വിശാലമായ യുദ്ധഭൂമി. ഒരിടത്ത് മുന്നില്‍ മൂര്‍ച്ചയേറിയ വാള്‍ തിരിയുന്ന ബല്ലാലദേവയുടെ യുദ്ധരഥം നിര്‍ത്തിയിട്ടിരിക്കുന്നു. ബാഹുബലിയുടെ പട്ടാഭിഷേകം നടന്ന കൊട്ടാരമുറ്റം വിജനമാണ്. ദേവസേനയെ ചങ്ങലയാല്‍ ബന്ധിച്ച കൂറ്റന്‍ ഇരുമ്പുദണ്ഡ് മൂകസാക്ഷിയായി അവിടെ ഉയര്‍ന്നുനില്‍ക്കുന്നു.
നിങ്ങളിപ്പോള്‍ നില്‍ക്കുന്നത് മഹിഷ്മതിസാമ്രാജ്യത്തിലാണ്. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിലെ സാക്ഷാല്‍ മഹിഷ്മതികൊട്ടാരമുറ്റത്ത്... അഭ്രപാളിയില്‍ കണ്ട് അദ്ഭുതംകൂറിയ ആ സാമ്രാജ്യത്തെ അതേപടി നിലനിര്‍ത്തിയിരിക്കുകയാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍. 2000 ഏക്കര്‍ വരുന്ന ഫിലിംസിറ്റിയിലെ 600 ഏക്കറാണ് സന്ദര്‍ശകര്‍ക്കായി ബാഹുബലി പാക്കേജായി ഫിലിംസിറ്റി അധികൃതര്‍ മാറ്റിയിരിക്കുന്നത്.
ബാഹുബലിയുടെ 90 ശതമാനവും ഷൂട്ട്‌ചെയ്തത് ഫിലിംസിറ്റിയിലാണ്. 600 ദിവസം 500 കലാകാരന്മാര്‍ രാവും പകലും ജോലിചെയ്താണ് മഹിഷ്മതിസാമ്രാജ്യം പടുത്തുയര്‍ത്തിയത്....