ആത്മാവിന്റെ നഗരം


By ശ്രീകാന്ത് കോട്ടക്കല്‍

8 min read
Read later
Print
Share

വര്‍ഷങ്ങളോളം കൊല്‍ക്കത്ത മലയാളിയെ സ്വീകരിച്ചിരുന്നതുപോലെ. പഴയ മുദ്രാവാക്യത്തില്‍ പറഞ്ഞപോലെ ഇപ്പോള്‍ ശരിക്കും കേരളം ബംഗാളാവുന്നു.

തിനഞ്ച് വര്‍ഷമായി കൊല്‍ക്കത്തയിലേക്കുള്ള യാത്രകള്‍ തുടങ്ങിയിട്ട് (അന്നിത് കല്‍ക്കത്തയാണ്. തനിക്ക് പ്രിയപ്പെട്ട 'ഒ'കാരം ബംഗാളി നഗരനാമത്തില്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല). എന്തിനെന്നറിയാതെ എല്ലാ വര്‍ഷവും ഒരു തീര്‍ഥയാത്രപോലെ കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടു പോരും-ഇരുമുടിക്കെട്ടുമെടുത്ത് ശബരിമലയ്ക്ക് പോകുംപോലെ, കാവടിയേന്തി പഴനിമലകയറുമ്പോലെ. ഓരോതവണയും വന്ന് ഈ പുരാതനനഗരത്തില്‍ അലഞ്ഞുനടക്കുമ്പോള്‍ ഒരു നിശ്ചലാവസ്ഥ തോന്നിയിട്ടുണ്ട്. ഒട്ടും മാറാത്ത വഴികള്‍, മനുഷ്യര്‍, കെട്ടിടങ്ങള്‍, ഗന്ധങ്ങള്‍, ശീലങ്ങള്‍, കാഴ്ചകള്‍, രാത്രികളും പകലുകളും... കാലത്തിനനുസരിച്ച് മാറാന്‍ വിസമ്മതിച്ച് ഊറ്റത്തോടെ നടുനിവര്‍ന്ന് നില്‍ക്കുന്ന ഒരു കാരണവരെ ഓര്‍മിപ്പിച്ചു പലപ്പോഴും കൊല്‍ക്കത്ത.

ഇത്തവണത്തെ യാത്രയില്‍ 'നിമായി ഘോഷിന്റെ കൊല്‍ക്കത്ത' (Nimai Ghosh's Kolkata) എന്ന പുസ്തകം വാങ്ങി. സത്യജിത് റായിയുടെ പ്രിയപ്പെട്ട സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് 'നിമോയ് ദാ' എന്ന് ബംഗാളികള്‍ ആദരവോടെ വിളിക്കുന്ന നിമായ് ഘോഷ്. ഉത്പല്‍ ദത്തിനൊപ്പം നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം പിന്നീടാണ് ക്യാമറയിലാണ് തന്റെ കല എന്ന് തിരിച്ചറിഞ്ഞത്. കാല്‍നൂറ്റാണ്ടിലധികം കാലം നിമായി ഘോഷ്, സത്യജിത് റായിയെയും അദ്ദേഹത്തിന്റെ സിനിമകളെയും പകര്‍ത്തി. ഇക്കാലത്തിനിടെ പണിയില്ലാത്ത ഇടവേളകളില്‍ അദ്ദേഹം ചിത്രീകരിച്ച കറുപ്പിലും വെളുപ്പിലുമുള്ള കൊല്‍ക്കത്താ നഗരചിത്രങ്ങളാണ് ഈ പുസ്തകത്തില്‍ നിറയെ. അരനൂറ്റാണ്ടുകാലത്തെ കൊല്‍ക്കത്ത നിമായ് ഘോഷിന്റെ ചിത്രങ്ങളില്‍ അദ്ഭുതത്തോടെ, കൗതുകത്തോടെ, അഭിമാനത്തോടെ, വേദനയോടെ, വിഷാദത്തോടെ തുടിച്ചുനില്‍ക്കുന്നു.

ഇതില്‍ ഏറ്റവും വിസ്മയകരമായ കാര്യം അരനൂറ്റാണ്ടിന് മുമ്പുള്ള കൊല്‍ക്കത്തയും ഞാനിപ്പോള്‍ നില്‍ക്കുന്ന കൊല്‍ക്കത്തയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നതാണ്. അതേ ഇടുങ്ങിയ വഴികള്‍, നിരങ്ങി നിരങ്ങി പോകുന്ന ട്രാമുകള്‍, കിതച്ചു കിതച്ച് മനുഷ്യര്‍ വലിക്കുന്ന കൈറിക്ഷകള്‍, പഴകിത്തുരുമ്പിച്ച ബസുകള്‍, വഴിയോരത്ത് ചെറിയ മരക്കട്ടയില്‍ ആളെയിരുത്തി ക്ഷൗരംചെയ്യുന്ന ക്ഷുരകന്മാര്‍, റോഡരികില്‍ തുരുമ്പിച്ച ടൈപ്പ് റൈറ്ററുമായിരുന്ന് രേഖകള്‍ ടൈപ്പ് ചെയ്തുകൊടുക്കുന്ന വിഷാദികളായ മനുഷ്യര്‍, പൊതുടാപ്പില്‍നിന്ന് സുഖമായി കുളിക്കുന്നവര്‍, വഴിയോര ചായക്കടയോടുചേര്‍ന്നുള്ള സജീവമായ അഢകളും ചൂടേറിയ ചര്‍ച്ചകളും, ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങള്‍, വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍, റോഡിലും വീട്ടുചുമരുകളിലും കലണ്ടറുകളിലും നിറയുന്ന തീനാവ് നീട്ടിയ കാളി, കറുത്ത ഫ്രെയിമുള്ള കണ്ണടവെച്ച് സഞ്ചി തൂക്കിപ്പോകുന്ന ബുദ്ധിജീവികള്‍, ബാറിന്റെയും വിദ്യാലയത്തിന്റെയും വേശ്യാലയത്തിന്റെയും ലൈബ്രറിയുടെയും ചുമരില്‍ ഒരേപോലെ തൂങ്ങിക്കിടക്കുന്ന രബീന്ദ്രനാഥ ടാഗോറും സുഭാഷ്ചന്ദ്ര ബോസും വിവേകാനന്ദനും സത്യജിത് റായിയും, എല്ലാം കണ്ടുകൊണ്ട് കാലത്തിലൂടെ ഒഴുകുന്ന ഹുഗ്ലി നദി, അതിന് മുകളില്‍പ്പടര്‍ന്ന ഒരു ചിലന്തിവലപോലെ ഹൗറാപ്പാലം, വെള്ളത്തിലും കരയിലും കറിയിലും ക്ഷേത്രങ്ങളിലുംവരെ നിറയുന്ന മീന്‍മണം... എല്ലാം അതേപോലെ, ഒരു മാറ്റവുമില്ലാതെ. കൊല്‍ക്കത്തയിലെത്തുമ്പോള്‍മാത്രം കാലം വഴിമാറിയൊഴിപ്പോകുന്നു. പുരാതനമായ ഭൂമിക്കും കെട്ടിടങ്ങള്‍ക്കുമിടയില്‍ ജീവിതം ഞെരിഞ്ഞമരുന്നു. കൊല്‍ക്കത്ത ആര്‍ക്കും പൂര്‍ണമായി പിടികൊടുക്കാത്ത ഒരു പ്രഹേളികയാവുന്നു. ഇന്ത്യയില്‍ മറ്റൊരു നഗരവുമില്ല ഇങ്ങനെ.

ആദ്യമായി കൊല്‍ക്കത്തയില്‍ എത്തിയപ്പോഴും ഇതൊരു അപരിചിത നഗരമായിത്തോന്നിയിരുന്നില്ല. സ്ഥലനാമങ്ങളെല്ലാം ഏറെപ്പരിചിതം: കിദര്‍പ്പുര്‍, ബാലിഗഞ്ച്, ടോളിഗഞ്ച്, കാളിഘട്ട്, ചൗരംഗി, ബൗബസാര്‍, ജാദവ്പുര്‍, സ്യാല്‍ഡ, ദക്ഷിണേശ്വര്‍, ബേലൂര്‍, ബേലാഘട്ട്, എസ്പ്ലനേഡ്, ശ്യാംബസാര്‍ ആലിപ്പുര്‍, ഹൗറ... ജീവിതഗന്ധിയായ ബംഗാളി സാഹിത്യം പരിചയപ്പെടുത്തിത്തന്നവയായിരുന്നു എല്ലാം. ശരത്ചന്ദ്ര ചാറ്റര്‍ജി, ബിമല്‍ മിത്ര, താരാശങ്കര്‍ ബാനര്‍ജി, ശങ്കര്‍, ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ, ആശാപൂര്‍ണാദേവി, മനോജ് ബോസ്, ശീര്‍ഷേന്ദു മുഖോപാധ്യായ, മഹാശ്വേതാദേവി, സുനില്‍ ഗംഗോപാധ്യായ എന്നിവരെയെല്ലാം വായിച്ച കാലങ്ങളില്‍ മനസ്സില്‍ പതിഞ്ഞവ. എല്ലാ മലയാളിയും ഇങ്ങനെയാണ് കൊല്‍ക്കൊത്തയെ പരിചയപ്പെടുന്നത്. റഷ്യന്‍സാഹിത്യം ആ ദേശത്തെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതും ഏറെ പരിചിതവുമാക്കിയതുപോലെ വംഗസാഹിത്യം ബംഗാളിനെയും കൊല്‍ക്കത്തെയയും നമ്മുടെതാക്കി.

പിന്നീട്, സത്യജിത് റായിയുടെയും ഋത്വിക് ഘട്ടക്കിന്റെയും മൃണാള്‍ സെന്നിന്റെയും സിനിമകള്‍ വന്നു. കൊല്‍ക്കത്ത നഗരത്തിന്റെയും ബംഗാളി ഗ്രാമങ്ങളുടെയും ചിത്രങ്ങള്‍ അവ തുറന്നിട്ടുതന്നു. സലില്‍ ചൗധരിയിലൂടെ ബംഗാളി സംഗീതത്തിന്റെ രുചിയും നാമറിഞ്ഞു. ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും മുഹമ്മദന്‍സും കേരളത്തിന്റെകൂടി ഫുട്‌ബോള്‍ ആവേശമായി. പിന്നെ മഴ, മീന്‍, കുളങ്ങള്‍, വാഴത്തോപ്പുകള്‍, മാങ്ങ, ചക്ക, ചോറ്, കമ്യൂണിസ്റ്റ് പാര്‍ട്ടി, ബുദ്ധിജീവികള്‍... എല്ലാം രണ്ടിടത്തുമൊരുപോലെ. ഇതുകൊണ്ടൊക്കെ മലയാളിക്ക് കൊല്‍ക്കത്തയിലേക്കും ബംഗാളിക്ക് കേരളത്തിലേക്കുമുള്ള യാത്രകള്‍ ഏറെയൊന്നും വ്യത്യസ്തമാവുന്നില്ല.

'ലോകത്തെ ഏറ്റവും എളുപ്പമുള്ള കാര്യം കൊല്‍ക്കത്തയില്‍വന്ന് നിരാശപ്പെടുക എന്നതാണ്' എന്ന് ഏതോ നിരാശാഭരിതന്‍ പറഞ്ഞിട്ടുണ്ട്. ആദ്യമായി വന്നിറങ്ങുന്ന യാത്രികന് തീര്‍ച്ചയായും നിരാശപ്പെടാന്‍ ഏറെയുണ്ട് ഈ നഗരത്തില്‍. വൃത്തിയില്ലായ്മ, ദാരിദ്ര്യം, പഴകിത്തൂങ്ങിയ കെട്ടിടങ്ങള്‍, ജീവിതത്തെ കെട്ടിവരിഞ്ഞിടുന്ന ഗതാഗതം, അനാഥരും അഗതികളും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളും നിറഞ്ഞ വഴിയോരങ്ങള്‍, ഒറ്റമഴയ്ക്ക് കറുത്ത ചളിക്കുളമാകുന്ന നഗരം, നഗരവും ചേരിയും പരസ്പരം തിരിച്ചറിയാനാവാത്ത അവസ്ഥ... എല്ലാം മനംമടുപ്പിക്കുന്നവയാണ്.

റോബര്‍ട്ട് ക്ലൈവ് കൊല്‍ക്കത്തയെ 'ലോകത്തിലെ ഏറ്റവും നരകസമാനമായ ഇടം' എന്നാണ് വിളിച്ചത്. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു 'പേടിസ്വപ്‌നങ്ങളുടെ നഗര'മായി കൊല്‍ക്കത്തയെക്കണ്ടു; കവി ഡോം മൊറെയ്‌സിന് കൊല്‍ക്കത്ത 'ചിലന്തിയുടെ നഗരം' (spider ctiy) ആയിരുന്നു. പ്രശസ്ത നരവംശശാസ്ത്രജ്ഞനായ ക്ലോഡ് ലെവിസ്‌േട്രാസ് കൊല്‍ക്കത്തയെ വിളിച്ചത് 'മലത്തിന്റെയും മൂത്രത്തിന്റെയും ചലത്തിന്റെയും ബഹളങ്ങളുടെയും കുടിലുകളുടെയും ഭിക്ഷാടനത്തിന്റെയും നാശത്തിന്റെയും നഗരം' എന്നാണ്. ലൂയി മാള്‍ തന്റെ 'കല്‍ക്കത്ത' എന്ന ഡോക്യുമെന്ററിയിലൂടെ കൊല്‍ക്കത്ത എന്നാല്‍ പന്നികളുടെയും ചേരികളുടെയും മരിക്കാന്‍ പോകുന്ന മനുഷ്യരുടെയും മനുഷ്യരെ കുത്തിനിറച്ച ബസുകളുടെയും അഴുകിയ മാംസമുള്ള കുഷ്ഠരോഗികളുടെയും നഗരമാണ് എന്ന് വരുത്തിത്തീര്‍ത്തു.

1975-ല്‍ സര്‍ക്കാറിന്റെ അതിഥിയായി വന്ന് രാജ്ഭവനില്‍പ്പാര്‍ത്ത് നഗരം കണ്ട നൊബേല്‍ സമ്മാനജേതാവായ ജര്‍മന്‍ എഴുത്തുകാരന്‍ ഗുന്തര്‍ ഗ്രാസ്സ് തന്റെ 'The flounder' എന്ന നോവലില്‍ കൊല്‍ക്കത്തയെന്നാല്‍ 'ദൈവത്തിന്റെ വിസര്‍ജ്യമാണ്' എന്നെഴുതി. എല്ലാ യാത്രാപുസ്തകങ്ങളില്‍നിന്നും കൊല്‍ക്കത്തയെ മായ്ച്ചുകളയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1986-87 കാലത്ത് ഗ്രാസ്സും പത്‌നിയും വീണ്ടും കൊല്‍ക്കത്തയില്‍ എത്തി ആറ് മാസം ബാറുയിപുരിലും സാള്‍ട്ട് ലേക്കിലുമായിപ്പാര്‍ത്തു. നഗരത്തിലും ഗ്രാമങ്ങളിലും അലഞ്ഞുനടന്നു. തനിക്കിഷ്ടമുള്ളത് മാത്രം കണ്ടു. സത്യജിത് റായിയെ കണ്ടില്ല. ടാഗോറല്ല സാഹിത്യത്തിലെ അവസാനവാക്ക് എന്ന് പറഞ്ഞ് കൊല്‍ക്കത്തക്കാരെ പരിഹസിച്ചു. ഒരു തിയേറ്ററില്‍ കയറി 'ഷോലെ' സിനിമ ഒരു മണിക്കൂര്‍ കണ്ട് മടുത്ത് എഴുന്നേറ്റ് പോയി. തന്റെ നാടകമായ 'The plebeians rehearse the uprising'ന് ലഭിച്ച മോശം പ്രതികരണത്തില്‍ മുഷിഞ്ഞു.

ഗ്രാസ്സിന്റെ 'Show your tounge' എന്ന പുസ്തകം ഒരു വെറുക്കപ്പെട്ട കൊല്‍ക്കത്തയെയാണ് എഴുതുകയും വരയ്ക്കുകയും ചെയ്തത്. ഇതുകൊണ്ടൊക്കെയാണ് 'നിങ്ങളുടെ യാത്രയില്‍ ഏറ്റവും അവസാനം മാത്രം കൊല്‍ക്കത്ത കാണുക' എന്ന് എല്ലാ സഞ്ചാരികള്‍ക്കും ഏതോ വഴികാട്ടി ഉപദേശം നല്‍കിയത്. കാണുന്തോറും ഏറിക്കൊണ്ടിരിക്കുന്നതാണ് കൊല്‍ക്കത്തയുടെ ചന്തവും ചാരുതയും. അറിയുന്തോറും അതിന്റെ ആഴം കൂടിക്കൂടി വരും.

തൊലിപ്പുറത്തെ കാഴ്ചകള്‍ക്കുപുറമേ മറ്റുപലതുമാണ് കൊല്‍ക്കത്ത. അതിന് അതിഗാഢമായ ഒരു ആന്തരികജീവിതവും സാംസ്‌കാരിക സത്തയുമുണ്ട്. അതുകൂടെച്ചേരുന്നതാണ് കൊല്‍ക്കത്തയുടെ സൗന്ദര്യം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മറ്റേത് നഗരത്തെക്കാളും പഠിച്ച് സമീപിക്കേണ്ട നഗരമാണ് കൊല്‍ക്കത്ത. നേരിട്ട് കാണുന്ന കാഴ്ചകള്‍ക്കും അനുഭവിക്കുന്ന കാര്യങ്ങള്‍ക്കുമുപരി സ്മൃതികളിലൂടെയും സൗന്ദര്യബോധത്തിലൂടെയും ചിന്തകളിലൂടെയും രാഷ്ട്രീയത്തിലൂടെയും ഫുട്‌ബോളിലൂടെയും സംഗീതത്തിലൂടെയും സാഹിത്യത്തിലൂടെയും സിനിമയിലൂടെയും ആത്മീയതയിലൂടെയുമെല്ലാമാണ് കൊല്‍ക്കത്ത സഞ്ചാരിയെ സ്പര്‍ശിക്കുന്നതും പിന്നീട് പിറകെവരുന്നതും വീണ്ടും വീണ്ടും തിരിച്ചുവിളിക്കുന്നതും. ഇക്കാരണങ്ങള്‍കൊണ്ടെല്ലാംതന്നെ കൊല്‍ക്കത്തയെ അറിയുക എന്നാല്‍ ഏത് യാത്രികനും വെല്ലുവിളിയാണ്.

നടന്നുകാണണം കൊല്‍ക്കത്ത. ഇടുങ്ങിയ തെരുവുകളിലൂടെ നടക്കുമ്പോള്‍, നൂറ്റാണ്ടുകള്‍ ഇരുവശവും നോക്കിനില്‍ക്കുന്നതുപോലെ തോന്നും. ബംഗാളി നോവലുകളും കഥകളും വായിച്ചപ്പോള്‍ ഈ വഴികളിലൂടെ പലതിലൂടെയും നാം മനസ്സുകൊണ്ട് പലതവണ കടന്നുപോയതാണ്. നൂറും ഇരുന്നൂറും വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍; ഇപ്പോഴും അവയില്‍ മനുഷ്യര്‍ പാര്‍ക്കുന്നു.

കുതിരവണ്ടികളിലിരുന്ന് ബ്രിട്ടീഷ്പ്രഭുക്കന്മാരും പ്രഭ്വികളും കടന്നുപോയ അതേ വഴി, വല്ലപ്പോഴും ദക്ഷിണേശ്വരം കാളീക്ഷേത്രത്തിന്റെ ഏകാന്തതയില്‍നിന്ന് രാമകൃഷ്ണ പരമഹംസര്‍ കുതിരവണ്ടിയില്‍ വന്നിരുന്ന അതേ പാതകളും ഇടങ്ങളും. ദരിദ്രനായും ജോലിയില്ലാതെയും പിന്നീട് വിശ്വവിജയിയായും വിവേകാനന്ദനും പോരാളിയായി നേതാജി സുഭാഷ് ചന്ദ്രബോസും കിന്നരകവിത്വവുമായി രബീന്ദ്രനാഥ ടാഗോറും അഭിജാതവും കുലീനവുമായ പ്രതിഭയുമായി സത്യജിത് റായിയും ലഹരിയിലാടിയാടി ശരച്ചന്ദ്രനും ഋത്വിക് ഘട്ടക്കും പാത്തുപതുങ്ങി നക്‌സലൈറ്റുകാരും ചുവപ്പുകൊടികളുമേന്തി ഇരമ്പുന്ന ജാഥകളുമെല്ലാം കടന്നുപോയ അതേ തെരുവുകളിലാണ് നില്‍ക്കുന്നത് എന്നറിയുമ്പോഴുള്ള അനുഭൂതി!

അതാണ് കൊല്‍ക്കത്ത. ഇങ്ങനെയാണ് കൊല്‍ക്കത്തയെയും അതിന്റെ തെരുവുകളെയും ആസ്വദിക്കേണ്ടത്. ഇരുന്നൂറും അതിലധികവും വര്‍ഷങ്ങളായി, ഒരിഷ്ടികപോലും മാറാതെ എല്ലാ ഋതുഭേദങ്ങളെയും മറികടന്ന് കൊല്‍ക്കത്തയും അതിന്റെ തെരുവുകളും കെട്ടിടങ്ങളും നിലനില്‍ക്കുന്നു. ഇങ്ങനെ കൊല്‍ക്കത്ത ഒരേസമയം പൊടിമൂടിയ ചരിത്രവും പുത്തന്‍ വര്‍ത്തമാനവുമാകുന്നു.

നടക്കുമ്പോള്‍ കൊല്‍ക്കത്തയെ നിങ്ങള്‍ക്കു കാണാം, രുചിക്കാം, ശ്വസിക്കാം. വഴിയോരത്ത് മനുഷ്യനെയും മൃതശരീരത്തെയും ഒരുപോലെ കാണാം, കാലൊന്ന് മാറിയാല്‍ ചവിട്ടിപ്പോകും. പ്രസവവും വളര്‍ച്ചയും രോഗവും വാര്‍ധക്യവും മരണവും തെരുവില്‍തന്നെ കാണാം. പന്ത്രണ്ടുരൂപ കൊടുത്താല്‍ വഴിയോരത്തെ കടയില്‍നിന്ന്, ചേര്‍ത്തുവെച്ച് തുന്നിക്കൂട്ടിയ തേക്കിലത്തളികയില്‍ നാലോ അഞ്ചോ ലുചിയും (പൂരിയുടെ മാതൃകയിലുള്ള ഒരു പലഹാരം) ചൂടുള്ള ഉരുളക്കിഴങ്ങുകറിയും മണ്‍കോപ്പയില്‍ ചായയും കിട്ടും. കസേരയിട്ടിരുന്ന് കഴിക്കുമ്പോള്‍ ഉച്ചയ്ക്കത്തേക്കുള്ള ചോറിന്റെയും മീന്‍കറിയുടെയും മണമടിക്കും. ഇരുപതുരൂപയില്‍ത്താഴയേ ഉള്ളൂ വഴിയോരച്ചോറിന്.

തൊട്ടപ്പുറത്തെ ഹോട്ടലില്‍ കയറിയാല്‍ ഇതേ ഭക്ഷണം ആയിരങ്ങള്‍ ബില്ലാക്കിയും കഴിക്കാം. ലേക്ക് ക്ലബ്ബിലെ രാത്രികളിലേക്ക് പ്രവേശിക്കണമെങ്കില്‍ മടമ്പ് മൂടിയ ചെരിപ്പും കോളറും കഫുമുള്ള ഷര്‍ട്ടുമിടണം. ബ്രിട്ടീഷുകാരന്‍ ശീലിപ്പിച്ചവയില്‍ ശേഷിച്ചതാണ്. എസ്പ്ലനേഡിലെ ഷാസ് ബാറിലെ നീണ്ട ബെഞ്ചില്‍ ചായപ്പീടികയില്‍ ഇരിക്കുമ്പോലെ തൊട്ടുതൊട്ടിരുന്ന് റമ്മും ബ്രാന്‍ഡിയും വിസ്‌കിയും വോഡ്കയും കഴിക്കുന്നവരെയും കാണാം, യാതൊരു ആചാരങ്ങളും ഉപചാരങ്ങളുമില്ലാതെ. വിരുദ്ധമായ ഈ ദ്വന്ദ്വമുഖങ്ങള്‍ കണ്ട് കൊല്‍ക്കത്ത നിസ്സംഗമായി നില്‍ക്കുന്നു-ഈ വൈരുധ്യമാണ് തന്റെ മുഖമുദ്ര എന്നതുപോലെ.

കൊല്‍ക്കത്തയ്ക്ക് അതിന്റെതായ വേഗവും താളക്രമവുമുണ്ട്. ഇത് പ്രധാനമായും ബംഗാളിയുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മറ്റു മഹാനഗരങ്ങളിലെപ്പോലെ അതിരാവിലെയുള്ള ജീവിതപ്പാച്ചിലുകള്‍ അത്രയധികമൊന്നും കൊല്‍ക്കത്തയില്‍ കാണില്ല. നേരം നന്നായി വെളുത്തതിനുശേഷം മാത്രം ഉണരുന്ന ബംഗാളിബാബു പ്രഭാതകൃത്യങ്ങള്‍ക്കുശേഷം കൈയിലൊരു സഞ്ചിയുമായി പുറത്തിറങ്ങുന്നു. മീന്‍, പച്ചക്കറി, പലവ്യഞ്ജനം എന്നിവ ഈ യാത്രയിലാണ് വാങ്ങുക. ഒന്നിലധികം ദിവസത്തേക്ക് വാങ്ങിവെക്കുന്ന പരിപാടി ഇല്ല. തുടര്‍ന്ന് ഓഫീസിലേക്ക്.

യാത്രാ മാഗസിന്‍ വാങ്ങിക്കാം

ഉച്ചയ്ക്ക് കുശാലായ ഭക്ഷണത്തിനുശേഷം മയക്കം മിക്കവര്‍ക്കും നിര്‍ബന്ധം. ഈ സമയത്ത് കടകള്‍പോലും ഡിസംബര്‍ അടഞ്ഞിരിക്കും. ഇരുന്ന് കണ്ണുതുറന്നുറങ്ങുന്ന കല, ബംഗാളികള്‍, പ്രത്യേകിച്ചും കൊല്‍ക്കത്തക്കാര്‍ വികസിപ്പിച്ചെടുത്തതാണ്. ഓരോ വൈകുന്നേരവും കൊല്‍ക്കത്തക്കാര്‍ക്ക് ആഘോഷത്തിന്റെതാണ്. 'പാറ' എന്നു വിളിക്കുന്ന അയല്‍ക്കൂട്ടങ്ങളില്‍, കോഫീ ഹൗസുകളില്‍, വഴിയോര ഭക്ഷണകേന്ദ്രങ്ങളില്‍, തടാകതീരത്ത് ചായയും ചര്‍ച്ചകളുമായി അവര്‍ ഒത്തുചേരുന്നു. നരേന്ദ്രമോദിക്കും മുന്‍പേ ചായ്‌പേയ് ചര്‍ച്ചകള്‍ കണ്ടുപിടിച്ചവരാണ് കൊല്‍ക്കത്തക്കാര്‍. മദ്യചഷകത്തെക്കാള്‍ ചായക്കോപ്പയ്ക്കു മുന്നിലാണ് കൊല്‍ക്കത്തക്കാരുടെ ചിന്തകള്‍ ജ്വലിക്കുക.

ഏകരൂപിയായ ഒരു കൊല്‍ക്കത്തയില്ല. അത് ആള്‍ക്കൂട്ടവും വംശക്കൂട്ടവുമാണ്. വടക്കന്‍ കൊല്‍ക്കത്തയില്‍ ചെന്നാല്‍ ബംഗാളി ബാബുമാരുടെയും സെമീന്ദാര്‍മാരുടെയും കൊട്ടാരസമാനമായ വീടുകള്‍ കാണാം. ഉള്ളിലേക്കുള്ളിലേക്ക് പടര്‍ന്നുപോകുന്ന വീടുകള്‍. അറ്റം കാണാന്‍ ബുദ്ധിമുട്ടുള്ളവ. അവരില്‍പലരും തെക്കന്‍ കൊല്‍ക്കത്തയിലേക്കും പടിഞ്ഞാറന്‍ കൊല്‍ക്കത്തയിലേക്കും വരാറേയില്ലായിരുന്നു. തെക്കന്‍കൊല്‍ക്കത്ത അവര്‍ക്ക് വെറുമൊരു മത്സ്യബന്ധന ഗ്രാമം മാത്രമായിരുന്നു. ബ്രിട്ടീഷുകാരുടെ ആദ്യതലസ്ഥാനം എന്നനിലയില്‍ കൊല്‍ക്കത്ത ഇന്ത്യയുടെ ആകര്‍ഷണകേന്ദ്രമായിരുന്നു.

ജോലിയും ജീവിതവും തേടി ഇന്ത്യ ഒരുകാലത്ത് കൊല്‍ക്കത്തയിലേക്കാണ് ഒഴുകിയിരുന്നത്. ഒറീസക്കാരുടെ ഒറിയാപാറയും മത്സ്യബന്ധനം നടത്തുന്നവരുടെ ജീലെ പാറയും ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്രിസ്ത്യന്‍ പാറയും തുന്നല്‍ക്കാര്‍ താമസിക്കുന്ന ദോര്‍ജിപാറയും ഇവിടെ ഉണ്ടായി. ഇവിടെ വന്ന എല്ലാവരും ബംഗാളി പഠിച്ചു, മിക്കവരും ഗുമസ്തന്മാരായി, ബംഗാളിയുടെ ജീവിതരീതികളിലേക്ക് എളുപ്പം ഇഴുകിച്ചേര്‍ന്നു, ടാഗോറിനെ ആരാധിച്ചു, മോഹന്‍ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും മുഹമ്മദന്‍സിന്റെയുമെല്ലാം ആരാധകരായി, ദുര്‍ഗാപൂജ ആഘോഷിച്ചു. സ്വന്തം സ്വത്വം മറന്ന് അവരെല്ലാം ബംഗാളികളായി. ലക്ഷക്കണക്കിന് മലയാളികള്‍ കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് പതിനായിരത്തിനടുത്ത് മാത്രമാണ്. തൊഴിലവസരങ്ങള്‍ കുറഞ്ഞപ്പോള്‍ എല്ലാവരും സ്വന്തം നാട്ടിലേക്കോ മറ്റു മേച്ചില്‍പ്പുറങ്ങളിലേക്കോ പോയി. ഇപ്പോഴും ഇവിടെ തുടരുന്നവര്‍ അതിന് കാരണം ചോദിച്ചാല്‍ മധുസൂദനന്‍നായരുടെ കവിത മറുപടിയായിച്ചൊല്ലും:
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നി-
ന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും.
എം. മുകുന്ദന്റെ അല്‍ഫോണ്‍സച്ചന്‍ മയ്യഴിമണ്ണില്‍ ബന്ധിതനായതുപോലെ കുറെ മലയാളികളും കൊല്‍ക്കത്തയില്‍ ബന്ധിതരാക്കപ്പെട്ടിരിക്കുന്നു. ഈ വൈകാരികഭംഗി കൊല്‍ക്കത്തയ്ക്ക് ഏറെയാണ്. കണ്ടും വായിച്ചും കേട്ടുമല്ല ജീവിച്ചാണ് കൊല്‍ക്കത്തയെ അറിയേണ്ടത് എന്നു പറയുന്നതും ഇതുകൊണ്ടുതന്നെ.

കവിത, നാടകം, സാഹിത്യം, സിനിമ, രാഷ്ട്രീയം, ഫുട്ബാള്‍- ഇത്രയുമാണ് കൊല്‍ക്കത്തയുടെ ആത്മാവ്. നഗരധമനികളിലൂടെ ഇപ്പോഴും ഇവ പല ഭാവത്തില്‍, താളത്തില്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ടാഗോറിന്റെ ഏതെങ്കിലും ഒരു കവിതയെക്കുറിച്ച് ചര്‍ച്ചചെയ്യാതെ, ഗാനം പാടാതെ കൊല്‍ക്കത്തയില്‍ ഒരുദിവസവും അസ്തമിക്കുന്നില്ല. പട്ടിണി കിടക്കുന്ന ബംഗ്ലാദേശ് അഭയാര്‍ഥിമുതല്‍ പ്രസിഡന്‍സി കോളേജിലെ പ്രൊഫസര്‍വരെ ദിവസത്തിലൊരിക്കലെങ്കിലും രബീന്ദ്രസംഗീതം മൂളുന്നു. സന്ധ്യകളിലും രാത്രികളിലും വീടകങ്ങളില്‍നിന്ന് പഴകിയ ജനലിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന രബീന്ദ്രസംഗീതം കേട്ട് എത്രയോ തവണ ഞാന്‍ നടുറോഡില്‍ നിന്നുപോയിട്ടുണ്ട്. ടാഗോര്‍തന്നെയാണ് ഇപ്പോഴും കൊല്‍ക്കത്തയുടെയും ബംഗാളിന്റെയും കാവല്‍ക്കാരന്‍. 'രബീന്ദ്രനാഥ ടാഗോര്‍ എഴുതിയവ വെറുതേ മറ്റൊരു പുസ്തകത്തിലേക്ക് പകര്‍ത്താന്‍പോലും ഒരു മനുഷ്യായുസ്സ് മതിയാവില്ല' എന്ന് ഓരോ ബംഗാളിയും ഊറ്റംകൊള്ളുന്നു. രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായി മാനസാന്തരം വന്ന ഗിരീഷ് ചന്ദ്രഘോഷില്‍ തുടങ്ങി ഉത്പല്‍ദത്തിലൂടെയും ബാദല്‍ സര്‍ക്കാറിലൂടെയും വളര്‍ന്നു വികസിച്ച ബംഗാളിനാടകപ്രസ്ഥാനം ഇന്നും നഗരത്തിന്റെ പ്രധാന സാംസ്‌കാരികസ്പന്ദനമാണ്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള സ്റ്റാര്‍ തിയേറ്ററും തപന്‍ തിയേറ്ററും ഇപ്പോഴും സജീവമായ നാടകശാലകള്‍തന്നെ. സത്യജിത് റായിയുടെ പതിനഞ്ചിലധികം സിനിമകളില്‍ നായകനായ സൗമിത്രാ ചാറ്റര്‍ജി എണ്‍പതിനടുത്ത പ്രായത്തിലും കൊല്‍ക്കത്തയിലെ വേദികളില്‍ കിങ് ലിയറാവുന്നു. അത് കാണാന്‍ അഢകള്‍ നിര്‍ത്തിവെച്ച് ഇപ്പോഴും കൊല്‍ക്കത്തക്കാര്‍ നാടകശാലകളില്‍ എത്തുന്നുമുണ്ട്.

ഭൂതകാലത്തിന്റെയും സംസ്‌കാരത്തിന്റെയും മഹിമകള്‍ വഹിക്കുന്ന കൊല്‍ക്കത്താ തെരുവുകളില്‍നിന്ന് ഹൗറ റെയില്‍വേസ്റ്റേഷനിലേക്ക് വരുക. മുപ്പതിലധികം പ്ലാറ്റ് ഫോമുകളിലായി പരന്നുകിടക്കുന്ന ഈ റെയില്‍വേസ്റ്റേഷനില്‍നിന്ന് മദിരാശിയിലേക്കും കേരളത്തിലേക്കുമുള്ള തീവണ്ടി പുറപ്പെടുന്ന സ്ഥലത്ത് നീണ്ടുനീണ്ട് പോകുന്ന മനുഷ്യനിരകള്‍ കാണാം. വിയര്‍ത്തൊലിച്ചവര്‍, മലിനവസ്ത്രധാരികള്‍, പട്ടിണികിടന്ന് പുകയുന്നവര്‍, കണ്ണുകളിലെ തിളക്കമെല്ലാമറ്റ് നിരാശരും നിരാലംബരുമായവര്‍. മാടുകളെപ്പോലെ ഈ മനുഷ്യരെ പൊലീസുകാര്‍ കൈകാര്യംചെയ്യുന്നു. കോറമാന്‍ഡല്‍ എക്‌സ്പ്രസ്സിന്റെയും ഹൗറ മെയിലിന്റെയും കക്കൂസില്‍വരെ ഇരുന്ന് അവര്‍ ദേശം വിടുന്നു. കേരളം അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. വര്‍ഷങ്ങളോളം കൊല്‍ക്കത്ത മലയാളിയെ സ്വീകരിച്ചിരുന്നതുപോലെ. പഴയ മുദ്രാവാക്യത്തില്‍ പറഞ്ഞപോലെ ഇപ്പോള്‍ ശരിക്കും കേരളം ബംഗാളാവുന്നു.

(ആഗസ്ത് ലക്കം യാത്രാ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌)

ഡിസംബര്‍ ലക്കം യാത്രാ മാഗസിന്‍ വാങ്ങിക്കാം


Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram