ബുര്‍ജ് ഖലീഫയുടെ ആകാശക്കാഴ്ചകള്‍ ആസ്വദിച്ച് പടിയിറങ്ങുമ്പോള്‍, സന്ദര്‍ശകരുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്ന ആ ചിത്രങ്ങള്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിനായി വിയര്‍പ്പൊഴുക്കിയവരുടെ പേരും ഫോട്ടോയും അവിടെ ആലേഖനം ചെയ്തിരിക്കുന്നു. അക്കൂട്ടത്തില്‍ 'മലയാളിത്ത'മുള്ള ആ പേര് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും.
മാതൃഭൂമി ഡോട്ട് കോമിലെ ദുബായ് യാത്രാവിവരണത്തില്‍ പരാമര്‍ശിച്ച ഈ സംഭവത്തിന് ധാരാളം പ്രതികരണങ്ങള്‍ ലഭിച്ചു. ഒടുവില്‍, ലോകത്തിന്റെ നെറുകയില്‍ വ്യക്തിമുദ്ര അടയാളപ്പെടുത്താന്‍ ഭാഗ്യം ലഭിച്ച തന്റെ പഴയ സഹപ്രവര്‍ത്തകനെ പരിചയപ്പെടുത്തിയത് കൊല്ലം സ്വദേശിയായ പ്രവീണ്‍ പിള്ളയാണ്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ദുബായുടെ പ്രൗഡിയുമായ ബുര്‍ജ് ഖലീഫ കെട്ടിപ്പൊക്കാന്‍ അനേകായിരം മലയാളികള്‍ വിയര്‍പ്പൊഴുക്കിയിരുന്നു. തൊഴിലാളികള്‍ മുതല്‍ പദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ജോര്‍ജ് ജോസഫ് വരെ. ഇവരില്‍ നിന്ന്, ബുര്‍ജ് ഖലീഫയില്‍ ആലേഖനം ചെയ്ത പീപ്പിള്‍ ബിഹൈന്‍ഡ് ബുര്‍ജ് ഖലീഫ പട്ടികയിലേക്ക് എത്തിച്ചേര്‍ന്ന 25 പേരില്‍ ഒരൊറ്റ മലയാളി മാത്രമായിരുന്നു ഉണ്ടായിരുന്നത്; പത്തനംതിട്ട സ്വദേശിയായ കുരുമ്പിലേത്ത് ജോണ്‍ നൈനാന്‍. നിര്‍മാണഘട്ടമായ ആറു വര്‍ഷവും അദ്ദേഹം പദ്ധതിയുടെ ഇലക്ട്രിക് സൂപ്പര്‍വൈസറായിരുന്നു.
ഇന്ന് ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ ലക്ഷ്യമിട്ട് സൗദിയില്‍ ആരംഭിച്ചിരിക്കുന്ന കിങ്ഡം ടവര്‍ പദ്ധതിയുടെ അണിയറ പ്രവര്‍ത്തകരിലും ഈ മലയാളി സുപ്രധാന സ്ഥാനം വഹിക്കുന്നു.
മാതൃഭൂമി ഡോട്ട് കോമുമായി ജോണ്‍ നൈനാന്‍ പങ്കുവെച്ച ഓര്‍മകള്‍...
പത്തനംതിട്ട കുളനട സ്വദേശിയായ ജോണ്‍ നൈനാന്‍, ചെങ്ങന്നൂരില്‍ നിന്ന് പോളിടെക്‌നിക് പൂര്‍ത്തിയാക്കിയ ശേഷം എണ്‍പതുകളോടെയാണ് ഗള്‍ഫിലെത്തിയത്. 2005 സെപ്റ്റംബര്‍ ഒന്നിന് ബുര്‍ജ് ദുബായ് എന്ന സ്വപ്‌നപദ്ധതിയുടെ ഭാഗമായി ദുബായിലെത്തി. (പദ്ധതി സാമ്പത്തിക പ്രതിസന്ധി നേരിടുകയും അബുദാബി ഖലീഫ സഹായിക്കുകയും ചെയ്തപ്പോഴാണ് ബുര്‍ജ് ഖലീഫയായത്). വോള്‍ട്ടാസ് കമ്പനിയുടെ ഇലക്ടിക്കല്‍ സൂപ്പര്‍വൈസറായിരുന്നു.
ജോണ്‍ സൈറ്റിലെത്തുമ്പോള്‍ അടിത്തറയുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ടവറാണെന്നും മറ്റുരാജ്യങ്ങളെ വെല്ലുന്ന ഈ പദ്ധതിയുടെ രഹസ്യങ്ങള്‍ പുറത്തുവിടരുതെന്നുമായിരുന്ന ആദ്യമായി അവര്‍ക്കു ലഭിച്ച നിര്‍ദേശം.
ദുബായ് മാള്‍ അന്നുമുണ്ട്. എന്നാല്‍ മെട്രോ പോലുള്ള മറ്റ് സൗകര്യങ്ങളൊന്നും ഇല്ല. പ്രശസ്തമായ ദുബായ് ഫൗണ്ടനും വന്നിട്ടില്ല. പണിനടക്കുന്ന ചില കെട്ടിടങ്ങളും മണലാരണ്യവും ചേരുന്ന പ്രദേശമായിരുന്നു അവിടം.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും കെട്ടിടത്തിന്റെ പണി പുരോഗമിച്ചിരുന്നു. സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കി മുന്നേറിയ പദ്ധതിയില്‍, തൊഴിലാളികള്‍ക്ക് ദിവസവും സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ജോണാണ്. 13-ാം നിലയില്‍ അഗ്നിബാധ ഉണ്ടായപ്പോള്‍ അണയ്ക്കാന്‍ മുന്നിട്ടിറങ്ങിയതിന് ലഭിച്ച 'സേഫ്റ്റി മാന്‍ ഓഫ് ദ മന്ത്' പുരസ്‌കാരം വലിയ നേട്ടമായി കരുതുന്നു.
കുന്തമുന പോലെ കൂര്‍ത്തിരിക്കുന്ന ബുര്‍ജ് ഖലീഫയുടെ കൊടുമുടിയില്‍ കയറി ഇടിമിന്നല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചത് ഇന്നും മറക്കാനാവാത്ത അനുഭവമാണ്. 15 കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടാകുന്ന ഇടിമിന്നലുകളെ പിടിച്ചെടുത്ത് ഭൂമിയിലേക്ക് വഴിതിരിച്ചുവിടുന്ന ലൈറ്റ്‌നിങ് പ്രൊട്ടക്ഷന്‍ ആന്‍ഡ് എര്‍ത്തിങ് സിസ്റ്റം ഘടിപ്പിച്ചത് ജോണിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രീഷ്യന്‍മാരാണ്.
പതിനായിരക്കണക്കിന് തൊഴിലാളികള്‍ ആറു വര്‍ഷത്തോളം ചോരനീരാക്കി പടുത്തുയര്‍ത്തിയ ബുര്‍ജ് ഖലീഫ, 2010 ല്‍ ഉദ്ഘാടനം ചെയ്തു.
ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ പിന്നിലാക്കുക എന്ന ലക്ഷ്യത്തോടെ സൗദിയില്‍ ആരംഭിച്ചിരിക്കുന്ന കിങ്ഡം ടവര്‍ പദ്ധതിയില്‍ ഇലക്ട്രിക്കല്‍ ഡിസൈനറായി ജോണ്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒരു കിലോമീറ്ററിലധികം ഉയരത്തിലായി, 220 നിലകളാണ് അവിടെ വിഭാവനം ചെയ്തിരിക്കുന്നത്. 2019 ഓടെ കിങ്ഡം ടവര്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആത്മാര്‍ഥമായി ജോലി ചെയ്താല്‍ പ്രശസ്തിയും അംഗീകാരവും നമ്മുടെ പുറകേ വരും... മലയാളികളുടെ അഭിമാനമാകാന്‍ സാധിച്ചതില്‍ ജോണിന്റെ പ്രതികരണം ഇങ്ങനെ.
ഭാര്യ ലില്ലി നൈനാന്‍ ചെങ്ങന്നൂര്‍ സെന്റ് ആന്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയാണ്. മകന്‍ ലിജോ ദുബായില്‍ എഞ്ചിനീയറും മകള്‍ ടിജോ തിരുവനന്തപുരത്ത് ബിഡിഎസ് വിദ്യാര്‍ഥിയുമാണ്.