ഗുണ്ടല്‍പേട്ട്. പേര് പോലെ തന്നെ ആര്‍ക്കും പെട്ടന്ന് ഒരു ഊഹവും കൊടുക്കാത്ത നാട്. വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതം കഴിഞ്ഞാല്‍ മൈസൂരിലേക്കുള്ള യാത്രകളില്‍ ആദ്യം വരവേല്‍ക്കുന്ന തനിനാടന്‍ കന്നഡ ഗ്രാമം. നൂലുപിടിച്ചത്‌പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാതയിലൂടെ തെന്നി ഒഴുകിപോകുന്ന വാഹനങ്ങളില്‍ നിന്നും പലപ്പോഴും ഇരു ഭാഗത്തേക്കും കണ്ണുപായിക്കുമ്പോഴേക്കും കാഴ്ചകളെല്ലാം പിന്നോട്ട് പാഞ്ഞു പോയിരിക്കും. പലതവണയായുള്ള യാത്രകളിലെല്ലാം ഇത്തരത്തില്‍ മിന്നിമാഞ്ഞുപോയ ഈ ഗ്രാമത്തിന്റെ വശ്യതകളില്‍ ഒരിക്കല്‍ സൗകര്യപൂര്‍വ്വം കുറച്ച് സമയം ചെലവഴിക്കണം എന്ന് ആരും ആശിച്ചുപോകും.
ഇത്രയധികം വലിയ ആകാശ പന്തലിന് കീഴില്‍ പല പല നിറങ്ങള്‍ വര്‍ണ്ണങ്ങള്‍ വിതറുന്ന ദൃശ്യഭംഗിയില്‍ ആര്‍ക്കാണ് അല്‍പ്പം ഇരിക്കാന്‍ തോന്നാത്തത്. ഓരോ കാലത്തും ഇവിടുത്തെ ആകാശത്തിനെന്നപോലെ കൃഷിയിടത്തിനും പല നിറമാണ്. സൂര്യകാന്തിയും കടുകും വിളയുമ്പോള്‍ മഞ്ഞപ്പാടം. നിലക്കടല വിളയുമ്പോള്‍ ചാരനിറം, പച്ചപുതയ്ക്കുന്ന പച്ചക്കറിപാടങ്ങള്‍ ഇതിന്റെ ഇടവേളകളിലെല്ലാം ചുവന്ന മണ്ണിന്റെ വലിയ ക്യാന്‍വാസും അതിനിടയില്‍ മേഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളും.
ഭിന്നഭാവങ്ങളില്‍ ഗുണ്ടല്‍പേട്ടയ്ക്ക് നാനാതരം നിറക്കൂട്ടുകളുണ്ടെങ്കിലും സൂര്യകാന്തിയും ചെണ്ടുമല്ലിയും വിളയുന്ന ഓണക്കാലത്ത് തന്നെയാണ് ഈ നാട്ടില്‍ വിരുന്നുകാരുടെ തിരക്കുമുഴുവനും. ഒരു പകലുമുഴുവനും സൂര്യനെ മാത്രം നോക്കി സൂര്യകാന്തിപൂക്കള്‍ ചാഞ്ഞും ചെരിഞ്ഞു ചിത്രം വരയ്ക്കുമ്പോള്‍ ഈ പൂപ്പാടങ്ങളുടെ തീരത്ത് തിരക്കിന്റെ നേരമാകും. ചിത്രം പകര്‍ത്തുന്നവരിലേക്ക് ഈ സീസില്‍ പത്ത് രൂപ ചോദിക്കുന്ന ഗ്രാമീണരെയും ഇടയ്ക്കിടെ കാണാം. ഇവരില്‍ പലരും ഈ പൂപ്പാടങ്ങളുടെ കാവലാളുകളാണ്.
കൃഷിയൊരുക്കുന്ന കാലത്ത് തൊഴിലാളികളും. വന്‍കിട പെയിന്റ് കമ്പനിയുടെ ചെണ്ടുമല്ലിക പാടങ്ങളും പൂത്തുലയുന്നതോടെ ഗുണ്ടല്‍പേട്ട് സഞ്ചാരികളെ കൊണ്ട് നിറയും. അങ്ങിനെയൊരു സഞ്ചാരകാലത്ത് തന്നെയാണ് ഗുണ്ടല്‍പേട്ടിലെ ഗ്രാമവക്കിലെത്തിയത്. പൂക്കള്‍ നോക്കെത്താ ദൂരത്തോളവും നിറം വാരി വിതറി നില്‍ക്കുമ്പോഴും സന്തോഷത്തിന്റെ ഒരു ചെറുമിന്നലാട്ടം പോലും അടുത്തെങ്ങുമില്ലാത്ത വെയില്‍ കറുത്തുവാടിയ മുഖങ്ങളുമായി വഴിവക്കില്‍ ഗ്രാമീണരുണ്ട്. ഒരു പൂക്കാലത്തിന്റെ നിറഘോഷത്തിലേക്ക് എത്രയോ നാടുകള്‍ ഒഴുകിയെത്തുമ്പോഴും അകമിളകി ഒന്നു ചിരിക്കാന്‍ ഇവര്‍ ഇനിയെത്രയോ പൂക്കാലങ്ങള്‍ ഇവിടെ വരേണ്ടിവരും.
നിറം മങ്ങാത്ത പൂപ്പാടങ്ങള്‍
ഒരര്‍ത്ഥത്തില്‍ ആര്‍ക്കോവേണ്ടി മണ്ണില്‍ ഇഴഞ്ഞു ജീവിക്കുന്ന ഒരു പറ്റം കര്‍ഷകരുടെ ഗ്രാമം. നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും വേറിട്ട നിറം പുതപ്പിക്കുന്നവര്‍.നൂറ് ഏക്കര്‍ സ്ഥലമുള്ള ജന്മിയും കന്നുകാലി കൂട്ടത്തിനെ മേച്ചുനടക്കുന്ന ഭൂമുഖത്തെ ഏകസ്ഥലം.മാറ്റിയിടാന്‍ ഷര്‍ട്ടു പോലുമില്ല.ചെറിയ സങ്കേതത്തില്‍ തലമുട്ടുന്ന ഗുഡികളില്‍ സ്വപ്നങ്ങളില്ലാതെ കാലത്തെ തോല്‍പ്പിക്കുന്നവര്‍. ഇവിടെയാണ് വടക്കന്‍ കേരളത്തിന്റെ ഓണം ഒരുങ്ങുന്നത്.പൂക്കള്‍ മുതല്‍ പച്ചക്കറികള്‍ വരെയും ഈ മണ്ണില്‍ പൊള്ളി വിളയുന്നു.
എഴുപത് പിന്നിട്ട വയോധികര്‍ മുതല്‍ കാലം കരിനിഴല്‍ വീഴ്ത്തിയ മുഖവുമായി കുറെ മനുഷ്യന്‍. ഇക്കാലമത്രയും ഈ മണ്ണില്‍ രാപ്പകല്‍ പണിയെടുത്തിട്ടും സമ്പാദ്യമെന്നു പറയാന്‍ പത്ത് പതിനാറ് നാടന്‍ പശുക്കളും കിടാവുകളും ആടുകളും മാത്രമുള്ള സൗക്കാര്‍മാരെ ഇവിടെ കാണാം. ഗുണ്ടല്‍ പേട്ടയിലെ പൂപ്പാടങ്ങള്‍ കാണാന്‍ വരുന്ന സഞ്ചാരികളോട് കൈനീട്ടി വാങ്ങുന്ന തുട്ടുകളിലാണ് ഇപ്പോള്‍ ഈ കര്‍ഷകര്‍ക്കെല്ലാം സംതൃപ്തി. മക്കളും അവരുടെ മക്കളും അടങ്ങുന്ന രണ്ടുതലമുറകള്‍ വരുന്ന സീസണിലേക്കുള്ള നിലക്കടല കൃഷിക്കായി നിലം ഒരുക്കുന്ന ജോലിയാണ് പൂപ്പാടം വിളവെടുപ്പിനുശേഷം ഇവരെ കാത്തിരിക്കുന്നത്. നഗരത്തില്‍ നിന്നും വന്നുപോകുന്ന പാട്ട ഭൂമിക്കാരായ അംബാനിമാര്‍ നല്‍കുന്ന കൂലിയിലാണ് ഇവരുടെ പ്രതീക്ഷകളെല്ലാം.സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുളച്ചു പൊന്തിയ നഗരങ്ങളിലെ മാളുകളുടെ മുതലാളിമാരാണ് ഇവരുടെ കൂലിയും ജീവിതവും നിശ്ചയിക്കുന്നത്. കന്നുകാലി കൂട്ടങ്ങള്‍ക്കിടയിലേക്ക് വര്‍ഷത്തില്‍ രണ്ടുതവണ മാത്രമെത്തുന്ന പേരറിയാത്ത മുതലാളിമാര്‍ നീട്ടിക്കൊടുക്കുന്ന പാട്ടത്തുകയാണ് ഇവരുടെ വരുമാനം.
ഇതിനുള്ളില്‍ പരിമിതമാണ് ഇവരുടെ ഏറ്റവും എളിയ ജീവിതവും.നേരം വെളുത്ത തുടങ്ങിയാല്‍ പിന്നെ ഇരുള്‍ വീഴുന്നതുവരെയും കന്നുകലികളെയും കൊണ്ട് നിലം ഉഴുതുമറിക്കുന്ന കര്‍ഷകര്‍ക്ക് പൂപ്പാടങ്ങള്‍ ഒരുക്കാനുള്ള വിത്തുകളും കമ്പനികള്‍ നല്‍കും.പകരം പൂവ് നല്‍കണമെന്നാണ് കരാര്‍. വിലയെല്ലാം സാധാരണ പോലെ തന്നെ. ഒരു കിലോയ്ക്ക് മൂന്നുരൂപ. നഗരത്തിലെത്തിച്ചാല്‍ കമ്പനിക്ക് കിട്ടും മുന്നൂറു രൂപ. ഇതൊന്നും ഇവരറിയേണ്ട.. സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥിയായി മാറിപോയവര്‍ക്ക് ചോദ്യമുയര്‍ത്താനുള്ള നാവും എന്നോ നഷ്ടമായതാണ്.
ഒരു വിള കൃഷി കഴിഞ്ഞാല്‍ മറ്റൊരു കൃഷിക്ക് ഒരു ഇടവേളയുണ്ടാകും. ഇക്കാലത്താണ് പച്ചക്കറികള്‍ ഗ്രാമീണര്‍ കൃഷി നടത്തുക. ഇവിടെ വിളവെടുപ്പ് തുടങ്ങുമ്പോളേക്കും മലയാളികളായ കച്ചവടക്കാരാണ് ഓടിയെത്തുക. തക്കാളി മുതല്‍ ബീറ്റ് റൂട്ടും വെള്ളരിയുമെല്ലാം വേണം.ഒന്നിനും കിലോയ്ക്ക് അഞ്ചുരൂപയില്‍ കൂടാനും പാടില്ല. വിലപേശാന്‍ മിടുക്കരായ മലയാളികളും ഇവരുടെ കണ്ണീരിനും കഷ്ടപ്പാടുകള്‍ക്കും ചില്ലറ തുട്ടുകളാല്‍ വിലയിട്ടു നല്‍കും. അതിര്‍ത്തി കടന്നാല്‍ അഞ്ചിരട്ടി വിലയിട്ട പച്ചക്കറി വാങ്ങാന്‍ മലയാളികളും കാത്തുനില്‍ക്കുന്നു. ഓണമെത്തിയാല്‍ കച്ചവടക്കാര്‍ കൂടും.ഇവര്‍ക്കിടയിലെ മത്സരം കൃഷിക്കാര്‍ക്ക് അല്‍പ്പം ആശ്വാസമാണ്.വില അല്‍പ്പം കൂട്ടിയെടുക്കാന്‍ കച്ചവടക്കാര്‍ വരുന്ന ഓണക്കാലം അതുകൊണ്ടാണ് അവര്‍ക്കും ദേശീയ ഉത്സവമായി മാറിയത്.
ആകാശ ഗോപുരത്തിലെ കാഴ്ചകള്‍
നീലഗിരി മലനിരകള്‍ അതിരിടുന്ന ഗോപാല്‍സ്വാമി ബേട്ട ഒരു നിഴല്‍ ചിത്രമായി മുന്നില്‍ക്കാണാം. നൂലു പിടിച്ചതുപോലെയുള്ള പാതയിലൂടെ പൂപ്പാടങ്ങള്‍ പിന്നിട്ടാല്‍ ഗോപാല്‍സ്വാമി അമ്പലത്തിന്റെ കവാടമായി.കര്‍ണ്ണാടക വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് വനജ്യോത്സനകള്‍ തിടമ്പേറ്റി നില്‍ക്കുന്ന ഈ പരിസരമൊന്നാകെ.സമുദ്ര നിരപ്പില്‍നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള മാനം തൊടുന്ന മലനിരകലിലേക്ക് ചുരം കയറി വേണമെത്താന്‍. ഇരുവശത്തും മഴക്കാടുകളുണ്ട്.ഉയരത്തിലെത്തുമ്പോഴും താഴ് വാരങ്ങളില്‍ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം.പാറക്കല്ലുകള്‍ പോലെ ചെറുതായി ആനക്കൂട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന കാഴ്ച ഗോപാല്‍സ്വാമി ബേട്ടയിലെ മാത്രം കാഴ്ചയാണ്.സദാസമയവും മഞ്ഞു പുതഞ്ഞുനില്‍ക്കുന്ന ക്ഷേത്രം തീര്‍ത്ഥാടകരുടെ പുണ്യഭൂമിയാണ്.കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ. 14ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം മഞ്ചണ്ഡ രാജവംശം പണികഴിപ്പിക്കുന്നത്.മഞ്ചണ്ഡ രാജാവ് സഹോദരായ ശത്രുക്കളില്‍ നിന്നും കുതിരപ്പുറത്ത് കയറി ഭയന്നോടി ഈ മലയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്തു എന്ന ചരിത്രവുമുണ്ട്.മാധവ ദണ്ഡനായകന്‍ ഇതിന്റെ വിഷമം തീര്‍ക്കാന്‍ കൂടിയാണ് മലമുകളില്‍ ദൈവ പ്രതിഷ്ഠ നടത്തിയത്.
പ്രത്യേത പൂജകളും വഴിപാടുകളുമായി അതിരാവിലെ തന്നെ ക്ഷേത്രമുണരും.ദര്‍ശനത്തിനായി വരുന്ന തീര്‍ത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകള്‍ മലമുകളില്‍ നിന്നും കാണാം.ചുട്ടുപൊള്ളുന്ന കര്‍ണ്ണാകയിലെ കാലവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം.തൊട്ടടുത്ത നീലഗിരിയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്‍സ്വാമി ബേട്ടയെ കുളിരു പുതപ്പിക്കുന്നത്.ഒരു കാലത്ത് ചന്ദന കള്ളക്കടത്തുകാരന്‍ വീരപ്പന്റെ സന്ദര്‍ശനം കൊണ്ട് ഈ ക്ഷേത്രം വാര്‍ത്തകളില്‍ ഇടം തേടിയിരിന്നു.കനത്ത സുരക്ഷാ സംവിധാനമൊരുക്കി വീരപ്പനെ വലയിലാക്കാന്‍ ടാസ്‌ക് ഫോഴ്‌സുകള്‍ ി നിരവധി ഓപ്പറേഷനുകള്‍ ഇവിടെ നടത്തിയിരുന്നു. ഇതിനെയെല്ലാം വെല്ലുവിളിച്ച് വീരപ്പന്‍ പലതവണ ഇവിടെ വന്നുപോയി.
ബെംഗളരുവിന്റെ പ്രിയ ഗ്രാമം
പൂന്തോട്ട നഗരമായ ബെംഗ്‌ളൂരില്‍ നിന്നു 280 കിലോ മീറ്റര്‍ പിന്നിട്ടാല്‍ ഗുണ്ടല്‍പ്പേട്ടയിലെത്താം. കൊട്ടാരങ്ങളുടെ നഗരമായ മൈസൂരില്‍ നിന്നും എണ്‍പത് കിലോ മീറ്റര്‍ ദൂരം മാത്രമാണ് ഇവിടെക്കുള്ളത്. കോടമഞ്ഞിന്റെയും തനതു പ്രകൃതി സൗന്ദര്യത്തിന്റെയും നാടായ വയനാട്ടില്‍ നിന്നും അമ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ബത്തേരിയില്‍ നിന്നും പതിനാല് കിലോമീറ്റര്‍ വയനാട് വന്യജീവി സങ്കേതം വഴിയുള്ള യാത്ര ആരുടെയും മനം കവരും.
ഒട്ടനവധി ചലച്ചിത്രങ്ങള്‍ക്കും ഈ ഗ്രാമം ലൊക്കേഷനായിട്ടുണ്ട്. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന നിറങ്ങള്‍ മാറി മാറി പുതയ്ക്കുന്ന ഗുണ്ടല്‍പ്പേട്ടയിലെ ഓരോ സീസണിലെ കാഴ്ചകളും സഞ്ചാരികളുടെ മനസ്സില്‍ വര്‍ഷങ്ങളായി ഇടം തേടിയതാണ്. അകലെ സൂര്യന്‍ ഒരു പകലിനെപിന്നിലാക്കി മറയുമ്പോള്‍ സൂര്യകാന്തിപാടങ്ങള്‍ തലതാഴ്ത്തിയുറങ്ങുന്ന കാഴ്ച.
തണുത്ത കാറ്റ് താഴ് വാരത്തേക്ക് പറന്നുപരക്കുമ്പോള്‍ ഗ്രാമക്കവലകളില്‍ ചെറിയ റാന്തലുകള്‍ പോലെ വൈദ്യുതി ബള്‍ബിന്റെ നുറുങ്ങുവെട്ടം. അതിരാവിലെ കൃഷിയിടത്തിലേക്ക് പോകാനുള്ളതു കൊണ്ടായിരിക്കാം അത്താഴം വൈകീട്ട് ഏഴോടെ കഴിയുന്നു. പിന്നെ ഈ ഗ്രാമങ്ങളും ഉറക്കത്തിലാവുമെന്നതിനാല്‍ തിടുക്കം കൂട്ടി തിരികെ യാത്ര. കാടിനു നടുവിലൂടെ അതിര്‍ത്തി കടന്നെത്തുമ്പോള്‍ ഇവിടെ വിഭിന്നമായൊരു മറ്റൊരു ലോകം. കഥകള്‍ പോലെ അപ്പോഴും ഗുണ്ടല്‍പേട്ട അപ്പോഴും പൂപ്പാടം പോലെ ഒരു വിസ്മയം ഓര്‍മ്മകളിലൊളിപ്പിക്കുന്നു.