'വെല്ലുവിളിയായത് കാലാവസ്ഥ'; ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കിയ നീരജ് പറയുന്നു


സുബിന്‍.എം.ജി.

അഞ്ച് അടുക്ക് വസ്ത്രങ്ങളാണ് ശരീരത്തിലെ തണുപ്പ് മാറ്റാന്‍ ഉപയോഗിച്ചത്. പക്ഷേ മുറിച്ചു മാറ്റിയ ഇടത്തേ കാല്‍ മൂടാന്‍ പറ്റിയ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. അതിലൂടെ തണുപ്പ് ശരീരത്തിലേക്ക് അടിച്ചു കയറി. ഒടുവില്‍ ബ്ലാക്കറ്റ് മുണ്ട് പോലെ കാലില്‍ ചുറ്റിയാണ് മലകയറ്റം പൂര്‍ത്തിയാക്കിയത്.

ഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഉയര്‍ന്ന കൊടുമുടിയായ കിളിമഞ്ചാരോയെ ആലുവ സ്വദേശി നീരജ് ജോര്‍ജ്ജ് ഒറ്റകാലില്‍ കീഴടക്കിയത് പ്രവചനാതീതമായ കാലാവസ്ഥയെ മറികടന്ന്. ക്രച്ചസില്‍ കിളിമഞ്ചാരോയുടെ നെറുകയില്‍ കയറിയ ശേഷം തിങ്കളാഴ്ച രാവിലെയാണ് നീരജ് കേരളത്തില്‍ തിരികെയെത്തിയത്.കൊടുമുടി കയറാന്‍ അഞ്ചരദിവസം വേണ്ടി വന്നു, എന്നാല്‍ ഇറങ്ങാന്‍ ഒന്നര ദിവസം കൊണ്ട് സാധിച്ചു. ലെമോഷോ എന്ന റൂട്ട് വഴി കയറാനാണ് തീരുമാനിച്ചത് കാലാവസ്ഥ മാറി മറിയുന്നതിനാല്‍ ലോണ്ടറസി റൂട്ട് തിരഞ്ഞെടുക്കേണ്ടി വന്നു. മലകയറ്റത്തിന്റെ ആദ്യ ദിനങ്ങളില്‍ യാത്രയിലുടനീളം കനത്ത മഴയാണ് പെയ്തത്. മൂന്നാം ദിവസത്തിന് ശേഷം മഴ മാറി മഞ്ഞ് പെയ്ത് തുടങ്ങി - നീരജ് മലകയറ്റത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ഉച്ചസമയത്താണ് മല കയറി അവസാന ബേസ് ക്യാമ്പായ ബറഫുവിലെത്തിയത്. അവിടെ നിന്ന് അര്‍ദ്ധരാത്രിയിലാണ് കിളിമഞ്ചാരോയുടെ നെറുകയിലേക്കുള്ള പ്രയാണം ആരംഭിച്ചത്. പകല്‍ മഞ്ഞ് ഉരുകി അപകടസാധ്യത കൂടുതലുള്ളതിനാലാണ് രാത്രി കൊടുമുടി കയറുന്നത്. ബറഫുവിലെത്തിയ ശേഷം ഉറങ്ങാനാണ് ഗൈഡ് ആവശ്യപ്പെട്ടത്. എന്നാല്‍ കനത്ത വെയിലില്‍ ആര്‍ക്കും ഉറങ്ങാന്‍ സാധിച്ചില്ല. രാത്രിയില്‍ മലകയറ്റം ആരംഭിച്ചതോടെ ക്ഷീണം ഏറിവന്നു. ഓക്സിജന്റെ അളവും കുറഞ്ഞ് തുടങ്ങി.

അഞ്ച് അടുക്ക് വസ്ത്രങ്ങളാണ് ശരീരത്തിലെ തണുപ്പ് മാറ്റാന്‍ ഉപയോഗിച്ചത്. പക്ഷേ മുറിച്ചു മാറ്റിയ ഇടത്തേ കാല്‍ മൂടാന്‍ പറ്റിയ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. അതിലൂടെ തണുപ്പ് ശരീരത്തിലേക്ക് അടിച്ചു കയറി. ഒടുവില്‍ ബ്ലാക്കറ്റ് മുണ്ട് പോലെ കാലില്‍ ചുറ്റിയാണ് മലകയറ്റം പൂര്‍ത്തിയാക്കിയത്. കരീബോ അഡ്വേഞ്ചേഴ്സ് ആന്റ് സഫാരീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെയായിരുന്നു കിളിമഞ്ചോരെ കയറിയത്. മാനേജര്‍ ഫ്രാങ്കോ, ചീഫ് ഗൈഡ് മക്കൗഡ് എന്നിവരായിരുന്നു സംഘത്തിന് യാത്ര സഹായമേകിയത്.

തനിക്ക് മാത്രമായി ജോണിയെന്ന പ്രത്യേക സഹായിയേയും കമ്പനി നിയോഗിച്ചിരുന്നു. സുഹൃത്തുകളായ ചാന്ദിനി അലക്സാണ്ടര്‍, പോള്‍സണ്‍ ജോസഫ്, ശ്യാം ഗോപകുമാര്‍, അഖില സൂര്യ, സിജോ ജോര്‍ജ്ജ് എന്നീ സുഹൃത്തുകള്‍ക്കൊപ്പമായിരുന്നു മലകയറ്റം നടത്തിയത്. 19,341 അടി ഉയരം നീരജ് ക്രച്ചസുമായി കയറി കിളിമഞ്ചാരോയുടെ നെറുകയിലെത്തി. അഞ്ച് വര്‍ഷത്തെ സ്വപ്നമാണ് ഒടുവില്‍ സാക്ഷാത്കരിച്ചത്. പതിനഞ്ച് മിനിറ്റ് സമയമാണ് സംഘം അവിടെ ചെലവഴിച്ചത്.

നേരത്തെ നൈനിറ്റാളിലെ നൈന കൊടുമുടി, കൊയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ ചെമ്പ്രമല, പക്ഷിപാതാളം എന്നിവയും ക്രച്ചസുമായി കയറിയിട്ടുണ്ട്. ഭിന്ന ശേഷിക്കാരുടെ പ്രതിനിധിയായിട്ടാണ് താന്‍ മലകയറിയതെന്ന് നീരജ് പറയുന്നു. എല്ലാ ഭിന്നശേഷിക്കാര്‍ക്കും ഇതു പോലെ ഉയരത്തിലെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കാനായിരുന്നു തന്റെ ശ്രമം. ഭിന്നശേഷിക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക ലക്ഷ്യമിട്ട് 'ക്രച്ച്ട്രക്കേഴ്സ്' എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിക്കാനുള്ള പരിശ്രമത്തിലാണ് നീരജ്.

Content Highlights: Mount Kilimanjaro, Kilimanjaro Trekking, Neeraj George, Mathrubhumi Yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram