14 വർഷങ്ങൾക്കു മുമ്പാണ്. പരസ്യങ്ങൾക്കും ഡോക്യുമെന്ററികൾക്കും ശബ്ദം ചെയ്തുവരികയായിരുന്ന കാലത്താണ് സഞ്ചാരത്തിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. ഒരു ബന്ധുവഴിയാണ് സന്തോഷിനെ പരിചയപ്പെടുന്നത്. പ്രേക്ഷകർക്ക് പരിചിതമല്ലാത്ത ശബ്ദത്തിൽ, ഇതുവരെ കേട്ട യാത്രാവിവരണ ശൈലിയിൽ നിന്ന് വേറിട്ടുനിൽക്കുന്ന പരിപാടിയെന്നതായിരുന്നു സന്തോഷിന്റെയും സ്ക്രിപ്റ്റ് എഴുതുന്ന രതീഷിന്റെയും ആവശ്യം.
അഞ്ചാമത്തെ എപ്പിസോഡ് മുതൽ ഞാൻ സഞ്ചാരത്തിന് ശബ്ദം നൽകിത്തുടങ്ങി. രാജൻ ആന്റണി എന്നയാളായിരുന്നു അതിനു മുമ്പുള്ള നാല് എപ്പിസോഡുകൾ ചെയ്തത്. ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഞാൻ ശബ്ദം നൽകുന്നതും.
സഞ്ചാരം ഇതിനോടകം 1180 എപ്പിസോഡുകൾ പിന്നിട്ടു. ഇടയ്ക്ക് എനിക്കൊരു ചെറിയ വാഹനാപകടം ഉണ്ടായ സമയത്ത് മറ്റൊരാൾ ശബ്ദം നൽകിയിരുന്നു. അതൊഴിച്ചാൽ മറ്റെല്ലാ എപ്പിസോഡുകൾക്കും ഞാൻ തന്നെയാണ് ശബ്ദം നൽകിയിട്ടുള്ളത്.
വായിച്ചും പറഞ്ഞും ലോകം ചുറ്റിക്കണ്ടു. യാത്രാവിവരണം യഥാർഥത്തിൽ ലോകം ചുറ്റിയ അനുഭവം നൽകാറുണ്ടോ? വിവരണത്തിലൂടെ കാണാൻ ആഗ്രഹം തോന്നിയ സ്ഥലം?
വിവരണം നടത്തിയ ഒരു സ്ഥലവും ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. ഇന്ത്യയ്ക്കു പുറത്ത് ദുബായിൽ മാത്രമേ പോയിട്ടുള്ളൂ. സന്തോഷിനൊപ്പമാണ് പോയത്. എന്നാൽ സഞ്ചാരത്തിൽ ദുബായ് അവതരിപ്പിച്ചിട്ടില്ല. ഫിൻലൻഡ് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട്; അതുപോലെ വിശുദ്ധനാടുകളും.
സഞ്ചാരത്തിൽ കേൾക്കുന്നത് സന്തോഷിന്റെ ശബ്ദമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. വിഷമം തോന്നാറുണ്ടോ?
ചിലപ്പോഴൊക്കെ ദുഃഖം തോന്നാറുണ്ട്. പരിപാടിയുടെ അവസാനഭാഗത്തു കാണിക്കുന്ന ക്രെഡിറ്റ് ലൈനുകൾ അധികമാരും ശ്രദ്ധിക്കാറില്ല. മിക്കവരും അടുത്ത ചാനലിലേക്ക് പോകാറാണ് പതിവ്. അതുകൊണ്ടുതന്നെ പല പ്രമുഖ ടെലിവിഷൻ പരിപാടികളുടെയും അണിയറപ്രവർത്തകർ ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്.
പ്രമുഖ മിമിക്രി കലാകാരൻമാർ അനീഷിന്റെ ശബ്ദം അ നുകരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ട്രോളുകളിൽ താങ്കളുടെ ആഖ്യാനശൈലി പ്രയോഗിക്കുന്നു. പൊതുവേദികളിൽ സ്വരത്തിലൂടെ ആളുകൾ തിരിച്ചറിയാറുണ്ടോ?
രമേഷ് പിഷാരടിയാണ് ആദ്യമായി ഒരു സ്റ്റേജ് ഷോയിൽ എന്റെ ശബ്ദം അനുകരിക്കുന്നത്. ഗായകൻ അനൂപ് ശങ്കർ വഴിയാണ് ഇക്കാര്യം ഞാനറിയുന്നത്.
രമേഷിന്റെ ഫോൺ നമ്പർ വാങ്ങുകയും ഉടൻ തന്നെ വിളിക്കുകയും ചെയ്തു. ഈ ശബ്ദം പരിചയമുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഇല്ല എന്ന മറുപടി വന്നപ്പോൾ, താങ്കൾ അനുകരിച്ച ശബ്ദമാണെന്ന് പറഞ്ഞു. പിഷാരടി ചില നടൻമാരുടെ പേരുകൾ പറഞ്ഞുനോക്കി. ഒടുവിൽ അനീഷാണ് വിളിക്കുന്നതെന്ന് ഞാൻ വെളിപ്പെടുത്തി. താങ്കളുടെ ഫോൺകോൾ ഒട്ടും പ്രതീക്ഷിച്ചില്ല എന്നായിരുന്നു പിഷാരടിയുടെ പ്രതികരണം.
കോട്ടയം നസീർ എന്റെ സുഹൃത്താണെങ്കിലും സഞ്ചാരത്തിന്റെ ശബ്ദം ഞാനാണെന്ന് ഏറെ നാളുകൾക്കു ശേഷമാണ് അറിയുന്നത്. പല വേദികളിലും അദ്ദേഹം എന്റെ ശബ്ദം അനുകരിച്ചിട്ടുണ്ട്. നിന്റെ ശബ്ദമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി ചളമാക്കുമായിരുന്നു എന്നാണ് ഇക്കാര്യം അറിഞ്ഞപ്പോൾ നസീർ പ്രതികരിച്ചത്.
ഞാൻ ശബ്ദം നൽകിയ സങ്കീർത്തനങ്ങൾ എന്ന ഓഡിയോ സി.ഡി., ജോസഫ് മാർ ബർണബാസ് തിരുമേനി ഡോ. ഡി. ബാബു പോളിന് സമ്മാനിച്ചാണ് പ്രകാശനം ചെയ്തത്. സി.ഡി. കേട്ടശേഷം ബാബു സാർ തിരുമേനിയോട് ചോദിച്ചു, ഈ ശബ്ദം സഞ്ചാരം പറയുന്ന ആളുടേതല്ലേ എന്ന്. തിരുമേനി ഇക്കാര്യം എന്നെ വിളിച്ചു പറയുകയും പിന്നീട് മറ്റൊരു വേദിയിൽ വെച്ച് ഞാൻ ബാബു സാറിനെ പരിചയപ്പെടുകയും ചെയ്തു.
പൊതുവേദികളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോഴും സഞ്ചാരത്തിലെ ശബ്ദമല്ലേ എന്നുചോദിച്ച് പലരും പരിചയപ്പെടാൻ എത്താറുണ്ട്.
ഡബ്ബിങ് രംഗത്തേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?
പള്ളിയിലെ സൺഡേ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി മൈക്കിനു മുന്നിലെത്തുന്നത്. അന്ന് കുര്യൻ തോമസ് അച്ചനാണ് ആദ്യമായി എന്റെ ശബ്ദത്തെ അഭിനന്ദിക്കുന്നത്. നിന്റെ ശബ്ദം ഒരുകാലത്ത് ലോകം തിരിച്ചറിയുമെന്ന് അച്ചൻ പറയുമായിരുന്നു.
പിന്നീട് ഫാർമസിയിൽ ബിരുദം നേടിയ ഞാൻ പഠനം കഴിഞ്ഞിരിക്കുന്ന നേരത്ത് അവിചാരിതമായി ഒരു പരസ്യത്തിന് ശബ്ദം നൽകി. നല്ല അഭിപ്രായം ലഭിക്കുകയും പിന്നാലെ ധാരാളം അവസരങ്ങൾ തേടിയെത്തുകയും അങ്ങനെ ഡബ്ബിങ് സ്ഥിരം തൊഴിലായി സ്വീകരിക്കുകയുമായിരുന്നു.
സിനിമയ്ക്ക് ശബ്ദം നൽകിയിട്ടുണ്ടോ?
കലാഭവൻ മണി നായകനായ ചാക്കോ രണ്ടാമൻ, കുഞ്ചാക്കോ ബോബന്റെ ഫൈവ് ഫിങ്കേഴ്സ് എന്നിവയാണ് ശബ്ദം നൽകിയ സിനിമകൾ.
സന്തോഷ് എന്ന സഞ്ചാരിയെ കുറിച്ച്?
വിവരണങ്ങൾക്കും അപ്പുറമാണ് സന്തോഷ് എന്ന സഞ്ചാരി. കുടുംബം ഉൾപ്പെടെയുള്ള സ്വകാര്യജീവിതം മാറ്റിവെച്ച് അദ്ദേഹം യാത്രകൾ നടത്തുന്നു; അനുഭവങ്ങൾ ജനങ്ങളിലെത്തിക്കുന്നു. സ്ഥലം കണ്ടുപിടിക്കുക, ക്യാമറയിൽ റെേക്കാഡ് ചെയ്യുക, വിവരങ്ങൾ ശേഖരിക്കുക എന്നിങ്ങനെ സഞ്ചാരത്തിന്റെ 90 ശതമാനം സംഭാവനയും അദ്ദേഹത്തിന്റെതാണ്.
120-ലധികം രാജ്യങ്ങൾ കണ്ട സന്തോഷിന് നമ്മുടെ നാട്ടിലെ വിനോദസഞ്ചാരമേഖലയുടെ വളർച്ചയ്ക്കായി വലിയ സംഭാവനകൾ നൽകാനാകും. എന്നാൽ അദ്ദേഹത്തെ ഫലപ്രദമായി ഉപയോഗിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല എന്നത് അത്യന്തം ദുഃഖകരമാണ്.