സൈക്കിളില്‍ സഞ്ചരിച്ച് എത്ര ദൂരം പോകാമെന്ന് സുശീല്‍ റെഡ്ഡിയോട് ചോദിച്ചാല്‍, ഉത്തരം ഗിന്നസ് റെക്കോര്‍ഡ് വരെ എന്നാകും. കാരണം തന്റെ മോട്ടോറൈസ്ഡ് സൈക്കിളില്‍ ഐ.ഐ.ടി ബിരുദദാരിയായ സുശീല്‍ റെഡ്ഡി യാത്ര ചെയ്തത് 7,423.88 കിലോമീറ്ററാണ്. എഴുപത്തൊമ്പത് ദിവസങ്ങളിലായി ഒമ്പത് സംസ്ഥാനങ്ങളിലൂടെ തന്റെ സൈക്കിളില്‍ നടത്തിയ യാത്രയ്‌ക്കൊടുവില്‍ സുശീലിനെ കാത്തിരുന്നതാകട്ടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും.
സോളാര്‍ പാനല്‍ ഘടിപ്പിച്ച സൈക്കിളാണ് സുശീല്‍ തന്റെ യാത്രയ്ക്കായി തിരഞ്ഞെടുത്തത് എന്നാണ് മറ്റൊരു പ്രത്യേകത. സൗരോര്‍ജത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നൊരു ലക്ഷ്യവും സുശീലിന്റെ യാത്രയ്ക്കുണ്ടായിരുന്നു. ഐ.ഐ.ടി പഠനകാലത്ത് സുശീലിന്റെ സുഹൃത്തുക്കളായിരുന്ന ക്രുനാല്‍ ടെയ്‌ലര്‍, രാജേന്ദ്ര ഭാസ്‌കര്‍, ഹിമര്‍ഷു സിങ് എന്നിവരും യാത്രയില്‍ മറ്റൊരു വാഹനത്തില്‍ സുശീലിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ സ്‌കൂളുകളിലും കോളേജുകളിലും സോളാര്‍ എനര്‍ജിയുടെ പ്രാധാന്യത്തെക്കുറിച്ചുളള ബോധവത്കരണ പരിപാടികളിലും സുശീല്‍ പങ്കെടുത്തു.
മോട്ടോറൈസ്ഡ് സൈക്കിളില്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡാണ് യാത്ര കഴിഞ്ഞ സുശീലിനെ തേടിയെത്തിയത്.തന്റെ യാത്രയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് 'ദി സണ്‍ പെഡല്‍ റൈഡ്' എന്ന പേരില്‍ ഒരു ഇ-പുസ്തകവും സുശീല്‍ എഴുതിയിട്ടുണ്ട്. ഇതില്‍ നിന്നു കിട്ടുന്ന വരുമാനമാകട്ടെ രാജസ്ഥാനിലെ ഒരു സ്‌കൂളിന് വൈദ്യുതി വിതരണം നല്‍കാനായി മാറ്റി വെച്ചിരിക്കുകയാണ് സുശീല്‍ റെഡ്ഡി.
ഈയൊരു യാത്ര തന്റെ ലക്ഷ്യങ്ങളുടെ തുടക്കം മാത്രമാണെന്നും ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ഇനിയും ഒരുപാട് പദ്ധതികള്‍ തനിക്കുണ്ടെന്നും സുശീല്‍ പറയുന്നു.