ഗോവിന്ദിന്റെ വനയാത്രകള്‍ക്ക് ഫെയ്‌സ്ബുക്കില്‍ 15 ലക്ഷം ലൈക്ക്


എബിന്‍ മാത്യു

2 min read
Read later
Print
Share

സിനിമാതാരത്തിന്റെയോ ക്രിക്കറ്റ് താരത്തിന്റെയോ ഫെയ്സ്ബുക്ക് പേജിനെ വെല്ലുന്ന ഈ ആരാധകപ്രവാഹം മാത്രംമതി, ഗോവിന്ദ് വിജയകുമാറിന്റെ കാനന ചിത്രങ്ങള്‍ എത്രത്തോളം മികച്ചതെന്ന് തെളിയിക്കാന്‍...

കുട്ടിക്കാലത്ത് യാത്രകളായിരുന്നു ഇഷ്ടം, അതും കാടിനെ അറിഞ്ഞുള്ള യാത്രകള്‍. കാടറിഞ്ഞുള്ള യാത്രകള്‍ വന്യമൃഗങ്ങളോടുള്ള താത്പര്യം വര്‍ധിപ്പിച്ചു. പതിയെ വന്യമൃഗങ്ങളുടെ ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന ഫോട്ടാഗ്രാഫറാവുകയായിരുന്നു മലയാളിയായ ഗോവിന്ദ് വിജയകുമാര്‍. ഉദ്യാനനഗരിയിലെ തിരക്കുപിടിച്ച ജോലിക്കിടയിലും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ചലനങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ പാലക്കാട്ടുകാരനായ ഈ യുവാവ് സമയം കണ്ടെത്താറുണ്ട്.

പക്ഷികളുടെ ചിത്രങ്ങളെടുക്കാനാണ് കൂടുതല്‍ ഇഷ്ടം, പ്രത്യേകിച്ച് സൂര്യനുദിച്ച് ആദ്യമണിക്കൂറിനുള്ളിലും അസ്തമിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും. യാത്രയെ വളരെയധികം ഇഷ്ടപ്പെടുന്ന വിജയകുമാര്‍ ഇതിനകം ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളെടുത്തിട്ടുണ്ട്. ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, അസാം, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ലഡാക്ക്, കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് തന്റെ ശേഖരത്തിലെ ഏറ്റവും മനോഹരങ്ങളായ ചിത്രങ്ങളെടുത്തിട്ടുള്ളത്. ബെംഗളൂരുവില്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറായ ഗോവിന്ദ് ഏഴ് വര്‍ഷമായി ഫോട്ടോഗ്രാഫി രംഗത്തുണ്ട്.

സമയം പ്രധാനം

സൂര്യനുദിച്ചതിനുശേഷം ആദ്യത്തെ ഒരു മണിക്കൂറിനുള്ളിലും സൂര്യാസ്തമയത്തിന് ഒരു മണിക്കൂറു മുമ്പുമുള്ള സമയങ്ങളാണ് ചിത്രങ്ങളെടുക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് ഗോവിന്ദ് പറയുന്നു. ഈ സമയത്തായിരിക്കും മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം ചലനങ്ങള്‍ നല്ലരീതിയില്‍ ക്യാമറയില്‍ പകര്‍ത്താന്‍ സാധിക്കുന്നത്. മുട്ടയിടുന്ന സീസണിലായിരിക്കും പക്ഷികളുടെ ചലനങ്ങള്‍ ഏറ്റവും മനോഹരമായി ഒപ്പിയെടുക്കാന്‍ സാധിക്കുന്നത്. ഒരു ചിത്രം ഏറ്റവും മികച്ചതാകാന്‍ എത്ര സമയംവരെ കാത്തിരിക്കാനും ഗോവിന്ദ് തയ്യാറാണ്. ചിത്രത്തിന് പൂര്‍ണത ലഭിക്കാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടിവരുമെന്ന് ഗോവിന്ദ് പറയുന്നു.

വന്യജീവി ഫോട്ടോഗ്രാഫിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ അതിനനുസരിച്ച് മാറാനും സാധിച്ചിട്ടുണ്ട്. യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഗോവിന്ദിനെ യാത്രാനുഭവങ്ങള്‍ നല്ല ഫോട്ടോഗ്രാഫറാകാന്‍ സഹായിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയിലെ സാങ്കേതിക മാറ്റത്തിനനുസരിച്ച് സഞ്ചരിക്കാനും ഗോവിന്ദ് തയ്യാറാണ്. കാലത്തിനൊപ്പം ക്യാമറയിലെ സാങ്കേതികത വളര്‍ന്നപ്പോള്‍ ഒറ്റ ക്ലിക്കില്‍ നിരവധി ചിത്രങ്ങളെടുക്കാമെന്നായി. എങ്കിലും ഒരു ചിത്രം അതിന്റെ പൂര്‍ണതയില്‍ ലഭിക്കണമെങ്കില്‍ ക്ഷമ അത്യാവശ്യമാണെന്ന നിലപാടാണ് ഗോവിന്ദന്. ഒരു കലാകാരന് മാത്രമേ മികച്ച വന്യജീവി ഫോട്ടോഗ്രാഫറാകാന്‍ സാധിക്കൂവെന്ന് വിശ്വസിക്കുന്നു.

വെല്ലുവിളികള്‍

വന്യജീവികളുടെ ചിത്രങ്ങളെടുക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് ഗോവിന്ദന്റെ അഭിപ്രായം. ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെയും കരടിയുടെയുമെല്ലാം ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടേണ്ടി വന്ന അനുഭവവും ഉണ്ടായിട്ടുണ്ട്. സൂക്ഷ്മതയോടെയും അതീവ ശ്രദ്ധയോടെയും സമീപിക്കേണ്ട രംഗമാണ് വന്യജീവി ഫോട്ടാഗ്രാഫിയെന്ന് അനുഭവം പഠിപ്പിച്ചുവെന്ന് ഗോവിന്ദ് പറയുന്നു.

പ്രകൃതിയെയും മൃഗങ്ങളെയും നല്ലരീതിയില്‍ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രമേ നല്ല ഒരു വന്യജീവി ഫോട്ടാഗ്രാഫറാകാന്‍ സാധിക്കൂവെന്ന് ഗോവിന്ദ് പറയുന്നു. ചിത്രങ്ങളെടുക്കാന്‍ നില്‍ക്കുന്ന സ്ഥലവും സമയവും അന്തരീക്ഷവുമെല്ലാം ചിത്രത്തെ ബാധിക്കും. വിവിധ രാജ്യങ്ങളില്‍ ധാരാളം സുഹൃത്തുക്കളുള്ളത് ഫോട്ടോഗ്രാഫി രംഗത്ത് കൂടുതല്‍ സഹായകമായിട്ടുണ്ട്. തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. ബി.ടെക്. അവസാന വര്‍ഷമായപ്പോള്‍ വിപ്രോയില്‍ ജോലി ലഭിച്ചു. ഇപ്പോള്‍ ഫിലിപ്‌സ് കമ്പനിയില്‍ ഹാര്‍ഡ്വെയര്‍ ഡിസൈന്‍ എന്‍ജിനീയറാണ്. ടി.എന്‍. വിജയകുമാറാണ് അച്ഛന്‍. അമ്മ എം.രാജലക്ഷ്മി. ലീന സഹോദരിയാണ്.

ലൈക്കുകളുടെ തമ്പുരാന്‍!

15 ലക്ഷത്തിലേറെ ലൈക്കുകള്‍, കൃത്യമായി പറഞ്ഞാല്‍ 15,65,989... ഇത് സിനിമാതാരത്തിന്റെയോ ക്രിക്കറ്റ് താരത്തിന്റെയോ ഫെയ്സ്ബുക്ക് പേജിലെ ലൈക്കുകളുടെ എണ്ണമല്ല, കാടിനെ സ്‌നേഹിക്കുന്ന, യാത്രയെ ഇഷ്ടപ്പെടുന്ന മലയാളിയായ ഗോവിന്ദ് വിജയകുമാര്‍ എന്ന വന്യജീവി ഫോട്ടോഗ്രാഫറുടെ ഫെയ്സ്ബുക്കിലെ ലൈക്കുകളാണ്. ഫെയ്സ്ബുക്ക് പേജിന് ലഭിക്കുന്ന ഓരോ ലൈക്കും ഈ യുവാവിന്റെ കഴിവിനുള്ള അംഗീകാരമാണ്. വന്യജീവി ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പേജുകളില്‍ ഇത്രയധികംപേര്‍ ഫോളോ ചെയ്യുന്നത് അപൂര്‍വമാണ്.

ഗോവിന്ദിന്റെ ചിത്രങ്ങളെ ജനങ്ങള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജ്. 'ഗോവിന്ദ് വിജയകുമാര്‍ ഫോട്ടോഗ്രാഫി' എന്നപേരില്‍ പേജ് തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളിലാണ് 15 ലക്ഷം ലൈക്കുകള്‍ നേടിയിരിക്കുന്നത്. ബെംഗളൂരുവിലെ തിരക്കുപിടിച്ച ജോലിക്കിടയിലും തന്റെ ചിത്രങ്ങള്‍ കാത്തിരിക്കുന്നവര്‍ക്കായി ഗോവിന്ദ് പോസ്റ്റുചെയ്യും. സ്വന്തമായിട്ടാണ് പേജ് കൈകാര്യം ചെയ്യുന്നത്. ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രങ്ങളെല്ലാം അതിന്റെ വിവരണത്തോടുകൂടിയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്യുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗോവിന്ദിന്റെ ഫെയ്‌സ്ബുക്ക് പേജ് കാണാം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

7 min

സോനാഗച്ചിയും പൊള്ളുന്ന ചുംബനവും

Mar 29, 2016


mathrubhumi

3 min

കുന്നത്തൂര്‍ പാടി മുത്തപ്പന്‍ ദേവസ്ഥാനം... പ്രകൃതിയോടിണങ്ങുന്ന ആത്മീയതയുടെ വ്യത്യസ്ത അനുഭവം

Nov 26, 2019