എംടി കഥകളിലെ കഡുഗണ്ണാവ; വാക്കുകള്‍ യാത്രാനുഭവമായപ്പോള്‍


നജിം കൊച്ചുകലുങ്ക് fidhel@gmail.com

7 min read
Read later
Print
Share

എം.ടി.യുടെ പ്രശസ്തമായ 'നിന്റെ ഓര്‍മയ്ക്ക് ', 'കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് ' എന്നീ കഥകളിലൂടെയും ഈ രണ്ടുകഥയ്ക്കും പശ്ചാത്തലമായ കഡുഗണ്ണാവ എന്ന ഉള്‍നാടന്‍ ശ്രീലങ്കന്‍ പട്ടണത്തിലൂടെ നടത്തിയ യാത്ര

ചെറിയൊരു അങ്ങാടിയുടെ നടുവില്‍ കാര്‍ നിര്‍ത്തി ആഷ്ലി പറഞ്ഞു: 'ഇതാണ് കഡുഗണ്ണാവ.' അയാള്‍ പതുക്കെ കാറില്‍നിന്നിറങ്ങി. ഏറിയാല്‍ 30 പീടികകള്‍മാത്രംവരുന്ന ചെറിയ ഒരങ്ങാടി. രണ്ടുകെട്ടിടങ്ങള്‍ മാത്രം കോണ്‍ക്രീറ്റിലാണ്. ബാക്കിയെല്ലാം ഓടുമേഞ്ഞ മേല്‍ക്കൂരകള്‍.
''ഇതോ?''
''ഇതുതന്നെ''
അകലെ കുന്നിന്‍ചെരിവുകളില്‍ ചായത്തോട്ടങ്ങളാണ്; അതിനുമപ്പുറം കാടുകളും.
''അച്ഛന്റെ പേര്?''
''കെ.എം. നായര്‍''

മൂന്ന് ടാക്‌സികള്‍ ആലിന്‍ചുവട്ടില്‍ കിടക്കുന്നുണ്ട്. ആഷ്ലി ആ ഡ്രൈവര്‍മാരുമായി സംസാരിച്ചു. എന്നിട്ട് പീടികകളുടെ നേര്‍ക്ക് നടന്നു. വേണു അദ്ഭുതപ്പെട്ടു. അച്ഛന്‍ പ്രതാപിയായിവാണു എന്നുകേട്ട നഗരം ഇതോ? നാട്ടിലെ പഴയ പടിഞ്ഞാറങ്ങാടി ഇതിലും വലുതാണല്ലോ. (കടുഗണ്ണാവ, ഒരു യാത്രക്കുറിപ്പ്)

* * *

ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയാല്‍ കഡുഗണ്ണാവയില്‍ പോകണമെന്ന് ആഗ്രഹമുണ്ടായത് രണ്ടു ദശകങ്ങള്‍ക്ക് മുമ്പാണ്. അക്കാലത്താണ് എം.ടി. വാസുദേവന്‍ നായരുടെ ചേതോഹരമായ ആ കഥ, 'കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' വായിച്ചത്; അതിന് നാലുപതിറ്റാണ്ടുമുമ്പ് എഴുതപ്പെട്ട 'നിന്റെ ഓര്‍മയ്ക്ക്' എന്ന കഥയുടെ തുടര്‍ച്ച. 'നിന്റെ ഓര്‍മയ്ക്ക്' എന്ന കഥയിലെ ലീലയുടെ നാടും വീടും
സാധിച്ചാല്‍ അവളെത്തന്നെയും കണ്ടെത്താന്‍ കഥാകൃത്ത് നടത്തുന്ന സഞ്ചാരമാണല്ലോ 'കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്.' കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും കഥ മനസ്സില്‍ പച്ചപിടിച്ചുകിടന്നു. ഒപ്പം ശ്രീലങ്കയില്‍ പോകണമെന്ന ആഗ്രഹവും. ഇപ്പോഴാണ് അത് സാധിക്കുന്നത്.

റിയാദില്‍നിന്നാണ് ശ്രീലങ്കയിലെ കടുനായകെ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഒരു മാസത്തേക്കാണ് വിസയെങ്കിലും മൂന്നുദിവസമേ തങ്ങാന്‍ പദ്ധതിയുള്ളൂ. കാര്‍ സൗകര്യത്തോടെ ഒരു ടൂറിസ്റ്റ്
ഗൈഡിനെയാണ് ഇനി വേണ്ടത്. നേരത്തേ കൊളംബോ സന്ദര്‍ശിച്ചിട്ടുള്ള മറ്റൊരു സുഹൃത്ത് ഒരു ടൂറിസ്റ്റ് ടാക്‌സിഡ്രൈവറുടെ നമ്പര്‍ തന്നിരുന്നു. വിളിച്ചപ്പോള്‍ വന്നെത്തിയത് പത്തൂം സമരനായകെ എന്ന ഊര്‍ജസ്വലനായ സിംഗള ചെറുപ്പക്കാരന്‍. കൂടെ പുതുപുത്തന്‍ ഹോണ്ട ഫിറ്റ് കാറും.

രണ്ടുദിവസം ചുറ്റിയടിക്കാനുള്ള തുക പറഞ്ഞുറപ്പിക്കുന്നതിനിടയില്‍ പ്രത്യേകം സൂചിപ്പിച്ചു, റൂട്ട് ഏതായാലും കഡുഗണ്ണാവ കാണണം. സ്ഥലപ്പേര് കേട്ടപ്പോള്‍ പത്തൂം പറഞ്ഞു: ''അതുപോകും, കാന്‍ഡിയിലേക്കുള്ള നമ്മുടെ റൂട്ടില്‍ത്തന്നെയാണ് കഡുഗണ്ണാവ. അവിടെയാണ് ദേശീയ റെയില്‍വേ മ്യൂസിയം. കാണേണ്ടതാണ്.''
പ്രശസ്തനായ മലയാളി എഴുത്തുകാരന്‍ തന്റെ രാജ്യത്തെ ഒരു സ്ഥലം പശ്ചാത്തലമാക്കി കഥയെഴുതിയിട്ടുണ്ടെന്ന് കേട്ടപ്പോള്‍ പാത്തൂം ജിജ്ഞാസുവായി. കഥ കേള്‍ക്കാന്‍ അയാള്‍ ധൃതിപ്പെട്ടു. ഒന്നല്ല, രണ്ട് കഥകള്‍, രണ്ടും പറഞ്ഞാലേ എഴുത്തുകാരന്റെ ആത്മാംശമുള്ള കഥ പൂര്‍ണമാകൂ എന്ന് ഞാന്‍ പറഞ്ഞു.

നിന്റെ ഓര്‍മയ്ക്ക്

'നിന്റെ ഓര്‍മയ്ക്ക്' തുടങ്ങുന്നതുതന്നെ ഒരു തീയതിയില്‍നിന്നാണ്. 20-09-1954. ഒരു പന്തീരാണ്ടിനുശേഷം വാസു എന്ന ഇരുപത്തിരണ്ടുകാരന് തന്റെ പെങ്ങളെക്കുറിച്ച് ഓര്‍മവന്ന ദിവസമാണത്. പഴയപെട്ടിയില്‍നിന്ന് ഒരു റബ്ബര്‍ മൂങ്ങയെ കിട്ടിയതാണ് കാരണം. ലീല, അതായത് അയാളുടെ പെങ്ങള്‍, അവളാണ് ആ റബ്ബര്‍മൂങ്ങ സമ്മാനിച്ചത്. താക്കോല്‍ക്കൂട്ടം ചൂണ്ടാണിവിരലിലിട്ട് ചുഴറ്റിക്കൊണ്ട് തുകല്‍പ്പെട്ടിയുടെ മുകളില്‍ ഇരുന്ന ആ പെണ്‍കുട്ടി. വിളറിയ നിറത്തില്‍ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ത്തിയ ചുരുണ്ട ചെമ്പന്‍ മുടിയുമുള്ള ലീല. അച്ഛന് സിലോണിലെ ബന്ധത്തിലുണ്ടായ മകള്‍. സ്‌കൂളിലെ സഹപാഠികള്‍ കളിയാക്കിയതുപോലെ 'കൊളമ്പിലെ ചെട്ടിച്ചി'യുടെ മകള്‍.

വളരെക്കാലം സിലോണിലായ അച്ഛന്‍ നീണ്ട ആറുവര്‍ഷത്തിനുശേഷമാണ് അത്തവണ നാട്ടില്‍വന്നത്. അപ്പോള്‍ കൊണ്ടുവന്നതാണ് അവളെ. വാസുവിന് അന്ന് 10 വയസ്സാണ്. നോറ്റുനോറ്റിരുന്നിട്ടും പെണ്‍മണിയൊന്നിനെ കിട്ടാതെ അമ്മ നാലാമത് പെറ്റതും ആണ്‍കുട്ടിയെ. വാസുവിനെ പ്രസവിച്ചപ്പോള്‍ നാട്ടിലെത്തിയ അച്ഛന്‍ അവന് നാലുവയസ്സുള്ളപ്പോഴാണ് അവസാനമായി സിലോണിലേക്ക് മടങ്ങിപ്പോയത്. പിന്നെ വരുന്നത് ആറുവര്‍ഷത്തിനുശേഷം.

വീട്ടില്‍ വന്നുകയറിയ അച്ഛനെ കണ്ണുനിറയെ കണ്ടുനില്‍ക്കുമ്പോഴാണ് മറ്റൊരദ്ഭുതം അവന്‍ ശ്രദ്ധിച്ചത്. അച്ഛന്റെ പിറകില്‍ ഒരു പെണ്‍കുട്ടി! വീടിനകത്ത് പിന്നീടുണ്ടായ പിറുപിറുക്കലുകളില്‍നിന്ന് ആ സത്യം മനസ്സിലാക്കി: ലീല അച്ഛന്റെ മകളാണ്! അവള്‍ കാരണം അച്ഛനും അമ്മയും പിണങ്ങി. അച്ഛന്‍ അവളെയുംകൂട്ടി സ്വന്തം തറവാടായ വന്നേരിയിലേക്ക് പോയി. പിന്നെ കൊളമ്പിലേക്ക് തിരിച്ചുപോയെന്നും കേട്ടു. വീട്ടില്‍നിന്ന് അന്നവള്‍ അച്ഛനോടൊപ്പം ഇറങ്ങിപ്പോകുന്ന കാഴ്ച വാസുവിന്റെ മനസ്സിലുണ്ട്.


ആ കഥയില്‍ പി.കെ. വേണുഗോപാല്‍ എന്ന പത്രപ്രവര്‍ത്തകനില്ല. കഡുഗണ്ണാവ എന്ന സ്ഥലസൂചനയുമില്ല. ഉള്ളത് കൊളമ്പും സിലോണുംമാത്രം. എന്നാല്‍, ലീലയുടെ നാട് അതില്‍ അദൃശ്യസാന്നിധ്യമായിരുന്നു. അതാണ് കഡുഗണ്ണാവ.

കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്

40 വര്‍ഷത്തിനുശേഷം 'കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എന്ന കഥയിലെത്തുമ്പോള്‍ വാസു, പി.കെ. വേണുഗോപാല്‍ എന്ന വലിയ പത്രപ്രവര്‍ത്തകനായി. സിലോണ്‍ ശ്രീലങ്കയായി. കൊളമ്പ് കൊളംബോയും. കഡുഗണ്ണാവ എന്ന ആ അദൃശ്യപശ്ചാത്തലം വെളിപ്പെടുകയും ചെയ്യുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് പ്രേമദാസ കൊല്ലപ്പെട്ട് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് പി.കെ. വേണുഗോപാല്‍ ഒരു രാജ്യാന്തര മാധ്യമസെമിനാറില്‍ പങ്കെടുക്കാന്‍ കൊളംബോയിലേക്ക് വിമാനം കയറുന്നത്.

പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ലീലയെ, തന്റെ പെങ്ങളെ, കാണണമെന്ന ആഗ്രഹമുണ്ടാകുമ്പോഴെല്ലാം ശ്രീലങ്കയില്‍ പോകാനൊരുങ്ങിയിട്ടുണ്ടെങ്കിലും അയാളുടെ യാത്ര പലകാരണങ്ങളില്‍ തട്ടി മുടങ്ങി. ഒടുവില്‍ എല്ലാം ശരിയാവുമ്പോഴേക്കും പ്രായാധിക്യത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളായി. അതുമൂലം യാത്രകള്‍ ഒഴിവാക്കുന്നത് പതിവാക്കിയിട്ടും ശ്രീലങ്കയില്‍നിന്നുവന്ന ക്ഷണം സ്വീകരിച്ചതിന് ആ ഒറ്റ കാരണമേയുണ്ടായിരുന്നുള്ളൂ: കഡുഗണ്ണാവ. ശ്രീലങ്കയില്‍ എന്നും കാണാനാഗ്രഹിച്ച ഒരേയൊരു സ്ഥലം. അച്ഛന്‍ ദീര്‍ഘകാലം ഒരു പ്രതാപിയെപ്പോലെവാണ സ്ഥലം. ലീലയുടെ ജന്മനാട്. അങ്ങനെ കഥാനായകന്‍ യാത്രപുറപ്പെടുന്നു.

* * *

''നോക്കൂ ആഷ്ലി, 1922-ലാണ് എന്റെ അച്ഛന്‍ സിലോണില്‍ വന്നത്.''
''ധാരാളം പണമുണ്ടായിരിക്കും'' -അയാള്‍ ചിരിച്ച് വേണുവിന്റെ ചുമലില്‍ തട്ടി. അപ്പോള്‍ കേട്ട കഥ പറഞ്ഞു. അച്ഛന് എന്തൊക്കെയോ സ്വത്തുണ്ടായിരുന്നത്രെ. ഒരു തോട്ടം, രണ്ടുപീടികകള്‍. അതെല്ലാം അവിടെ ഒരു പെണ്‍കുട്ടിക്ക് കൊടുത്തു എന്നാണ് നാട്ടില്‍ സംസാരം. കഡുഗണ്ണാവയിലെ പെണ്‍കുട്ടി.

നഗരംവിട്ട് മലമ്പാതയിലൂടെ സഞ്ചരിച്ച് ചെറിയ രണ്ട് ചുരങ്ങള്‍ കയറി മുകളിലെത്തിയപ്പോള്‍ ആഷ്ലി കാറ് നിര്‍ത്താന്‍ പറഞ്ഞു. കഡുഗണ്ണാവ എന്ന വാക്കിനര്‍ഥം അറിയാമോ? വഴിയമ്പലം എന്നാണ്. അവിടെനിന്നാല്‍ കാന്‍ഡിയിലെ നഗരാതിര്‍ത്തിയിലെ ഓടുമേഞ്ഞ മേല്‍ക്കൂരകള്‍ പച്ചപ്പടര്‍പ്പിനിടയ്ക്കും ചിതറിക്കിടക്കുന്നു. നഗരത്തെ വലംവെച്ചുപോകുന്ന മഹാബലിപ്പുഴയുടെ ഒരു വളവും അവിടെനിന്ന് കാണാം.

* * *

പത്തൂം പറഞ്ഞു: ''എനിക്കറിയുന്ന അര്‍ഥം വേറെയാണ്. കഡുഗണ്ണാവയ്ക്ക് ഒരു ചരിത്രമുണ്ട്. കാന്‍ഡി ഭരിച്ചിരുന്ന വിക്രം രാജസിംഗെ രാജാവിന്റെ കാലഘട്ടം. ചുരം കയറിവന്ന രാജാവ് ശത്രുവിനെ നേരിടാന്‍നിന്ന സ്ഥലമാണ് ഇവിടെ. കൊടിയ ഏറ്റുമുട്ടലാണ് പിന്നീടുണ്ടായത്. രാജാവ് ഉറയില്‍നിന്ന് വാളൂരിയ സ്ഥലം എന്ന അര്‍ഥമാണ് കഡുഗണ്ണാവയ്ക്ക് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. വഴിയമ്പലം എന്ന അര്‍ഥവുമുണ്ടാവാം.''

കേരളംപോലെ തോന്നിക്കുന്ന പ്രകൃതിയും ജനവാസമേഖലകളും. വീടും റോഡും തെരുവും പട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം കേരളംതന്നെയെന്ന് ആവര്‍ത്തിച്ച് പറയുന്നപോലെ. പക്ഷേ, ദൈവത്തിന്റെ സ്വന്തം നാടിനെക്കാള്‍ വൃത്തിയുണ്ട് അസുരരാജാവിന്റെ നാടിന്!

ശ്രീലങ്കയിലെ ഊട്ടിയായ നുവര ഏലിയ പട്ടണത്തില്‍ നാലുംകൂടിയ കവലയില്‍ നില്‍ക്കുമ്പോള്‍ എന്റെ കൈയില്‍നിന്ന് ഒരു പേപ്പര്‍കഷ്ണം താഴെവീണു. ഉടന്‍ കുനിഞ്ഞ് അതെടുത്ത് സമീപത്തുകണ്ട കംഗാരുപ്പെട്ടിയില്‍ നിക്ഷേപിച്ച പത്തൂമിനോട് ഞാന്‍ ചോദിച്ചു, ''നഗരവൃത്തി! നിയമം അത്രയ്ക്കും കര്‍ശനമാണോ ഇവിടെ? കടുത്ത ശിക്ഷ?''

''ഹേയ് ഇല്ല. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് വൃത്തി. അത് എല്ലാവരും കര്‍ശനമായി പാലിക്കുന്നു.'' മറ്റൊന്നുകൂടി ശ്രദ്ധിച്ചു. തികഞ്ഞ ശാന്തതയാണ് നാടിന്റെ അന്തരീക്ഷത്തിന്. ഒച്ചപ്പാടുകളും ബഹളങ്ങളുമില്ല. ചുറ്റുപാടും കണ്ട ജനജീവിതങ്ങളിലും സന്തോഷത്തിന്റെ നിറവ്. സമ്പല്‍സമൃദ്ധിയുടെ നേരിയ മിനുപ്പ്.

ഞാന്‍ വീണ്ടും കഥയിലേക്ക് മടങ്ങി. അതിലെ അന്തരീക്ഷത്തിന് മാറ്റമുണ്ടായിരുന്നു. അശാന്തിയായി ശ്രീലങ്ക കഥയാകെ നിറഞ്ഞുനില്‍ക്കുന്നു.

* * *

നാലാംനിലയിലെ മുറിയില്‍നിന്ന് നോക്കിയാല്‍ കടലിന്റെ അംശം കാണാം. മുകളില്‍ കൊടി പാറുന്ന കെട്ടിടം. അതിന്റെ മുകളില്‍ ഒരു ഹെലികോപ്റ്റര്‍ പറക്കുന്നത് നോക്കിനില്‍ക്കേ ഗുണതിലകെ പറഞ്ഞു: ''സെക്യൂരിറ്റി. പ്രസിഡന്റിന്റെ ഓഫീസാണ്.''
അയാള്‍ ജനാലയിലെ കര്‍ട്ടന്‍ നീക്കി.
''നോക്കൂ, നേവല്‍ ബോട്ടുകള്‍ മുന്നില്‍, ഗാര്‍ഡ് ഡ്യൂട്ടിയുണ്ട്'''
''ഇപ്പോള്‍ സ്ഥിതിഗതികള്‍ എങ്ങനെയുണ്ട്. പൊതുവേ ശാന്തമാണോ?''
''എന്നും ശാന്തമാണ്. എന്നും അപകടമുണ്ടാവുകയും ചെയ്യാം. അതാ, ആ മേല്‍പ്പുര കാണുന്നില്ലേ? ഗോപുരം പോലത്തെ മേല്‍പ്പുര. അതിനുതാഴെയാണ് പ്രേമദാസയെ കൊല്ലാന്‍ ബോംബ് പൊട്ടിയത്. കെന്നഡി പറഞ്ഞതാണ് ശരി, ആര്‍ക്കെങ്കിലും എന്നെ കൊല്ലണമെങ്കില്‍ എത്ര സുരക്ഷാസന്നാഹത്തിനും തടയാനാവില്ല. എന്റെ ജീവന് പകരം സ്വന്തം ജീവന്‍ കൊടുക്കാനുള്ള സന്നദ്ധതമാത്രം മതി ഒരുത്തന്.''

ആഷ്ലി ഗുണതിലകെ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. മുപ്പത്തഞ്ചിലേറെ പ്രായം വരില്ല. പ്രായമേറിയ ഒരു ഭരണാധികാരിയുടെ പക്വമായ സ്വരത്തിലാണ് അയാള്‍ സംസാരിക്കുന്നതെന്ന് വേണുഗോപാല്‍ ശ്രദ്ധിച്ചു. ''പന്ത്രണ്ടു വയസ്സുകാരെയാണ് ഇപ്പോള്‍ എല്‍.ടി.ടി.ഇ. റിക്രൂട്ട് ചെയ്യുന്നത്. പട്ടാളക്യാമ്പിലെ കൂട്ടക്കൊല കഴിഞ്ഞപ്പോള്‍ പകരം വീട്ടാന്‍ പതിനഞ്ചുവയസ്സുകാര്‍ ഞങ്ങളുടെ റിക്രൂട്ടിങ് ഓഫീസുകളില്‍ ദിവസവും ക്യൂ നില്‍ക്കുന്നു. ഷെല്ലി പറഞ്ഞത് കേട്ടിട്ടുണ്ടോ?''
''ആര്?''
''ഷെല്ലി, പി.ബി. ഷെല്ലി. ഇംഗ്ലീഷ് കവി. യുദ്ധം ഭരണാധികാരികള്‍ക്ക് വിനോദമാണ്, പുരോഹിതര്‍ക്ക് ആനന്ദമാണ്. അഭിഭാഷകര്‍ക്ക് ഫലിതമാണ്. വാടകക്കൊലയാളിക്ക് വ്യാപാരവുമാണ്.''

* * *

കഥ കേള്‍ക്കുന്നതിനിടയില്‍ പാത്തൂം ചിരിച്ചു. ''നിങ്ങളുടെ കഥാകൃത്ത് പഴയ ശ്രീലങ്കയെക്കുറിച്ചാണ് എഴുതിയത്. പുതിയ ശ്രീലങ്കയെ അദ്ദേഹത്തിന് അറിയില്ല.2010-നുശേഷമുള്ള ശ്രീലങ്ക പുതിയതാണ്. ഇവിടെ ഇപ്പോള്‍ വിഘടനവാദമില്ല. രാജ്യത്തിന്റെയും തങ്ങളുടെയും അഭിവൃദ്ധിയിലാണ് എല്ലാവിഭാഗം ജനങ്ങളുടെ ശ്രദ്ധയും താത്പര്യവും.''

പാത്തൂം പറയുന്നത് എന്താണെന്ന് മനസ്സിലായി. തമിഴ് ഈഴ വിടുതലൈ പുലികളെ ശ്രീലങ്കന്‍സൈന്യം അമര്‍ച്ചചെയ്ത സംഭവത്തെക്കുറിച്ചാണ്. തങ്ങളെ ശ്രീലങ്കന്‍സൈന്യം പരാജയപ്പെടുത്തിയെന്ന് എല്‍.ടി.ടി.ഇ. ലോകത്തോട് തുറന്നുസമ്മതിക്കുന്നത് 2009 മേയ് 17-ന്. പത്രങ്ങളില്‍ അടിച്ചുവന്ന വേലുപ്പിള്ള പ്രഭാകരന്റെയും മകന്റെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം മൃതശരീരങ്ങളുടെ ചിത്രങ്ങള്‍ പെട്ടെന്ന് ഓര്‍മയില്‍ തെളിഞ്ഞുവന്നു. വല്ലാത്ത അസ്വസ്ഥത പടര്‍ത്തുന്നതായിരുന്നു ആ ദാരുണ ചിത്രങ്ങള്‍.

കൊളംബോയിലും സമീപമേഖലകളിലും സിംഹളരും മുസ്ലിങ്ങളും തമ്മിലുണ്ടായ വര്‍ഗീയകലാപങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. കലാപാനന്തരം ശ്രീലങ്ക സന്ദര്‍ശിച്ച തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍ വംശഹത്യയോളം രൂക്ഷഫലമുണ്ടാക്കിയ ആ കലാപത്തെക്കുറിച്ച് എഴുതിയത് മറക്കാനുള്ള കാലമായിട്ടില്ലായിരുന്നു.
''അത്തരം ചില അസ്വസ്ഥതകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ സാഹചര്യത്തിനും മാറ്റമുണ്ട്.'' കൊളംബോയിലെ തന്റെ വീടിനടുത്തുള്ള മുസ്ലിം കുടുംബങ്ങളുമായുള്ള സൗഹൃദത്തെക്കുറിച്ചും തന്റെ പ്രിയപ്പെട്ട മുസ്ലിം യുവ സുഹൃത്തുക്കളെക്കുറിച്ചും പാത്തൂം വാചാലനായി.

രാവണന്റെ അസുരലങ്കയെ ബുദ്ധന്‍ സമാധാനത്തിലേക്ക് വീണ്ടെടുത്തുവെന്നാണ് ഐതിഹ്യം. ആ രാജ്യം രണ്ടായി പിളരുന്ന അവസ്ഥയില്‍നിന്നാണ് രക്ഷപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ ചാവേറാക്രമണങ്ങള്‍ നടത്തിയ, അതിനുവേണ്ടി 15 വയസ്സുപോലും തികയാത്ത കുട്ടികളെ ഉപയോഗിച്ച എല്‍.ടി.ടി.ഇ.യുടെ ക്രൂരവിനോദത്തിനാണ് അന്ത്യംകുറിച്ചത്. അത് ഒരുകണക്കിന് വലിയ സമാധാനംതന്നെയാണ്. ഏതുനിമിഷവും ബോംബ്‌പൊട്ടുമെന്ന്, വംശീയകലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന് ഭയപ്പെട്ട ഒരു അപകടമുനമ്പിലായിരുന്നു ആ നാട്. അതിന് മാറ്റംവന്നെങ്കില്‍ അതൊരു നല്ല കാര്യംതന്നെ.

കഡുഗണ്ണാവയില്‍

കയറ്റം കയറുമ്പോഴേ കണ്ടു, റോഡിലെ ആ തുരങ്കം. തുമ്പിക്കൈ തറയില്‍ കുത്തി തലകുമ്പിട്ട് നില്‍ക്കുന്ന ഒരു ആനയെപ്പോലെ തോന്നിപ്പിച്ച വലിയ പാറക്കെട്ട്. കീഴ്ചുണ്ട് തറയില്‍ മുട്ടുംവിധം വലിച്ചുതുറന്ന വായപോലെ തുരങ്കവും. അതൊരു കൗതുകക്കാഴ്ചയായിരുന്നു.



കൊളംബോ-കാന്‍ഡി ഹൈവേയില്‍ പാറതുരന്ന് റോഡ് നിര്‍മിച്ചത് പതിനെട്ടാം നൂറ്റാണ്ടിലാണ്. കഡുഗണ്ണാവയുടെ അടയാളമായി അതുതന്നെ ആദ്യം മനസ്സില്‍ പതിയുകയും ചെയ്തു. ദ്വീപിലെ ആദ്യത്തെ ആധുനിക ഹൈവേയാണ് തലസ്ഥാന നഗരത്തെയും മലമുകളിലെ വിനോദസഞ്ചാരകേന്ദ്രവും ബുദ്ധിസ്റ്റുകളുടെ ആഗോള തീര്‍ഥാടനകേന്ദ്രവുമായ കാന്‍ഡിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റോഡ്. ബ്രിട്ടീഷ് സര്‍ക്കാറുദ്യോഗസ്ഥനായിരുന്ന എന്‍ജിനീയര്‍ വില്യം ഫ്രാന്‍സിസ് ഡേവിസണാണ് റോഡുപണിക്ക് നേതൃത്വംനല്‍കിയത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാകുംമുമ്പ് അദ്ദേഹം മരിച്ചു. കഡുഗണ്ണാവയിലുള്ള ഡേവിസണ്‍ ടവര്‍ അദ്ദേഹത്തിനുള്ള സ്മാരകമാണ്.

ചുരംകയറി മുകളിലെത്തിയപ്പോള്‍ കുറേദൂരം ഒരേനിരപ്പിലുള്ള റോഡാണ്. അതില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന സാമാന്യം തിരക്കുപിടിച്ച പട്ടണമായി കഡുഗണ്ണാവ വളര്‍ന്നിട്ടുണ്ട്. കാല്‍നൂറ്റാണ്ടുമുമ്പ് എം.ടി. തന്റെ നാട്ടിലെ പടിഞ്ഞാറങ്ങാടിയെക്കാള്‍ ചെറുതായിക്കണ്ട അങ്ങാടിയല്ല ഇന്ന് കഡുഗണ്ണാവ. കുന്നുകള്‍ക്കിടയില്‍ പച്ചപുതച്ച് കിടപ്പാണെങ്കിലും ആധുനിക നാഗരികഭാവം അങ്ങിങ്ങ് തലയുയര്‍ത്തി നില്‍ക്കുന്നു.

പട്ടണനടുവിലാണ് ദേശീയ റെയില്‍വേമ്യൂസിയം. പ്രകൃതിയുടെ അഴകും ഈ മ്യൂസിയവും മറ്റുചില ചരിത്രസ്മാരകങ്ങളുംകൊണ്ട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ഇന്ന് കഡുഗണ്ണാവ. 150 വയസ്സ് പിന്നിട്ട ശ്രീലങ്കന്‍ റെയില്‍വേയുടെ വാര്‍ഷികം പ്രമാണിച്ചാണ് ദേശീയ റെയില്‍വേമ്യൂസിയം കഡുഗണ്ണാവയില്‍ സ്ഥാപിച്ചത്. ദ്വീപിലെ ആദ്യത്തെ റെയില്‍പ്പാതയിലെ ആദ്യതീവണ്ടി സ്റ്റേഷനുകളിലൊന്നാണ് കഡുഗണ്ണാവ.

മ്യൂസിയം മാത്രമല്ല, കാണാന്‍ പലതുമുണ്ട് കഡുഗണ്ണാവയില്‍. എന്നാല്‍, കഥയില്‍നിന്ന് ഇറങ്ങിവരാന്‍ മടിച്ച മനസ്സ് വേറെചിലതാണ് അവിടെ തിരഞ്ഞുകൊണ്ടിരുന്നത്.
വേണുവിന്റെ അച്ഛന്‍ വ്യാപാരം നടത്തിയിരുന്ന പീടിക എവിടെയാണ്? നാട്ടില്‍നിന്ന് കൊണ്ടുവന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന മുകള്‍ത്തട്ടുള്ള കെട്ടിടം? രണ്ട് പീടികകളായിരുന്നല്ലോ സ്വന്തമായി അവിടെ ഉണ്ടായിരുന്നെന്ന് കേട്ടത്. അതെല്ലാം എവിടെ? ചായത്തോട്ടം? ലീലയുടെ വീട്? അവളുടെ മകനെന്ന് ഊഹിക്കാനായ അരഭ്രാന്തന്‍ യുവാവിനെ വേണു ഒടുവില്‍ കണ്ട ആ സ്ഥലവും വീടും തോട്ടിക്കോല്‍കൊണ്ട് അയാള്‍ പായല്‍ വലിച്ചുകൂട്ടിയിരുന്ന കുളവും എല്ലാം എവിടെയാണുള്ളത്?

സ്ഥലം തെറ്റിയതാണോ? കഥയിലെ കഡുഗണ്ണാവ വേറെയാണോ?
വേറെയാവാന്‍ തരമില്ല. ഈ രാജ്യത്ത് കഡുഗണ്ണാവ എന്ന പേരില്‍ ഈ സ്ഥലം മാത്രമേയുള്ളൂ എന്ന് പാത്തൂം പറയുന്നുണ്ടായിരുന്നു. തുരങ്കം കടന്ന് ചുരമിറങ്ങുന്ന കാറിലിരിക്കുമ്പോഴും എന്റെ മനസ്സ് കഥയിലേക്കുതന്നെ ചാഞ്ഞുകിടന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

7 min

സോനാഗച്ചിയും പൊള്ളുന്ന ചുംബനവും

Mar 29, 2016


mathrubhumi

3 min

കുന്നത്തൂര്‍ പാടി മുത്തപ്പന്‍ ദേവസ്ഥാനം... പ്രകൃതിയോടിണങ്ങുന്ന ആത്മീയതയുടെ വ്യത്യസ്ത അനുഭവം

Nov 26, 2019