ബ്രസീലിൽ എല്ലാം ആഘോഷമാണ്


കെ വിശ്വനാഥ്

6 min read
Read later
Print
Share

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സാന്നിധ്യം റിയോയിലും സാവോപോളോയിലുമെല്ലാം പ്രകടമാണ്. യോഗയും ആയുര്‍വേദരീതിയിലുള്ള ഉഴിച്ചിലും ഇന്ത്യന്‍ ഭക്ഷണവുമെല്ലാം ഇപ്പോള്‍ ഈ നഗരവാസികള്‍ക്കു പരിചിതമാണ്.


റിയോ ഡി ജെനെയ്റോയില്‍ യാത്രചെയ്യാന്‍ ഏറ്റവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ മാര്‍ഗം മെട്രോ ട്രെയിന്‍ സര്‍വീസാണ്. ടാക്‌സികള്‍ക്ക് ഉയര്‍ന്ന വാടകനല്‍കണമെന്നതു മാത്രമല്ല, ഡ്രൈവര്‍മാര്‍ക്ക് പോര്‍ച്ചുഗീസ്ഭാഷ മാത്രമേ പൊതുവേ വശമുള്ളൂവെന്നതും നഗരത്തിനകത്തെ യാത്രയ്ക്ക് ട്രെയിന്‍ തിരഞ്ഞെടുക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

മാത്രമല്ല, ഏതൊരു നഗരത്തിലെയും ജനതയെയും അവരുടെ ജീവിതത്തെയും അടുത്തറിയാനും കൂടുതല്‍ ഉപകരിക്കുക ട്രെയിന്‍യാത്രകളാണ്. അതുകൊണ്ടുതന്നെ, റിയോയിലെ ട്രെയിന്‍യാത്രയിലെ കാഴ്ചകളില്‍നിന്നുതന്നെ ബ്രസീലിയന്‍ അനുഭവങ്ങള്‍ പറഞ്ഞുതുടങ്ങുകയാണ്.

വണ്ടിയില്‍ സാമാന്യം തിരക്കുണ്ട്. ഇരിക്കാന്‍ സീറ്റുകിട്ടിയതുകൊണ്ട് ടെലിവിഷന്‍ സ്‌ക്രീനിലെന്നപോലെ മുന്നിലെ മനുഷ്യരെയും അവരുടെ ചെയ്തികളും ആസ്വദിക്കുന്നു. ഇരുപതില്‍താഴെ പ്രായംതോന്നിക്കുന്ന രണ്ട് യുവതികളും അവരുടെ കാമുകന്മാരും ചേര്‍ന്നുള്ള പ്രണയചേഷ്ടകളില്‍നിന്ന് കണ്ണുതിരിക്കാന്‍ എത്ര പരിശ്രമിച്ചിട്ടും കഴിയുന്നില്ല.

പരസ്പരം തൊട്ടും തലോടിയും ചുണ്ടുകള്‍കോര്‍ത്തും പരിസരം മറന്ന് ആഹ്ലാദിക്കുന്നു. ഇതെല്ലാം ഇവിടത്തെ പതിവുകാഴ്ചകളാണെന്നതിനാല്‍ ഞാനും മലയാളിതന്നെയായ എന്റെ സുഹൃത്തുമൊഴികെ മറ്റാരും അവരെ ശ്രദ്ധിക്കുന്നേയില്ല. ഇടയ്ക്ക് എന്റെ അരികില്‍ രണ്ടു സീറ്റുകള്‍ ഒഴിഞ്ഞു. കാമുകന്റെ കരവലയത്തില്‍നിന്ന് വിടുതല്‍നേടി ഒരു പെണ്‍കുട്ടി ആ സീറ്റില്‍ വന്നിരുന്നു. എന്നിട്ട് അല്പം അകലെയുള്ള വൃദ്ധദമ്പതികളെ കൈകാട്ടി വിളിച്ചു.

അവര്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും പെണ്‍കുട്ടി നിര്‍ബന്ധപൂര്‍വം അവരെ ആ സീറ്റുകളിലേക്ക് ഇരുത്തി. അതിനുശേഷം കാമുകന്റെ അരികിലേക്കുതന്നെ നീങ്ങിനിന്ന് അതുവരെ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി പുനരാരംഭിച്ചു. അരികിലിരുന്ന വൃദ്ധദമ്പതികളുമായി ഞാന്‍ പരിചയപ്പെട്ടു. ഇംഗ്ലീഷ് അവര്‍ക്കും കഷ്ടിയാണ്. എങ്കിലും കാര്യങ്ങള്‍ ഗ്രഹിക്കാനായി. ആ രണ്ട് പെണ്‍കുട്ടികളും ഈ വൃദ്ധദമ്പതികളുടെ മക്കളാണ്. കുടുംബസമേതം ഒരു ചെറിയ ഉല്ലാസയാത്ര.

പെണ്‍കുട്ടികള്‍ അവരുടെ ആണ്‍ സുഹൃത്തുക്കളെയും ഒപ്പം വിളിച്ചെന്നുമാത്രം. അല്‍പം പിടിച്ചുപറിയും പോക്കറ്റടിയുമെല്ലാമുള്ള നഗരമാണിത്. തടിമിടുക്കുള്ള രണ്ട് ആണ്‍കുട്ടികള്‍ ഒപ്പമുണ്ടാവുന്നത് നല്ലതാണല്ലോ? മനസ്സില്‍നിന്ന് മായാതെ നില്‍ക്കുന്ന മറ്റൊരു ട്രെയിന്‍കാഴ്ചകൂടി വിവരിക്കാം. ഒരു ഫുട്ബോള്‍ മത്സരം കഴിഞ്ഞ് മാരക്കാനയില്‍നിന്ന് ഒളിമ്പിക്‌സിന്റെ പ്രധാനവേദിയായ റിയോ സെന്‍ട്രോയിലേക്ക് ട്രെയിന്‍ കയറിയതാണ്.

സ്റ്റേഷനില്‍വെച്ചുതന്നെ അര്‍ജന്റീന ടീമിന്റെ നീലയും വെള്ളയും വരകളുള്ള ജഴ്സിയണിഞ്ഞ (ഫുട്ബോളിലും ഹോക്കിയിലും ബാസ്‌ക്റ്റ് ബോളിലുമെല്ലാം അര്‍ജന്റീനയ്ക്ക് ഈ ജഴ്സി തന്നെ.) അറുപത് വയസ്സ് തോന്നിക്കുന്ന മനുഷ്യനുമായി കൂട്ടുകൂടി. അദ്ദേഹത്തിന് സ്പാനിഷ് മാത്രമേ അറിയൂ. എങ്കിലും ഒരു കാര്യം മനസ്സിലായി, അര്‍ജന്റീനയുടെ മത്സരങ്ങള്‍ കാണുന്നതിനുമാത്രമായി ബ്യൂണസ് ഐറിസില്‍നിന്ന് വന്നതാണ്. അദ്ദേഹവും റിയോ സെന്‍ട്രോയിലേക്കുതന്നെയാണ്. ഞങ്ങളൊരുമിച്ച് ട്രെയിനില്‍ കയറി.

ഞാനിരുന്ന സീറ്റിനുമുന്നിലുള്ള സീറ്റില്‍ അയാള്‍ പോയിരുന്നു. മുപ്പത് വയസ്സ് തോന്നിക്കുന്ന ബ്രസീലിയന്‍ പെണ്‍കുട്ടിയാണ് അരികില്‍. അവളുമായി പൈട്ടന്ന് സൗഹൃദത്തിലായി. അവളുടെ ചുരുണ്ട മുടിയില്‍ തഴുകുന്നു. പിന്നെ ചെവിയില്‍ സ്വകാര്യം പറയുന്നു. ഉറക്കെ ചിരിക്കുന്നു. റിയോ സെന്‍ട്രോയില്‍ എത്തുന്നതിനുമുമ്പുതന്നെ അവര്‍ എഴുന്നേറ്റു. ഞാന്‍ ഈ പെണ്‍കുട്ടിക്കൊപ്പം ഇറങ്ങുകയാണെന്ന് എന്നോട് ആംഗ്യം കാണിച്ചു. കൈകള്‍ കോര്‍ത്തുപിടിച്ച് ആ 'യുവമിഥുനങ്ങള്‍' ഇറങ്ങിപ്പോയി.

ബ്രസീലിലെ സാമൂഹികാവസ്ഥയെക്കുറിച്ച് ഏകദേശ ധാരണയുണ്ടാവുന്നതിനുമാത്രമാണ് ഈ അനുഭവങ്ങള്‍ ഇവിടെ വിവരിച്ചത്. അല്ലാതെ മറ്റുദുരുദ്ദേശ്യങ്ങള്‍ ഒന്നുമില്ല.

ജീവിതത്തെ ആഘോഷിക്കുന്നവരാണ് ബ്രസീലുകാര്‍. തുറന്ന ലൈംഗികത അവരുടെ സവിശേഷതയാണ്. ഇക്കാര്യത്തില്‍ ഫ്രഞ്ചുകാരെപ്പോലും ഇവര്‍ പിന്നിലാക്കുന്നു. റോഡരികില്‍, പാര്‍ക്കില്‍, തീവണ്ടിയില്‍, ബസ്സില്‍... അങ്ങനെ എല്ലായിടത്തും പരിസരംമറന്ന് പരസ്പരം ചുണ്ടുകള്‍ കോര്‍ത്ത് പുണര്‍ന്നുനില്‍ക്കുന്ന ശരീരങ്ങളെ നമുക്ക് കാണാം.

ഇത്തരം കാഴ്ചകള്‍ ഭാരതീയമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന നമ്മുടെ സ്വത്വബോധത്തെ അമ്പരപ്പിച്ചെന്നുവരും. പക്ഷേ, ബ്രസീലിയന്‍ സംസ്‌കാരത്തെയും ജീവിതത്തെയുംകുറിച്ച് കൂടുതലറിയുമ്പോള്‍ സ്വതന്ത്രജീവിതത്തോടും വിശാല വീക്ഷണത്തോടും സംസ്‌കാരത്തോടും മതിപ്പുതോന്നിത്തുടങ്ങും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ബ്രസീലില്‍ തീരേയില്ലെന്നുതന്നെ പറയാം. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പുരുഷന് തുല്യവും ചിലപ്പോള്‍ അതിലേറെയും പരിഗണനനല്‍കുന്ന സമൂഹമാണിത്.

അഞ്ചുനൂറ്റാണ്ടുകള്‍ക്കുമുമ്പ് വഴിതെറ്റിവന്ന പോര്‍ച്ചുഗീസ് കപ്പലുകള്‍ ബ്രസീലിയന്‍ തീരത്തടിഞ്ഞതുമുതലാണ് ബ്രസീല്‍ എന്ന വിശാലരാജ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. കപ്പലിറങ്ങിവന്ന വെള്ളക്കാരെക്കണ്ട് അപരിഷ്‌കൃതരായ മണ്ണിന്റെ മക്കള്‍ കാടുകള്‍ക്കകത്തേക്ക് ഓടിയൊളിച്ചു.

കച്ചവടക്കാരായ പോര്‍ച്ചുഗീസുകാര്‍ ആമസോണിലെ മഴക്കാടുകളിലും മണ്ണിനടിയിലും ഒളിഞ്ഞിരുന്ന സമ്പത്ത് അന്വേഷിച്ചറിഞ്ഞ് കവര്‍ന്നെടുത്ത് അനുഭവിച്ചു. അവിടെ അധിവസിച്ചിരുന്ന ഗോത്രവര്‍ഗക്കാര്‍ തടസ്സമാണെന്നുതോന്നിയപ്പോള്‍ അവരെ കൂട്ടത്തോടെ അരിഞ്ഞുവീഴ്ത്തി.

വര്‍ഷങ്ങള്‍നീണ്ട കൂട്ടക്കൊലകള്‍ക്കുശേഷം അവരില്‍ പത്തിലൊന്നുപോലും അവശേഷിച്ചില്ല. ബ്രസീല്‍ പോര്‍ച്ചുഗീസുകാരുടെ രണ്ടാംവീടായി. ഗോത്രവര്‍ഗക്കാരുടെ സാംസ്‌കാരികഭൂമികയ്ക്കുമുകളില്‍ കെട്ടിപ്പടുത്ത വെള്ളക്കാരന്റെ സാമ്രാജ്യത്തിന് സവിശേഷമായ രുചിയും വാസനയുമുണ്ട്. പോര്‍ച്ചുഗീസ് സംസ്‌കാരം പറിച്ചുനടുകയായിരുന്നില്ല ബ്രസീലില്‍. അവിടേക്ക് കുടിയേറിയ സ്‌പെയിന്‍കാരന്റെയും ആഫ്രിക്കക്കാരന്റെയുമെല്ലാം തനതായ സംഭാവനകള്‍ ആ സംസ്‌കാരത്തിലേക്ക് ഉള്‍ച്ചേര്‍ന്നുകിടക്കുന്നു.

ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലും കലയിലും സംഗീതത്തിലും അഭിരുചികളിലുമെല്ലാം ഈ സങ്കരസംസ്‌കാരത്തിന്റെ സാന്നിധ്യമറിയാം. പ്രകൃതി വിഭവങ്ങള്‍കൊണ്ട് സമ്പന്നമെങ്കിലും രാഷ്ട്രീയനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ബ്രസീല്‍.

വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരന്റെ ജീവിതം ദുഷ്‌കരമായിമാറ്റുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് 30 റിയാലെങ്കിലും (ഏകദേശം 610 ഇന്ത്യന്‍ രൂപ) വേണം. ഒരു ലിറ്റര്‍ വെള്ളത്തിന് ആറ് റിയാല്‍ (126 രൂപ) വിലവരും. എങ്കിലും ജീവിതത്തെ ധീരമായി നേരിടുകയാണ് ബ്രസീലുകാര്‍.

കുട്ടിക്കുറ്റവാളികള്‍

തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണമാണ് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. കുട്ടിക്കുറ്റവാളികളുടെ വിഹാരരംഗമാണ് പ്രധാന നഗരങ്ങളായ റിയോയിലെയും സാവോപോളോയിലെയും തെരുവുകള്‍. ബ്രസീലിലെ ഏറ്റവും പ്രസിദ്ധനായ സംവിധായകന്‍ ഫെര്‍ണാണ്ടോ മെയേലെസ് തന്റെ 'സിറ്റി ഓഫ് ഗോഡ്' എന്ന സിനിമയില്‍ വരച്ചുകാണിച്ചതുപോലെയാണ് ഈ നഗരങ്ങളിലെ അവസ്ഥ.

മെട്രോ സ്റ്റേഷനുകളിലെയും മറ്റും ടിക്കറ്റ് കൗണ്ടറുകളില്‍ പണംനല്‍കുന്നതിനും ടിക്കറ്റ് വാങ്ങുന്നതിനുമുള്ള ദ്വാരം തീരെ ചെറുതാണ്. കൈ അതിലൂടെ അകത്തേക്ക് ഇടാനാവില്ല. പണവും ടിക്കറ്റുമെല്ലാം നീക്കിക്കൊടുക്കാനേ പറ്റൂ. ആ ദ്വാരത്തിലൂടെ പിസ്റ്റള്‍ കടത്തി കൗണ്ടറിലുള്ള ആളെ ഭീഷണിപ്പെടുത്തി പണംതട്ടുന്നത് ഒഴിവാക്കാനാണിത്. ഒളിമ്പിക്‌സിനിടെ തന്നെ കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ള പലരും പിടിച്ചുപറിക്ക് വിധേയരായി.

റിയോയിലെ ലോകപ്രസിദ്ധമായ ഫുട്ബോള്‍ സ്റ്റേഡിയം മാരക്കാനയുടെ പരിസരത്തും മറ്റും പുറത്തുനിന്നു വരുന്നവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. 15-ഉം 16-ഉം വയസ്സുമാത്രം പ്രായമുള്ള മീശ മുളയ്ക്കാത്ത പിള്ളേര്‍ പിസ്റ്റളുമായാണ് വരിക.

അവര്‍ക്ക് ആവശ്യം ഒന്നേയുള്ളൂ, പണം. കൊടുത്തില്ലെങ്കില്‍ പേഴ്സും മൊബൈലുമെല്ലാം പിടിച്ചുപറിച്ച് ഓടിയെന്നുവരും. പിസ്റ്റള്‍ ഉപയോഗിക്കുന്നത് അപൂര്‍വം സന്ദര്‍ഭങ്ങളിലാണ്. നിങ്ങളുടെ പിറകില്‍ മുട്ടിച്ചുവെച്ച് ഭീഷണിപ്പെടുത്താനുള്ളതാണ് അത്. ചിലപ്പോള്‍ അതില്‍ ഉണ്ടതന്നെ കാണില്ല!

വസ്ത്രത്തിന്റെ കാര്യത്തില്‍ പിശുക്കരാണ് ബ്രസീലുകാര്‍. പ്രത്യേകിച്ചും സ്ത്രീകള്‍. തങ്ങളുടെ സുന്ദരമായ ശരീരം പ്രദര്‍ശിപ്പിക്കാന്‍ ഒട്ടും മടിയില്ല. റിയോയിലെ കോപ്പാ കബാനാ ബീച്ചു വരെ ഒന്നുപോയാല്‍ ആ കാര്യം ബോധ്യംവരും. വിശാലമായ കടല്‍ത്തീരം പല നിറത്തിലും ഡിസൈനിലുമുള്ള ബിക്കിനികള്‍ ധരിച്ച സുന്ദരിമാരുടെ വിഹാരരംഗമാണ്. അങ്ങോട്ടേക്ക് പാന്റ്സും ഷര്‍ട്ടും ധരിച്ചെത്തുന്നവര്‍ക്ക് അല്പം നാണംതോന്നുക സ്വാഭാവികമാണ്.

മുഖത്തിനൊപ്പം പിന്‍ഭാഗത്തിനും വലിയ പ്രാധാന്യം കല്പിക്കുന്നു. നിതംബഭംഗിക്ക് ഇത്ര പ്രാധാന്യംകല്പിക്കുന്ന ജനതയെ ലോകത്ത് മറ്റൊരിടത്തും കാണാനാവില്ല. ഏറ്റവും അധികം പ്ലാസ്റ്റിക് സര്‍ജറികള്‍ നടക്കുന്ന രാജ്യം ബ്രസീലാണ്. നിതംബങ്ങളുടെ വലുപ്പം കൂട്ടുന്നതിന് സിലിക്കണ്‍ ഇംപ്ലാന്റ് നടത്തിക്കൊടുക്കുന്ന ക്ലിനിക്കുകള്‍ കുറേയേറെയുണ്ട് ഇവിടെ. ആധുനിക സൗകര്യങ്ങളുള്ള ക്ലിനിക്കിലെ 'നിതംബം സ്‌പെഷ്യലിസ്റ്റു'കളായ സര്‍ജന്മാരെ തേടി ബോളിവുഡില്‍നിന്നുവരെ സുന്ദരികള്‍ എത്താറുണ്ട്.

നിതംബഭംഗി വെളിപ്പെടുത്തുന്ന ഇറുകിപ്പിടിച്ച ലെഗ്ഗിന്‍സുകളും ജീന്‍സുകളും ഷോര്‍ട്‌സുകളുമാണ് ബ്രസീലിയന്‍ സുന്ദരികളുടെ പതിവുവേഷം. ഒപ്പം ധരിക്കുന്ന ഷര്‍ട്ടുകള്‍ക്ക് നീളം തീരെ കുറവുമായിരിക്കും.

ഇന്ത്യനിസം

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സാന്നിധ്യം റിയോയിലും സാവോപോളോയിലുമെല്ലാം പ്രകടമാണ്. യോഗയും ആയുര്‍വേദരീതിയിലുള്ള ഉഴിച്ചിലും ഇന്ത്യന്‍ ഭക്ഷണവുമെല്ലാം ഇപ്പോള്‍ ഈ നഗരവാസികള്‍ക്കു പരിചിതമാണ്. യോഗ പഠിച്ച് അതില്‍ ആകൃഷ്ടരാവുന്ന ബ്രസീലുകാര്‍ നടത്തുന്ന അരഡസനോളം യോഗ സെന്ററുകളും ഇവിടെയുണ്ട്. റിയോയിലെ ഇപ്പനേമയില്‍ താമസിക്കുന്ന നരസിംഹ ശര്‍മ ഇവരില്‍ ഒരാളാണ്.

ലിയാന്‍ഡ്രോ എന്നായിരുന്നു യഥാര്‍ഥ പേര്. യോഗയും സംസ്‌കൃതവും പഠിച്ച ശേഷമാണ് നരസിംഹ ശര്‍മ എന്ന പേര് സ്വീകരിച്ചത്. മാര്‍ക്കറ്റിങ്ങില്‍ ബിരുദമെടുത്ത് ആ മേഖലയില്‍ ജോലിചെയ്യുമ്പോള്‍ 2001-ലാണ് ലിയാന്‍ഡ്രോ യോഗയിലേക്കും സംസ്‌കൃതത്തിലേക്കും ആകൃഷ്ടനാവുന്നത്. പിന്നെ റിയോയില്‍ തന്നെയുണ്ടായിരുന്ന ലൂയിസ് എന്ന ടീച്ചറില്‍നിന്ന് യോഗ പഠിച്ചു. പഠിക്കാന്‍ തുടങ്ങിയതോടെ കൂടുതലായി ഭാരതീയ സംസ്‌കാരത്തിലേക്ക് ആകൃഷ്ടനായി.

സംസ്‌കൃതവും വേദാന്തവും പഠിക്കാന്‍ തുടങ്ങി. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യരില്‍നിന്നാണ് വേദാന്തവും സംസ്‌കൃതവും പഠിച്ചത്. തനിക്ക് ചെറുപ്പത്തിലെപ്പോഴോ നഷ്ടമായ ആത്മീയത തിരിച്ചുതന്നത് യോഗയാണെന്നും പിന്നെ അത് ഒരു ജീവിതരീതിയായി പതുക്കെ മാറിയെന്നും ലിയാന്‍ഡ്രോ പറയുന്നു.

സാവോപോളോയില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ അനുയായികള്‍ നടത്തുന്ന മാധവഹരി എന്ന ഇന്ത്യന്‍ റെസ്റ്റോറന്റില്‍വെച്ച് കണ്ടുമുട്ടിയവരില്‍ പലരും ഇങ്ങനെ ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നവരായിരുന്നു. ലോകനാഥനെന്നും ശ്രീദേവിയെന്നും പരിചയപ്പെടുത്തിയ ദമ്പതികളുടെ വസ്ത്രധാരണവും സംസ്‌കൃതത്തിലും ഹിന്ദിയിലുമുള്ള സംഭാഷണവും ശരിക്കും അദ്ഭുതപ്പെടുത്തി.

സാവോപോളോയില്‍ ആയുര്‍വേദ മസാജ്
സെന്റര്‍ നടത്തുന്ന ലോകനാഥയും ശ്രീദേവിയും.
ബ്രസീലില്‍ ജനിച്ചുവളര്‍ന്നവരാണ് ഇവര്‍. ആയുര്‍വേദത്തിന്റെ ചിട്ടപ്രകാരം തിരുമ്മല്‍ പഠിച്ച ലോകനാഥ, സാവോയില്‍ മസ്സാജ് സെന്റര്‍ നടത്തുന്നു. ഈ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ അധികവും ബ്രസീലുകാര്‍ തന്നെ. ചോറും പക്കവടയും കറികളും പായസവുമെല്ലാം രുചിയോടെ കഴിച്ച് അവര്‍ മടങ്ങുന്നു.

ഇറച്ചിയും മീനും

ബ്രസീലുകാരുടെ തനത് ഭക്ഷണവുമായി പൊരുത്തപ്പെട്ടുപോവാന്‍ ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞെന്നുവരില്ല. ഇറച്ചിയും മീനുമെല്ലാം ധാരാളമായി കഴിക്കും. പക്ഷേ, ഒട്ടും മസാലയില്ലാതെ വേവിച്ചെടുക്കുന്ന ഈ വിഭവങ്ങള്‍ നമ്മുടെ രസനയ്ക്ക് വഴങ്ങിയെന്നു വരില്ല.

കപ്പ കിട്ടും. വലിയ കഷണങ്ങളായി വെട്ടിനുറുക്കി എണ്ണയില്‍ പൊരിച്ചെടുക്കും. ഇതിലും മസാലയൊ മുളകൊ ഇല്ല. ചോറു കിട്ടും. പക്ഷേ, അരി അല്പം കടുപ്പമുള്ളതാണ്. നമ്മള്‍ പയറുകറി ഉണ്ടാക്കുന്നപോലെ വലിയ ബീന്‍സ് മണികള്‍കൊണ്ട് കറിയുണ്ടാക്കും. പച്ചിലകള്‍ വേവിക്കാതെതന്നെ ധാരാളമായി കഴിക്കും. ഉരുളക്കിഴങ്ങും ധാരാളമായി കഴിക്കുന്നു.

എണ്ണയില്‍ വറുത്തെടുത്ത കപ്പയ്‌ക്കൊപ്പം നല്‍കുന്ന കൈപ്പരിനയാണ് അവരുടെ വെല്‍ക്കം ഡ്രിങ്ക്സ്. കഷാസ എന്ന നാടന്‍ ചാരായത്തില്‍ ചെറുനാരങ്ങയുടെ കഷ്ണങ്ങളും പഞ്ചസാരയും ഐസുമിട്ട് ഉണ്ടാക്കുന്ന കൈപ്പരിന വീര്യമേറിയ പാനീയമാണ്. മദ്യം ബാറുകളില്‍ മാത്രമല്ല. തട്ടുകടയില്‍പോലും വിളമ്പുന്നു. പക്ഷേ, മദ്യപിച്ച് പൂസായി നടക്കുന്ന ആളുകളെ റോഡരികിലും മറ്റും കാണില്ല. കഴിച്ചാല്‍ വയറ്റില്‍ കിടക്കും.

അല്പം മലയാളം

പോര്‍ച്ചുഗീസ് ഭാഷ മനസ്സിലാക്കിയെടുക്കുക നമ്മളെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ്. ഇവിടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്നവര്‍ തീരെ കുറവാണുതാനും. എങ്കിലും അവരുടെ സംസാരത്തിനിടെ ചില വാക്കുകള്‍ നമുക്ക് മനസ്സിലാക്കി എടുക്കാന്‍ കഴിയും.

മലയാളത്തിലും പോര്‍ച്ചുഗീസിലും ചില സമാന പദങ്ങളുണ്ട്. ചായ(ചാ), കസേര (കദേര), ജനാല(ജനേല), മേശ (മേസ), പാത്രം(പ്രാത്തോ), കോപ്പ (കോപ്പോ), തൊപ്പി (തോപ്പോ) ഇങ്ങനെ ഒട്ടേറെ വാക്കുകള്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പ് പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍വന്നപ്പോള്‍ നമ്മള്‍ പഠിച്ചെടുത്ത പോര്‍ച്ചുഗീസ് വാക്കുകളുടെ തത്ഭവമാണ് നമ്മള്‍ ഉപയോഗിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram