മനസ്സില്‍ നിറയെ കാറ്റിന്റെ ഇരമ്പലായിരുന്നു, കോഴിക്കോടു നിന്ന് പുറപ്പെടുമ്പോള്‍. പശ്ചിമഘട്ടത്തില്‍ 3500 അടി ഉയരത്തില്‍ ഒരു കൊടുമുടി. അവിടെ നൂറ്റാണ്ടുകളായി കാറ്റുവീശുന്നു, വിശ്രമിക്കാനിഷ്ടമില്ലാത്ത സഞ്ചാരിയെപ്പോലെ.അടിമാലി കഴിഞ്ഞപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. പീരുമേട് ഡപ്യൂട്ടി തഹസീല്‍ദാര്‍ ബാബുസാറാണ്. നല്ല സുഹൃത്താണ് അദ്ദേഹം. ഇടുക്കി ജില്ലയിലെത്തുമ്പോള്‍ ബാബുവേട്ടനാണ് ഫ്രണ്ട്, ഫിലോസഫര്‍, ഗൈഡ്! ഇപ്പോഴത്തെ വിളി ശരിക്കും വഴിതെറ്റിക്കാനായിരുന്നു. ചൊക്രമുടിയില്‍ പൂത്തുകിടക്കുന്ന നീലക്കുറിഞ്ഞിയുടെ കാഴ്ചയിലേക്കുള്ള ക്ഷണം. ഒരൊറ്റ ഫോണ്‍ വിളിയില്‍ മുന്‍ നിശ്ചയിച്ച പദ്ധതികളെല്ലാം മാറിമറിഞ്ഞു.
അടിമാലിയില്‍ നിന്ന് വണ്ടി വലത്തേക്ക്. രാജാക്കാട്, ബൈസണ്‍വാലി വഴി വളഞ്ഞുപുളഞ്ഞ റോഡിലൂടെ മുകളിലേക്ക് കുത്തനെ കയറ്റം. വഴിയിലെവിടെയൊക്കയോ ഒറ്റയ്ക്കും കൂട്ടായും നീലക്കുറിഞ്ഞിപ്പൂക്കള്‍ തലനീട്ടി. ഗ്യാപ് റോഡ് എത്തി. മധുരയ്ക്കു നീളുന്ന ദേശീയ പാതയിലെ കുപ്പിക്കഴുത്താണിവിടം. മുകളില്‍ ചൊക്രമുടി, കുറിഞ്ഞിയുടെ നീലക്കടല്‍... സഞ്ചാരികള്‍ കുറവല്ല. മലമുകളിലേക്കുള്ള കയറ്റം അത്ര എളുപ്പമല്ല. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരുന്നുവരുന്ന പൂക്കാലമാണ് തലയാട്ടിവിളിക്കുന്നത്. കയറും തോറും നീലക്കടല്‍, കുറിഞ്ഞിച്ചെടിയായി...പൂങ്കുലയായി.. പൂക്കളായി... പൂക്കളിലെ തേനീച്ചകള്‍ മുഖത്ത് മുത്തമിട്ടു... മലകളിലാകെ നീലപ്പട്ട് വിരിച്ച കുറിഞ്ഞിപ്പൂക്കള്‍ക്കുമുന്‍പില്‍ ക്യാമറ കീഴടങ്ങി. കാഴ്ചയുടെ ഈ വിശാലത പകര്‍ത്താനാവില്ല, പറഞ്ഞ് ഫലിപ്പിക്കാനുമാവില്ല. ക്യാമറയിലൊതുങ്ങുന്ന ചെറിയ കഷ്ണങ്ങളായി കുറിഞ്ഞിപ്പൂക്കളെ പകര്‍ത്തുമ്പോഴേക്കും കാഴ്ചമറച്ചുകൊണ്ട് കോടമഞ്ഞെത്തി. മഞ്ഞും മലയും നീലക്കടലും.
മൂന്നാറില്‍ മിക്കയിടങ്ങളിലുമുണ്ട് കുറിഞ്ഞി. അധികമുള്ളത് രാജമലയിലും ഇപ്പോള്‍ പൂവിട്ട ചൊക്രമുടി ഭാഗത്തും. ഇവിടെ മുന്‍പ് 1990-ലും 2002-ലും പൂക്കാലമെത്തി. രാജമലയില്‍ 1994 -ലും 2006 -ലുമായിരുന്നു പൂക്കാലം. കുമളിയിലേക്കു നീളുന്ന ദേശീയപാതയിലൂടെ മുന്നോട്ട്. മനസ്സിലെ കുറിഞ്ഞിപ്പൂക്കള്‍ക്കുമേലേ വീണ്ടും കാറ്റു വീശിത്തുടങ്ങി, രാമക്കല്‍മേട്ടിലെ കാറ്റ്. വിന്‍ഡ് ഹെവന്‍ റിസോര്‍ട്ടില്‍ എത്തുമ്പോള്‍ നേരം ഇരുട്ടുവീണു. ക്യാപ്റ്റന്‍ നോബിള്‍ പെരേര നിറചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. രാവിലെ നല്ലൊരു യാത്രയ്ക്ക് തയാറായിക്കൊള്ളാന്‍ പറഞ്ഞ് ക്യാപ്റ്റന്‍ ശുഭരാത്രി നേര്‍ന്നു.
ആറുമണിക്കു മുന്‍പേ അലാം! കടുത്തശബ്ദത്തിലാണ്. നൂറുകണക്കിന് ചീവീടുകളുടെ സംഗീതം. ഇടയ്ക്ക് കുരങ്ങന്മാരുടെ ശകാരം. കണ്ണുതുറന്നപ്പോള്‍ മുറിക്കുപുറത്ത് മഞ്ഞിന്റെ മറ, ഒപ്പം സുഖമുള്ള കുളിരും... ഏഴരയോടെ പ്രഭാതഭക്ഷണം. റിസോര്‍ട്ടിലെ റസ്‌റ്റൊറന്റിലെ വലിയ ജനാലയില്‍ മഞ്ഞില്‍നിന്ന് ഒരു മല തെളിഞ്ഞു, പിന്നെ പതുക്കെ പതുക്കെ കുറവന്റെയും കുറത്തിയുടെയും നിശ്ചല രൂപം. ശില്പി, സി.ബി.ജിനന്റെ കരവിരുത് മഞ്ഞിന്‍ മറയില്‍നിന്ന് പുറത്തുവന്നു. 2005 ലാണ് ആ വമ്പന്‍ പ്രതിമ രാമക്കല്‍മേടിന്റെ അടയാളമായത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ ഈ പ്രതിമയും കണ്ട് കാറ്റും കൊണ്ട് കാറ്റാടിപ്പാടത്തിന്റെ വിദൂരദൃശ്യത്തില്‍ ലയിച്ച്, ഏറിയാല്‍ രാമക്കല്ലിന്റെ മുകളിലൊന്നു കയറി, വേഗം മടങ്ങും. ഇതൊണോ രാമക്കല്‍മേടിന്റെ കാഴ്ച? അല്ല, ഒരിക്കലുമല്ല. സഞ്ചാരികള്‍ക്ക് വഴങ്ങിക്കൊടുക്കാതെ ചുറ്റുവട്ടങ്ങളിലെവിടെയൊക്കെയോ ചരിത്രവും സൗന്ദര്യവും സാഹസികതയും മറഞ്ഞുകിടപ്പുണ്ട ്, നമ്മള്‍ തേടിയെത്തുന്നതും കാത്ത്.
രാവിലെ തന്നെ കാറ്റ് വീശിത്തുടങ്ങി...തമിഴ്‌നാടിന്റെ മണ്ണിലാണ് ഇവിടെ കാഴ്ചകള്‍ പലതും... കാറ്റിന് കാതോര്‍ത്താല്‍ രാമായണകഥയിലെ ഒരേട് കേള്‍ക്കാം. സീതാന്വേഷണത്തിനായി പോകും വഴി രാമന്‍ വിശ്രമിച്ച സ്ഥലമാണ് ഇതെന്ന ഓര്‍മ്മപ്പെടുത്തല്‍... തലയെടുപ്പോടെ നില്‍ക്കുന്ന രാമക്കല്ലിനു മുകളിലെത്തുമ്പോള്‍ ഒരു കാര്യം സമ്മതിക്കും. ശ്രീരാമന്‍ ഇവിടെ വന്നിട്ടുണ്ടെങ്കില്‍ ഈ പാറയില്‍ തന്നെയാണ് കയറിയത് എന്ന്. വഴിയന്വേഷിക്കുന്നവര്‍ക്ക് കാതങ്ങള്‍ നീളുന്ന കാഴ്ചയൊരുക്കുന്നുണ്ട് ഈ പാറ. കണ്ണെത്തുന്ന ദൂരത്തോളം പരന്നുകിടക്കുകയാണ് തമിഴ് ഗ്രാമ-നഗരങ്ങള്‍. തേവാരം, കോംബെ, ഉത്തമപാളയം, കമ്പം, തേനി, ബോഡിനായ്ക്കനൂര്‍, വൈഗ അത്രത്തോളമെത്തുമ്പോള്‍ കണ്ണുകള്‍ പരാജയം സമ്മതിക്കും. അങ്ങുതാഴെ അടിവാരത്തില്‍ ഒരു ക്ഷേത്രം ചൂണ്ടിക്കാട്ടിക്കൊണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. അതാണ് ഇന്നലെ പറഞ്ഞ 'നല്ല യാത്ര' ചെന്നെത്തുന്നിടം!
ചരിത്രം ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ഒരു ഒറ്റയടിപ്പാത. കാടിനുനടുവിലൂടെ നാല് കിലോമീറ്ററോളം കുത്തനെ ഇറക്കം. പലയിടത്തും മുള്‍ച്ചെടികളും പുല്‍പ്പടര്‍പ്പും വഴിമുടക്കും. ചെന്നൈയില്‍നിന്നെത്തിയ ഒരു കുടുംബവും ഒപ്പമുണ്ട്, മലയിറങ്ങാന്‍. വഴികാട്ടിയായി മുന്നില്‍ ക്യാപ്റ്റന്‍. ജപ്പാനിലെ എന്‍.വൈ.കെ.കമ്പനിയിലെ വമ്പന്‍ എണ്ണക്കപ്പലിന്റെ അമരക്കാരന്‍. കടല്‍ത്തിരകളുടെ ഇടവേളകളില്‍ വിന്‍ഡ് ഹെവന്‍ റിസോര്‍ട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കും. പിന്നെ സഞ്ചാരികളോടൊപ്പം.
കന്നിമാസത്തിലെ ശനിയാഴ്കളില്‍ അടിവാരത്തിലെ ക്ഷേത്രം തുറക്കും. മലയാളികള്‍ മലയിറങ്ങിയും തമിഴര്‍ സമതലം താണ്ടിയും ക്ഷേത്രത്തിലെത്തുന്ന ദിവസം. അപൂര്‍വ്വമായ ആ ഉത്സവക്കാഴ്ചയിലേക്കാണ് ഞങ്ങളും മലയിറങ്ങുന്നത്. തമിഴും മലയാളവും പറയുന്നവര്‍ ഒറ്റയടിപ്പാതയിലൂടെ ഞെരുങ്ങി കടന്നുപോകുന്നുണ്ട്. മലയാളിയുടെ ഭക്ഷണപ്പാത്രത്തിലേക്കു നീളുന്ന ചരിത്രം ഈ വഴിയില്‍ മറഞ്ഞുകിടക്കുന്നു. തമിഴ്‌നാട്ടില്‍നിന്ന് തലച്ചുമടായും കഴുതപ്പുറത്തുമൊക്കെ അരി കൊണ്ടുവന്നിരുന്നതാണ് ഈ പഴമ്പാത. പണ്ട് അരി വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു രാമക്കല്‍മേട്. അരി സംഭരിച്ചുവയ്ക്കാനുള്ള പണ്ടികശാലകളും ഉണ്ടായിരുന്നു. പ്രധാന ചന്തയായ ചങ്ങനാശേരിയിലേക്ക് നീളുന്ന ബസ് സര്‍വ്വീസുകള്‍ പഴയ വ്യാപാരത്തിന്റെ കഥപറയും. ആങ്കുര്‍ റാവുത്തര്‍ എന്നയാള്‍ പോത്തുവണ്ടിയില്‍ തടികൊണ്ടുവന്ന് ഈ വഴിയിലൂടെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. നല്ല റോഡുകള്‍ വന്നതോടെ അരിയും തടിയുമൊക്കെ വഴിമാറി. പിന്നീട് സഞ്ചാരികള്‍ എത്തുന്നകാലത്തോളം കാറ്റുമാത്രമായിരുന്നു ഈ മേടിന്റെ ചങ്ങാതി.
ചരിത്രത്തിന്റെ കാടുകയറിക്കിടക്കുന്ന ഒറ്റടിപ്പാതയില്‍ ഇടയിലെവിടെയൊക്കെയോ ചുമട് താങ്ങികളായി ചില പാറകള്‍... എത്ര ശ്രമിച്ചിട്ടും വെയിലിന് ഈ വഴിയിലേക്ക് അരിച്ചിറങ്ങാനാവുന്നില്ല. ഇടയ്ക്കിടെ ഇരുട്ടിന്റ കഷ്ണങ്ങള്‍, വമ്പന്‍ ചിലന്തിവലകളും പാറിക്കളിക്കുന്ന പൂമ്പാറ്റകളും... പിന്നെ മുളകളുടെ മുകളില്‍ മാത്രം വളരുന്ന ഒരിനം പുല്ല്... നാലു കിലോമീറ്ററോളം മലയിറങ്ങിയിട്ടും ഒട്ടും ക്ഷീണമില്ല.
അടിവാരത്തില്‍ തമിഴരും മലയാളികളും ഒന്നിച്ച ഉത്സവക്കൂട്ടം. തമിഴ് ബോര്‍ഡെഴുതിയ ബസുകള്‍, തമിഴ് പോലീസ്, പൊങ്കാല, മന്ത്രോച്ചാരണം, ഭക്തരുടെ നിര. തിരുമലൈരായര്‍ പെരുമാള്‍ തിരുക്കോവില്‍, രാമക്കല്ലില്‍ നിന്ന് പൊട്ടുപോലെ കണ്ട ക്ഷേത്രസന്നിധിയിലാണ് ഇപ്പോള്‍. കോംബെ രംഗനാഥന്‍ കോവിലെന്നും പേരുണ്ട്. അനന്തശായിയായ മഹാവിഷ്ണുപ്രതിഷ്ഠ. ക്ഷേത്രത്തിനുള്ളില്‍ കടന്നപ്പോള്‍ അങ്ങുപിന്നില്‍, അനന്തന്‍ കുടപിടിച്ചതുപോലെ രാമക്കല്ല്. ക്ഷേത്രഗോപുരവും രാമക്കല്ലും നേര്‍രേഖയില്‍.
റോഡുമാര്‍ഗം വണ്ടി താഴെയെത്തിയിരുന്നു. നാല് കിലോമീറ്ററിനു പകരം അന്‍പത് കിലോമീറ്ററോളം വണ്ടി ഓടണം അടിവാരത്തെത്താന്‍. പിന്നെയുള്ള യാത്ര ബൊലേറോയില്‍. നാട്ടുകാരനായ ആണ്ടവനുമുണ്ട് കൂടെ. കോംബെയും ഉത്തമപാളയവും കടന്ന് കമ്പത്ത് എത്തി. അവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞു, സുരുളി വെള്ളച്ചാട്ടത്തലേക്കാണ് ഈ വഴി. എല്ലായിടത്തും നിറഞ്ഞുകിടക്കുന്ന കൃഷിയിടങ്ങള്‍. ആണ്ടവന്‍ വാതോരാതെ സംസാരിച്ചു. ഇവിടെയും അടുത്തുളള നാലു ജില്ലകളിലും കൃഷി നടത്തുന്നത് മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ടാണ്. വെള്ളമില്ലെങ്കില്‍ ഇവിടുത്തെ ജീവിതം തന്നെ കരിഞ്ഞുപോകും. മുല്ലപ്പെരിയാര്‍ നിര്‍മ്മിച്ച എഞ്ചിനീയര്‍ പെനി ക്യൂക്കിന്റെ ചരിത്രമൊക്കെ ആണ്ടവന് കാണാപ്പാഠം. സ്വന്തം സ്വത്ത് വിറ്റ് ആ പണം കൊണ്ട് ഡാമുണ്ടാക്കിയചരിത്രവും ആണ്ടവനറിയാം. മുല്ലപ്പെരിയാര്‍ പ്രശ്‌നം കത്തിനിന്ന സമയത്ത് തമിഴ്‌നാട്ടിലെ സാധാരണക്കാര്‍പോലും ഉരുവിട്ടു പഠിച്ചതാണ് ഈ ചരിത്രമൊക്കെ. ക്യാപ്റ്റന്‍ പെനിക്യൂക്കിന് അമ്പലം പോലും പണിഞ്ഞിട്ടുണ്ട് അവര്‍.
ഇരുവശവും മുന്തിരിപ്പാടങ്ങള്‍. ഇടയക്കൊരു പപ്പായത്തോട്ടം. ഇവിടുത്തെകൃഷികളിലധികവും മലയാളികളുടേതാണെന്ന് ആണ്ടവന്‍. സുരുളി വെള്ളച്ചാട്ടത്തിനരികിലേക്ക് കുറച്ച് നടക്കണം. മലയാളികള്‍ക്ക് സുരുളി ഒരു കാഴ്ചയല്ല. എന്നാല്‍ തമിഴരുടെ സ്ഥിതി അതല്ല. അവര്‍ വളരെ ബഹുമാനത്തോടെയാണ് സുരുളിയില്‍ വന്ന് കുളിക്കുന്നത്. മുല്ലപ്പെരിയാര്‍ വെള്ളമല്ലാതെ, അവരുടെ മലകളില്‍ നിന്ന് ഊറിയിറങ്ങുന്ന സ്വന്തം തണ്ണി! അത് അവര്‍ ആഘോഷമാക്കുകയാണവിടെ.
തോട്ടങ്ങള്‍ക്കുമുന്‍പില്‍ മുന്തിരികച്ചവടത്തിന്റെ തിരക്ക്. പന്തലിട്ട തോട്ടത്തിനുള്ളിലേക്ക് നൂണ്ടുകയറി. ആകെയൊരു വൈന്‍ മണം. ഇഷ്ടമുള്ള കുലകള്‍ നോക്കി തെരഞ്ഞ് പറിക്കാം. അഞ്ച് കിലോയ്ക്ക് 150 രൂപയായിരുന്നു വില.ആണ്ടവനെ സ്വന്തം നാടായ ഉത്തമപാളയത്ത് ഇറക്കി. പിന്നെ കമ്പംമെട്ടുവഴി രാമക്കല്‍മേട്ടിലേക്ക്. വഴിയരികില്‍ അവിടവിടെ കാറ്റാടികള്‍ തലചുറ്റിക്കുന്നു. ഇന്ത്യയില്‍ കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് രാമക്കല്‍മേട്. അനര്‍ട്ടിന്റെ സഹായത്തോടെ സ്വകാര്യ സംരംഭമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഡോണ്‍ ക്വിക്‌സോട്ടിന്റെ കഥയിലെപ്പോലെ തലയുയര്‍ത്തിനില്‍ക്കുന്ന കാറ്റാടികളുടെ അടുത്തെത്തുമ്പോള്‍ വലിപ്പം അതിശയിപ്പിക്കും. മുകളില്‍ കറങ്ങുന്ന പങ്കയ്ക്കുമാത്രമുണ്ട് എണ്‍പതടിനീളം! അകലെ, രാമക്കല്‍മേട്ടിലെ കുറവനും കുറത്തിയും ഒരു കളിപ്പാട്ടം പോലെ കാണാം.
തിരികെ വിന്‍ഡ് ഹെവനില്‍ എത്തിപ്പോള്‍ സമയം മൂന്നു മണി. ഊണുകഴിഞ്ഞപ്പോഴേക്കും മഴയെത്തി. മിന്നലും ഇടിയും... ഉയര്‍ന്ന പ്രദേശങ്ങളിലെ മിന്നല്‍ അപകടകാരിയാണ്. അതുകൊണ്ട് കുന്നില്‍ മുകളിലെ മഴയുടെ ഭാവങ്ങള്‍ മാറുന്നതും കണ്ട് വെറുതേയിരുന്നു... ഇരുട്ടുവീണാല്‍ രാമക്കല്‍മേട് അതിശയക്കാഴ്ചകളിലേക്കാണ് മിഴിതുറക്കുക. വെളിച്ചത്തിന്റെ കണികകളായി തമിഴ് ഗ്രാമങ്ങളും നഗരങ്ങളും കണ്ണുതുറക്കും. താഴ്‌വരയില്‍ ആകാശവും നക്ഷത്രങ്ങളും വീണുകിടക്കുന്നതു പോലെ.
പിറ്റേന്ന് രാവിലെ പുറപ്പെട്ടത് ഒരു അണ്‍എക്‌സ്‌പ്ലോര്‍ഡ് ഡെസ്റ്റിനേഷനിലേക്ക്. രാമക്കല്‍മേട്ടില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള ടോപ്‌സ്റ്റേഷന്‍!കുറവന്‍ കുറത്തി പ്രതിമയുടെ തൊട്ടടുത്ത് കേരളം അവസാനിക്കും. അവിടുന്നും മുന്നോട്ട് നീളുകയാണ് നമ്മുടെ വഴി. കയറ്റവും ഇറക്കവും അധികമില്ല. പക്ഷേ, മുള്‍ച്ചെടികള്‍ മുന്നോട്ട് പോകാന്‍ സമ്മതിക്കില്ല. തലകുനിച്ചുവേണം പലയിടത്തും നടക്കാന്‍. ആദ്യമെത്തുന്നത് ഫോട്ടോപോയിന്റ്. അവിടെനിന്നാല്‍ രാമക്കല്ലും തമിഴ് ഗ്രാമങ്ങളുടെ വിശാലതയും കണ്‍നിറയെകാണാം. പിന്നെ എത്തിയ സ്ഥലത്ത് പാറയില്‍ ഒരു ആട്ടുകല്ല് കൊത്തിയുണ്ടാക്കിയിരിക്കുന്നു. പണ്ടെന്നോ ആദിവാസികള്‍ ഉപയോഗിച്ചിരുന്നതായിരിക്കണം അത്. അതിനരികിലായി പാറയില്‍ ഒരു നക്ഷത്രചിഹ്നം! അതിലെ ചില വരകള്‍ മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന വിധത്തിലാണ്. ബാക്കിഭാഗങ്ങള്‍ നിരപ്പായി ചെത്തി മാറ്റി ഉണ്ടാക്കിയതുപോലെ! എന്തായിരിക്കും ആ നക്ഷത്ര അടയാളം?
ആള്‍പ്പൊക്കത്തില്‍ വളര്‍ന്ന പുല്ല് വകഞ്ഞുമാറ്റി മുന്നോട്ട്. ഇടയ്‌ക്കൊരിടത്ത് ചെറിയ രണ്ട് തടയണകള്‍. ഒരു കാലത്ത് ഇവിടെയെവിടെയോ മനുഷ്യവാസമുണ്ടായിരുന്നതായി സംശയിക്കാം. മധുര രാജാക്കന്മാരുടെ അധീനതയിലായിരുന്നു പണ്ട് ഈ പ്രദേശം. മധുരരാജാവ് അനുവദിച്ച പട്ടയങ്ങള്‍ ഈ പ്രദേശത്തെ പലസ്ഥലങ്ങളുടെയും ചരിത്രത്തിന്റെ അടിവേരുതിരഞ്ഞാല്‍ കാണാം.
ഫോട്ടോ പോയിന്റു കഴിഞ്ഞാല്‍ പിന്നീട് ഒരു സ്ഥലത്തിനും പേരില്ല. അട്ടുകല്ല് പാറ, മാന്ത്രികക്കളം അങ്ങനെ രണ്ടുപേരുകള്‍ എളുപ്പത്തിലിട്ടു. തടയണയുടെ അടുത്ത് രണ്ടുപേര്‍ തെന്നി വീണു. അങ്ങനെ ആ സ്ഥലത്തിനും പേരുകിട്ടി-ഗോള്‍ഡന്‍ സ്ലിപ്പ്!
അവസാനത്തെ ചെറിയൊരു കയറ്റം കയറിയെത്തിയത് കാഴ്ചയുടെ വിശാലതയിലേക്ക്. തമിഴ്‌നാടിന്റെ പനോരമിക് വ്യൂ! ഫോട്ടോഗ്രാഫര്‍മാര്‍ പ്രാര്‍ത്ഥിച്ചിട്ടെന്ന പോലെ കല്ലിന്റെ ഇടയില്‍നിന്ന് ആല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരുമരം വളര്‍ന്നുവരുന്നുണ്ട്, ഫ്രയിമിന് ഒരു ബാലന്‍സ് നല്‍കാനെന്നപോലെ. മറ്റൊരറ്റത്ത് അഗാധമായ താഴ്ചയിലേക്ക് പാലം പോലെ ഒരു പാറക്കെട്ട്. നല്ല ധൈര്യമുള്ളവര്‍ക്കു മാത്രം വരാം എന്ന് കാറ്റ് ഇടയ്ക്കിടെ പറയുന്നുണ്ട്. താഴേക്കുള്ള ഭീകരമായ താഴ്ചമാത്രമല്ല, ശക്തമായ കാറ്റും ഇവിടെ നമ്മളെ ഭയപ്പെടുത്തും. ടോപ്‌സ്റ്റേഷനില്‍ നിന്നാല്‍ കുറവനും കുറത്തിയും വെറുതേയിരിക്കുന്നത് കാണാം, ആധികമാരും കാണാത്ത ഒരു ആംഗിളില്‍!മടങ്ങുമ്പോള്‍ ഞാന്‍ ക്യാപ്റ്റനോട് പറഞ്ഞു. ഇവിടേക്ക് ആരേയും കൊണ്ടുവരരുത്. ഇനി ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അവരോട് പ്രകൃതിയെക്കുറിച്ച് നൂറു ചോദ്യങ്ങള്‍ ചോദിക്കണം. അന്‍പതെണ്ണത്തിനെങ്കിലും ശരിയുത്തരം പറയുന്നവരെ മാത്രമേ കൂടെ കൂട്ടാവൂ! അലറിയടിക്കുന്ന കടല്‍ത്തിരമാലകളില്‍ കപ്പലിനെ നിയന്ത്രിക്കുന്ന ക്യാപ്റ്റന്‍ ഒരുനിമിഷം നിശബ്ദനായി, പിന്നെ ഉറക്കെ ചിരിച്ചു...
രാമക്കല്‍മേടിന്റെ ചുറ്റുവട്ടത്തേക്ക് സഞ്ചാരികള്‍ അധികം കടന്നുചെല്ലാറില്ല. തമിഴ്‌നാടിന്റെ അതിര്‍ത്തിക്കപ്പുറത്ത് സഞ്ചാരികളെ ആര് സ്വീകരിക്കണം എന്നതിലും വ്യക്തതയില്ല. അനുവാദത്തിന്റെ കാര്യത്തിലും ഈ അവ്യക്തതയുണ്ട്. കുറവന്‍ കുറത്തി പ്രതിമയുടെ അടുത്തേക്ക് പോകാന്‍ ഡി.ടി.പി.സി. പണം ഈടാക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് ഒരു നിശ്ചയവുമില്ല ഒന്നിനും...
ഉച്ചയോടെ ഞങ്ങള്‍ തിരിച്ചെത്തി. ഇനി ലക്ഷ്യം 350 കിലോമീറ്ററോളം ദൂരെയാണ്. ക്യാപ്റ്റനോട് യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ രാമക്കല്‍മേട്ടില്‍ കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു
.Travel info
Ramakkalmedu is a hill stationin Idukki districtnear Tamilnadu border. The wind from Tamilnadu cross the border and recorded as maximum in Asia. According to Hindu mythology the name Rama-Kal-Medu is related to Lord Sree Rama. The hilltop offers a panoramic view of Tamil Nadu towns of Thevaram, Kombe, Uthamapalayam, Cumbum, Theni and Bodinaykannor. The sight is wonderful at night when all these towns are lighted. If you are interested, try to trek down to the base with the guidance of locals…
get There Madurai (Tamil Nadu) about 140 km, Cochin International Airport about 190 km,
Changanacherry (about 93 km) KSRTC bus are available from Kochi, Kumili & Kottayam
Contact: DTPC Information Centre, Munnar - 04865-231516
Stay: Wind Haven Resort, Website: windhavenresort.com, 24/7 SUPPORT:&9747110319,04868-221319, Email: guest@windhavenresort.com, windhavenresort@gmail.com Punarjani Resorts, Ramakkalmedu, Kallar, www.punarjaniresorts.com&9605767201, 9605767202, sales@punarjaniresorts.com