കായലിലൂടെ തുഴയാം... ചിറയില്‍, തെങ്ങിന്‍ തണലിലൂടെ നടക്കാം...പൂമീനിന്റെ ചാട്ടം കാണാം... പിന്നെ, കായല്‍മീന്‍ വിഭവങ്ങളും കൂട്ടി സമൃദ്ധമായ ഒരൂണും... ഈ ക്രിസ്മസ് അവധിയാത്ര മാലിപ്പുറത്തെ ഫിഷ് ഫാമിലേക്കാക്കിയാലോ?
വിശാലമായ കായല്‍പ്പരപ്പു മുഴുവന്‍ സദാ വീശുന്ന നനുത്ത കാറ്റ്... കടലിരമ്പം... കായലിന്റെ വരമ്പുകളില്‍ നിരയായി തെങ്ങുകള്‍... കുടുംബങ്ങള്‍ക്ക് അവധിദിനം ആഘോഷിക്കാന്‍ കാഴ്ചകളാല്‍ സമൃദ്ധമായ ഒരിടം... മാലിപ്പുറത്തെ ഫിഷ് ഫാം. കാഴ്ചകള്‍ ഇവിടെ അനവധി. കായലിലൂടെ തുഴഞ്ഞുനടക്കാം. ചിറയില്‍, തെങ്ങിന്‍ തണലിലൂടെ നടക്കാം. പിന്നെ, കായല്‍മീന്‍ വിഭവങ്ങളും കൂട്ടി
സമൃദ്ധമായ ഒരൂണ്. വിനോദസഞ്ചാരം ചെലവേറിയ കാലത്ത് ചെറിയ പണം മുടക്കി വലിയ സന്തോഷാനുഭവങ്ങള്‍ നേടുകയാണ് മാലിപ്പുറം മത്സ്യ ഫെഡിന്റെ ഫിഷ് ഫാമില്‍ സഞ്ചാരികള്‍.
ഈ ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് മാലിപ്പുറം ഫാമിനെ ഒരുക്കിയിട്ടുണ്ട് മത്സ്യഫെഡ് അധികൃതര്‍.കണ്ടല്‍ ഉദ്യാനം, ചൂണ്ടയിട്ട് മീന്‍പിടിത്തം, കായലില്‍ ബോട്ടുയാത്ര, പൂമീന്‍ചാട്ടം, ഊഞ്ഞാല്‍ തൊട്ടിലാട്ടം, ബാംബൂ ഹട്‌സ്, വെല്‍കം ഡ്രിങ്ക്, മീന്‍ കറിയും വറുത്തതും ചെമ്മീന്‍ അച്ചാറും കൂട്ടി ഉച്ചയൂണ്, ഐസ്‌ക്രീം... എല്ലാറ്റിനും കൂടി മുതിര്‍ന്നയാള്‍ക്ക് 200
രൂപയേ ഫീസുള്ളു. 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 100 രൂപയും. സുരക്ഷിതമായ അന്തരീക്ഷവും കുറഞ്ഞ ചെലവും സമൃദ്ധമായ കാഴ്ചകളും മാലിപ്പുറം ഫാമിനെ വ്യത്യസ്തമാക്കുന്നു.
സ്വാതന്ത്ര്യത്തിനും മുമ്പ്
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പ് ആരംഭിച്ചതാണ് മാലിപ്പുറം ഫിഷ് ഫാം. തിരുവിതാംകൂറിലേക്ക് സുലഭമായി കായല്‍ മത്സ്യങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം. പിന്നീട്, കേരള സംസ്ഥാനം രൂപവത്കൃതമായതിനു ശേഷം ഫാം കേരള സംസ്ഥാന ഉള്‍നാടന്‍ വികസന കോര്‍പ്പറേഷന് കൈമാറുകയും 1984ല്‍ 'മത്സ്യഫെഡ്' ഏറ്റെടുക്കുകയുമായിരുന്നു. 15.8 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന, അതീവസുന്ദരമായ ഈ പ്രദേശം കരിമീന്‍, പൂമീന്‍, തിരുത എന്നീ മത്സ്യങ്ങളുടെ കലവറയാണ്.
ഉച്ചയൂണ് കേമം
ഇവിടത്തെ കായലില്‍ നിന്നും ലഭിക്കുന്ന മത്സ്യങ്ങള്‍, കൊഞ്ച്, കക്ക എന്നിവയെല്ലാം ചേര്‍ത്തുകൊണ്ടുള്ള രുചികരമായ ഉച്ചയൂണാണ് ചിറയിലെ വനിതാ റെസ്റ്റോറന്റില്‍ വിളമ്പുന്നത്. മനസ്സിനിണങ്ങുന്ന തൃപ്തികരമായ നാടന്‍ ഭക്ഷണം. എട്ടു സ്ത്രീകളടങ്ങുന്ന സ്വയംസഹായ സംഘമാണ് ഈ ഭക്ഷണമുണ്ടാക്കി വിളമ്പുന്നത്. ക്രിസ്മസിന്റെ ഭാഗമായി ഇപ്പോള്‍ പൂമീന്റെ കച്ചവടം ഫാമില്‍ ആരംഭിച്ചിട്ടുണ്ട്. പകല്‍ മുഴുവന്‍ കാഴ്ചകണ്ട്, നല്ല ഭക്ഷണം കഴിച്ച് ഫാമിന് എതിര്‍വശത്തെ കടല്‍ക്കരയില്‍ അസ്തമയവും കണ്ട് മടങ്ങാം.
ഫാമിലേക്കുള്ള വഴി
എറണാകുളം ഗോശ്രീ പാലം കടന്ന് മുനമ്പം റോഡിലൂടെ ഏഴു കി.മീ. പിന്നിട്ട് വളപ്പ് ജങ്ഷനിലെത്തി ഇടത്തോട്ടു തിരിഞ്ഞ് ബീച്ചിലെത്തി, വടക്കോട്ടുള്ള റോഡിലൂടെ പോയാല്‍ ഫാമിലെത്താം. ആലുവ, കൊടുങ്ങല്ലൂര്‍, പറവൂര്‍ ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് ചെറായി ദേവസ്വംനട ജങ്ഷനിലെത്തി വൈപ്പിന്‍ റോഡിലൂടെ 15 കി.മീ. സഞ്ചരിച്ച് വളപ്പ് ജങ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് ബീച്ചിലെത്തി വടക്കോട്ടുള്ള റോഡിലൂടെ ഫാമിലെത്താം. ഫാമിനെക്കുറിച്ചും അവിടെയെത്തേണ്ട വഴിയെക്കുറിച്ചുമൊക്കെ കൂടുതല്‍ അറിയേണ്ടവര്‍ പ്രോജക്ട് ഓഫീസറെ വിളിക്കുക. ഫോണ്‍: 9526041267. ഭക്ഷണം ആവശ്യമുള്ളവരും നേരത്തേ അറിയിച്ചാല്‍ അസൗകര്യം ഒഴിവാക്കാം.
പൂമീന്‍ചാട്ടം
പ്രായപൂര്‍ത്തിയായവരേയും കുട്ടികളേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒന്നാണ് ഫാമിലെ 'മീന്‍ചാട്ടം'. ഫാമിലെത്തുന്ന സഞ്ചാരികളെ ബോട്ടില്‍ മീന്‍ചാട്ടം നടക്കുന്ന പ്രദേശത്തേക്ക് എത്തിക്കുന്നു. ബോട്ടിന്റെ ചലനം കൊണ്ട് വെള്ളം ഇളകുമ്പോള്‍ വലുതും ചെറുതുമായ അസംഖ്യം പൂമീനുകള്‍ ചാടിവീഴുന്നത് മനോഹരമായ കാഴ്ചയാണ്. ചിലപ്പോള്‍ ബോട്ടില്‍ മീനുകള്‍ വന്നുവീഴും. തൂക്കത്തിനനുസരിച്ച് വില അടച്ച് വേണമെങ്കില്‍ യാത്രക്കാര്‍ക്ക് അത് കൊണ്ടുപോകാം. ചിറയില്‍ നിന്ന് ചൂണ്ടയിട്ട് മിന്‍പിടിക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചൂണ്ടയില്‍ ലഭിക്കുന്ന മത്സ്യവും തൂക്കത്തിനനുസരിച്ചുള്ള വില നല്‍കി കെണ്ടുപോകാം.
കണ്ടല്‍ക്കാട്ടിലൂടെ
കായല്‍ത്തീരമാകെ കണ്ടലിന്റെ സമൃദ്ധിയാണ്. ഫാമിന്റെ തുടക്കത്തില്‍ അതിവിശാലമായ സ്ഥലത്ത് ഇടതൂര്‍ന്ന കണ്ടല്‍ക്കാടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഇത് ഏറെ ഇഷ്ടമാകും. കണ്ടല്‍ക്കാടിന്റെ തണലും കുളിര്‍മയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും. രണ്ടുപേര്‍ക്ക് മാത്രമായി തുഴയാവുന്ന പെഡല്‍ ബോട്ടുകള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
അഞ്ചുപേര്‍ക്കു വരെ സുഖമായി യാത്ര ചെയ്യാവുന്ന കാല്‍ തുഴ, കൈ തുഴ വഞ്ചികളുമുണ്ട്. കായലിനോടു ചേര്‍ന്നുള്ള ചിറകളില്‍ കാറ്റുകൊണ്ട് വിശ്രമിക്കാനുള്ള കുടിലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മുന്നില്‍
തെങ്ങുകളില്‍ ബന്ധിച്ച ഊഞ്ഞാലില്‍ കാറ്റുകൊണ്ട് കിടക്കുകയുമാവാം.