ബഹ്മാനികളുടെ നാട്ടില്‍


By വി.ആര്‍.ഗ്രീഷ്മ

7 min read
Read later
Print
Share

ബഹ്മാനി സുല്‍ത്താന്മാരുടെ കാലത്ത് പ്രധാന തെരുവുകളുടെ സംഗമസ്ഥാനം അടയാളപ്പെടുത്താന്‍ പണിതതെന്നു കരുതുന്ന ചൗബാര ഇന്ന് ക്ലോക് ടവറാണ്

ബിദര്‍ പുതുമയുള്ളൊരു പേരായിരുന്നു. കര്‍ണാടകയുടെ വിശാലമായ യാത്രാഭൂപടത്തില്‍ അധികം കേട്ടിട്ടില്ലാത്തൊരു സ്ഥലം. തിരഞ്ഞുചെന്നപ്പോള്‍ ഇത് അത്ര പുതിയ സ്ഥലമല്ല. ബഹ്മാനി സാമ്രാജ്യത്തോളം പഴക്കമുണ്ട് ബിദറിന്റെ ചരിത്രത്തിന്. പുരാതനമായ കോട്ടയും മുഗള്‍ഭരണകാലത്തെ ശേഷിപ്പുകളുംകൊണ്ട് സമ്പന്നമായ നാട്.

ഗൂഗിള്‍ നല്‍കിയ ബിദറിന്റെ ചിത്രങ്ങള്‍ അവിടേക്കു പോകാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. യശ്വന്ത്പുര്‍ സ്റ്റേഷനിലെത്തുമ്പോള്‍ ഒരു രാത്രി മുഴുവന്‍ നീളുന്ന യാത്രയ്ക്ക് തയ്യാറെടുത്ത് ബിദര്‍ എക്സ്പ്രസ് മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ ഉണ്ട്. സീറ്റിനു താഴെ ലഗേജെല്ലാം ഒതുക്കിവയ്ക്കുന്നതിനിടെ സഹയാത്രികരായി ഒരു മുത്തശ്ശനും മുത്തശ്ശിയും അവരുടെ കൊച്ചുമോളും ഉള്‍പ്പെട്ട കുടുംബം എത്തി.

ബാംഗ്ലൂരില്‍ ഒരു പ്രവേശനപ്പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിയും കുടുംബവും ബിദറിലേക്കുള്ള മടക്കയാത്രയിലാണ്. അവിടെയേതോ ഉള്‍ഗ്രാമത്തിലാണ് അവരുടെ വീട്. എന്തിനാണ് ബിദറിലേക്ക് പോകുന്നതെന്ന് അവള്‍ ചോദിച്ചു. അവിടത്തെ കോട്ടകളും കുടീരങ്ങളുമൊക്കെ കാണാനാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് അദ്ഭുതം.

ഇത്ര ദൂരത്തുനിന്ന് ബിദറിലെ കാഴ്ചകള്‍ കാണാനായി മാത്രം ആരും വരാറില്ലല്ലോ. ബിദറില്‍ ഇപ്പോള്‍ നല്ല കാലാവസ്ഥയാണെന്നും മാര്‍ച്ച് പിന്നിട്ടാല്‍ ചൂട് കൂടുമെന്നും അവള്‍ പറഞ്ഞു. ഭക്ഷണം കഴിച്ചയുടനെ അവരെല്ലാം ബര്‍ത്തുകളില്‍ കയറിക്കിടന്ന് ഉറക്കമായി. പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ വികാരാബാദ് സ്റ്റേഷനിലാണ്. നമ്മുടെ ഷൊറണൂര്‍പോലൊരു ജങ്ഷന്‍. പുറത്ത് മസാലച്ചായ വില്‍ക്കുന്നവരുടെ ബഹളം.

ചായകുടിച്ചുകൊണ്ട് പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരിക്കുമ്പോള്‍ ചാട്ട് മസാല വില്‍ക്കുന്ന സ്ത്രീകളെത്തി. കുട്ടകള്‍ താഴെ വെച്ച് അവര്‍ ആവശ്യക്കാര്‍ക്ക് പത്രത്താളുകളില്‍ ചാട്ട് മസാല നിറച്ചു നല്‍കുകയാണ്. ട്രെയിന്‍ ചൂളംവിളിച്ചതോടെ പുറത്തു നിന്നവരെല്ലാം അകത്തേക്ക് ഓടിക്കയറി. ട്രെയിന്‍ വികാരാബാദില്‍നിന്ന് പതിയെ നീങ്ങി. ചെമ്മണ്ണു പുതച്ച മലകളും അകലങ്ങളിലേക്ക് നീളുന്ന മണ്‍പാതകളും പച്ചപ്പിന്റെ ചെറുതുരുത്തുകളും പിന്നിട്ട് ട്രെയിന്‍ ബിദറിലെത്തി.

യാത്രയിലെ അവസാന സ്റ്റേഷനാണിത്. അതുകൊണ്ട് ആരും തിടുക്കപ്പെട്ട് ഇറങ്ങുന്നില്ല. ഒരു കൊച്ചു സ്റ്റേഷന്റെ ചിത്രമാണ് മനസ്സിലിതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ എവിടെയൊക്കെയോ പഴമയുടെ മുഖം കാത്തുസൂക്ഷിക്കുന്ന സാമാന്യം വലിയൊരു സ്റ്റേഷനാണ് ബിദര്‍. താമസിക്കാന്‍ റൂം ബുക്ക്‌ചെയ്തിട്ടില്ല. അവിടത്തെ നല്ല രണ്ട് ഹോട്ടലുകളുടെ അഡ്രസ് കയ്യിലുണ്ട്. ടൂറിസ്റ്റുകളുടെ തിരക്കില്ലാത്ത ഈ ചെറിയ പട്ടണത്തില്‍ ഒരു മുറി കിട്ടാന്‍ അത്ര പ്രയാസമൊന്നുമില്ലല്ലോ. ആ ധൈര്യത്തിലാണ് ഒരു ഓട്ടോയും പിടിച്ച് ആദ്യത്തെ ഹോട്ടലില്‍ എത്തിയത്. അവിടെ നല്ല തിരക്കായിരുന്നു. എതിര്‍വശത്തുള്ള രണ്ടാമത്തെ ഹോട്ടലിലും ഇതുതന്നെ സ്ഥിതി. യാത്ര ഏത് കുഗ്രാമത്തിലേക്കായാലും ആദ്യദിവസം തങ്ങാന്‍ ഒരു ഇടം കണ്ടുപിടിച്ചിട്ടേ പുറപ്പെടാവൂ എന്ന് ബിദര്‍ പഠിപ്പിച്ചു.

രണ്ടാമത്തെ ഹോട്ടലിലെ റിസെപ്ഷനിസ്റ്റാണ് ടൗണില്‍നിന്ന് അരകിലോമീറ്റര്‍ അകലെ ഒരു പുതിയ ഹോട്ടല്‍ ഉണ്ടെന്ന് പറഞ്ഞത്. കണ്ടെത്താന്‍ അല്പം ബുദ്ധിമുട്ടിയെങ്കിലും അവിടെ മുറികള്‍ ഒഴിവുണ്ടായിരുന്നു. റിസെപ്ഷനിലിരുന്ന മെലിഞ്ഞയാള്‍ അതിലൊന്ന് തുറന്നുകാണിച്ചു. നല്ല വൃത്തിയുള്ള മുറി. വാടകയും കുറവാണ്. അഡ്രസ് എഴുതിക്കൊടുത്തപ്പോള്‍ അയാള്‍ മലയാളത്തില്‍ ചോദിച്ചു'' നിങ്ങള്‍ കാലിക്കറ്റില്‍നിന്നാണോ?'' അത്രയും നേരം അലഞ്ഞുതിരിഞ്ഞതിന്റെ ക്ഷീണമൊക്കെ ഒറ്റ ചോദ്യത്തില്‍ അലിഞ്ഞില്ലാതായി. അയാളുടെ പേര് അശോക് എന്നാണ്.

ഒഴുക്കോടെ മലയാളം പറയുന്നുണ്ടെങ്കിലും മലയാളിയല്ല. കോഴിക്കോട് എസ്.എം. സ്ട്രീറ്റിലെ ഒരു തുണിക്കടയില്‍ ഏഴുവര്‍ഷം ജോലിനോക്കിയതിന്റെ പരിചയത്തിലാണ് സംസാരിക്കുന്നത്. പിരിഞ്ഞുപോന്നിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞെങ്കിലും മിഠായിത്തെരുവിനെ അയാള്‍ ഇന്നും സ്നേഹിക്കുന്നു. ഹോട്ടല്‍ തുറന്നിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. ഗസ്റ്റുകള്‍ കുറവാണ്. ആവശ്യമായ സഹായങ്ങള്‍ ചെയ്തുതരാന്‍ എപ്പോഴും അശോകും ഹോട്ടലിലെ മറ്റു ജീവനക്കാരും ശ്രദ്ധപുലര്‍ത്തി. ബിദറില്‍ ചെലവിട്ട ദിനങ്ങളില്‍ ഒരിക്കലും അപരിചിതമായ ഒരു ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തോന്നിയില്ല. വീട്ടിലെത്തിയ അതിഥികളോടെന്ന പോലെയാണ് അവര്‍ പെരുമാറിയത്.

ബിദറിലെത്തിയാല്‍ ആദ്യം കാണേണ്ടത് ഇവിടുത്തെ കോട്ടയാണ്. 1427-ല്‍ ബഹ്മാനി സാമ്രാജ്യത്തിന്റെ തലസ്ഥാനത്തെ ഗുല്‍ബര്‍ഗയില്‍ (അഥവാ കല്‍ബുര്‍ഗി) നിന്ന് ബിദറിലേക്ക് മാറ്റിസ്ഥാപിച്ച സുല്‍ത്താന്‍ സയ്യിദ് മുഹമ്മദ് അല്‍ഹുസൈനിയുടെ കാലത്താണ് ബിദറില്‍ ഈ കോട്ട നിര്‍മിച്ചത്. കോട്ടയ്ക്കകത്ത് പ്രവേശിക്കുന്നതിന് ടിക്കറ്റൊന്നും വേണ്ട. ഒരു അധ്യാപകനു പിറകെ വരിയായി സ്‌കൂള്‍കുട്ടികള്‍ അകത്തേക്ക് കയറിപ്പോയി. മഹലുകളും വിശ്രമശാലകളും നടപ്പാതകളും പൂന്തോപ്പും കുളങ്ങളും എല്ലാമായി പൂര്‍ണമായും മുഗള്‍ശൈലിയില്‍ തീര്‍ത്തിരിക്കുന്നൊരു കോട്ടയാണിത്. ഇടയ്ക്ക് സൈക്കിളിലും ഓട്ടോറിക്ഷയിലും ബൈക്കിലും ആളുകള്‍ അകത്തേക്കു പോകുന്നുണ്ട്.

കോട്ടയുടെ പലഭാഗങ്ങളും വിജനമായിരുന്നു. അവിടെയെത്തുമ്പോള്‍ കൂറ്റന്‍ ജാലകങ്ങള്‍ക്കുള്ളിലൂടെ പ്രാവുകള്‍ പറന്നകന്നു. കോട്ടയുടെ വാതിലിനുള്ളിലൂടെ സൈക്കിളില്‍ രണ്ടു കുട്ടികള്‍ കടന്നുപോയി. പിറകിലിരുന്ന പെണ്‍കുട്ടി ഞങ്ങളെ നോക്കി ചിരിച്ചു. വീടെവിടെയാണെന്ന് ചോദിച്ചപ്പോള്‍ അവള്‍ കോട്ടയുടെ ഒരു ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു. കോട്ടയ്ക്കുള്ളിലും താമസക്കാരോ? കൂടുതലൊന്നും പറയാതെ അവള്‍ ചിരിച്ചുകൊണ്ട് അകത്തേക്കു പോയി.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കറുത്ത പര്‍ദയണിഞ്ഞ സ്ത്രീകള്‍ നടക്കാനെത്തി. അവര്‍ കോട്ടയുടെ വിശാലമായ വഴികളിലൂടെ വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടന്നുനീങ്ങി. അവരില്‍ ബഹ്മാനി വംശത്തിന്റെ പിന്മുറക്കാര്‍ ഉണ്ടാകുമോ? കോട്ടയുടെ മതില്‍ക്കെട്ടിനപ്പുറം താഴ്വാരങ്ങളാണ്. ചോളവും മുളകും ഇലച്ചെടികളും വിളയിക്കുന്ന പാടങ്ങള്‍. കുറച്ചു ദൂരംകൂടി നടന്നപ്പോള്‍ മുന്‍പു കണ്ട ആ പെണ്‍കുട്ടിയുടെ താമസസ്ഥലത്തെത്തി. അവളും ചേട്ടനും അവിടെയൊരു വീടിനു മുന്നില്‍ ഉണ്ടായിരുന്നു. അവര്‍ പരിചിതഭാവത്തില്‍ ഞങ്ങളെ നോക്കി ചിരിച്ചു.''മുഗള്‍ഭരണകാലത്ത് സുല്‍ത്താന്റെ പടയാളികളായിരുന്നവരുടെ പിന്മുറക്കാരാണ് ഇവരെല്ലാം. ഇവിടെയാണ് താമസം. മൊത്തം പതിനാലു കുടുംബങ്ങളുണ്ട്'' അതുവഴി പോയ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

പശുക്കളെയും തെളിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ എതിരെ വന്നു. തോട്ടങ്ങളില്‍ ജോലിചെയ്തും പശുവിനെ വളര്‍ത്തിയുമാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് അവന്‍ പറഞ്ഞു. സുല്‍ത്താന്റെ പടത്തലവന്മാരെപ്പറ്റി മുത്തശ്ശന്‍ പറഞ്ഞുകൊടുത്ത കഥകള്‍ വിവരിച്ചുതന്നു. പിന്നെ പശുക്കളെയുംകൊണ്ട് ഉത്സാഹത്തോടെ നടന്നകന്നു. തിരികെ പോരുമ്പോള്‍ ആ പെണ്‍കുട്ടി ഞങ്ങളുടെ നേര്‍ക്ക് കൈ വീശി. മുഖത്ത് നിഷ്‌കളങ്കമായ അതേ പുഞ്ചിരി. ഹൃദ്യമാണ് ഇവരുടെ പെരുമാറ്റം.

കോട്ടയ്ക്കുള്ളില്‍ ഒരു കോഫീഷോപ്പ് ഉണ്ട്. കോട്ടയുടെ ശേഷിപ്പുകളായ മുറികളുടെ കീഴിലും മരച്ചുവടുകളിലും കസേരകളും മേശയും നിരത്തിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. മുറിക്കുള്ളില്‍ ഇരിക്കുമ്പോള്‍ കോട്ടയുടെ ഭാഗങ്ങളും ബിദറിലെ തെരുവുകളിലൂടെ നടന്നുനീങ്ങുന്ന ആളുകളെയും കാണാം. കടുംചുവപ്പണിഞ്ഞ സൂര്യന്‍ കോട്ടയുടെ മിനാരങ്ങള്‍ക്കു താഴേക്ക് ആഴ്ന്നുപോകുന്നു. പനീര്‍ പകോഡയും കാപ്പിയും രുചികരമായിരുന്നു.

അതുപോലെ ഇവിടുത്തെ അന്തരീക്ഷവും. ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ റോഡില്‍ വലിയ ആഘോഷം. ആകാശത്ത് വിവിധ വര്‍ണങ്ങളില്‍ പൊട്ടിച്ചിതറുന്ന പടക്കങ്ങള്‍. ഡ്രമ്മിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കുന്ന ചെറുപ്പക്കാര്‍. പാട്ടും നൃത്തവുമായി അവര്‍ ഒരു ജാഥയായി നീങ്ങുകയാണ്. കല്യാണാഘോഷമാണെന്ന് ഒരാള്‍ പറഞ്ഞു. കല്യാണത്തിന്റെ രണ്ടുദിവസവും തെരുവിലൂടെ ഈ ഘോഷയാത്ര ബിദറില്‍ പതിവാണ്.

ബഹ്മാനി ഭരണത്തിന്റെ ശേഷിപ്പുകളാണ് ബിദറിലെങ്ങും കാണാനുള്ളത്. ബിദറില്‍നിന്ന് നാലുകിലോമീറ്റര്‍ മാറി അസ്തൂര്‍ ഗ്രാമത്തിലാണ് ബഹ്മാനി സുല്‍ത്താന്മാരെ അടക്കിയ കുടീരങ്ങള്‍ ഉള്ളത്. വെട്ടിയൊതുക്കിയ പുല്‍ത്തകിടിയുടെ പലഭാഗങ്ങളിലായി മുഗള്‍ശൈലിയില്‍ തീര്‍ത്ത കൂറ്റന്‍ കുടീരങ്ങള്‍. അവയ്ക്കു നടുവിലൂടെ കടന്നുപോകുന്ന വൃത്തിയുള്ള നടപ്പാത. ശൂന്യമായിരുന്നു അവിടം. മിനാരങ്ങള്‍ക്കു മുകളില്‍നിന്ന് പ്രാവുകളും തത്തകളും പറന്നുയര്‍ന്നു. പെട്ടെന്നാണ് അയാള്‍ മുന്നിലേക്കു വന്നത്. ഖാലിദ് ഷാ ബഹ്മാനി. ബഹ്മാനിവംശത്തിന്റെ പിന്മുറക്കാരനാണ് താന്‍ എന്ന് അയാള്‍ പറഞ്ഞു.

പത്രങ്ങളില്‍ തന്നെക്കുറിച്ചു വന്ന വാര്‍ത്താകുറിപ്പുകള്‍ അയാള്‍ വെട്ടിസൂക്ഷിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന ഒന്നുരണ്ടു കുറിപ്പുകള്‍ വായിച്ചുനോക്കി. ബഹ്മാനി വംശത്തിന്റെ ചരിത്രത്തെയും അവരുടെ നാണയങ്ങളും ചരിത്രരേഖകളും കയ്യിലുള്ള ഖാലിദ് എന്ന പിന്മുറക്കാരെയും കുറിച്ചാണ് അവയില്‍ വിവരിച്ചിരുന്നത്. അയാള്‍ ചില കുടീരങ്ങളുടെ വാതില്‍ തുറന്നുകാണിച്ചു. അതിനകത്ത് അടക്കംചെയ്തിരിക്കുന്ന സുല്‍ത്താന്‍മാരെപ്പറ്റി പറഞ്ഞുതന്നു. ഇനിയൊരു അദ്ഭുതം കാണിച്ചുതരാം-ഖാലിദ് പറഞ്ഞു.

'' ഒരു കുടം വെള്ളം ഞാന്‍ ആ കാണുന്ന കുഴിയില്‍ ഒഴിക്കും. പിന്നെ പ്രത്യേക തരത്തില്‍ ശബ്ദമുണ്ടാക്കുമ്പോള്‍ കിളികള്‍ കൂട്ടമായി വന്ന് വെള്ളം കുടിക്കും.'' കിളികളെല്ലാം കൂട്ടത്തോടെ പറന്നുവരുന്ന കാഴ്ച ക്യാമറയില്‍ പകര്‍ത്താന്‍പാകത്തിന് ഞങ്ങള്‍ നിന്നു. ഖാലിദ് ഒരു കുടം വെള്ളമൊഴിച്ചു. പിന്നീട് ശബ്ദമുണ്ടാക്കി. കിളികളൊന്നും വന്നില്ല. ഒരു കുടം വെള്ളംകൂടി കൊണ്ടുവരാമെന്നു പറഞ്ഞ് അയാള്‍ പോയി. സൈക്കിളില്‍ മൂന്നു കുട്ടികള്‍ ആ വഴി വന്നു. ഇതൊക്കെ പണം കിട്ടാനുള്ള ഖാലിദിന്റെ ഓരോ അഭ്യാസങ്ങളാണെന്ന് അവര്‍ പറഞ്ഞു. കിളികള്‍ വന്നില്ലേ ദാദാ-കുടത്തില്‍ വെള്ളവുമായി വന്ന ഖാലിദിനെ അവര്‍ കളിയാക്കി. അയാള്‍ അവരെ ശാസിച്ചു. എന്തായാലും കിളികളെ വിളിക്കുന്നത് നിര്‍ത്തി ഖാലിദ് വീണ്ടും ബഹ്മാനി സുല്‍ത്താന്മാരുടെ ചരിത്രത്തിലേക്ക് കടന്നു.

ഈ കുടീരങ്ങളും പൈതൃകമായി കിട്ടിയ ചരിത്രരേഖകളും സൂക്ഷിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണ്-അയാള്‍ പറഞ്ഞു. പിന്നെ ബഹ്മാനി സുല്‍ത്താന്മാരുടെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഖാലിദിനെ സഹായിക്കാന്‍ ആവശ്യപ്പെടുന്ന അച്ചടിച്ച ഒരു കടലാസ് തന്നു. പണം നല്‍കിയതിന് നന്ദിപറഞ്ഞ് കുടവും പത്രക്കടലാസുകളും കയ്യിലെടുത്ത് അയാള്‍ നടന്നകലുമ്പോള്‍ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച ബഹ്മാനി സുല്‍ത്താന്മാര്‍ക്ക് ഇങ്ങനെയൊരു പിന്മുറക്കാരന്‍ ഉണ്ടാകുമോ എന്ന് സംശയിച്ചുപോയി.

ബഹ്മാനി സാമ്രാജ്യത്തിന്റെ സുല്‍ത്താനായിരുന്ന മഹമൂദ്ഷായുടെ മരണശേഷം മന്ത്രി അമീര്‍ ബാരിദ് ആണ് ഭരണം നിയന്ത്രിച്ചിരുന്നത്. പിന്നീട് അമീര്‍ ബാരിദിന്റെ പുത്രന്‍ അലി ബാരിദ് സുല്‍ത്താന്‍പദവിയേറ്റെടുത്തതോടെ ബാരിദ് ഷാഹി വംശം നിലവില്‍വന്നു. ബിദറിലെ ബസ്സ്റ്റാന്‍ഡിന്റെ പിന്‍ഭാഗം പൂന്തോപ്പാണ്. ഇതിനോടു ചേര്‍ന്നാണ് ബാരിദ് ഷാഹി സുല്‍ത്താന്മാരുടെ കുടീരങ്ങള്‍. അലി ബാരിദ് ഷാഹിയുടെ പേരിലുള്ള പള്ളിയും അദ്ദേഹത്തിന്റെയും മകന്‍ ഇബ്രാഹിം ഷാഹിയുടെയും കൂറ്റന്‍ കുടീരങ്ങളുമാണ് ഇവിടെയുള്ളത്. അവിടെ ഒരു മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ കുടീരത്തിനു മീതെ ഒന്നിനു പിറകെ ഒന്നായി വിമാനങ്ങള്‍ പറന്നുപോയി. ഈ കുടീരങ്ങളുടെ പിന്‍ഭാഗത്തായാണ് ബിദര്‍ എയര്‍ഫോഴ്സ് സ്റ്റേഷന്‍.

കുടീരങ്ങളുടെ എതിര്‍ഭാഗത്താണ് ബാരിദ് ഷാഹി ഗാര്‍ഡന്‍. ബിദറില്‍ ടിക്കറ്റെടുത്ത് കയറേണ്ട ഏകസ്ഥലം. പൂന്തോപ്പില്‍ നിറയെ കുട്ടികളായിരുന്നു. ബാരിദ് ഷാഹിമാരുടെ രണ്ടു കുടീരങ്ങള്‍ ഇവിടെയും കാണാം. 1453-ല്‍ ബിദറില്‍ എത്തിച്ചേര്‍ന്ന പേര്‍ഷ്യന്‍ പണ്ഡിതനും വ്യാപാരിയുമായിരുന്നു മഹ്മൂദ് ഗവാന്‍. പാണ്ഡിത്യവും ആത്മാര്‍ത്ഥതയും തികഞ്ഞ ഗവാന്‍ ബഹ്മാനി സുല്‍ത്താന്മാരുടെ ഭരണകാലത്ത് പ്രധാനമന്ത്രിപദം അലങ്കരിച്ചു. അദ്ദേഹം 1472-ല്‍ ബിദറില്‍ ഒരു മദ്രസ പണിയുകയുണ്ടായി. പേര്‍ഷ്യയില്‍നിന്ന് ശില്‍പ്പികളെ കൊണ്ടുവന്ന് സ്വന്തം പണം ഉപയോഗിച്ചാണ് ഗവാന്‍ മദ്രസ നിര്‍മിച്ചതെന്ന് ചരിത്രം പറയുന്നു. അക്കാലത്ത് ഇതൊരു റെസിഡെന്‍ഷ്യല്‍ യൂണിവേഴ്സിറ്റിയായി പ്രവര്‍ത്തിച്ചിരുന്നു. പാഠശാലയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താമസിക്കാനുള്ള മുറികളും ഇവിടെയുണ്ടായിരുന്നു.

ദൂരെ ദേശങ്ങളില്‍നിന്നുപോലും തത്ത്വചിന്തകരും പണ്ഡിതരും മദ്രസ സന്ദര്‍ശിച്ചിരുന്നു. ബിദറിന്റെ സുവര്‍ണകാലത്തിന് സാക്ഷ്യംവഹിച്ച മദ്രസ ഇപ്പോള്‍ വിജനമാണ്. കൂറ്റന്‍ മിനാരങ്ങള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നു. ഭിത്തിയില്‍ നീല, പച്ച, സ്വര്‍ണ നിറങ്ങളിലുള്ള പേര്‍ഷ്യന്‍ ടൈലുകള്‍. മദ്രസയുടെ പിന്നിലേക്ക് നടക്കുമ്പോള്‍ മതില്‍ക്കെട്ടിന് അപ്പുറമുള്ള വീടിന്റെ മട്ടുപ്പാവില്‍നിന്ന് ഒരാണ്‍കുട്ടിയും സ്ത്രീയും തല പുറത്തേക്കിട്ടു. ഇളം പച്ചനിറമാര്‍ന്ന കിളിവാതിലോടുകൂടിയ ആ ഭവനവും ബിദറിന്റെ ചരിത്രത്തിലെ ഏതോ ഏടാണെന്ന് തോന്നി. ഫോട്ടോയെടുത്തപ്പോള്‍ ഇരുവരും മുഖം അകത്തേക്ക് വലിച്ചു. മദ്രസയുടെ ഇടതുഭാഗത്തെ മൈതാനത്തില്‍ കുറെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയാണ്. പന്ത് പിന്നിലൂടെ വന്ന് മദ്രസയുടെ ജാലകങ്ങളിലൊന്നില്‍ ഇടിച്ചു. പിറകില്‍നിന്ന് കുട്ടികളുടെ ആരവം. പാഠശാലകളില്‍ നിന്നുയര്‍ന്നിരുന്ന ശബ്ദങ്ങള്‍ക്കു പകരം ഇന്ന് മദ്രസയെ ബഹളമയമാക്കുന്നത് ഇവരുടെ ആര്‍പ്പുവിളികളാണ്.

മദ്രസയില്‍നിന്ന് കുറച്ചു നടന്നാല്‍ തെരുവിനു നടുവിലായി ചൗബാര കാണാം. ബഹ്മാനി സുല്‍ത്താന്മാരുടെ കാലത്ത് പ്രധാന തെരുവുകളുടെ സംഗമസ്ഥാനം അടയാളപ്പെടുത്താന്‍ പണിതതെന്നു കരുതുന്ന ചൗബാര ഇന്ന് ക്ലോക് ടവറാണ്. മുകളിലെ ക്ലോക് അടുത്തിടെ ഘടിപ്പിച്ചതാണെങ്കിലും അത് ആ നിര്‍മിതിയുടെ ഭംഗിയെ ഒരുതരത്തിലും അലോസരപ്പെടുത്തുന്നില്ല. ബിദറിലെ തെരുവുകളിലൂടെ വെറുതെ നടന്നു. ഡ്രം വാടകയ്ക്കു നല്‍കുന്ന ഒരുപാട് കടകള്‍ കണ്ടു. ബിദറിലെ കല്യാണങ്ങള്‍ക്ക് ഇവയുടെ താളം ഒഴിച്ചുകൂടാനാകാത്തതാണല്ലോ. വഴിയോരത്ത് ഒരു തട്ടുകടയില്‍ ദോശയുണ്ടാക്കുന്നു. രണ്ടു മസാലദോശയ്ക്ക് ഓഡര്‍ കൊടുത്തു. ''ഇത് മസാലദോശയല്ല, ഉപ്പ്മാദോശയാണ്'' അയാള്‍ പറഞ്ഞു.

ദോശയ്ക്കു മീതെ പേസ്റ്റ് രൂപത്തിലുള്ള ഉപ്പുമാവ് പരത്തിയാണ് അയാള്‍ ദോശയുണ്ടാക്കുന്നത്. അതിനുള്ളില്‍ ഉരുളക്കിഴങ്ങും ഉള്ളിയും ചേര്‍ത്ത മസാലക്കൂട്ടും വയ്ക്കും. പേപ്പര്‍പോലുള്ള ദോശ ചട്ടുകംകൊണ്ട് മൂന്നായി മുറിച്ച് അയാള്‍ സ്‌കൂള്‍കുട്ടികളുടെ ടിഫിന്‍ ബോക്സില്‍ ഇട്ടുകൊടുക്കുന്നുണ്ട്. ചൂടുപാറുന്ന ഉപ്പ്മാദോശയും മുളകുചമ്മന്തിയും മസാലച്ചായയും ആയിരുന്നു അന്നത്തെ പ്രഭാതഭക്ഷണം. ബിദറില്‍നിന്ന് ഇതുവരെ കഴിച്ച ഹോട്ടല്‍രുചികളെക്കാളൊക്കെ ഗംഭീരം.

ചരിത്രശേഷിപ്പുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നരസിംഹ ഗുഹാക്ഷേത്രവും ഗുരുദ്വാരയുമാണ് ബിദറില്‍ കാണാനുള്ളത്. എപ്പോഴും വെള്ളം കെട്ടിനില്‍ക്കുന്ന ടണലിനുള്ളിലൂടെ നടന്നാല്‍മാത്രമേ നരസിംഹക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് അരികിലെത്താന്‍കഴിയൂ. അപൂര്‍വമായൊരു ഗുഹാക്ഷേത്രം പ്രതീക്ഷിച്ച് എത്തിയ ഞങ്ങളെ നരസിംഹക്ഷേത്രം നിരാശപ്പെടുത്തി. വൃത്തിഹീനമായിരുന്നു അവിടം. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രണ്ടുദിവസത്തേക്ക് ആരെയും അകത്തേക്ക് കടത്തിവിടുന്നില്ലെന്ന് അവിടത്തെ കാവല്‍ക്കാരന്‍ പറഞ്ഞു. എങ്കിലും വെള്ളമൊഴുകിപ്പോകുന്ന ടണല്‍ കാണിച്ചുതരാമെന്നു പറഞ്ഞ് അയാള്‍ അകത്തേക്ക് കൊണ്ടുപോയി. ചെളിവെള്ളം കെട്ടിക്കിടക്കുന്ന ഒരു തുരങ്കം.

അകത്തേക്ക് പോകുന്തോറും അത് ഇടുങ്ങിവരുന്നു. ഇതുവഴിയാണോ ഭക്തര്‍ പോകുന്നത്? അമ്പരപ്പോടെ അയാളോട് ചോദിച്ചു. ''അതെ. പ്രതിഷ്ഠ കാണാന്‍ ഈ വഴിതന്നെ പോകണം... ചിലസമയങ്ങളില്‍ തോളിനൊപ്പം വെള്ളമുണ്ടാകും. ചിലപ്പോള്‍ തുരങ്കത്തിലൂടെ കവാടംവരെ ആളുകള്‍ ക്യൂ നില്‍ക്കാറുമുണ്ട്'' ഭക്തിക്ക് കണ്ണുകളില്ലെന്ന് പറയുന്നതെത്ര സത്യമാണ്!

മടങ്ങുന്നതിന്റെ തലേന്നു രാത്രി ബിദറിലെ ആ കോട്ടയില്‍ വീണ്ടും പോയി. ഏതോ കഥകളില്‍ കണ്ടൊരു ചിത്രംപോലെ നിശ്ശബ്ദമായിരുന്നു അത്. വിമാനങ്ങളുടെ ഇരമ്പലില്ല. പ്രാവുകളുടെ ചിറകടിയൊച്ചയില്ല. ആകാശത്ത് തിളങ്ങിനില്‍ക്കുന്ന നക്ഷത്രങ്ങള്‍ മാത്രം. നാലുദിവസംകൊണ്ട് കണ്ടത് ബിദറിന്റെ ചരിത്രത്തിലെ ഏതാനും ഏടുകള്‍ മാത്രമാണ്. കോട്ടയും അവയ്ക്കു മീതെ ആകാശത്ത് വെള്ളവരകള്‍ വീഴ്ത്തി കടന്നുപോകുന്ന വിമാനങ്ങളും കൂറ്റന്‍ കുടീരങ്ങള്‍ക്കുള്ളില്‍ ഉറങ്ങുന്ന ബഹ്മാനി സുല്‍ത്താന്മാരും പഴയ തെരുവുകളും ബിദ്രി ശില്‍പ്പങ്ങളും ഓര്‍മയിലേക്ക് വീണ്ടുമെത്തി. മരങ്ങളെ ഉലച്ചുകൊണ്ട് ഒരു തണുത്ത കാറ്റ് കടന്നുപോയി.

ബിദറിലെ ദിനങ്ങളില്‍ ഈ കാറ്റിനെപ്പോലെ സ്വതന്ത്രമായി സഞ്ചരിക്കുകയായിരുന്നു. കോട്ടയിലോ കുടീരങ്ങളിലോ കയറുമ്പോള്‍ ആരും തടഞ്ഞില്ല; പാസ് ചോദിച്ചില്ല; വിസില്‍ ശബ്ദം മുഴക്കിയില്ല. അതെ, ബിദറിന്റെ വാതിലുകള്‍ തുറന്നതാണ്. ചരിത്രത്തിന്റെ വഴിയിലൂടെ പിന്നോട്ടു നടക്കാന്‍ ആഗ്രഹിച്ചെത്തുന്നവരെ ഈ നഗരം നിരാശരാക്കാറില്ല.

(മാര്‍ച്ച് ലക്കം യാത്ര മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram