ഇടുക്കി ഗോള്‍ഡിലെ സ്‌കൂളും വെള്ള പെയിന്റടിച്ച ആര്‍ച്ച് ഡാമും... ഒരു കോട്ടയംകാരന്റെ യാത്രാവിവരണം


എച്ച്. ഹരികൃഷ്ണന്‍

4 min read
Read later
Print
Share

മൂലമറ്റം പവര്‍ഹൗസും കുളമാവ്- ചെറുതോണി അണക്കെട്ടുകളും കാല്‍വരി മൗണ്ട് വ്യൂ പോയിന്റില്‍ നിന്നുള്ള ജലാശയക്കാഴ്ചയുമെല്ലാം ചേരുമ്പോഴേ, കേരളത്തിന്റെ ഊര്‍ജ്ജഉറവിടമായ ഇടുക്കി അണക്കെട്ട് കണ്ടുതീരുകയുള്ളൂ...

* ഒരു കോട്ടയംകാരന്റെ ഇടുക്കി യാത്രാവിവരണം*

അച്ചായോ, ഇടുക്കി ഡാം കണ്ടിട്ടൊണ്ടോ?

ആ ഭയങ്കരന്‍ ആര്‍ച്ച് ഡാമല്ലേ. എന്നാ ഒരു വലിപ്പാ...

ബെസ്റ്റ്, കേരളം മുഴുവന്‍ കറണ്ട് തരുന്ന വലിയൊരു സംഭവത്തിന്റെ ഇച്ചിരിഭാഗം മാത്രമാന്നേ അത്. മൂന്നു ഡാമുകളും അത് പിടിച്ചുവച്ചേക്കുന്ന വെള്ളോം അങ്ങ് കീഴെയുള്ള പവര്‍ഹൗസുമെല്ലാം കാണേണ്ടതു തന്നാ... എന്നാ ഒരിതാന്നോ...

ആണോ, അപ്പോ മൊത്തം കാണാന്‍ എന്നതാ ചെയ്യേണ്ടേ?

ഒരിച്ചിരി പോയാ മതീന്നേ... മൂലമറ്റത്തെ നാടുകാണി പവലിയനും കുളമാവ് ഡാമും കാല്‍വരിമൗണ്ടുമെല്ലാം കൂടി മൊത്തം ഇടുക്കിയും കാണാം. രാവിലെ കോട്ടയത്തൂന്ന് പോയാ, എല്ലാം കണ്ടേച്ച് രാത്രിയാകുമ്പോഴേക്കും തിരിച്ചിങ്ങ് വീട്ടിലെത്താം.

അപ്പോ എങ്ങനാ, നമുക്ക് ഒന്ന് ഇടുക്കി അണക്കെട്ട് കണ്ടേച്ചും വന്നാലോ?

നാടുകാണീ കേറിയാ പവര്‍ഹൗസ് കാണാം

അപ്പോ മൂലമറ്റത്തു നിന്ന് ട്രിപ്പ് തൊടങ്ങാം. ഡാമിലെ വെള്ളം മുഴുവനും കറണ്ടാക്കുന്ന പവര്‍ഹൗസ്, ഇടുക്കിയുടെ ഈ അടിവാരത്താ. എന്നുവെച്ച് കാണാനെന്നും പറഞ്ഞ് അങ്ങോട്ടേക്ക് കേറിച്ചെന്നേക്കല്ല്‌, തോക്കൊക്കെ പിടിച്ച് നിക്കുന്ന പോലീസുകാര് ഓടിച്ചുവിടും. ഭയങ്കര സെക്യൂരിറ്റിയുള്ള സ്ഥലമാ, ടൂറിസ്റ്റുകളെ അങ്ങോട്ട് കേറ്റത്തില്ല...

ഇതൊന്നും കേട്ട് അച്ചായന്‍ മടുപ്പടിക്കേണ്ട കേട്ടോ, പവര്‍ ഹൗസ് കാണാന്‍ നാടുകാണി പവലിയനുണ്ടെന്നേ. മൂലമറ്റത്തൂന്ന് കേറ്റം കേറി 14 കിലോമീറ്റര്‍ പോയാമതി, നാടുകാണീലെത്താം. നോക്കീംകണ്ടും പോക്കോണം, ഇല്ലേ അങ്ങോട്ടുള്ള പൊട്ടിപ്പൊളിഞ്ഞ വഴി കണ്ടെന്നു വരത്തില്ല, പറഞ്ഞേക്കാം.

നാടുകാണീടെ ഗേറ്റ് തുറക്കാന്‍ പോലും ഏമാന്മാരാരും വരാറില്ലന്നേ.

അച്ചായന്‍ പേടിക്കേണ്ട, മതിലിന്റെ സൈഡിലൂടെ നൈസായിട്ട് അകത്ത് കേറാം.

പവലിയനെന്നൊക്കെ പേരേയുള്ളൂ, കേട്ടോ... എപ്പഴാ കെട്ടിടം പൊളിഞ്ഞുവീഴുന്നേന്നൊന്നും പറയാന്‍ പറ്റത്തില്ല. ടൗണിലെ ആ പൊട്ടിപ്പൊളിഞ്ഞ മുനിസിപ്പല്‍ പാര്‍ക്കില്ലേ, ഏതാണ്ട് അതുപോലെ...

വേലികെട്ടി തിരിച്ച പാറേ നിന്നാമതി, മൂലമറ്റം പവര്‍ഹൗസ് കാണാം. അത്ര ക്ലിയറൊന്നുമല്ല, കൊറേ ട്രാന്‍സ്ഫോമറൊക്കെ കാണാം. ഇപ്പുറത്ത് മലകളും അപ്പുറത്ത് തൊടുപുഴയാറിന്റെ തൊടക്കവുമൊക്കെയായി മൊത്തത്തിലൊരു കിടിലന്‍ വ്യൂ തന്നാ...

കുളമാവ് മിസ്സാക്കല്ലേ...

നാടുകാണീന്ന് എറങ്ങി നേരെയങ്ങ് വിട്ടാ, അഞ്ചു കിലോമീറ്റര്‍ കഴിയുമ്പോ കുളമാവ് ഡാമെത്തും. പോകുന്ന വഴിയൊക്കെ സൂപ്പറാ. മൊത്തം കാടാ. വഴിയോരത്ത് ചെറിയ വെള്ളച്ചാട്ടമൊക്കെയുണ്ട്. അതൊക്കെ കണ്ടേച്ചേ പോകാവൂ, കേട്ടോ...

റോഡ് പോകുന്നത് കുളമാവിന്റെ മേളീക്കൂടെയാ. എന്നുവെച്ച് അവിടെവെല്ലോം വണ്ടി നിര്‍ത്തിയാ എപ്പോ പണികിട്ടീന്ന് ചോദിച്ചാ മതി. പോലീസുകാര് ഓടിക്കും. ഫോട്ടോ എടുക്കാന്‍ നോക്കിയാ പറയുകേം വേണ്ട. വലിയ സുരക്ഷയൊക്കെയുള്ള സ്ഥലമാന്നേ...

ഡാമിന് അപ്പുറം വണ്ടി ഒതുക്കാം; മുകളിലൂടെ നടക്കാം. അടിപൊളി സീനൊക്കെ കണ്ടേച്ചും പോകാം...

കുളമാവില്‍ നിന്ന് നേരെയങ്ങ് പോയാമതി, 24 കിലോമീറ്റര്‍ കഴിയുമ്പോ ചെറുതോണി-ഇടുക്കി ഡാമിന്റെ ബോര്‍ഡ് കാണാം. വലിയ വളവാ, ഒപ്പം ഇറക്കവും.

വളവിന്റെ ഇടതുസൈഡിലാ കൊലുമ്പന്‍ സമാധി. ആളെ മനസിലായില്ലേ, പണ്ട് അണക്കെട്ട് പണിയാന്‍ പറ്റിയ സ്ഥലം ഏമാന്‍മാര്‍ക്ക് കാണിച്ചുകൊടുത്ത ആദിവാസി മൂപ്പന്‍! വലിയ ആളൊക്കെയാണെങ്കിലും അങ്ങേരുടെ സ്മാരകമെല്ലാം ഇപ്പോ മൊത്തം കാടുപിടിച്ചുകിടക്കുവാന്ന് മാത്രം.

വലത്തോട്ടു തിരിഞ്ഞാ ഡാമായി. നോക്കീംകണ്ടും വണ്ടി തിരിച്ചോണമെന്നു മാത്രം...

ബോട്ടിങ് പോയിന്റിലേക്കാ ആദ്യം ചെല്ലുന്നേ. ഇരുപത് പേര്‍ക്ക് ഒരു ബോട്ടില്‍ ഇടുക്കി ഡാമില്‍ ചുറ്റാം. 200 രൂപ കൊടുത്താമതി. ബോട്ടിങ് എപ്പോഴുമൊന്നും ഉണ്ടാവത്തില്ലന്നേയുള്ളൂ...

ചെറുതോണിയും ആര്‍ച്ച് ഡാമും ഭയങ്കര സംഭവമാ

ചെറുതോണി ഡാമിന്റെ മുന്നില്‍ എന്നാ ആളാന്നോ... വല്ലപ്പോഴുമല്ലേ ടൂറിസ്റ്റുകളെ കേറ്റൂ, അപ്പോ എല്ലാരും കൂടി ഇങ്ങ് പോന്നേക്കും.

ക്യാമറേം മൊബൈലുമൊന്നും കയ്യിപ്പിടിച്ചോണ്ട് ഡാമീക്കേറാന്‍ ചെന്നേക്കല്ല്. പത്തുരൂപയ്ക്ക് ടിക്കറ്റെടുത്ത് അകത്തേക്ക് കേറുമ്പോ ഒടുക്കത്തെ പരിശോധനയാ. പിടിച്ചാ നല്ല ബെസ്റ്റ് പണി കിട്ടും.

കുടയും കൂളിങ്ഗ്ലാസും കുപ്പിവെള്ളോമൊക്കെ എടുത്തോണം. രണ്ട് കിലോമീറ്റര്‍ നടക്കാനുണ്ട്. ചെറുതോണി ഡാമിന്റെ മുകളിലൂടെ നടന്ന്, കുറവന്‍മല ചുറ്റി ആര്‍ച്ച് ഡാമിലെത്താം. ചിലപ്പോ മുടിഞ്ഞ വെയിലാരിക്കും. തണുത്തകാറ്റൊക്കെയുണ്ടെന്നു പറഞ്ഞാലും ദാഹിക്കും.

നടക്കാന്‍ മേലെങ്കില്‍ ഇലക്ട്രിക് കാറുണ്ട്. ആറു പേര്‍ക്ക് 600 രൂപയാ കെട്ടോ ചാര്‍ജ്.

ആര്‍ച്ച് ഡാമിലേക്ക് നടന്നെത്തുമ്പോ അരമണിക്കൂറെടുക്കും. ഡാമിന്റെ മോളീന്ന് താഴേക്ക് നോക്കണം, ഓ എന്നാ ഒരിതാ...

അപ്പുറത്തേക്ക് കുറത്തിമല തുരന്നുള്ള വഴിയാ. വെയിലുകൊണ്ട് മേലാതെ വരുന്നതല്ലേ, ഇച്ചിരിനേരം ഇരുന്നിട്ട് പോകുന്നതാ നല്ലത്. ആളുകൂടുതലാണേ അവിടെ ഭയങ്കര ബഹളമാരിക്കും. ചില തലതെറിച്ചവന്‍മാര് അവിടെക്കിടന്ന് ഒടുക്കത്തെ കൂവലും. ഒച്ചവെക്കരുതെന്നൊക്കെ പോലീസുകാര് ബോര്‍ഡേല് എഴുതിവെച്ചിട്ടുണ്ട്. ബോര്‍ഡ് കാണുമ്പോ അവന്മാര്‍ക്ക് കൂവാനുള്ള ഒരിത് കൂടുമെന്നല്ലാതെ ഒരു കാര്യോമില്ല. ഇതൊക്കെ ആരോട് പറയാനാ...

ഡാമിന്റെ ഭിത്തിക്കകത്ത് ഒരു ലാബുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്. അങ്ങോട്ട് പോകാനുള്ള ലിഫ്റ്റൊക്കെ കാണാം. കേറാന്‍ പറ്റത്തില്ലെന്നേയുള്ളൂ...

ഇടുക്കി ഗോള്‍ഡിലെ സ്‌കൂള് കണ്ടേച്ചും പോകാം

തിരിച്ചിറങ്ങുമ്പോ, മെയിന്‍ റോഡിലേക്കുള്ള ഇറക്കത്തുനിന്ന് വലത്തേക്ക് ചെറിയൊരു വഴിയുണ്ട്. ഇറങ്ങിച്ചെല്ലുന്നത് ഒരു സ്‌കൂളിന്റെ മുന്നിലേക്കാ. നമ്മുടെ ഇടുക്കി ഗോള്‍ഡ് സിനിമേലേ ആ സ്‌കൂളില്ലേ, അത് തന്നെ. ചെറുതോണി ഡാമിന്റെ കിടിലന്‍ വ്യൂ അവിടെ നിന്നാ കാണാം. ആള്‍ക്കാരൊക്കെ കുറവാരിക്കും. നിന്നോ ഇരുന്നോ കിടന്നോ ഫോട്ടോ എടുക്കാം.

Video -

തിരിച്ചിറങ്ങുമ്പോഴേക്കും ഒടുക്കത്തെ വിശപ്പാരിക്കും. ചെറുതോണി ടൗണില്‍ കൊറേ ഹോട്ടലുണ്ട്. ഉച്ചയൂണൊക്കെ കഴിഞ്ഞേച്ചും പോയാമതി. വണ്ടീല്‍ പെട്രോള് കുറവാണെങ്കീ, ടൗണിലൊരു പമ്പുമുണ്ട്.

ചെറുതോണി ജംഗ്ഷനീന്ന് കട്ടപ്പനയിലേക്കുള്ള റോഡിലൂടെ ഇച്ചിരി പോയാല്‍ ഒരു ബോര്‍ഡ് കാണാം. ഡാമിന്റെ ഷട്ടറുകളെല്ലാം തുറന്നാ, ഈ ബോര്‍ഡിന്റെ അത്രേം പൊക്കത്തില്‍ വെള്ളം വരുമെന്നാ അതില്‍ പറയുന്നേ. സിംപിളായി പറഞ്ഞാ ടൗണ്‍ മൊത്തം വെള്ളത്തിലാകുമെന്ന്...

ആര്‍ച്ച് ഡാമാണ് താരം

ചെറുതോണി ടൗണീന്ന് കട്ടപ്പന റൂട്ടിലേക്ക് രണ്ടു കിലോമീറ്റര്‍ പോയാ, ഇടുക്കീടെ താരമായ ആര്‍ച്ച് ഡാമിന്റെ കീഴിലെത്തും. കുഞ്ഞുവഴിയാ. അതിലൂടെ പോയാ ഡാമിലേക്കുള്ള ഗേറ്റിന്റെ മുന്നിലെത്താം. അവിടുന്ന് കാറ് തിരിക്കുന്നതൊക്കെ ഭയങ്കരപാടുള്ള പണിയാന്നുമാത്രം...

ഡാമിപ്പോ വെള്ള പെയിന്റൊക്കെ അടിച്ച് അടിപൊളിയാക്കീട്ടുണ്ട്. നേരത്തെ എടുത്ത ആ ടിക്കറ്റില്ലേ, അതവിടെ കാണിച്ചാ അകത്തേക്ക് കേറാമെന്നൊക്കെയാ വെപ്പ്. ഇപ്പോ ഗേറ്റൊക്കെ പൂട്ടിയിട്ടിരിക്കുവാന്നേയുള്ളൂ. ചോദിക്കാനും പറയാനും അവിടൊന്നും ആരുമില്ലെന്നേ. അതുകൊണ്ടുതന്നെ ഗേറ്റിന്റെ സൈഡിക്കൂടെ കേറീ, നൈസായി ഫോട്ടോയെടുത്താ എല്ലാരും പോകുന്നേ...

കാല്‍വരി മൗണ്ടിലേക്കും പോണേടാ ഊവ്വേ...

ആര്‍ച്ച് ഡാമോടെ ട്രിപ്പ് അവസാനിപ്പിച്ച് തിരിച്ചുപോയേക്കല്ല്. ഇടുക്കി റിസര്‍വോയറിന്റെ ഭയങ്കരമായ വലിപ്പം കാണേണ്ടേ? അതിന് കാല്‍വരി മൗണ്ടിലേക്ക് തന്നെ പോണം.

Video -

തൊടുപുഴ റൂട്ടിലേക്ക് എട്ടു കിലോമീറ്റര്‍ പോയി, മെയിന്റോഡീന്ന് തിരിഞ്ഞ് കോണ്‍ക്രീറ്റ് റോഡിലൂടെ കുത്തനെ കേറണം.

മോളീ കേറിയാ വേറെ ലെവലാ. കാറൊക്കെ പാര്‍ക്ക് ചെയ്ത്, ടിക്കറ്റെടുത്ത് കേറിച്ചെല്ലുന്നത് കിടിലന്‍ സീനിലേക്കാ. ഒരുവശത്ത് ഡാം പിടിച്ചുവെച്ചേക്കുന്ന വെള്ളമിങ്ങനെ കിടക്കുവാ. മറ്റേവശത്ത് മലകളും ആകാശോമെല്ലാം ചേര്‍ന്നൊരു സ്‌റ്റൈലന്‍ വ്യൂ. നല്ലൊരു ക്യാമറയുണ്ടേല്‍ കിടിലന്‍ ഫോട്ടോയൊക്കെയുക്കാം...

നടക്കാന്‍ മടുപ്പാന്ന് വെച്ച് പകുതിക്ക് തിരികെ പോന്നേക്കല്ല്. ഏറ്റോം മോളില്‍ ചെന്നാലേ, ഇടുക്കിയുടെ ആ ഒരിത് കിട്ടുവൊള്ളൂ.

നല്ല മഞ്ഞും കാറ്റുമൊക്കെയാ. പുല്‍മേട്ടിലെ പാറപ്പുറത്തിരുന്ന് കാഴ്ചകളൊക്കെ ഇങ്ങനെ കണ്ടങ്ങിരുന്നാ സമയം പോകുന്നതറിയുകേല...

ഏഴു മണിവരെ അവിടെ ഇരിക്കാം. അതുകഴിഞ്ഞാ സെക്യൂരിറ്റി വന്ന് ഇറക്കിവിട്ടോളും...

ഇത്രേം പറഞ്ഞപ്പോ തന്നെ ഇടുക്കി ചില്ലറ സെറ്റപ്പൊന്നുമല്ല എന്ന് മനസിലായില്ലേ. വൈശാലി ഗുഹ എന്നൊക്കെ പറഞ്ഞ് പിന്നേം സ്ഥലങ്ങളുണ്ട്. സമയമുണ്ടേ അങ്ങോട്ടൊക്കെ പോക്കോണം. ചുമ്മാ വായിച്ചോണ്ടിരുന്നാലൊന്നും കാര്യമില്ല കേട്ടോ, നേരിട്ട് കണ്ടാലേ അതിന്റെ ഒരിത് കിട്ടൂ... അപ്പോ എങ്ങനാ പോയേക്കുവല്ലേ...

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram