പ്രപഞ്ചത്തോട് അസൂയത്തോന്നുവിധം സുന്ദരമായ ഒരു ദൃശ്യമാണ് എക്കാലവും മഴവില്ല്. മഴയും ഇളംവെയിലും ചേരുമ്പോള്‍ തെളിയുന്ന ഏഴുനിറങ്ങളില്‍ തീര്‍ത്ത ദൃശ്യഭംഗി എക്കാലവും മനസ്സില്‍ തങ്ങിനില്‍ക്കും. എന്നാല്‍ ആ ഏഴുനിറങ്ങളും ഒരു നദിയില്‍ ചാലിച്ചാല്‍ എത്ര മനോഹരമായിരിക്കും. ഒഴുകി നടക്കുന്ന അത്തരമൊരു മഴവില്ല് ഈ ലോകത്തുണ്ടെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമായിരിക്കും. എന്നാല്‍ കൊളംബിയയിലെ കാനോ ക്രിസ്‌ടെയില്‍ നമ്മെ അമ്പരിപ്പിക്കും. മഴവില്ലിന്റെ ഏഴു നിറങ്ങളും മനോഹരമായി ചാലിച്ച നദിയാണ് കൊളംബിയയിലെ കാനോ ക്രിസ്‌ടെയില്‍.
വ്യത്യസ്ത നിറങ്ങളിലുളള ആല്‍ഗകളുടേയും ജലസസ്യങ്ങളുടേയും സാന്നിധ്യവും ചുറ്റപ്പെട്ട കാടിന്റെ ഇരുട്ടിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തിന്റെ സാന്നിധ്യവും കാരണം ചുവപ്പ്, നീല, ഓറഞ്ച്, പച്ച, പിങ്ക് എന്നീ നിറങ്ങളിലാണ് അതിസുന്ദരമായി നദി ദൃശ്യമാകുന്നത്. ഇതില്‍ തന്നെ പിങ്ക് നിറത്തിലുളള മാര്‍സീനിയ ക്ലാവീജെറ എന്ന സസ്യമാണ് നദിയിലെ നിറസാന്നിധ്യത്തിന് കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടന്നുവരികയാണ്. ഈ സസ്യങ്ങള്‍ കൂടുതലായി വളരുന്ന ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുളള മാസങ്ങളിലും ജനുവരി മുതല്‍ മെയ് വരെയുളള മാസങ്ങളിലുമാണ് നദിയില്‍ മഴവില്‍ നിറം കൂടുതലായി ദൃശ്യമാവുക.
എന്നാല്‍ ഇത്ര മനോഹരമായ ഒരു ദൃശ്യം സമ്മാനിക്കാന്‍ കഴിയുമെങ്കിലും ഇന്നും ലോകത്തിന് ഒരു അതീവരഹസ്യമാണ് കാനോ ക്രിസ്‌ടെയില്‍. ഇരുപതാം നൂറ്റാണ്ടിനെ തുടക്കം വരെ കൊളംബിയയിലെ ഒളിപ്പോരാളികളുടെ രഹസ്യതാവളമായിരുന്നു കാനോ ക്രിസ്‌ടെയില്‍ നദിക്കര. എത്തിപ്പെടാനുളള ബുദ്ധിമുട്ടും വന്യജീവികളുടെ സാന്നിധ്യവും കൊടുംകാടിന്റെ പശ്ചാത്തലവും കാനോ ക്രിസ്‌ടെയില്‍ ഒളിപ്പോരാട്ട സംഘത്തിന് നല്ലൊരു സങ്കേതമൊരുക്കി. എന്നാല്‍ സൈന്യം പോലും പോകാന്‍ ഭയപ്പെട്ടിരുന്ന കാട്ടില്‍ അത്രയേറെക്കാലം തങ്ങാന്‍ അവര്‍ക്കായില്ല.
കൊളംബിയന്‍ മിലിട്ടറിയുടെ ധീരമായ പോരാട്ടത്തിനൊടുവില്‍ സൈന്യം ഒളിപ്പോരാളികളെ നദീ തീരത്തെത്തി ആക്രമിച്ച് നാടുകടത്തി. അതോടെ അത്രയുംകാലം ലോകത്തിനറിയാതെ ഒഴുകിയ ആ മഴവില്‍ നദിയെ കാണാന്‍ സഞ്ചാരികള്‍ക്കും അനുവാദം ലഭിച്ചു. എന്നാലും കാടിനാലും ചെറു നദികളാലും ചുററപ്പെട്ട് 100 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന നദി തീരത്തെത്താന്‍ പിന്നിടേണ്ടത് ദുര്‍ഘടമായ യാത്രയാണ്.
കൊളംബിയയിലെ സെറാനിയ ഡീ ലാ മക്കാറീന എന്നീ മലനിരകളിലാണ് ഈ നദി സ്ഥിതിചെയ്യുന്നത്. അനാക്കോണ്ട, വന്യമൃഗങ്ങള്‍ എന്നിവയുടെ സാന്നിധ്യവും സഞ്ചാരികളെ അല്പം ഭയപ്പെടുത്തുന്നു. കൊളംബിയ എയര്‍പോര്‍ട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒരു ഗൈഡിന്റെ സഹായത്തോടെ മാത്രമേ യാത്ര തുടരാനാവുകയുളളൂ.
സന്ദര്‍ശകരുടെ എണ്ണം കൂടിവരുന്നതിനാല്‍ ടൂറിസം വകുപ്പ് ദിവസവും 200 പേര്‍ക്ക് മാത്രമേ സന്ദര്‍ശനം അനുവദിക്കുന്നുളളൂ. കര്‍ശനമായ പരിശോധനയും യാത്രയ്ക്ക് മുന്നോടിയായി നേരിടേണ്ടതുണ്ട്. നദിയുടെ ജൈവികതയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സഞ്ചാരികള്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഫിഷ് ഫുഡ്, സണ്‍സ്‌ക്രീന്‍ ക്രീം, സിഗരറ്റ് എന്നിവ കൈവശം വെക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലോകത്തിന് അത്രയേറെ പരിചിതമല്ലെങ്കിലും നദിയുടെ ചുററുവട്ടത്തുളള വിരലിലെണ്ണാവുന്ന പ്രദേശവാസികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് കാനോ ക്രിസ്‌ടെയില്‍. അതുകൊണ്ട് തന്നെ നദിയിലെ ചെറിയ വെള്ളച്ചാട്ടത്തിന് പ്രദേശത്ത് ജനിച്ച കൊച്ചുകുഞ്ഞിന്റെ പേരാണ് അവര്‍ നല്‍കിയത്. പിസിന കരോള്‍. വിശാലമായ പുല്‍മേടുകള്‍, വിവിധ ഇനങ്ങളിലുള്ള പക്ഷികള്‍, മൃഗങ്ങള്‍ ഇതെല്ലാം കാനോ ക്രിസ്‌ടെയില്‍ യാത്രയെ അവിസ്മരണീയമാക്കും.
കടപ്പാട്; ബി.ബി.സി