കാഴ്ചകളുടെ ഉയരംതേടി ബുര്‍ജ് ഖലീഫയിലേക്ക്‌ | Mobile Travelogue - Episode 4


എച്ച്. ഹരികൃഷ്ണന്‍

5 min read
Read later
Print
Share

നിര്‍മാണവേളയിലെ റിവോള്‍വിങ് ഡോര്‍ ടെക്‌നീഷ്യനായ വില്‍സണ്‍ ജോസ്, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ ജോണ്‍ നൈനാന്‍ - ബുര്‍ജ് ഖലീഫയുടെ അണിയറ പ്രവര്‍ത്തകരുടെ പട്ടികയില്‍ കണ്ട മലയാളിത്തമുള്ള രണ്ട് പേരുകള്‍. നിങ്ങള്‍ക്ക് ഇവരെ കുറിച്ച് അറിയുമെങ്കില്‍ കമന്റ് ബോക്‌സിലൂടെ വിവരങ്ങള്‍ പങ്കുവെയ്ക്കുക

അക്കരെയക്കരെയക്കരെ... മൊബൈലില്‍ ചിത്രീകരിച്ച ദുബായ് യാത്രാവിവരണം, നാലാം ഭാഗം

ദുബായുടെ പ്രൗഡിയായ ബുര്‍ജ് ഖലീഫയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. ബുര്‍ജ് ഖലീഫ മെട്രോ സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം രാത്രി എട്ടുമണിയോട് അടുത്തിരുന്നു. ദുബായ് മാളിലൂടെയാണ് ബുര്‍ജ് ഖലീഫയിലേക്കുള്ള പ്രവേശനം.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാളിലേക്ക് നേരെ പ്രവേശനപാത ഒരുക്കിയിരിക്കുന്നു. മാളിലേക്ക് എത്തിച്ചേരാന്‍ 10-15 മിനിട്ട് നടക്കണം.

നടത്തം കുറയ്ക്കാന്‍ സഹായിക്കുന്ന ട്രാവലേറ്റര്‍ ഇടയ്ക്കിടയ്ക്കായി സ്ഥാപിച്ചിരിക്കുന്നു. എസ്‌കലേറ്റര്‍ പോലെ, വെറുതെ നിന്നാല്‍ മതി, ട്രാവലേറ്റര്‍ നമ്മെ മുന്നോട്ട് നയിച്ചുകൊള്ളും.

നടന്ന് നടന്ന് ഒടുവില്‍ ഞാന്‍ മാളിന്റെ അകത്തേക്ക് പ്രവേശിച്ചു. നല്ല തിരക്ക്. ലോകോത്തര ബ്രാന്‍ഡുകളുടെയെല്ലാം കടകള്‍ ഇവിടെ സജീവം.

ദിശാസൂചികകള്‍ ഉണ്ടെങ്കിലും ബുര്‍ജ് ഖലീഫയിലേക്ക് എത്തിപ്പെടാന്‍ ഒരല്‍പം കഷ്ടപ്പെട്ടു.

ബുര്‍ജ് ഖലീഫയെ കുറിച്ച്...

2716 അടി ഉയരത്തിലായി 160 നിലകളുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. ആറു വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനത്തിന് ഒടുവില്‍ 2010, ജനുവരിയിലാണ് ബുര്‍ജ് ഖലീഫ ഉദ്ഘാടനം ചെയ്യുന്നത്.

124, 125 നിലകളിലേക്കാണ് സാധാരണ ടിക്കറ്റ് വഴി പ്രവേശനം. അറ്റ് ദ ടോപ് എന്ന പേരിലുള്ള ഈ ടിക്കറ്റിന്റെ നിരക്ക് 125 മുതല്‍ 300 ദിര്‍ഹം വരെയാണ് ( 2300 മുതല്‍ 5500 രൂപ വരെ). വിശേഷ സമയങ്ങള്‍ അനുസരിച്ചാണ് ഈ നിരക്കിലെ വ്യത്യാസം.

അറ്റ് ദ ടോപ് സ്‌കൈ എന്ന ടിക്കറ്റിലൂടെ 148-ാം നിലയിലേക്കു കൂടി പ്രവേശിക്കാം. 350 മുതല്‍ 500 ദിര്‍ഹം വരെയാണ് നിരക്ക് (6400 മുതല്‍ 9200 രൂപ വരെ)

രാവിലെ എട്ടര മുതല്‍ മൂന്ന് വരെയും വൈകിട്ട് ആറര മുതല്‍ സന്ദര്‍ശകര്‍ അവസാനിക്കുന്ന വരെയാണ് പ്രവേശനം.

ആഡംബര ഹോട്ടലും സ്വകാര്യവസതികളും ഭക്ഷണശാലയും പല നിലകളിലായി സ്ഥിതി ചെയ്യുന്നു. ദ റെസിഡന്‍സ് എന്ന പേരിലുള്ള ബുര്‍ജ് ഖലീഫയിലെ 900 വസതികളില്‍ ഒന്ന് നമ്മുടെ പ്രിയങ്കരനായ മോഹന്‍ലാലിന് സ്വന്തമാണ്. 19 മുതല്‍ 108 നില വരെയാണ് സ്വകാര്യവസതികള്‍.

175 ദിര്‍ഹം നിരക്കിലുള്ള പാക്കേജാണ് ഞാന്‍ തിരഞ്ഞെടുത്തത്. ബുര്‍ജ് ഖലീഫയുടെ 124, 125 നിലകളിലേക്കുള്ള പ്രവേശനവും ഒപ്പം ദുബായ് മാളിലെ അക്വേറിയവും ജലാന്തരമൃഗശാലയും ഉള്‍പ്പെടുന്ന പാക്കേജ്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദുബായ് കാണാനെത്തുന്നവര്‍ ഈ വാസ്തുവിസ്മയം കാണാതെ മടങ്ങാറില്ല.

രാത്രി 10 മണിക്കാണ് എനിക്ക് പ്രവേശിക്കാനുള്ള ഊഴം. 9.30-ഓടെ ടിക്കറ്റ് കൗണ്ടറിലെത്തി. നേരത്തെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് വാങ്ങി.

അങ്ങനെ ദുബായുടെ ആകാശക്കാഴ്ച കാണാനുള്ള നീണ്ടനിരയില്‍ ഞങ്ങളും ഇടംപിടിച്ചു.

പ്രവേശനകവാടത്തില്‍ കെട്ടിടത്തിന്റെ മാതൃക സ്ഥാപിച്ചിരിക്കുന്നു. വിശദമായ സുരക്ഷാപരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുക.

അതിനിടെ ശരീരപരിശോധന നടത്തുന്ന കറുത്തവംശജനോട് സന്ദര്‍ശകരിലൊരാള്‍ കയര്‍ത്തു. കണ്ടിട്ട് ആളൊരു അറബിയാണെന്ന് തോന്നുന്നു. നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കിയാല്‍ മതിയെന്നും അധികാരം കാട്ടേണ്ടെന്നും മറ്റും ഉച്ചത്തില്‍ പറയുന്നുണ്ട്. ആരുടെ ഭാഗത്താണ് തെറ്റെന്നൊന്നും എനിക്ക് മനസിലായില്ല. ഏതായാലും വലിയ ബഹളങ്ങള്‍ ഉണ്ടാകാതെ രംഗം അവസാനിച്ചു.

അകത്തേക്ക് പ്രവേശിക്കുന്ന സംഘങ്ങളെ നിര്‍ത്തി ഒരാള്‍ ഫോട്ടോ എടുക്കുന്നുണ്ട്. കെട്ടിടം കണ്ട് മടങ്ങിയെത്തുമ്പോള്‍, നമ്മുടെ ഗ്രൂപ്പ് ഫോട്ടോയുടെ പിന്നിലായി ഫോട്ടോഷോപ്പിലൂടെ ബുര്‍ജ് ഖലീഫ വെച്ചുപിടിപ്പിച്ച് തയാറാക്കിവെക്കും. ആവശ്യമെങ്കില്‍ പ്രിന്റ് എടുക്കാം. അത്ര മോശമല്ലാത്ത തുകയാണ് ആ ഫോട്ടോയ്ക്കും.

കാത്തിരിപ്പിന് അവസാനമില്ല. ഒച്ചിഴയുന്ന വേഗത്തിലാണ് നിര മുന്നോട്ട് ചലിക്കുന്നത്. ലിഫ്റ്റിലേക്ക് എത്താന്‍ തന്നെ പത്തിരുപത് മിനിട്ട് എടുത്തു.

ലിഫ്റ്റിന് മുന്നില്‍ നില്‍ക്കുന്ന ജീവനക്കാരനും കണിശക്കാരനാണ്. മുഖത്ത് കര്‍ശനഭാവവും ഒപ്പം കണിശമായ നിര്‍ദേശങ്ങളും.

എന്റെ ഊഴം എത്തി. ഇടിച്ചുതള്ളിയാണ് ഉള്ളില്‍ നിന്നത്. കയറിയ ഉടന്‍ വെളിച്ചമെല്ലാം അണയുകയും പ്രൊജക്ടറിലൂടെ ബുര്‍ജ് ഖലീഫയുടെ ചരിത്രം മുന്നില്‍ തെളിയുകയും ചെയ്തു. മുകളില്‍ എത്തുന്നവരെ ചരിത്രവഴികളുടെ ദൃശ്യ-ശബ്ദലോകമാണ്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിഫ്റ്റുകളില്‍ ഒന്നാണിത്.

ലിഫ്റ്റിന്റെ വാതില്‍ തുറന്നു, ലോകത്തിന്റെ ബാല്‍ക്കണിയിലേക്ക്. ബുര്‍ജ് ഖലീഫയുടെ 124-ാമത്തെ നിലയാണ്. തണുത്ത കാറ്റ് വീശിയടിക്കുന്ന. ബാല്‍ക്കണിയുടെ അരിക് ഒരാള്‍ പൊക്കത്തിലുള്ള ചില്ലുകൊണ്ട് സംരക്ഷിച്ചിരിക്കുന്നു. അവിടെയും ഫോട്ടോഗ്രാഫര്‍മാരുണ്ട്. പോക്കറ്റ് കീറുന്ന കണക്ക് പുസ്തകവുമായി.

124-ാം നിലയിലാണ് ബാല്‍ക്കണി. ഒരാള്‍പൊക്കത്തില്‍ ചില്ലുകൊണ്ടുള്ള കൈവരി. ഇതിലൂടെ ദുബായ് നഗരത്തിന്റെ ആകാശക്കാഴ്ച. താഴെ, ലോകത്തിലെ ഏറ്റവും വലിയ ജലധാരാ പ്രകടനമായ ദുബായ് ഫൗണ്ടന്‍. വൈദ്യുതവിളക്കുകളാല്‍ അലങ്കരിച്ച നഗരം. തണുത്തകാറ്റും കൂടിയാകുമ്പോള്‍ കുളിരേകുന്ന ഒരനുഭവമായി മാറുന്നു ബുര്‍ജ് ഖലീഫ.

125-ാം നിലയില്‍ കച്ചവടസ്ഥാപനങ്ങളും ചെറിയ കളികളുമൊക്കെയാണ് ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ആടിരസിക്കാന്‍ ചില്ലുകൊണ്ടുള്ള ഊഞ്ഞാലുണ്ട്. വലിയ ഗ്ലാസ് ഭിത്തിയിലൂടെ ഇവിടെ നിന്നും പുറംകാഴ്ചകള്‍ കാണാം.

എങ്ങും നല്ല തിരക്കാണ്. നടന്നു തളര്‍ന്ന് ഒടുവില്‍ ഗ്ലാസ് ഭിത്തിയോട് ചേര്‍ന്ന് നിലത്തിരുന്നു. ഗ്ലാസിന് നല്ല തണുപ്പ്. കാലിന് നല്ല സുഖം...

ഏകദേശം ഒരു മണിക്കൂറോളം ലോകനെറുകയില്‍ സമയം ചിലവിട്ടു. തിരിച്ച് ഇറങ്ങാനും ലിഫ്റ്റില്‍ തിരക്കോട് തിരക്ക്.

ലിഫ്റ്റില്‍ ഞങ്ങള്‍ക്കൊപ്പം ബുര്‍ജ് ഖലീഫ പോലൊരാള്‍ ഉണ്ടായിരുന്നു. മനസിലായില്ല, അല്ലേ... നല്ല നീളമുള്ള ഒരു സായിപ്പ്. എനിക്കൊപ്പമുള്ള ഉണ്ണികൃഷ്ണന്റെ ഉയരം 190 സെന്റീമീറ്ററാണ്. ഇയാളുടെ മുന്നില്‍ ഉണ്ണി പോലും ഒരു കുള്ളന്‍.

താഴത്തെ നിലയില്‍ നിന്ന് വ്യത്യസ്തമായി നിറചിരിയുമായൊരു യുവതിയാണ് ഞങ്ങളെ ലിഫ്റ്റിലേക്ക് ആനയിച്ചത്. അവരും നമ്മുടെ സായിപ്പിനെ ബുര്‍ജ് ഖലീഫ എന്നാണ് വിശേഷിപ്പിച്ചത്. എല്ലാവരും ചിരിച്ചു. സ്വല്‍പം നാണത്തോടെയെങ്കിലും പുള്ളിയും ചിരിച്ചു.

പുറത്തേക്കുള്ള നീണ്ട വഴിയുടെ ഇരുവശങ്ങളിലും ബുര്‍ജ് ഖലീഫയുടെ ചരിത്രവും മാതൃകകളും പിന്നില്‍ പ്രവര്‍ത്തിച്ച മനുഷ്യരുടെ ചിത്രങ്ങളുമെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തൊഴിലാളികള്‍ മുതല്‍ സാങ്കേതികവിദഗ്ധരുടെ വരെ ചിത്രങ്ങളുണ്ട്. ചില മുഖങ്ങള്‍ക്കും പേരുകള്‍ക്കും നല്ല മലയാളത്തനിമ. റിവോള്‍വിങ് ഡോര്‍ ടെക്‌നീഷ്യനായ വില്‍സണ്‍ ജോസ്, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ ജോണ്‍ നൈനാന്‍ എന്നിവരുടെ പേരുകള്‍ ഞാന്‍ മനസില്‍ കുറിച്ചു. അറബിനാട്ടിലെ നേട്ടങ്ങളുടെ പിന്നില്‍ വലിയൊരു സംഘം മലയാളികളുണ്ടാകുമെന്ന് അല്ലേലും ഉറപ്പല്ലേ... (ഇവരെ കുറിച്ച് അറിയാവുന്നവര്‍ കമന്റ് ബോക്‌സിലൂടെ വിവരങ്ങള്‍ പങ്കുവെയ്ക്കുക)

തിരികെ ദുബായ് മാളിലേക്ക് ഇറങ്ങി. അര്‍ധരാത്രി ആകാറായെങ്കിലും തിരക്കിന് കുറവില്ല. ഇനി ദുബായ് അക്വേറിയം, അണ്ടര്‍ഗ്രൗണ്ട് സൂ എന്നിവിടങ്ങളിലേക്കാണ്.

മാളിന്റെ ഒരു നിലയുടെ പൊക്കത്തില്‍ നിര്‍മിച്ച അക്വേറിയമാണിത്. സ്രാവ് ഉള്‍പ്പെടെ ഒട്ടുമിക്ക സമുദ്രജീവജാലങ്ങളും നീന്തിത്തുടിക്കുന്നു. മാളിലൂടെ നടക്കുമ്പോള്‍ തന്നെ ടാങ്കിന്റെ ഒരു വശം കാണാം. ചെറുസമുദ്രം പുറത്തുനിന്ന് കാണാനും കാമറയില്‍ പകര്‍ത്താനും ആളുകളുടെ തിരക്കാണ്.

അക്വേറിയം പുറത്തുനിന്ന് കണ്ടാസ്വദിക്കനുന്നവരുടെ മുന്നിലൂടെ സ്വല്‍പം ഗമയില്‍ ഞാനും കുടുംബവും പ്രവേശനകവാടത്തിലേക്ക് നീങ്ങി.

ഞങ്ങളുടെ ഫോട്ടോ എടുത്തശേഷമാണ് അവിടെയും അകത്തേക്ക് വിട്ടത്. നമ്മുടെ ചിത്രത്തെ അക്വേറിയത്തിന്റെ പശ്ചാത്തലത്തിലാക്കും. വേണമെങ്കില്‍ വാങ്ങിയാല്‍ മതി.

100 ദിര്‍ഹം മുതല്‍ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കും. ഗ്ലാസ് തടാകത്തിനുള്ളിലൂടെയുള്ള തുരങ്കയാത്ര, ജലാന്തര സസ്യജന്തുശാല സന്ദര്‍ശനം എന്നിവയാണ് പ്രധാന ആകര്‍ഷണം. സന്ദര്‍ശകരെ ഇരുമ്പുകൂട്ടിലാക്കി തടാകത്തിന്റെ അടിത്തട്ടിലേക്ക് എത്തിക്കുകയും സ്രാവുകളെയും മുതലകളെയുമെല്ലാം അടുത്ത് കാണാന്‍ സൗകര്യമൊരുക്കും.

നീലവെളിച്ചത്തില്‍ മൂടിയ തുരങ്കത്തിലൂടെ ജലലോകക്കാഴ്ചകള്‍ കണ്ട് ഞാന്‍ മുന്നോട്ട് നടന്നു.

ചെറുമത്സ്യങ്ങള്‍ മുതല്‍ ഭീമാകാരനായ മുതല വരെ വിവിധ നിലകളിലായി ഒരുക്കിയ പ്രദര്‍ശനശാലകളില്‍ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നു. ജലജീവജാലങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാനും ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍വാട്ടര്‍ സൂവില്‍ സൗകര്യം ഒരുക്കിയിരിക്കുന്നു.

കാഴ്ചകളെല്ലാം കണ്ട് പുറത്തിറങ്ങിയപ്പോള്‍ അര്‍ധരാത്രിയായി.

പ്രശസ്തമായ ദുബായ് ഫൗണ്ടന്‍ ഡാന്‍സ് മാളിന് മുന്നില്‍ നടക്കുന്നുവെന്ന് അറിഞ്ഞു. എന്നാല്‍ ഇനി ഒന്നിനും വയ്യാത്ത രീതിയില്‍ ഞങ്ങള്‍ തളര്‍ന്നിരുന്നു.

ഒരുവിധത്തില്‍ തിരികെ മെട്രോ സ്‌റ്റേഷനിലെത്തി, താമസസ്ഥലത്തേക്കുള്ള ട്രെയിന്‍ പിടിച്ചു...

Watch Mobile Video Travelogue

നഗരക്കാഴ്ചകളില്‍ നിന്ന് മാറി, മണലാരണ്യക്കാഴ്ചകളിലേക്കാണ് അടുത്ത യാത്ര...

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram