കോഴിക്കോട് കൂരാച്ചുണ്ട് കരിയാത്തും പാറയില്‍ വിനോദത്തിനെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ലെന്ന് പരാതി.
ഒരു വര്‍ഷത്തിനുള്ളില്‍ ഒന്‍പത് പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും കാര്യമായ സുരക്ഷാനടപടികളെക്കുറിച്ച് അധികൃതര്‍ ചിന്തിക്കുന്നേയില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
അപകടത്തില്‍പ്പെട്ട് മരിക്കുന്നവരുടെ കണക്കുകള്‍ മാത്രമാണ് പുറം ലോകമറിയുന്നത്. എന്നാല്‍ നിത്യേന അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ദിവസേന നൂറു കണക്കിനാളുകളാണ് സന്ദര്‍ശനത്തിനെത്തുന്നത്. അവധിക്കാലത്ത് ഇത് ഇരട്ടിയാകും. ഇതുവഴി ടൂറിസം വകുപ്പിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത ശതനമാനം പോലും അപകടസാധ്യത കുറയ്ക്കാനുള്ള പദ്ധതികള്‍ക്കായി മാറ്റിവെക്കാന്‍ തയ്യാറാവാത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം.
കഴിഞ്ഞ അവധിദിനത്തില്‍ കരിയാത്തുംപാറയിലെത്തിയ കുട്ടികള്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് സഞ്ചാരികളില്‍ ഒരു ഡോക്ടറുണ്ടായതിനാല്‍ മാത്രമാണ്. വെള്ളം കുടിച്ച് അപകടാവസ്ഥയിലായ കുട്ടികള്‍ക്ക് ഡോക്ടര്‍ കൃത്രിമശ്വാസം നല്‍കുകയും പെട്ടെന്നുതന്നെ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ കക്കോടി സ്വദേശിയായ യുവാവ് കുളിക്കുന്നതിനിടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതും തലനാരിഴയ്ക്കാണ്. റിസര്‍വോയറില്‍ മുങ്ങിത്താഴുകയായിരുന്ന യുവാവിനെ കൂരാച്ചുണ്ടിലെ സുരക്ഷാസേനയായ അമീന്‍ റസ്‌ക്യൂ അംഗമായ മുജീബ് കക്കയമാണ് പ്രഥമശ്രുശൂഷയ്ക്കുശേഷം മെഡിക്കല്‍ കോളേജിലെത്തിച്ചത്.
അപകടങ്ങള്‍ പതിവാകുന്നതിനാല്‍ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി പരിശീലനം നേടിയ അമീന്‍ റസ്‌ക്യൂ അംഗങ്ങള്‍ ഗൈഡുകളായി സൗജന്യ സേവനം നല്‍കുന്നതിന് തയ്യാറാണെന്ന് പഞ്ചായത്തധികൃതരെ അറിയിച്ചെങ്കിലും കാര്യങ്ങള്‍ ഇറിഗേഷന്‍ വകുപ്പാണ് തീരുമാനിക്കേണ്ടതെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.
വേണം കരുതല്‍
കണ്ടാല്‍ ആഴം കുറവാണെന്ന് തോന്നുന്ന തരത്തിലാണ് കരിയാത്തുംപാറയിലെ കടവ്. ഉരുളന്‍കല്ലുകള്‍ വെള്ളത്തിനടിയില്‍ തെളിഞ്ഞു കാണാം. പ്രത്യേകമായുള്ള അപായ സൂചകങ്ങളോ ലൈഫ് ഗാര്‍ഡ് സംവിധാനമോ ഒന്നുംതന്നെ ഇവിടെയില്ലാത്തതിനാല്‍ നാട്ടുകാരല്ലാത്തവര്‍ക്ക് കരിയാത്തുംപാറയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ധാരണയില്ല.
ആഘോഷങ്ങള്‍ക്കിടയില്‍ ശ്രദ്ധക്കുറവ് സംഭവിക്കുന്നതാണ് മിക്ക അപകടങ്ങളുടെയും കാരണം. മിക്കപ്പോഴും ആളുകള്‍ കൂടുതലുണ്ടാകുന്നത് വെള്ളത്തിലിറങ്ങുന്നയാള്‍ക്ക് ധൈര്യം നല്‍കാറുണ്ട്. എന്നാല്‍ പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ കഴിയാറില്ല. കുഞ്ഞുങ്ങളെ തനിയെ വെള്ളത്തില്‍ കളിക്കാന്‍ വിടുന്നതും അപകടം ക്ഷണിച്ചുവരുത്തലാണ്. ആവശ്യമായ മുന്‍കരുതല്‍ സഞ്ചാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതോടൊപ്പം കൃത്യമായ രക്ഷാമാര്‍ഗങ്ങളും മുന്നറിയിപ്പുകളും നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് വിവിധ സാമൂഹിക സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടു.
Content Highlights: Thonikkadavu, Kariyathumpara Tourism, Kerala Tourism, Kariyathumpara Accident Deaths