വയനാട് വണ്ടിക്കടവ് മാവിലാംതോട്ടില്‍ ഡി.ടി.പി.സി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശി പാര്‍ക്കിലേക്ക് സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ടെങ്കിലും സമയക്രമീകരണത്തിലെ അപാകം സഞ്ചാരികളെ നിരാശരാക്കുന്നതിനൊപ്പം വരുമാനത്തെയും ബാധിക്കുന്നു.
പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകളില്‍ തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ ദിവസേന കേരളത്തിന് പുറത്ത് നിന്നുവരെ ചരിത്രപ്രാധാന്യമുള്ള ഇവിടം സന്ദര്‍ശിക്കാന്‍ ആളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ വൈകീട്ട് 5.30-ഓടെ പ്രവേശനം അവസാനിക്കുന്നതാണ് സഞ്ചാരികളെ ഇപ്പോള്‍ ബുദ്ധിമുട്ടിലാക്കുന്നത്. സീസണായതോടെ ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസേന ഇവിടേക്ക് എത്തുന്നുണ്ടെങ്കിലും മിക്കവരും 5.30-ന് ശേഷമായിരിക്കും മാവിലാംതോട്ടിലെത്തുക.
യാത്രാ സൗകര്യാര്‍ഥം ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സഞ്ചാരികളില്‍ കൂടുതലും വൈകുന്നേരം മാവിലാംതോട്ടിലേക്ക് തിരിക്കുന്നത്. എന്നാല്‍ ഇവിടെയെത്തുമ്പോഴാണ് 5.30 വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നത് സഞ്ചാരികള്‍ അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നൂറ് കണക്കിന് സഞ്ചാരികളാണ് പാര്‍ക്കില്‍ പ്രവേശിക്കാനാകാതെ മടങ്ങിയത്. പ്രവേശന സമയത്തിലും പാര്‍ക്ക് അടയ്ക്കുന്ന സമയത്തിലും പുനഃക്രമീകരണം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. എട്ടുമണിവരെയെങ്കിലും പാര്‍ക്ക് പ്രവര്‍ത്തിക്കണമെന്നാണ് സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്.
മതിയായ വെളിച്ചസംവിധാനങ്ങള്‍ പാര്‍ക്കില്‍ ഇല്ലാത്തത് സന്ധ്യയായാല്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനെ ബാധിക്കുന്നുണ്ട്. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഒരുക്കേണ്ടതുണ്ട്. നിര്‍മാണ പ്രവൃത്തികളിലെ മെല്ലെപ്പോക്ക് ഈ വിനോദ സഞ്ചാരകേന്ദ്രത്തെ പിന്നോട്ടടിക്കുകയാണ്. ജില്ലയില്‍ മറ്റിടങ്ങളിലുള്ള വിനോദസഞ്ചാര ഭൂപടങ്ങളില്‍ പഴശ്ശി പാര്‍ക്ക് ഇതുവരെയായും അധികൃതര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപമുണ്ട്. സഞ്ചാരികള്‍ക്കായുള്ള ഭക്ഷണശാലയുടെയും ശൗചാലയങ്ങളുടെയും നിര്‍മാണം ഇതുവരെയായും പൂര്‍ത്തിയായിട്ടില്ല.
കേരളവര്‍മ പഴശ്ശിരാജാവ് വീരമൃത്യു വരിച്ച സ്ഥലമെന്ന പേരിലാണ് ഈ പ്രദേശം പ്രശസ്തമായത്. ചരിത്ര രേഖകളില്‍ വീരമൃത്യു വരിച്ചത് ഇവിടെവെച്ചാണെന്നാണുള്ളത്. മരിച്ചുവീണ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സ്മൃതിമണ്ഡപത്തില്‍ അണയാവിളക്ക് സ്ഥാപിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയായും ഇതിനായുള്ള പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല. ഈ വര്‍ഷം മാര്‍ച്ചിലാണ് പാര്‍ക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ അറുപത് വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സര്‍ക്കാര്‍ രൂപവത്കരിച്ച തലശ്ശേരി ഹെറിറ്റേജ് പദ്ധതിയില്‍ മാവിലാംതോടിനെ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന ടൂറിസംമന്ത്രി മുന്പ് പ്രഖ്യാപിച്ചിരുന്നു. ഗുണ്ടല്‍പേട്ടയിലേതിന് സമാനമായ പൂന്തോട്ടം ഇവിടെയൊരുക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ കലാപരിപാടികള്‍ക്കായി ഓപ്പണ്‍ സ്റ്റേജിന്റെ നിര്‍മാണവും വരുംവര്‍ഷത്തില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വൈകിയെത്തുന്ന സഞ്ചാരികള്‍ക്ക് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളും രംഗത്തുണ്ട്.
Content Highligthts: Wayanad Tourism, Mavilamthodu Pazhassi Park, Visitors Rush in Pazhassi Park