കാര്‍ക്ക് ആദ്യമായി ബി.എം.സി. ലൈസന്‍സ് കൊടുത്തതും ഒരു മലയാളിയ്ക്കായിരുന്നു. തെരുവ്കച്ചവടക്കാര്‍ക്ക് ആദ്യമായി ഒരു സംഘടനയും മലയാളികളുടെ നേതൃത്വത്തില്‍ ഉണ്ടായി. ഇ.കെ. കാദര്‍ഹാജി, കെ. പോക്കര്‍ തുടങ്ങിയവരൊക്കെ കച്ചവടക്കാര്‍ക്ക് നേതാക്കളായി. ജി.പി.ഓ റഹീംകയെ പോലുള്ളവര്‍ എത്ര മലയാളികള്‍ക്കാണ് ജീവിതം കൊടുത്തത്. അങ്ങിനെ പലരും.
കലാപം, ബോംബ് സ്‌ഫോടനം,വെള്ളപ്പൊക്കം
വര്‍ഗീയകലാപവും ബോംബ് സ്‌ഫോടനപരമ്പരയുമാണ് കൂടുതല്‍ കച്ചവടക്കാരെ സ്ഥലം വിടാന്‍ പ്രേരിപ്പിച്ചത്. നിരവധിപേരെ കൊന്നൊടുക്കുന്ന കാഴ്ച ധാരാവിയില്‍ കണ്‍മുന്നില്‍ കാണേണ്ടിവന്നു. നിരീശ്വരവാദിയായ ഞാന്‍ ദൈവത്തെ വിളിച്ചുപോയ അവസ്ഥയുണ്ടായി. കാലപത്തിനിടയിലാണ് സഹോദരിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ പോകാന്‍ വരുന്നത്. കര്‍ഫ്യൂ നിലനില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വിമാനത്താവളത്തില്‍ എത്തണം. പെട്ടിയുടെ മുകളില്‍ ബോംബെഗള്‍ഫ് എന്ന് വലുതായി എഴുതിയൊട്ടിച്ച് തലയില്‍ വെച്ച് ഞാന്‍ നടന്നു. അളിയന്‍ പാസ്‌പോര്‍ട്ട് കയ്യില്‍ ഉയര്‍ത്തി പിടിച്ചു. റോഡിന് നടുവിലൂടെ നടക്കാനായിരുന്നു പൊലീസുകാരുടെ നിര്‍ദേശം. ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവങ്ങള്‍.
ഒരു ദിവസം ഡി.എന്‍.റോഡിലൂടെ ഒരു കാര്‍ ചീറിപ്പാഞ്ഞുപോയി. കറുത്ത ടാക്‌സിയാണെങ്കിലും ചുവപ്പ് വെള്ളം തളിച്ച പോലായിരുന്നു അതിന് മുകളില്‍. ഞങ്ങള്‍ വിചാരിച്ചു ഹോളി കളിച്ചതായിരിക്കുമെന്ന് പിന്നീട് ഓരോ വാഹനവും ഇതേ രീതിയില്‍ വരാന്‍ തുടങ്ങുകയും ആരോ പറയുകയും ചെയ്തു ഓഹരിവിപണിയുടെ കെട്ടടത്തിന് സമീപം ബോംബ് പൊട്ടിയെന്ന്. കാറിന് മുകളിലും മറ്റും ചോരയായിരുന്നു. അപകടത്തില്‍പ്പെട്ടവരെയും കൊണ്ട് ആസ്പത്രിയിലേക്ക് കുതിക്കുകയായിരുന്നു. ഓടി സ്റ്റോക്ക് എക്‌സേഞ്ചിനടുത്തെത്തിയപ്പോള്‍ കേട്ടു നരിമാന്‍ പോയിന്റിലും പൊട്ടിയെന്ന്. ആ കാഴ്ചകളൊന്നും വിവരിക്കാന്‍ കഴിയില്ല.
2005ല്‍ നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഞങ്ങള്‍ കച്ചവടക്കാര്‍ എല്ലാ മലയാളി ഹോട്ടലുകളില്‍ നിന്നും ഭക്ഷണം വാങ്ങി ബാന്ദ്രാ പ്രദേശങ്ങളില്‍ വിതരണം ചെയ്തു. ഫോര്‍ട്ടിലെ മലയാളി ഹോട്ടലുകാരെല്ലാം ഭക്ഷണം സൗജന്യമായാണ് തന്നത്. പാവും ചോറും ചപ്പാത്തിയുമൊക്കെ ഞങ്ങള്‍ അവര്‍ക്ക് വേണ്ടി സംഘടിപ്പിച്ച് വിതരണം ചെയ്തു. എല്ലാം മുംബൈ തന്ന അനുഭവങ്ങള്‍. ഒരിക്കലും മാഞ്ഞുപോകാത്തവ.
കുടുംബം തന്നെ സമ്പാദ്യം
എനിക്ക് സമ്പാദ്യമൊന്നുമില്ല. കുടുംബം ഇപ്പോള്‍ നാട്ടിലാണ്. മകന്‍ ഇവിടെ 12 വരെ പഠിച്ചു. പിന്നെ ബി.ബി.എം, എം.ബി.എ. എടുത്ത് ഇപ്പോള്‍ ഗള്‍ഫില്‍ ഒരു ലോജിസ്റ്റിക് കമ്പനിയിലാണ്. അവനെ പഠിപ്പിച്ച് ഇത്രത്തോളമാക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് എന്റെ മുംബൈ ജീവിതത്തിലെ ലാഭം. ഇനി അവനാണ് നോക്കേണ്ടത്. ഏറെ വിഷമമുണ്ട് മുംബൈ വിടാന്‍. ഒരു മടക്കയാത്ര എല്ലാവര്‍ക്കുമുണ്ടല്ലോ. അതാണ് വിധി.