ഒരു യാത്ര പോകുക എന്ന് പറഞ്ഞാല്‍ വെറുതേ അങ്ങോട്ട് പോകുക എന്നാണോ? കാഴ്ചയൊക്കെ കണ്ട് കണ്ട്, ചിത്രങ്ങളും വീഡിയോകളുമെടുത്ത് ഇടയ്‌ക്കൊന്ന് ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ടുമായിരിക്കും ഭൂരിഭാഗം പേരും യാത്ര ചെയ്യാറ്. യാത്ര പോകുമ്പോള്‍ ചിത്രമെടുക്കുക എന്നതിലുപരി നല്ല ചിത്രങ്ങളെടുക്കാനായി യാത്ര ചെയ്യുന്നവര്‍ ഇന്ന് നിരവധിയാണ്.
നല്ല ചിത്രമെടുക്കാനാഗ്രഹിക്കുന്ന സഞ്ചാരപ്രിയര്‍ക്കായി ചില കുറുക്കുവിദ്യകളുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ റ്റൈനി അറ്റ്‌ലസ് ക്വാര്‍ട്ടേര്‍ലി.
ഉദാഹരണം സഹിതമാണ് തിയഡോറ മെലിങ്ക് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഒരു സൂര്യോദയം ചിത്രീകരിക്കാനാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ അത് മാത്രം പകര്‍ത്താതെ ചുറ്റും നോക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്.
തുറസ്സായ സ്ഥലത്താണ് നിങ്ങളെങ്കില്‍, ഒരു കൂട്ടമാളുകളുടെ ചിത്രമെടുക്കാനാണ് പദ്ധതിയെങ്കില്‍ അതിന് ഒട്ടും മടി കാണിക്കേണ്ട എന്നാണ് ഡയാന സാല്യൂക്കി പറയുന്നത്.
അവധിക്കാലത്ത് വൈകുന്നേരങ്ങളില്‍ സൂര്യാസ്തമയം കാണാന്‍ ബീച്ചില്‍ പോകുന്നവരാണ് പലരും. അസ്തമയ സൂര്യനെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്? എന്നാല്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഒന്ന് ചുറ്റും കണ്ണോടിച്ചാല്‍ സൂര്യാസ്തമയത്തേക്കാള്‍ മനോഹരമായ കാഴ്ചകള്‍ കാണാനാവുമെന്നാണ് ടൈസണ്‍ വീറ്റ്‌ലിയുടെ അഭിപ്രായം. ആ സമയത്ത് സൂര്യപ്രകാശം എന്തിലേക്കാണ് വീഴുന്നതെന്ന് കാണാം. അത് ചിലപ്പോള്‍ മനോഹരമായ ഒരു ചിത്രത്തിനാകും ജന്മം നല്‍കുകയെന്നും ടൈസണ്‍ പറയുന്നു.
ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടായിട്ടുണ്ടെങ്കില്‍ സെല്‍ഫിയെടുക്കുന്നതിനൊപ്പം പരിസരത്ത് വേറെ എന്തെല്ലാമാണ് കാഴ്ചകളുള്ളതെന്ന് പരിശോധിക്കാന്‍ മറക്കരുതെന്നാണ് എലിസ് ഫ്രോഷര്‍ ഓര്‍മിപ്പിക്കുന്നത്. ആ വലിയ സ്മാരകങ്ങള്‍ക്ക് സമീപത്തെ ചെറിയ കാഴ്ചകള്‍ പകര്‍ത്തൂ. നിങ്ങളോട് സംസാരിക്കുന്ന നിമിഷങ്ങള്‍ പകര്‍ത്തൂ, അങ്ങനെ ആ സ്ഥലത്തിന്റെ യഥാര്‍ത്ഥ അന്തരീക്ഷം മനസിലാക്കൂ. അല്ലെങ്കിലത് നിങ്ങള്‍ നേരത്തെ കണ്ട അതേ സ്ഥലത്തിന്റെ പുനഃസൃഷ്ടിക്കല്‍ മാത്രമാവും എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
Content Highlights: How To Take Better Travel Photos, Travel Photography, Tiny Atlas Quarterly