സ്‌പെയിനിലെ ഐബി നഗരം. ശാന്തമായ അന്തരീക്ഷം. പൊടുന്നനേയാണ് അന്തരീക്ഷം ആകെ മാറിയത്. 'ആയുധധാരികളായ' പട്ടാളക്കാരിറങ്ങിയതാണ് നഗരത്തില്‍. എങ്ങും ബൂട്ടിന്റെ ശബ്ദം മാത്രം. താമസിയാതെ തന്നെ അവര്‍ കയ്യിലിരുന്ന 'ആയുധങ്ങള്‍' പരസ്പരം പ്രയോഗിക്കാന്‍ തുടങ്ങി. ആയുധങ്ങളാകട്ടെ നല്ല മുട്ടയും ധാന്യപ്പൊടിയും.
സ്‌പെയിനില്‍ 200 വര്‍ഷമായി ആചരിച്ചുവരുന്ന എല്‍സ് എന്‍ഫാരിനാറ്റ്‌സ് എന്ന ഉത്സവത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നമ്മുടെ ഹോളി പോലെ. ഒരെണ്ണം. എല്ലാ വര്‍ഷവും ഡിസംബര്‍ 28-നാണ് ഐബിയില്‍ ഈ മുട്ടയേറ് യുദ്ധം നടക്കാറുള്ളത്. ടൗണ്‍ഹാളിന് പുറത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരെല്ലാം പട്ടാള വേഷത്തിലായിരിക്കും. കയ്യില്‍ കരുതിയിരിക്കുന്ന മുട്ടയും ധാന്യപ്പൊടിയും പരസ്പരം എറിയും. ധാന്യപ്പൊടിയില്‍ കുളിച്ച് നില്‍ക്കുന്നയാള്‍ എന്നാണ് എല്‍സ് എന്‍ഫാരിനാറ്റ്‌സ് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ.
ആചാരം അനുഷ്ഠിക്കുന്ന ദിവസത്തിനും പ്രത്യേകതയുണ്ട്. നിഷ്‌കളങ്കരുടെ ദിവസമെന്നാണ് ഡിസംബര്‍ 28-നെ സ്‌പെയിന്‍കാര്‍ വിളിക്കുന്നത്. ഈ ദിവസം നടക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ചാണ് എല്‍സ് എന്‍ഫാരിനാറ്റ്‌സും നടക്കുന്നത്. കിങ് ഹെറോഡ് നിഷ്‌കളങ്കരായ ജനങ്ങളെ കൂട്ടക്കുരുതി നടത്തിയ ദിവസമാണിതെന്നാണ് ഐബുവാസികള്‍ വിശ്വസിക്കുന്നത്. പടക്കം പൊട്ടിക്കലും പ്രതീകാത്മകമായ മേയര്‍ തിരഞ്ഞെടുപ്പും ആഘോഷങ്ങളുടെ ഭാഗമായുണ്ടാവും.
രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന ആഘോഷത്തിനായി എത്തുന്നവര്‍ രണ്ടായി തിരിയും. എല്‍സ് എന്‍ഫാരിനാറ്റ്‌സ് എന്ന് വിളിപ്പേരുള്ള സംഘം ഒരു ദിവസം മുഴുവന്‍ നഗരത്തിന്റെ നിയന്ത്രണമേറ്റെടുക്കും. പുതിയ നീതി എന്നതായിരിക്കും മുദ്രാവാക്യം. ഈ സമയത്ത് ലാ ഓപ്പോസിഷിയോ എന്ന രണ്ടാമത്തെ സംഘം ക്രമസമാധാനനില പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിക്കും. ഇതിനിടയില്‍ എല്‍സ് എന്‍ഫാരിനാറ്റുകള്‍ പ്രതീകാത്മക മേയര്‍ തിരഞ്ഞെടുപ്പ് നടത്തും. പിന്നാലെ തങ്ങളോട് സഹകരിക്കാത്തവരുടെ പക്കല്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. വൈകീട്ട് ഈ പണം നഗരത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കുകയും ചെയ്യും.
തക്കാളിയെറിഞ്ഞ് നടത്തുന്ന ടൊമാറ്റിന ഉത്സവം പോലെ തന്നെ സ്‌പെയിന്‍കാര്‍ കൊണ്ടാടുന്ന മറ്റൊരു ചടങ്ങാണ് എല്‍സ് എന്‍ഫാരിനാറ്റ്‌സ്. ബ്യൂണോല്‍ നഗരത്തില്‍ എല്ലാവര്‍ഷവും ആഗസ്റ്റിലാണ് ടൊമാറ്റിന ഉത്സവം നടക്കാറ്.
Content Highlights: Els Enfarinats festival, Festivals in Spain, Eggs Throwing Festival in Spain