'ബുള്ളറ്റിലൊരു ഹിമാലയന്‍ യാത്ര, ബൈക്കുകളോട് ഇഷ്ടംതോന്നിയ കാലം മുതല്‍ എന്റെ സ്വപ്നമായിരുന്നു. അങ്ങനെയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പതിന്നാലാം ഹിമാലയന്‍ ഒഡീസിയിലെ 61 അംഗ റൈഡര്‍മാരില്‍ ഒരാളായത്. 2401 കിലോമീറ്റര്‍ ദൂരം ബുള്ളറ്റിന്റെ തണ്ടര്‍ബേഡില്‍ പിന്നിട്ടു. 51-ാം വയസ്സില്‍ ഈ നേട്ടം കൈവരിച്ച ആദ്യത്തെ സ്ത്രീയായി ഞാന്‍..'' മിനി അഗസ്റ്റിന്‍ പറഞ്ഞുതുടങ്ങി. ആ സ്വപ്നയാത്രയെക്കുറിച്ച്.
ജൂലായ് എട്ടിന് ഇന്ത്യാ ഗേറ്റില്‍ നിന്നായിരുന്നു തുടക്കം. നാലു വനിതകളായിരുന്നു ടീമില്‍. എല്ലാവരും ചെറുപ്പക്കാര്‍. 50 പിന്നിട്ട നാലോ അഞ്ചോ പുരുഷന്മാരും. മലയും മരവും ആകാശവും ഒന്നാകുന്ന കാഴ്ചകളിലൂടെയായിരുന്നു ബുള്ളറ്റ് നീങ്ങിയിരുന്നത്. ഡല്‍ഹിയില്‍നിന്ന് ചണ്ഡീഗഢിലേക്കായിരുന്നു ആദ്യം പോയത്. അവിടെനിന്ന് മണാലിയിലേക്ക്. പിന്നെ ഹിമാചല്‍ പിന്നിട്ട് പതിനൊന്നാം തിയതിയോടെ ലേ-മണാലിയിലെ സര്‍ച്ചുവിലെത്തി. ഹിമാലയന്‍ യാത്രയിലേക്കുള്ള പ്രധാന വിശ്രമകേന്ദ്രമായിരുന്ന സര്‍ച്ചുവില്‍ ടെന്റടിച്ച് താമസിച്ചു.
അവിടെനിന്ന് പിന്നെയും തുടര്‍ന്നു. പിന്നെ സമുദ്ര നിരപ്പില്‍ നിന്ന് 5,359 മീറ്റര്‍ ഉയരത്തിലുള്ള ഖാഡുലയും ടാങ്ലലയും പിന്നിട്ടുതുടങ്ങുമ്പോഴേക്കും ഓക്‌സിജന്‍ കുറഞ്ഞതിന്റെയും മറ്റും പ്രശ്‌നങ്ങള്‍ നേരിട്ടുതുടങ്ങി. യാത്ര നിര്‍ത്തേണ്ടിവരുമോ എന്നു?േപാലും ഭയന്നു. പക്ഷേ, എനിക്ക് ലക്ഷ്യത്തിലെത്തേണ്ടിയിരുന്നു. മനസ്സിന്റെ കരുത്തില്‍ എല്ലാം മറികടന്നു മുന്നോട്ടുനീങ്ങി. റൈഡിങ്ങും കാഴ്ചകാണലും ഒരുമിച്ചു നടക്കില്ല. ആ വിഷമത്തിലായിരുന്നു ഓരോ ഇടവും പിന്നിട്ടത്. എങ്കിലും പ്രകൃതിമനോഹാരിത നിറഞ്ഞ ലഡാക്കിലെ നുബ്ര താഴ്വരയും ഹുണ്ടാറുമൊക്കെ എന്നെ പിടിച്ചുനിര്‍ത്തി. യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഞങ്ങള്‍ക്കായി അവിടെ പ്രകൃതി ഒരുക്കിവെച്ചിരുന്നു. വണ്ടിനിര്‍ത്തി ഞാന്‍ കാഴ്ചകള്‍ ആസ്വദിച്ചു.
വഴിയല്ല... കല്ലും വെള്ളവും ചെളിയും
ഹൈവേ പിന്നിട്ടപ്പോള്‍തന്നെ റോഡുകള്‍ ഇല്ലാതായിത്തുടങ്ങി. നദികളില്‍ക്കൂടിയും ഉരുണ്ട കല്ലുകള്‍ മാത്രമുള്ള പാതയിലൂടെയും ചെളിയിലൂടെയുമൊക്കെയായിരുന്നു യാത്ര. ചിലപ്പോള്‍ വെള്ളത്തിലൂടെ വണ്ടി ഓടിക്കുമ്പോള്‍ ബൂട്ടുള്‍പ്പെടെ നനയും. മഞ്ഞത്തു നനഞ്ഞുള്ള റൈഡിങ്... ബൂട്ടും വസ്ത്രവും മാറാന്‍നിന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സമയം തെറ്റും. എനിക്ക് അതിനു കളയാന്‍ സമയമില്ലായിരുന്നു. ഒരു ഭാഗത്ത് മലയും മറു ഭാഗത്ത് അഗാധഗര്‍ത്തവും. ഒരുനിമിഷം ശ്രദ്ധ പതറിയാല്‍ കഴിഞ്ഞു. നൂല്‍പ്പാലം പോലെയുള്ള ഓരോ വഴികളാണ് പലയിടത്തും.
ഖിലോങ് തൊട്ട് ഖാസ വരെയുള്ള 170 കിലോമീറ്റര്‍ ശരിക്കും അഗ്‌നിപരീക്ഷണംതന്നെയായിരുന്നു. ഇതില്‍ 100 കിലോമീറ്ററോളം റോഡില്ല. രണ്ടു ട്രക്കുകള്‍ പുഴയില്‍ കുടുങ്ങിയതുകാരണം ആറ് മണിക്കൂറോളം നഷ്ടപ്പെട്ടു. പിന്നെയും പലവഴിക്ക് 5 മണിക്കൂര്‍ കൂടെ നഷ്ടപ്പെട്ടു. ഈ സമയം ഓടിപ്പിടിക്കണം. അതായിരുന്നു ലക്ഷ്യം. വഴിയില്ലാത്ത ഇടങ്ങളില്‍ക്കൂടി രാത്രി പതിനൊന്നര വരെയൊക്കെ റൈഡ് ചെയ്തു.
സര്‍ച്ചുവും പാങ്ങുമൊക്കെ പിന്നിട്ടപ്പോള്‍തന്നെ കൂട്ടത്തിലുള്ള നാലുപേര്‍ യാത്ര അവസാനിപ്പിച്ചു. ഒരാള്‍ക്ക് സുഖമില്ലാതായി. മറ്റൊരാള്‍ ബുള്ളറ്റോടിക്കുന്നതിനിടെ വീണു. 57 അംഗസംഘം പിന്നെയും തുടര്‍ന്നു. ഡല്‍ഹിയില്‍നിന്ന് തുടങ്ങിയ യാത്ര 17 ദിവസംകൊണ്ടു ഹിമാലയന്‍ കാഴ്ചകള്‍ കണ്ട് തിരികെ വീണ്ടും ചണ്ഡീഗഢിലെത്തി. അവിടെയായിരുന്നു യാത്രപൂര്‍ത്തിയാക്കിയത്.
യാത്രപോവാന്‍ എന്തിനു മടിക്കണം
2401 കിലോമീറ്റര്‍ ഒരപകടവും കൂടാതെ 51 വയസ്സുള്ള എനിക്ക് പിന്നിടാന്‍ കഴിഞ്ഞെങ്കില്‍ നിങ്ങള്‍ക്കും കഴിയും. എത്രയോ സ്ത്രീകളുടെ മനസ്സില്‍ ഇത്തരം സ്വപ്നങ്ങള്‍ കെട്ടിപ്പൂട്ടി ഭദ്രമായി വെച്ചിട്ടുണ്ടാകും. അതിനെയങ്ങു തുറന്നുവിടണം നിങ്ങള്‍.
സ്‌കൂട്ടര്‍ ഓടിക്കാന്‍ തുടങ്ങിയ കാലം മുതല്‍ എന്നെ പിന്തിരിപ്പിക്കാന്‍ എത്രയോ പേരുണ്ടായിരുന്നു. നീയിങ്ങനെ വണ്ടിയോടിച്ചു നടന്നാല്‍ ഗര്‍ഭപാത്രത്തിനു ദോഷമാണെന്നുവരെ നീണ്ട ഉപദേശങ്ങള്‍. രണ്ടു കുട്ടികളുണ്ടായി. അതും സുഖപ്രസവത്തിലൂടെ. സ്വപ്നങ്ങളെ പിന്തുടരാന്‍ എന്നെ സഹായിക്കാന്‍ ഭര്‍ത്താവുണ്ടായിരുന്നു. എപ്പോഴും ഞങ്ങള്‍ പോകാന്‍ പുതിയ സ്ഥലങ്ങള്‍ തേടിക്കൊണ്ടിരിക്കും. അവധിദിനങ്ങള്‍ യാത്രകള്‍ക്കുവേണ്ടി മാത്രമുള്ളതാണ്.
ഇപ്പോഴും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുപോലും ഞാന്‍ പലയിടങ്ങളിലും ബുള്ളറ്റില്‍തന്നെയാണ് പോകുന്നത്. ചിലര്‍ അദ്ഭുതത്തോടെ നോക്കും. മറ്റു ചിലര്‍ ദേഷ്യത്തോടെയും. ചിലര്‍ സൈഡ് തരില്ല. ചിലപ്പോള്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നത് ഹിമാലയന്‍ യാത്രയേക്കാള്‍ ഭീകരമായി തോന്നും. പക്ഷേ, തോല്‍ക്കാന്‍ കഴിയില്ല. കാരണം ഈ ലോകം എന്റേതുകൂടിയാണ്......
വാരിയെല്ല് ഒടിഞ്ഞിട്ടും പിന്‍വാങ്ങിയില്ല
കനറാബാങ്കില്‍ ജോലി കിട്ടി 1994-ല്‍ ചെന്നൈയില്‍ എത്തിയതുമുതലാണ് സ്‌കൂട്ടര്‍ സഹയാത്രികനായത്. ഭര്‍ത്താവ് ബിജു പോള്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസില്‍ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് അന്ന് ബജാജിന്റെ ഒരു ചേതക്കുണ്ട്. പിന്നെ ഔദ്യോഗികവാഹനമായി ബുള്ളറ്റും.
എന്റെ ജോലിസ്ഥലത്തേക്കു പോകാന്‍ കുറച്ചുദൂരമുണ്ട്. വേണമെങ്കില്‍ വണ്ടിയോടിക്കാന്‍ പഠിച്ചോ... ഞാന്‍ ഓഫീസില്‍ കൊണ്ടാക്കില്ലെന്ന് ഭര്‍ത്താവ് നയം വ്യക്തമാക്കി. പിന്നെ സ്‌കൂട്ടറോടിക്കാന്‍ പഠിക്കാതെ നിവൃത്തിയില്ലല്ലോ. പഠനകാലത്ത് സ്വന്തമായി ലൂണ ഉണ്ടായിരുന്നതുകൊണ്ട് സ്‌കൂട്ടര്‍ ഓടിക്കാന്‍ വലിയ പ്രയാസമൊന്നുമുണ്ടായില്ല. വണ്ടിയോടിക്കുന്നതിനിടയില്‍ എത്രതവണ വീണിട്ടുണ്ടെന്ന് എനിക്കുതന്നെ അറിയില്ല.
പക്ഷേ, ഓഫീസില്‍നിന്ന് മടങ്ങുന്ന വഴി ചെന്നൈയിലെ തരമണിയില്‍ റോഡിലെ ഒരു കുഴിയില്‍ ബജാജ് ചേതക്കില്‍ നിന്നും വീണ ഞാനെങ്ങനെ ആസ്പത്രിയിലെത്തി എന്ന് ഇപ്പോഴും അറിയില്ല. രണ്ട് വാരിയെല്ലുകള്‍ പൊട്ടി, വലത്തെകൈയിലെ മുട്ടിനുതാഴെ വലിയൊരു മുറിവുമുണ്ടായി... അങ്ങനെ മൂന്നുമാസം സ്‌കൂട്ടര്‍ തൊട്ടില്ല. അപകടത്തിനുശേഷം വണ്ടിയോടിക്കാന്‍ ധൈര്യമില്ലായിരുന്നു. എന്നാല്‍ മൂന്നു മാസത്തിനുശേഷം ഭര്‍ത്താവ് തന്നെ താക്കോലെടുത്തു കൈയില്‍തന്നു. ഗര്‍ഭിണിയായി എട്ടാംമാസം വരെയും ഞാന്‍ കിക്കറുള്ള ചേതക് സ്‌കൂട്ടറില്‍ സവാരി നടത്തി.
സ്‌കൂട്ടറില്‍ കറങ്ങുന്ന പരുക്കന്‍ സ്വഭാവക്കാരി
സ്‌കൂട്ടറില്‍ ഓഫീസിലെത്തുന്ന ഞാനൊരു പരുക്കന്‍ സ്വഭാവക്കാരിയാണെന്നായിരുന്നു സഹപ്രവര്‍ത്തകര്‍ കരുതിയത്. ഏറെ സംസാരിക്കാനും തമാശ പറയാനും ഇഷ്ടപ്പെട്ടിരുന്ന എന്നോട് അത്ര അടുപ്പവും ആരും കാണിച്ചില്ല. അക്കാലത്ത് ഇതൊന്നും അത്ര പരിചിതമല്ലാത്തതിനാല്‍ ആയിരിക്കണം അന്നവര്‍ അങ്ങനെ കരുതിയത്. 1997-ല്‍ 100 സിസിയുടെ സുസുക്കി സമുറായി വാങ്ങി. പിന്നീട് അതിലായിരുന്നു യാത്ര.
പിന്നെ 150 സി.സി.യുള്ള ഹോണ്ടയുടെ യൂണികോണ്‍ വാങ്ങി. ഇതോടിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പലപ്പോഴും അദ്ഭുതജീവിയായി. ഇതൊന്നും പെണ്ണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണിയല്ലെന്ന നാട്ടുകാരുടെ ഉപദേശം വേറെ. കനറാബാങ്കിന്റെ ചാലപ്പുറം റീജ്യണല്‍ ഓഫീസിലെ സീനിയര്‍ മാനേജറാണിപ്പോള്‍. മാതാപിതാക്കള്‍ കോട്ടയംകാരാണെങ്കിലും വളര്‍ന്നതും പഠിച്ചതുമൊക്കെ കോയമ്പത്തൂരിലാണ്. ജീവിതം ചെന്നൈയിലും. ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി ഇന്ത്യയുടെ പലഭാഗത്തും ജോലിചെയ്തു.
യാത്രകള്‍... ഒരുമിച്ചും ഒറ്റയ്ക്കും...
ആദ്യകാലത്തൊക്കെ ദീര്‍ഘദൂരയാത്രകള്‍ ഭര്‍ത്താവിനൊപ്പമായിരുന്നു. വണ്ടി ഞങ്ങള്‍ മാറിമാറി ഓടിക്കും. ഭൂട്ടാന്‍ നൈനിറ്റാള്‍ യാത്ര നടത്തിയത് ഒരുമിച്ചാണ്. കൊല്‍ക്കത്തയില്‍ ജോലിചെയ്ത സമയത്താണ് ഒറ്റയ്ക്ക് യാത്ര ചെയ്തുതുടങ്ങിയത്. അവിടെ എന്നെപ്പോലെതന്നെ റൈഡിങ്ങില്‍ താത്പര്യമുള്ള സ്ത്രീസുഹൃത്തുക്കളെ കിട്ടി. പക്ഷേ, അതൊക്കെ നല്ല റോഡുകളായിരുന്നു. അപകടമേഖലകള്‍ ഒഴിവാക്കിയുള്ള യാത്രയായിരുന്നു കൂടുതലും. ഹിമാലയന്‍ യാത്ര അപ്പോഴും സ്വപ്നമായി ശേഷിച്ചു. എന്റെ ഹിമാലയന്‍യാത്ര എന്നെക്കാള്‍ സ്വപ്നംകണ്ടത് ഭര്‍ത്താവായിരുന്നു.
അപ്പോഴും ഒരു ഓഫ് റോഡ് റൈഡിങ് നടക്കും എന്നുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല. ഇതുകാരണം ഏതാണ്ട് യാത്രയ്ക്കില്ലെന്ന തീരുമാനത്തിലെത്തിയിരുന്നു ഞാന്‍. എന്നാല്‍ ഭര്‍ത്താവ് േപ്രാത്സാഹിപ്പിച്ചു. ഫ്‌ലിപ്കാര്‍ട്ടുവഴി ഹിമാലയന്‍ യാത്രയ്ക്കാവശ്യമുള്ള സാധനങ്ങള്‍ ഓരോന്നായി അദ്ദേഹം ഓര്‍ഡര്‍ ചെയ്തു. ഇതൊക്കെ കിട്ടുംതോറും എന്റെ ആത്മവിശ്വാസവും കൂടി. പിന്നീട് ഒരു വര്‍ഷം തയ്യാറെടുപ്പുകള്‍ക്കുവേണ്ടി നീക്കിവെച്ചു. ജിമ്മില്‍പ്പോയി ശരീരം ഫിറ്റാക്കി. ദീര്‍ഘദൂര യാത്രയാകുമ്പോള്‍ നടുവേദന ഉറപ്പാണ് അതൊഴിവാക്കാന്‍ സൂര്യനമസ്‌കാരം ചെയ്ത് ആ ദിവസത്തിനുവേണ്ടിയുള്ള കാത്തിരിപ്പായി...