പെണ്ണുങ്ങളുടെ യാത്ര കണ്ട് പുരികം ചുളിക്കുന്നവരോട് ഇന്ദുവും കൂട്ടരും പറയുന്നു: എസ്‌ക്കേപ്പ് നൗ


ജെസ്‌ന ജിന്റോ ജോര്‍ജ്

നല്ല ശമ്പളമുള്ള ജോലി രാജിവെച്ച് സ്വപ്നം സ്വന്തമാക്കാനായി അവര്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പൊളിഞ്ഞടുങ്ങിയത് അതുവരെ ചുറ്റുമുള്ള ലോകം കരുതിവെച്ചിരുന്ന ഒരുകൂട്ടം മിത്തുകളായിരുന്നു.

സ്ത്രീകള്‍ മാത്രമായി വിനോദയാത്ര നടത്തിയാല്‍ അത് വിജയിക്കുമോ? നാലുവര്‍ഷം മുമ്പ് 'എസ്‌കേപ്പ് നൗ' എന്ന പേരില്‍ സ്ത്രീകള്‍ക്കായി യാത്രാസംരംഭം തുടങ്ങുമ്പോള്‍ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും അമരക്കാരി ഇന്ദു നേരിട്ട പ്രധാന ചോദ്യം ഇതാണ്. നല്ല ശമ്പളമുള്ള ജോലി രാജിവെച്ച് സ്വപ്നം സ്വന്തമാക്കാനായി അവര്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പൊളിഞ്ഞടുങ്ങിയത് അതുവരെ ചുറ്റുമുള്ള ലോകം കരുതിവെച്ചിരുന്ന ഒരുകൂട്ടം മിത്തുകളായിരുന്നു. കല്യാണക്കാര്യം തൊട്ട് ലെസ്ബിയനാണോ എന്ന ചോദ്യം വരെ ഇന്ദു കേട്ടു. നാലുവര്‍ഷത്തിനുള്ളില്‍ ഈ ചോദ്യം ചോദിച്ചവരെയെല്ലാം തിരുത്തി മുന്നേറുകയാണ് ഇന്ദുവും അവരുടെ യാത്രകളും. ഇന്ത്യക്കകത്തും പുറത്തുമായി നടത്തിയ യാത്രങ്ങള് ഈ ചോദ്യങ്ങള്‍ തന്നെ അപ്രസക്തമാക്കിക്കളയും.

തിരക്കുകളില്‍നിന്നൊരു 'രക്ഷപ്പെടല്‍'

തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും സ്ത്രീകള്‍ക്ക് ഒരു രക്ഷപ്പെടല്‍. ഇതാണ് എസ്‌കേപ്പ് നൗവിന്റെ ലക്ഷ്യം. കേരളത്തിലെ സാഹചര്യത്തില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ പോലും സ്ത്രീകള്‍ക്ക് കഴിയാറില്ല. കുടുംബവും കുട്ടികളും തിരക്കുകളുമൊക്കെയായി അവര്‍ വീടുകളില്‍ത്തന്നെ ഒതുങ്ങിക്കൂടേണ്ടി വരുന്നു. പുരുഷന്മാരാകട്ടെ അവരവര്‍ക്കിഷ്ടമുള്ള സ്ഥലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുക പതിവുമാണ്. ഇതു തിരിച്ചറിഞ്ഞാണ് എസ്‌കേപ്പ് നൗവുമായി ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഇന്ദു പറഞ്ഞു.

തുടക്കം ഫെയ്‌സ്ബുക്കില്‍

2015 ഒക്ടോബറില്‍ അനൗദ്യോഗികമായി എസ്‌കേപ്പ് നൗ പ്രവര്‍ത്തനം തുടങ്ങി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രചാരണം. തുടക്കത്തില്‍ പൈലറ്റ് ട്രിപ്പുകളാണ്(മുന്നൊരുക്ക യാത്ര) നടത്തിയത്. തുടര്‍ന്ന്‌ 2016 മാര്‍ച്ച് എട്ടിന് വനിതാദിനത്തില്‍ എസ്‌കേപ്പ് നൗ ഔദ്യോഗികമായി യാത്ര തുടങ്ങി. വലിയതോതിലുള്ള പ്രതികരണങ്ങളാണ് തുടക്കത്തിലേ എസ്‌കേപ്പ് നൗവിനു കിട്ടിയത്. ജോലിക്കാരായവരും ജോലിയില്‍ നിന്നു വിരമിച്ചവരും അതീവതാത്പര്യത്തോടെയാണ് യാത്രകള്‍ക്കെത്താറെന്ന് ഇന്ദു പറഞ്ഞു.

ഇന്ത്യയ്ക്കകത്തും പുറത്തും

മധ്യപ്രദേശും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമൊഴികെ ഇന്ത്യയുടെ മിക്കഭാഗങ്ങളും എസ്‌കേപ്പ് നൗവിനൊപ്പം ഒരുപിടിപേര്‍ കണ്ടുകഴിഞ്ഞു. മലേഷ്യ, യു.എ.ഇ. മാലദ്വീപ് തുടങ്ങിയ പ്രദേശങ്ങളും സന്ദര്‍ശിച്ചുകഴിഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വനിതകള്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഒരിക്കല്‍ യാത്ര ചെയ്തവര്‍ വീണ്ടും താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നു.

പൈലറ്റ് ട്രിപ്പ് നടത്തുമ്പോള്‍ പോകുന്ന സ്ഥലത്തെക്കുറിച്ച് ഒരു ഏകദേശംരൂപം മനസ്സിലാക്കും. സ്ത്രീകള്‍ക്ക് സുരക്ഷിതമായ വാഹന, താമസസൗകര്യങ്ങളും ഈസമയം ഇവര്‍ ഉറപ്പുതരുന്നു. ഒരുമാസം ശരാശരി നാലുയാത്രകളാണ് സംഘടിപ്പിക്കാറ്. ഒരു തവണ പരമാവധി 20 പേരെയാണ് യാത്രയിലുള്‍പ്പെടുത്തുക. സംരംഭം വിജയകരമായി നാലുവര്‍ഷം പൂര്‍ത്തിയാക്കിയതോടെ സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട് ഇവര്‍. എല്ലാവരും കണ്ടുമടുത്ത അല്ലെങ്കില്‍ കേട്ടുമടുത്ത ഇടത്തേക്ക് ഒരിക്കലും യാത്ര പോകാറില്ല എന്നത് എസ്‌കേപ്പ് നൗവിന്റെ പ്രത്യേകതയാണ്. എല്ലാ ആഴ്ചയിലും യാത്രയുണ്ടാകും. രണ്ടുദിവസത്തിനുള്ളില്‍ മൂന്നാറിലെ പത്ത് സ്ഥലങ്ങള്‍ കണ്ടുതീര്‍ക്കാനുള്ള യാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എസ്‌കേപ്പ് നൗ ഇപ്പോള്‍.സുരക്ഷയാണ് പ്രധാനം

സ്ത്രീകള്‍ തനിച്ചുയാത്ര ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടതും ആശങ്കയുള്ളതുമായ കാര്യവും സുരക്ഷയാണെന്ന് എസ്‌കേപ്പ് നൗവിനൊപ്പം മൂന്നുയാത്രകള്‍ നടത്തിയ എറണാകുളം എളമക്കര സ്വദേശിനി സ്മിത പറഞ്ഞു. ആദ്യയാത്ര മകള്‍ സ്മൃതിക്കും അമ്മ കമലയ്ക്കുമൊപ്പമായിരുന്നു. ''പരിചയമില്ലാത്ത വഴികളിലൂടെയാണ് പോകുന്നതെങ്കിലും ഒരിക്കലും ഭയം തോന്നിയിട്ടില്ല. എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമായ ഭക്ഷണവും യാത്രാസൗകര്യങ്ങളുമാണ് ഒരുക്കാറ്. പൈലറ്റ് ട്രിപ്പ് നടത്തുന്നതിനാല്‍ ഒരിടത്തുപോയപ്പോഴും സ്ഥലങ്ങള്‍ കാണുന്നതിനോ താമസസ്ഥലത്തോ ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല''-സ്മിത പറഞ്ഞു. വിമാനത്തില്‍ കയറണമെന്ന തന്റെ അതിയായ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഫിദ എന്ന കോഴിക്കോട്ടുകാരിക്ക്. ''ഇരുപതുവയസ്സിനുള്ളില്‍ വിമാനത്തില്‍ കയറണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഇന്ദുവിന്റെയൊപ്പം ഡല്‍ഹി വരെ വിമാനത്തില്‍ യാത്രചെയ്തു. മണാലിയിലും പോയി''-ഫിദ പറഞ്ഞു.

സ്ത്രീകള്‍ക്കൊപ്പം എന്നുമുണ്ട്

കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ട്രാവല്‍ ലിറ്ററസി വളരെക്കുറവാണെന്ന് ഇന്ദുവിന്റെ അനുഭവം. ഐ.ആര്‍സി.ടി.സി. സൈറ്റില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ അറിയാവുന്ന സ്ത്രീകളുടെ എണ്ണം തുലോം കുറവാണെന്ന് ഇന്ദു. അതിനാല്‍, യാത്രാക്കാര്യങ്ങളെക്കുറിച്ചു സ്ത്രീകളെ ബോധവത്കരിക്കുന്നതിന് എസ്‌കേപ്പ് നൗവിന്റെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

Indu's travel escape now travel women travel youtube channel mathrubhumi yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram