തടസ്സങ്ങളോടു തടസ്സങ്ങളായിരുന്നു തുടക്കത്തില്‍. പ്രളയം കാരണം ആദ്യയാത്ര മാറ്റിവെക്കേണ്ടിവന്നു. ചെളിയും വെള്ളവും നിറഞ്ഞ വീട് വൃത്തിയാക്കി ഒരുവിധം കരകയറി വീണ്ടും യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ജലാനയില്‍ കൊടുംമഴയെന്നറിയുന്നത്. അങ്ങനെ വീണ്ടും ടിക്കറ്റ് കാന്‍സല്‍ചെയ്തു. മൂന്നാംതവണ അടുത്ത ബന്ധുവിന്റെ മരണം കാരണം യാത്ര മാറ്റിവെച്ചു. അതോടെ മനസ്സിലൊരു മാറാവിചാരം കടന്നുകൂടി. ജലാനയിലേക്ക് പോവാന്‍ എന്തോ ഒരു തടസ്സമുണ്ടല്ലോ. പോകണോ അതോ മാറ്റിവെക്കണോ. മനസ്സിന്റെ ത്രാസില്‍ ചിന്തകള്‍ ബാലന്‍സ്‌ചെയ്തുനോക്കി. ഒടുക്കം ഒരു വാശിപോലെ പോയേ അടങ്ങൂ എന്ന വിചാരത്തില്‍ വന്നുറച്ചു. അങ്ങനെ ഒക്ടോബര്‍ രണ്ടിന് ഒന്നേമുക്കാലിനുള്ള ഗോ എയര്‍ വിമാനത്തില്‍ ജയ്പുരിലേക്ക് ടിക്കറ്റെടുത്തു.
വിമാനത്താവളത്തില്‍ റണ്‍വേ വരെ എത്തിയപ്പോഴാണ് അടുത്ത തടസ്സം! എഞ്ചിന്‍ തകരാറ് കാരണം വിമാനം വിടാന്‍പറ്റില്ല. മൈ ഗോഡ്! വിവരമറിഞ്ഞപ്പോള്‍ വീട്ടുകാര്‍ വേഗം തിരിച്ചുപോന്നാളാന്‍ പറഞ്ഞു. പക്ഷേ, എന്റെ മനസ്സില്‍ വാശി വളര്‍ന്നു. രാത്രി എട്ടരയോടെ ഗോ എയര്‍ ഏര്‍പ്പെടുത്തിയ അടുത്ത വിമാനത്തില്‍ കയറി. മൂന്നാംതീയതി പുലര്‍ച്ചെ ഒരുമണിയോടെ ജയ്പുരില്‍ ലാന്‍ഡ്ചെയ്തു. വിമാനത്താവളത്തില്‍നിന്ന് ഏഴുകിലോമീറ്ററേയുള്ളൂ ജലാനയ്ക്ക്. പോവുംവഴിയിലാണ് ബുക്ക്‌ചെയ്ത ഹോട്ടല്‍ റെഡ്ഫോര്‍ട്ട്.
മുറിയിലെത്തി ഫ്രെഷായി ഒന്നുറങ്ങിയെന്നുവരുത്തുമ്പോഴേക്കും സഫാരിവണ്ടി വന്നു. 6.10-ന് ഹോട്ടലില്‍നിന്ന് യാത്രതുടങ്ങി. ജലാനാ വന്യജീവിസങ്കേതത്തില്‍ മൂന്ന് സോണുകളാണുള്ളത്. ആറേമുക്കാലിനാണ് രാവിലെ പ്രവേശനം. സമയമാവാന്‍ കാത്തിരിക്കുമ്പോഴാണ് മറ്റൊരു റൂട്ടിലൂടെ ചെറിയ വണ്ടികളൊക്കെ പോവുന്നത് കണ്ടത്. കാടിനുള്ളിലെ ഒരു ക്ഷേത്രത്തിലേക്കുള്ള വഴിയാണത്. സമയമാവുമ്പോഴേക്കും നമുക്കും ആ വഴിയൊന്ന് പോയാലോ എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് കുരങ്ങുകളുടെ ഒരു മഹാസമ്മേളനം കണ്ടത്. ആയിരമെങ്കിലും കാണും.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു കോള്‍. എല്ലാവരും ജാഗരൂകരായി. അതാ ഒരു കഴുതപ്പുലി. ഏതാണ്ട് ഒരു മുപ്പതടി മാറി ജീപ്പിനോട് ചേര്‍ന്ന് അരകിലോമീറ്ററോളം അവന്റെ സൈറ്റിങ്. ആദ്യത്തെ ശുഭസൂചനയായി തോന്നി. എല്ലാ തടസ്സങ്ങള്‍ക്കുമപ്പുറം ചില നല്ല വാര്‍ത്തകള്‍ കാത്തിരിക്കുന്നുണ്ടാവുമെന്ന് മനസ്സ് സന്തോഷിച്ചു. അങ്ങേയറ്റം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഹൈനകള്‍ ഈ പ്രദേശത്ത് എട്ടോ ഒമ്പതോ ഉണ്ട്. പക്ഷേ, ഇവയെ കാണുന്നത് അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ആദ്യകാഴ്ചയില്‍ ഹൈന പ്രത്യക്ഷപ്പെട്ടത് എന്റെ ക്യാമറയ്ക്കുവേണ്ടിത്തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആറേമുക്കാലോടെ സഫാരിപാതയിലേക്ക് കയറി യാത്ര തുടരുമ്പോള്‍ ഇതേ ഹൈന വീണ്ടും പ്രത്യക്ഷപ്പെട്ടു. മാനുകള്‍ ഹൈനയുടെ പോക്കും നോക്കിനില്‍ക്കുന്ന ചില ഫ്രെയിമുകള്‍ സ്വന്തമാക്കി. കുറേ നല്ല മൂവ്മെന്റുകള്‍ കിട്ടി. മുഴുവന്‍ സമയവും അലേര്‍ട്ടാണ് അവ. ഹൈനയുടെ ചലനങ്ങള്‍ കണ്ടുകൊണ്ടിരിക്കാന്‍ നല്ല രസമാണ്. പക്ഷേ, അവയെ ക്യാമറയിലാക്കുന്ന തിരക്കില്‍ അത് ആസ്വദിക്കാനാവില്ല. പിന്നെ പടങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ആ ഹരം തിരിച്ചറിയുന്നത്.
ജലാനയിലെ പുള്ളിപ്പുലികളാണ് പ്രധാന ലക്ഷ്യം. പുലികളുടെ കാലടിപ്പാടുകള്‍ കണ്ടെങ്കിലും ഒന്നിനെയും നേരില്‍ കാണാനില്ല. വണ്ടി കുറച്ചുകൂടി ഉള്‍ക്കാട്ടിലേക്ക് കടന്നു. മരുഭൂമിയോട് ചേര്‍ന്ന കാടാണ് ജലാനയിലെത്. വന്‍മരങ്ങള്‍ അധികമില്ല. ഒരുതരം തുറന്ന കാടാണ്. പച്ചപ്പിന് പച്ചപ്പുമുണ്ട്. മുള്‍മരങ്ങളും കുറ്റിച്ചെടികളുമാണ് കൂടുതലും. അതുകൊണ്ടുതന്നെ പക്ഷിനിരീക്ഷണത്തിനും ഏറ്റവും ഉത്തമമായ ഇടമാണിത്. ഇടയ്ക്കിടെ പക്ഷികള്‍ എന്റെ ക്യാമറയിലാവുന്നുണ്ട്. ഇടയ്‌ക്കൊരു നീല്‍ഗൈയും ഫ്രെയിമിലെത്തി. ഇന്ത്യന്‍ റോളര്‍ എന്ന കഴുകനെ തൊട്ടടുത്ത് കിട്ടി. അതുപോലെ മയിലുകളും ഏറെയുണ്ടായിരുന്നു. ഇവിടത്തെ പുലികള്‍ക്ക് മാനിനെയും മീനിനെയുമല്ല ഇഷ്ടം. അണ്ണാനെയാണെന്ന് തോന്നുന്നു. പ്രത്യേകിച്ചും പെണ്‍പുലികള്‍ക്ക്. ഉടുമ്പ്, മയില്‍ എന്നിവയെയും അവ ഇരയാക്കുന്നു. ഫ്‌ളോറ എന്ന രാജ്ഞിപ്പുലിയും ക്ലിയോപാട്ര, ജൂലിയറ്റ് എന്ന പെണ്‍മക്കളും പ്രിന്‍സ് എന്ന മകനും അടങ്ങുന്ന പുലിക്കുടുംബം ഇവിടെ പ്രശസ്തമാണ്. അവയുടെ മൂവ്മെന്റുള്ള സ്ഥലം നോക്കിയാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്.
വീണ്ടും ഒരു കഴുതപ്പുലിയെ കണ്ടു. ഒരു വെള്ളച്ചാട്ടത്തിനരികിലായിരുന്നു അത്. പെട്ടെന്നാണത് സംഭവിച്ചത്. ഞങ്ങളുടെ തൊട്ടുപിന്നില്‍ ഏതാണ്ട് ഒരഞ്ചടി അകലത്തില്‍ ജൂലിയറ്റ് വന്നു. അവള്‍ ഞങ്ങളെ സാകൂതം നോക്കുന്നൊരു ഫോട്ടോ കിട്ടി. മനസ്സില്‍ സന്തോഷം നിറയാന്‍തുടങ്ങി. ഞങ്ങളുടെ ജിപ്സിയോട് ചേര്‍ന്ന് അവള്‍ ഹൈനയുടെ പിറകെ പമ്മി പമ്മി ചെന്നു. പക്ഷേ, പിന്നെ ഹൈനയെയും കാണാനില്ല, ജൂലിയറ്റിനെയും കാണാനില്ല. രണ്ടും ദൃഷ്ടിയില്‍നിന്ന് മാഞ്ഞു.
എട്ടേമുക്കാലോടെ സഫാരി അവസാനിപ്പിച്ചു. മടക്കയാത്രയ്‌ക്കൊരുങ്ങി. അതാ വീണ്ടും ഒരു കോള്‍. സാധാരണ കുരങ്ങുകളുടെ കോളാണ് കേള്‍ക്കാറ്. ഇത് മയിലിന്റെ മാക് മാക് ശബ്ദമായിരുന്നു. സഫാരി ട്രാക്ക് വിട്ട് അല്പം ഉള്ളിലായി പുലി. മരത്തില്‍നിന്ന് ചാടുന്ന ഒരു ഫോട്ടോ കിട്ടി. അണ്ണാനെ പിടിക്കാന്‍ കയറിയതാണ്. ഞങ്ങളുടെ തൊട്ടുമുകളിലുള്ള മരത്തിലായിരുന്നു. അത്. കൈക്കലാക്കിയ അണ്ണാനെയുംകൊണ്ട് അത് താഴേക്ക് വന്നു. അവിടെ ഒരു മണ്‍പുറ്റിനടുത്ത് വന്നിരുന്നു. പുറ്റില്‍ കയ്യിട്ട് രണ്ട് അണ്ണാന്‍കുഞ്ഞുങ്ങളെയും പിടിച്ചു. സമയം അതിക്രമിച്ചതുകൊണ്ട് ഞങ്ങള്‍ക്ക് മടങ്ങിയേമതിയാവൂ. ക്യാമറയ്ക്ക് ഒരുവിധം തൃപ്തിയായതുകൊണ്ടുതന്നെ സന്തോഷത്തോടെ മടങ്ങി.
ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാണ് അടുത്ത സഫാരി. രണ്ട് വണ്ടികള്‍ ഉണ്ടായിരുന്നു. ഗേറ്റ് നമ്പര്‍ മൂന്നിലൂടെ കുറേദൂരം പോയി. ഏതാണ്ട് ഒരുമണിക്കൂര്‍ അലഞ്ഞിട്ടും പക്ഷികളെയല്ലാതെ ഒന്നും കണ്ടില്ല. ഒരു പക്ഷി എട്ടുകാലിയെ ഭക്ഷിക്കുന്ന പടം എടുത്തുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഒരു കോള്‍. ഒരു പത്തടി അകലത്തില്‍ അവള്‍ പ്രത്യക്ഷപ്പെട്ടു. ക്ലിയോപാട്ര. അവള്‍ അവിടെയിരുന്ന് മുന്‍ഭാഗം പൊക്കി ഞങ്ങളെയൊന്ന് നോക്കി. പിന്നെ ഏതോ ഇരയെ കണ്ടപോലെ ഒന്ന് പതുങ്ങി. ഒരു പക്ഷിയെ പിടിക്കാനുള്ള ശ്രമമാണ്. ഒരു ക്യാച്ച് കിട്ടുമെന്ന പ്രതീക്ഷയില്‍ മനസ്സിലൊരു കിളി ചിറകടിച്ചു. ഒരു ഫോട്ടോഗ്രാഫര്‍ക്കും കിട്ടാത്ത നല്ലൊരു ഫ്രെയിം കിട്ടിയേക്കുമെന്നൊക്കെ അത്യാഗ്രഹംപൂണ്ട മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. നാച്വറല്‍ ജിയോഗ്രാഫിക് ചാനലിന്റെ അവാര്‍ഡൊക്കെ മനസ്സില്‍ വന്നു. പക്ഷേ, കിളി പറന്നുപോയി. അത്യാഗ്രഹത്തിന്റെ വര്‍ണബലൂണുകളെല്ലാം പൊട്ടിച്ചിതറി.
വീണ്ടും മുന്നോട്ട്. അഞ്ചുമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും ക്ലിയോപാട്രയെയും കാണാതായി. അല്പം മാറി അമ്പലംപോലൊരു പഴയ കെട്ടിടമുണ്ടായിരുന്നു. അതിനടുത്തുവെച്ച് ട്രാക്കില്‍കൂടിയല്ലാതെ കയറിവരുന്നൊരു പടം കിട്ടി. എന്തോ കണ്ടപോലെ അത് നോക്കുന്നുണ്ടായിരുന്നു. വെള്ളം കുടിക്കാനുള്ള പുറപ്പാടായിരിക്കുമെന്ന് ആദ്യം തോന്നി. പിന്നെ ഒരു പാമ്പിനെ കണ്ടതിന്റെ നോട്ടങ്ങളായിരുന്നെന്ന് മനസ്സിലായി. പാമ്പ് ജിപ്സിക്കരികിലൂടെ ഇഴഞ്ഞുപോയി. സമയം ഇരുട്ടിത്തുടങ്ങി. ഫോട്ടോ എടുക്കാന്‍പറ്റാത്ത അന്തരീക്ഷമായി.
എടുത്ത ഫോട്ടോകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഇവിടത്തെ പുള്ളിപ്പുലികള്‍ കൂറേക്കൂടി സുന്ദരികളാണെന്ന് തോന്നി. ഭംഗിയുള്ള വെള്ളാരംകല്ലുകളും കറുത്ത പുള്ളികളും കൂറേ കൂടുതലുള്ളതായും മനസ്സിലായി. വാലിനും നീളം കൂടുതലുണ്ട്. മൊത്തത്തിലിവിടെ 32 പുള്ളിപ്പുലികളാണുള്ളത്. അഞ്ച് കുഞ്ഞുങ്ങളുമുണ്ട്. മാനുകള്‍, നീല്‍ഗൈ, കുറുക്കന്‍, കുരങ്ങുകള്‍ പിന്നെ പക്ഷികള്‍ എമ്പാടും. ഏത് വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറും ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് ജലാന എന്ന് പറയാം. പല മൃഗങ്ങളുടെയും സ്വഭാവവിശേഷങ്ങളും പ്രകൃതിയിലുള്ള അവയുടെ പെരുമാറ്റങ്ങളും പഠിക്കാന്‍ പറ്റിയ ഇടം. പിന്നെ വിമാനത്താവളം, നഗരം എന്നിവയ്ക്കടുത്ത് ഇതുപോലൊരു പാര്‍ക്ക് വേറെങ്ങും കാണുമെന്നും തോന്നുന്നില്ല.
ജിപ്സിയിലാണെങ്കില്‍ 4500 രൂപയാണ് നാലുപേരടങ്ങുന്ന ഒരു സഫാരിക്ക്. താമസത്തിന് രണ്ടുദിവസത്തേക്ക് 4000 രൂപയായി. ത്രീസ്റ്റാര്‍ സൗകര്യങ്ങളുള്ള ഹോട്ടലായിരുന്നു അത്. ഒരാള്‍ക്ക് 400 രൂപ വരുന്ന സാധാരണ സഫാരിയും ഇവിടെയുണ്ട്.
മൃഗങ്ങളെ കാണാനുള്ള ചാന്‍സ് കൂടുതല്‍ ജിപ്സിയില്‍ പോവുമ്പോഴാണ്. ഫോട്ടോയെടുക്കാനുള്ള സൗകര്യവും അത്തരം യാത്രയിലാണ്.
Jhalana
Jhalana Safari Park is the best place to witness wildness at its best. Wild Animals like Leopards, Hyena, Blue Bull, Deer, Peacocks, Monkeys etc are the main attractions.
How to reach
By Air: Jaipur(7km)
By Train: Jaipur(11km)
By Road: Buses are available from Jaipur.
Safari Timings: 6:00 AM - 9:00 AM, 3:00 PM - 6:00 PM | Sun - Sat 6:00 AM - 9:00 AM