കട്ടിപ്പുരികവും കനത്ത മേല്‍മീശയുമായി, കുടവയറും തലോടി, ചിരിച്ചുനില്‍ക്കുന്ന ഒരു കരപ്രമാണിയുടെ കാരിക്കേച്ചര്‍ വരച്ചതാണെന്നേ തോന്നൂ ഇതു കാണുമ്പോള്‍. എന്നാല്‍, വിഖ്യാത എഴുത്തുകാരി ഐറിന ലെവ്ഷെങ്കോ കവിതതുളുമ്പുന്ന വരികളില്‍ വിവരിക്കുന്നത് ഇങ്ങനെ: ''മഴവില്ലുപോലെ എല്ലാ വര്‍ണങ്ങളും ഇവിടെ വിരിയുന്നു. മണിമുത്തു നൂലുകൊണ്ട് നെയ്തൊരുക്കിയ അത്യാകര്‍ഷകമായ ഈ ഭൂപടം... വലിപ്പമേറിയതു മാത്രമല്ല, അതി സുന്ദരവുമാണത്. ഒരു നാടിന്റെ കഥ വിവരിക്കുന്ന, സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന, മോഹനമായ ഒരു ചിത്രം. ഇതിനോടുപമിക്കാവുന്ന മറ്റൊന്ന് എവിടെയെങ്കിലും ഉണ്ടാവുമോ എന്നുതന്നെ എനിക്ക് സംശയമുണ്ട്.''
അഗ്നിദീപ്തമായ, ജ്വലിക്കുന്ന ചരിത്രം പേറുന്ന, വിയറ്റ്നാമിന്റെ ഭൂപടത്തെക്കുറിച്ചാണ്. സൈഗോണ്‍ നദിയിലെ രക്തവര്‍ണം കാലത്തിന്റെ കുഞ്ഞലകളില്‍ ഒഴുകിനീങ്ങിയിട്ടുണ്ടാവാം, നദീതടത്തിലെ മേഘങ്ങളെ തൊടുന്ന നഗരഗോപുരങ്ങള്‍ക്കിടയില്‍ പൂര്‍ണേന്ദു പ്രഭ ചൊരിയുന്നു.
വിയറ്റ്നാമിന്റെ രണ്ടു കാഴ്ചകള്‍
ഹോചിമിന്‍ സിറ്റി യുദ്ധസ്മാരകം
മൂന്നര പതിറ്റാണ്ട് യുദ്ധം നിഷ്ഠുര താണ്ഡവമാടിയ വിയറ്റ്നാമിലെ പൂര്‍വ സുകൃതികള്‍ക്ക് പുതിയ ലോകത്തിന്റെ പിതൃതര്‍പ്പണമാണ് ഈ സ്മാരകം, യുദ്ധക്കെടുതികളില്‍ മരിച്ചും മരിക്കാതെ മരിച്ചും ചെറുത്തുനില്‍പ്പിന്റെ ഇതിഹാസം രചിച്ച ജനതയുടെ ത്രസിപ്പിക്കുന്ന വിജയവും. കാരിരുമ്പു കത്രികയില്‍ കുരുങ്ങിപ്പിടയുന്ന മനുഷ്യജീവനില്‍ തുടങ്ങി, സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് ഐക്യത്തിന്റെ മല്ലക്കരങ്ങളാല്‍ പിടിച്ചെടുത്ത കൂറ്റന്‍ ടാങ്കുകളിലും ഹെലികോപ്റ്ററുകളിലുമെത്തുന്നു കാഴ്ചകള്‍.
യുദ്ധമുഖത്ത് ചിതറിയ ഛിന്നഭിന്ന മനുഷ്യശരീരങ്ങള്‍... കബന്ധങ്ങള്‍ തൂക്കി നീങ്ങുന്ന സൈനികര്‍... അംഗഭംഗം വന്നവരുടെ നിലയ്ക്കാത്ത ദീനരോദനങ്ങള്‍... അവയവങ്ങള്‍ വികലമായി, മാംസപിണ്ഡം കണക്കെ പിറന്നുവീണ കുഞ്ഞുങ്ങളുടെ ശോകക്കാഴ്ചകള്‍.
ഇടയില്‍ ഒരു തേങ്ങല്‍ പോലെ, ലോക മനഃസാക്ഷിയുടെ ഉള്ളുലച്ച ചിത്രം... 'കിം ഫുക്' എന്ന ചെറുബാലിക ഓടിവരുന്നു. തോക്കും ബോംബും ടാങ്കുകളും രാക്ഷസീയാക്രോശത്താല്‍ പിന്നാലെ പാഞ്ഞുവരുന്ന യുദ്ധഭൂമിയിലൂടെ, നീട്ടിയ പിഞ്ചുകൈകളുമായി നിലവിളച്ചോടിയണയുന്നു കിം ഫുക്... ഒപ്പമുള്ള കുട്ടികളുടെ മുഖങ്ങളിലും അരക്ഷിതത്വത്തിന്റെയും നിസ്സഹായതയുടെയും കരളലിയിക്കുന്ന ഭാവങ്ങള്‍... 'നിക് ഉട്ട്' എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ വിശ്വവിഖ്യാതമായ ചിത്രത്തിനരികില്‍ വിദേശ സഞ്ചാരികളടക്കമുള്ളവര്‍ സ്തബ്ദരായി നില്‍ക്കുന്നു.
കിം ഫുക്മാര്‍ പതിനായിരങ്ങളും ലക്ഷങ്ങളും കവിയുന്നു. യുദ്ധത്തിന്റെ ഭീകര കരങ്ങളില്‍ ജീവന്‍ ഹോമിക്കപ്പെട്ടവര്‍, ഏകദേശ കണക്കുപ്രകാരം നമ്മള്‍ മലയാളികളുടെ ആകെ ജനസംഖ്യയുടെ പത്തിലൊന്നോളം വരുമെന്ന് കണക്കാക്കുന്നു... മുപ്പത് ലക്ഷത്തോളം. അരനൂറ്റാണ്ട് അടുക്കാറാകുന്നതിനിടയില്‍ യുദ്ധാനന്തര യാതനകളില്‍ ജീവച്ഛവങ്ങളായി നരകിച്ച അനേകര്‍ എത്രയോ.
'യുദ്ധസ്മാരക'ത്തിന്റെ തറയില്‍ നില്‍ക്കുമ്പോള്‍ കാല്‍ക്കീഴില്‍ രക്തം കിനിയുന്നുണ്ടോ, അത് പാദങ്ങളെ ഈറനാക്കുന്നുണ്ടോ എന്ന് ആരും സംശയിച്ചുപോകും. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഒരു നാടിന്റെ അടങ്ങാത്ത അഭിവാഞ്ഛയും സ്വന്തം ജീവനും മരണവും കൈവെള്ളയിലെടുത്ത പുല്‍നാമ്പുപോലെ ഊതിപ്പറത്തിയ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും നേര്‍ക്കാഴ്ചകള്‍... ആബാലവൃദ്ധം ആയിരങ്ങളാണ് ഒരോ ദിനത്തിലും ഈ ബലികുടീരത്തില്‍ മിഴിനീരിനാല്‍ ഉദകാഞ്ജലിയര്‍പ്പിക്കുന്നത്.
യുദ്ധസ്മാരകത്തിന് വെളിയില്‍ ഹോചിമിന്‍ നഗരത്തിലെ തന്നെ മറ്റൊരു കാഴ്ചയിലേക്ക്...
ഇവിടെയും വിടര്‍ത്തിനീട്ടുന്ന കൈകളാണ് മുന്നില്‍ വിരിയുന്നത്. എങ്കിലും കിം ഫുകിന്റെ കൈകളിലെ നനവല്ല, പേടിച്ചരണ്ട മിഴികളുമല്ല... അവിശ്വസനീയമാംവിധം പരിവര്‍ത്തനം ചെയ്യപ്പെട്ട വിയറ്റ്നാമിന്റെ പുതിയ മുഖം. വിശാലമായ 'ഹോചിമിന്‍ ചത്വര'ത്തിന് മദ്ധ്യത്തില്‍, തുള്ളിത്തെറിക്കുന്ന ജലധാരകള്‍ക്കിടയില്‍ ആഹ്ലാദച്ചിറകുകള്‍ പോലെ കൈകള്‍ വിടര്‍ത്തി, സ്വയം മറന്ന് ആസ്വദിക്കുന്ന വിയറ്റ്നാം യുവതി. തകര്‍ന്നു തരിപ്പണമായ നാടിനെ ചാമ്പല്‍ക്കൂനയില്‍ നിന്ന് മോചനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും തേരോട്ടത്തിന് പുരോഗാമിയായ ഹോചിമിന്റെ, അഭിവാദ്യം ചെയ്യുന്ന പൂര്‍ണപ്രതിമ അഭിമുഖമായി നില്‍ക്കുന്നു. പിന്നില്‍ ആസ്ഥാന മന്ദിരമായ 'പീപ്പിള്‍സ് കമ്മിറ്റി'യുടെ നെറുകയില്‍ നക്ഷത്രാങ്കിത രക്തപതാക പാറുന്നു... മുന്നില്‍ സൈറോണ്‍ നദിയില്‍ വെയില്‍ ചായുന്നു.
ഹോചിമിന്‍ പ്രതിമയ്ക്കു മുന്നില്‍ നൃത്തമാടുന്നവരുണ്ട്... ബന്ധുമിത്രാദികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നവരുണ്ട്... ആയിരക്കണക്കായ വിദേശസഞ്ചാരികളുടെ പ്രധാന ആകര്‍ഷണവും ചത്വരമാണ്. ഹോചിമിന്‍ പീഠത്തിനരികില്‍ ഷര്‍ട്ട് അഴിച്ച് ആംഗ്യവുമായി പോസ് ചെയ്യാനൊരുങ്ങിയ പാശ്ചാത്യ സഞ്ചാരിയെ ജനകീയ പോലീസ് രൂക്ഷമായി ശാസിച്ച് മടക്കുകയും ചെയ്തു.
വിയറ്റ്നാമിന്റെ തലസ്ഥാനം 'ഹാനോയ്' ആണ്. ചരിത്രമുറങ്ങാത്ത പൈതൃകനഗരം 'ഹോചിമിന്‍ സിറ്റി'യും. തുലാവര്‍ഷം കോരിച്ചൊരിയുന്നപോലെ ബോംബുകള്‍ പെയ്യുന്നതിനിടയിലൂടെ, കിംഫുക് ഭയാര്‍ത്തയായി ഓടിയ ചുടലപ്പറമ്പില്‍ നിന്ന് ആകാശത്തോളമുയര്‍ന്ന വന്‍നഗരമായി വളര്‍ന്ന വിയറ്റ്നാമിന്റെ നഖചിത്രം ഈ ജലധാരയ്ക്കു മുന്നില്‍ അനുഭവിക്കാം... അടയാളപ്പെടുത്താം.
അല്‍പ്പമകലെ 262 മീറ്റര്‍ ഉയരവും 68 നിലകളുമായി നീണ്ടുനിവര്‍ന്നു നില്‍ക്കുന്ന 'ബീറ്റെക്സ്‌കോ ഫിനാന്‍ഷ്യല്‍ ടവറി'ന്റെ തലപ്പൊക്കം ഇവിടെ നിന്നാല്‍ കാണാം... ശിരസ്സുയര്‍ത്തി മത്സരിക്കുന്ന നൂറുകണക്കിന് വന്‍ കെട്ടിടങ്ങള്‍ വേറെയും.
തെക്ക്വടക്ക് പ്രവിശ്യകളായിരുന്ന വിയറ്റ്നാമില്‍, കേവലം കുടുംബകലഹത്തിന് സമാനമായ തര്‍ക്കവും വഴക്കുമാണ് സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകളിലൂടെ അന്താരാഷ്ട്ര യുദ്ധമാക്കി വളര്‍ത്തിയത്. 1940ല്‍ തുടക്കമിട്ട് മൂന്നര പതിറ്റാണ്ടിന്റെ യുദ്ധകാണ്ഡം പിന്നിട്ട് 1975ല്‍ വിജയതീരമണയുമ്പോള്‍, ലോകത്തെ തന്നെ പേരെ?ടുത്ത ദരിദ്രരാജ്യമായാണ് 'ഐക്യ വിയറ്റ് റിപ്പബ്ലിക്' പിറവിയെടുക്കുന്നത്. കമ്യൂണിസ്റ്റ് ഭരണത്തെ നിര്‍മൂലനം ചെയ്യാനൊരുമ്പെട്ട അമേരിക്കയുടെയും സഖ്യശക്തികളുടെയും ഒറ്റപ്പെടുത്തലുകളും ഉപരോധങ്ങളും അതിജീവിച്ച് ജനത മുന്നോട്ട് വന്നിരിക്കുന്നു.
1986ല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ഉദാരവത്കരണവും വഴി വിയറ്റ്നാം ഇന്ന് 47ാമത്തെ സാമ്പത്തിക ശക്തിയായാണ് അറിയപ്പെടുന്നത്. വന്‍തോതിലുള്ള വിദേശ നിക്ഷേപവും വ്യവസായ കാര്‍ഷിക മേഖലകളിലെ കുതിച്ചുചാട്ടവും രാജ്യത്തിന്റെ മുഖചിത്രം മാറ്റിയെഴുതുന്നു. 100 ഡോളറില്‍ താഴെയുണ്ടായിരുന്ന പ്രതിശീര്‍ഷ വരുമാനം, 1910 ഡോളറിലേക്ക് മുന്നേറിയപ്പോള്‍ ദാരിദ്ര്യശതമാനം 58ല്‍ നിന്ന് 28 ആയി താഴ്ന്നു. ലോകത്തെ തന്നെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണിതും.
പത്തു കോടിയോടടുത്ത് ജനങ്ങളാണ് 2016ലെ കണക്കുപ്രകാരം വിയറ്റ്നാമിലുള്ളത്. നഗരങ്ങളില്‍ പലപ്പോഴും വിദേശ വിനോദസഞ്ചാരികള്‍ തദ്ദേശീയരേക്കാള്‍ കവിയുമെന്ന് തോന്നും കാഴ്ചയില്‍. ടൂറിസം രാജ്യത്തിന്റ പ്രധാന വരുമാന സ്രോതസ്സെന്ന് നഗരത്തിന്റെ മുക്കും മൂലയും പറഞ്ഞുതരും. വൃത്തിയും വെടിപ്പും മുഖമുദ്രയായ തെരുവുകള്‍... വന്‍ കെട്ടിടങ്ങള്‍ക്കിടയിലും ഹരിതാഭ കാത്തുവച്ച് വലിയ വൃക്ഷങ്ങളും പൂന്തോപ്പുകളും... ഉരുണ്ട മുഖത്ത് സദാസമയവും ഹൃദ്യമായ ചിരിയുമായി, ഭവ്യതയോടെ ശിരസ്സു താഴ്ത്തുന്ന സാംസ്‌കാരികത്തനിമയും. സ്റ്റേറ്റിന് അവകാശപ്പെട്ട ഭൂസ്വത്ത് പാട്ടവ്യവസ്ഥയിലാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. തുറന്ന ഉപഭോഗ സംസ്‌കാരത്തിന്റെ മറ്റെല്ലാ ആനുകൂല്യങ്ങളും ആകര്‍ഷണങ്ങളും വ്യക്തമാണ്. ഉള്‍ത്തട്ടില്‍ അഴിമതിയുടെ കറുത്ത കുത്തുകളുണ്ടെന്നും പറയപ്പെടുന്നു.
മുന്‍കാല മലയാള ജീവിതത്തെ അനുസ്മരിപ്പിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി ഇന്നും കാത്തുസൂക്ഷിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും തൊഴില്‍വാണിജ്യ മേഖലകളിലും സ്ത്രീസാന്നിദ്ധ്യം തെളിഞ്ഞുകാണാം. ജനസംഖ്യയെ തോല്‍പ്പിക്കുമോ ഇരുചക്ര വാഹനങ്ങളുമെന്ന് സംശയിച്ചുപോകും നിരത്തുകളില്‍. ആഡംബരവും അല്ലാത്തതുമായ കാറുകളുമുണ്ട്.
നിരത്തുവക്കുകളില്‍ പാരമ്പര്യം വിളിച്ചോതുന്ന മാലാഖവസ്ത്രങ്ങളും ശിരസ്സിലണിഞ്ഞ കൂര്‍ത്ത തൊപ്പിയുമായി മാടിവിളിക്കുന്ന ചെറുകിട കച്ചവടക്കാരും അവരുടെ ചെറുചിരിയും. പഴമയും മഴമയുമൊന്നും വിയറ്റ്നാമിന്റെ തലമുറകളെ വേര്‍തിരിക്കുന്നില്ല. ഓരോ വിയറ്റ്നാം മക്കള്‍ക്കും യുദ്ധസ്മാരകവും ഹോചിമിന്‍ സ്‌ക്വയറും ജീവിതത്തിന്റെ പവിത്രമായ തീര്‍ത്ഥാടനമാകുന്നു... സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി മനോഹരമായ ആത്മാഭിമാനത്തിന്റെ ഭൂപടം കീറിപ്പറിഞ്ഞ് വികൃതമാകാതിരിക്കാന്‍ വേണ്ടി, ഹോമാഗ്നിയില്‍ വെണ്ണീറായ പൂര്‍വികരുടെ ഇരുമ്പുന്ന ഓര്‍മകളിലേക്കുള്ള തീര്‍ത്ഥാടനം.