ഇപ്പോള്‍ ബുളളറ്റാണ് യാത്രികര്‍ക്ക് പ്രിയമെങ്കിലും ന്യൂസിലാന്‍ഡുകാരായ ഡയാന്‍ മുന്‍ഡ്‌സിനും റോണ്‍ മോണ്ട്‌ഗോമെറിയ്ക്കും ഓട്ടോയില്‍ ഇന്ത്യ ചുറ്റാനായിരുന്നു താത്പര്യം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ഓട്ടോയില്‍ സഞ്ചരിച്ച ത്രില്ലിലാണ് ഇപ്പോള്‍ ഈ ഇരുവര്‍ സംഘം.
മഴക്കാലം മാറ്റിനിര്‍ത്തി ജൂലൈ, ആഗസ്ത് മാസങ്ങളാണ് യാത്രക്കായി ഇവര്‍ തിരഞ്ഞെടുത്തത്.എന്നാല്‍ മുന്‍കരുതലുകളെ മറികടന്ന് രാജസ്ഥാനില്‍ യാത്ര ചെയ്യവെ വെള്ളപ്പൊക്കത്തില്‍ ഇവര്‍ പെട്ടുപോയി. എന്നാലും മൂന്നാഴ്ച്ച നീണ്ടുനിന്ന ഇവരുടെ രാജസ്ഥാന്‍ യാത്രയെ വെളളപ്പൊക്കം സാരമായി ബാധിച്ചില്ല.
മൂവരും നടത്തിയ സാഹസിക യാത്രയെ ആസ്പദമാക്കി ചന്ദ്രശേഖര്‍ പരബ് 'ദി.ഗ്രേറ്റ് റിക്ഷാ റോഡ് ട്രിപ്പ്' എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും തയ്യാറാക്കാനൊരുങ്ങുകയാണ്. 'ഇന്ത്യയുടെ വൈവിധ്യമാണ് അതിന്റെ ഭംഗി. എന്നാല്‍ വിദേശീയരില്‍ പലര്‍ക്കും ഇപ്പോഴും ഇന്ത്യയെക്കുറിച്ച് വ്യത്യസ്ത മനോഭാവമാണുളളത്. അതിനൊരു മാറ്റം വരുത്താനും ഇന്ത്യയുടെ മറ്റൊരു മുഖം പകര്‍ത്താനും ഈ ഡോക്യുമെന്ററിയ്ക്ക് സാധിക്കും' പരബ് പറയുന്നു.
മൂന്ന് സംസ്ഥാനങ്ങളിലേയും മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിനോടൊപ്പം പ്രദേശവാസികളോട് കുശലം പറയാനും, വഴിയൊരത്തെ തട്ടുകടയില്‍ നിന്നും ചായകുടിക്കാനും കുട്ടികളോടൊപ്പം സെല്‍ഫിയെടുക്കാനും ഇരുവരും മറന്നില്ല. ഇത് കൂടാതെ രാജസ്ഥാനിലെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒരനുഭവമാണെന്നും മോണ്ട്‌ഗോമെറി ഓര്‍ക്കുന്നു.
കൂടാതെ വഴിയോരങ്ങളില്‍ നിന്നും കഴിച്ച പൊറോട്ടയുടേയും പനീരിന്റേയും പപ്പടത്തിന്റേയും സ്വാദും തങ്ങള്‍ക്ക് പുത്തനനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അപ്രതീക്ഷിതമായി എത്തിയ മഴയേയും മണിക്കൂറുകളോളം നീണ്ട ട്രാഫിക് ബ്ലോക്കിനേയും ഇടുങ്ങിയ നടപ്പാതകളോടും ഒട്ടും പരിഭവിക്കാതെ യാത്രയിലെ ഓരോ നിമിഷവും ആഘോഷമാക്കിയിരിക്കുകയായിരുന്നു ഇരുവര്‍ സംഘം.
ഇതെല്ലാമാണെങ്കിലും രാജസ്ഥാന്‍ തങ്ങള്‍ക്ക് സമ്മാനിച്ച മഴക്കാലം ഭയപ്പെടുത്തുന്ന ഒന്നു തന്നെയായിരുന്നു. റോഡരികില്‍ എവിടെയാണ് കുഴികളുളളതെന്ന് മനസ്സിലാക്കാന്‍ കഴിയാത്തത് യാത്ര ദുര്‍ഘടമാക്കി. റോഡുകളും നദികളും വേറിട്ടറിയാന്‍ പോലും സാധിച്ചില്ല. എന്നാല്‍ ഏറെക്കാലമായി മഴ കാത്തിരുന്ന പ്രദേശവാസികള്‍ക്ക് തങ്ങള്‍ വന്നതിനാലാണ് മഴ പെയ്തതെന്നു കൂടി വിശ്വസിച്ചത് രസകരമായി തോന്നിയെന്നും ഡയാന്‍ മുന്‍ഡ്‌സ് പറഞ്ഞു.