മൊബൈലില്‍ ചിത്രീകരിച്ച ദുബായ് യാത്രാവിവരണം - ഏഴാം ഭാഗം
ദുബായുടെ മറ്റൊരു മുഖമാണ് ഓള്‍ഡ് ദുബായ്. ന്യൂ ദുബായ് ആധുനിക അറേബ്യന്‍ കാഴ്ചകളാണ് നല്‍കുന്നതെങ്കില്‍ കച്ചവടത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിലേക്കാണ് പഴയ ദുബായ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
വൈകുന്നേരമാണ് ഞങ്ങള്‍ അല്‍ഗുബൈബ മെട്രോ സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നത്. സ്‌റ്റേഷന്റെ യന്ത്രവാതില്‍ തുറക്കുന്നത് ദുബായുടെ പൈതൃകകേന്ദ്രമായ അല്‍ ഷിന്ദഗയിലാണ്. ദുബായ് ഭരിക്കുന്ന അല്‍ മക്തൂം രാജകുടുംബത്തിന്റെ പഴയ വസതിയായ ഷേക്ക് സയ്യിദ് അല്‍ മക്തൂം ഹൗസ് ഉള്‍പ്പെടുന്ന ഈ പൈതൃകമേഖല. ക്രീക്കിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ പ്രദേശം.
ജലപാതയായ ക്രീക്കിന്റെ കരയിലായി, പശ്ചിമേഷ്യന്‍ വാസ്തുശൈലിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍. 1939ല്‍ നിര്‍മിച്ച അല്‍ഷിന്ദഗ നിരീക്ഷണസ്തൂപവും അല്‍ ഗുബൈബ ഉദ്യാനവുമാണ് പ്രദേശത്തിന്റെ മുഖമുദ്ര.
അറേബ്യന്‍ ചരിത്രവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന ചെറിയൊരു പൈതൃകമ്യൂസിയത്തിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. ടിക്കറ്റൊന്നുമില്ല.
അല്‍ഷിന്ദഗയിലെ പരമ്പരാഗത കെട്ടിടങ്ങള്‍ പവിഴവും ചുണ്ണാമ്പുകല്ലുകളും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലെ നാലുകെട്ടുകളിലും മറ്റും കാണുന്ന പോലുള്ള തടികൊണ്ടുള്ള മച്ചുകള്‍. ഗ്രാമഫോണുകള്‍, പഴയകാല ജീവിതശൈലികള്‍ വരച്ചുകാട്ടുന്ന ചിത്രങ്ങള്‍, പഴയകാല ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിങ്ങനെ നിരവധി പ്രദര്‍ശനവസ്തുക്കള്‍ അവിടെ അണിനിരന്നിരിക്കുന്നു. പണ്ട് നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്നു പോലെയുള്ള ട്രങ്ക് പെട്ടികളും ശേഖരത്തിലുണ്ട്.
ചില മുറികളില്‍ ഭക്ഷണശാലകളും ഗിഫ്റ്റ് ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ധാരാളം വസിക്കുന്ന പ്രദേശമാണ് അല്‍ ഷിന്ദഗ. ഒഴിവുദിവസങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിശാലമായ പുല്‍ത്തകിടിയില്‍ സായാഹ്നം ചിലവിടാന്‍ എത്തിച്ചേരാറുണ്ട്.
ക്രീക്കിന് സമീപത്തേക്ക് എത്തി. ദുബായ് നഗരത്തെ രണ്ടായി തിരിക്കുന്ന നീര്‍ച്ചാല്‍ എന്ന് ക്രീക്കിനെ വിശേഷിപ്പിക്കാം. ക്രീക്കിന്റെ പടിഞ്ഞാറന്‍ ഭാഗം ബര്‍ദുബായ് എന്നും വടക്കുഭാഗം ദേര എന്നുമാണ് അറിയപ്പെടുന്നത്.
കല്ലുപാകിയ വഴിയിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു. പല രൂപത്തിലുള്ള ആഡംബര നൗകകള്‍ നങ്കൂരമിട്ട് കിടക്കുന്നു. ഒപ്പം പരമ്പരാഗ തടിവഞ്ചികളായ അബ്രയും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) നിയന്ത്രണത്തിലാണ് ഇവയുടെ സര്‍വീസും നടക്കുന്നത്.
ക്രീക്കിന്റെ കരയിലായി തുറന്ന ഭോജനശാലകളും വിശ്രമിക്കാനായി ചാരുപടികളും ഒരുക്കിയിരിക്കുന്നു. പ്രാവുകള്‍ക്ക് അരിയിട്ടുകൊടുത്ത് ഏതാനും ചിലര്‍ ഇരിക്കുന്നുണ്ട്. എവിടെയും നല്ല തിരക്ക്.
ബാങ്ക് ഓഫ് ബറോഡയുടെ വലിയ ഓഫീസ് ഇവിടെയുണ്ട്. തൊട്ടടുത്താണ് ദുബായിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നായ ഓള്‍ഡ് സൂഖ്. നിരവധി ചെറിയ കടകളാല്‍ നിറഞ്ഞ നെടുനീളന്‍ തെരുവാണ് ഈ പഴയ ചന്ത. തുണിത്തരങ്ങള്‍, ചെരുപ്പുകള്‍, കരകൗശലവസ്തുക്കള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം.
തെരുവ് വര്‍ണവെളിച്ചങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. പഴയ ശൈലിയിലുള്ള നിര്‍മാണം. തെരുവിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ വാസ്തുശൈലി പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ കെട്ടിടങ്ങളുടെ നിര്‍മാണ ശൈലിയെ മറയ്ക്കുന്ന രീതിയില്‍ കച്ചവട സാമഗ്രികള്‍ എങ്ങും നിരത്തിയിരിക്കുകയാണ്. അതേസമയം പോസ്റ്ററോ, കുത്തിവരകളോ നടത്തി ഭിത്തികളെ നശിപ്പിച്ചിട്ടുമില്ല.
ജയ, നാന്‍സി, ദീപ, സാഗര്‍... ഇന്ത്യന്‍ ചുവയുള്ള ധാരാളം പേരുകള്‍ ചുവരുകളില്‍ കാണാം. നടത്തത്തില്‍ ഹിന്ദിയും മലയാളവും ഇടയ്ക്കിടയ്ക്ക് കേള്‍ക്കാനും സാധിക്കും. തെരുവ് ചെന്നവസാനിക്കുന്ന മൂലയില്‍ നിന്ന് ഇടനാഴിയിലൂടെ നടന്നാല്‍ ഹിന്ദുക്ഷേത്രത്തിലും ചെല്ലാം.
അടുത്തത് അബ്ര യാത്രയാണ്. പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരുപോലെ ഉപയോഗിക്കുന്ന ജലഗതാഗതമാണിത്. ഓള്‍ഡ് സൂഖിന് തൊട്ടടുത്താണ് ബര്‍ദുബായ് അബ്ര സ്‌റ്റേഷന്‍.
ആര്‍ടിഎയുടെ ഒരുദ്യോഗസ്ഥനാണ് സ്‌റ്റേഷനിലെ മാര്‍ഗദര്‍ശി. വഞ്ചിയിലേക്ക് പ്രവേശിക്കാന്‍ അഞ്ചോ ആറോ ഗേറ്റുകളുണ്ട്. വഞ്ചികള്‍ തുരുതുരാന്ന് വന്നുകൊണ്ടിരിക്കുന്നു. അതിലും വേഗത്തില്‍ ആളുകളാല്‍ നിറയുകയും ചെയ്യുന്നു. ഏതാനും മിനിട്ട് തലങ്ങും വിലങ്ങും ഓടിയശേഷമാണ് എനിക്കൊരു വള്ളത്തില്‍ ഇടംപിടിക്കാനായത്.
സാധാരണ ഒരു തടിവഞ്ചി. കട്ടില്‍പോലെ ഒരു ഇരിപ്പിടം. അതില്‍ നിരനിരയായി ആളുകള്‍ ഇരിക്കുന്നു. നടുക്ക് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഡ്രൈവര്‍. യാത്രക്കാരുടെ കൈകളില്‍ നിന്ന് അയാള്‍ തന്നെയാണ് കാശുവാങ്ങുന്നത്. ഒരു ദിര്‍ഹമാണ് ടിക്കറ്റ് ചാര്‍ജ്. ദുബായിലെ ഏറ്റവും ചിലവുകുറഞ്ഞ യാത്രാമാര്‍ഗം.
വര്‍ണത്തില്‍ കുളിച്ച് ഇരുവശവും കെട്ടിടങ്ങള്‍. ഒരു വശത്ത് പരമ്പരാഗത നിര്‍മിതികളും മറുവശത്ത് അംബരചുംബികളും. അബ്രയിലെ രാത്രികാല യാത്ര മനോഹരമാണ്.
കഴിഞ്ഞദിവസം പകല്‍സമയത്ത് ഇതേ വഴിയിലൂടെ അബ്രയില്‍ സഞ്ചരിച്ചിരുന്നു. വെയിലില്‍ വെട്ടിത്തിളങ്ങുന്ന ജലത്തില്‍ തിമിര്‍ക്കുന്ന കടല്‍കാക്കകള്‍; രാത്രിയില്‍ കാണാന്‍ സാധിക്കാത്ത കാഴ്ചകളില്‍ പ്രധാനം അതായിരുന്നു.
ആഡംബരക്രൂയിസ് ബോട്ടുകളും ക്രീക്കിലൂടെ സര്‍വീസ് നടത്തുന്നു.
ഏതാനും മിനിട്ടുകള്‍ക്കകം അക്കരെ ദേര നഗരത്തില്‍ വഞ്ചി നങ്കൂരമിട്ടു. എതിരെ വരുന്ന വഞ്ചിയെ ഇടിച്ചും വെട്ടിച്ചുമൊക്കെയാണ് നങ്കൂരമിട്ടത്.
ഭൂഗര്‍ഭവഴിയിലൂടെ ക്രീക്കിന്റെ അതിര്‍ത്തിയായ ബനിയാസ് റോഡ് മുറിച്ചുകടന്ന് ഞാന്‍ ദുബായുടെ മറ്റൊരു മുഖത്തേക്ക് പ്രവേശിച്ചു.
വഴിയോരത്ത് ഭിക്ഷക്കാര്‍, വഴിയിലേക്ക് ഇറങ്ങിയ ആള്‍ക്കൂട്ടങ്ങള്‍, ഇടവഴികളില്‍ പുകച്ചുരുളുകളുമായി പുരുഷാരവം, കണ്ണുകളില്‍ കാമം നിറച്ച കറുത്തസുന്ദരികള്‍... കണ്ടുമറന്ന ഏതോ ഉത്തരേന്ത്യന്‍ നഗരത്തിന് ഓര്‍മപ്പെടുത്തുന്ന കാഴ്ചകളായിരുന്നു ദേരയില്‍ എന്നെ കാത്തിരുന്നത്.
കുറേ നേരെ ഈ തിരക്കിന് ഇടയിലൂടെ നടന്നു. വിശപ്പ് കലശലായി തുടങ്ങി. അടുത്ത് ഇന്ത്യന്‍ ഹോട്ടല്‍ വെല്ലോമുണ്ടോ എന്ന് ഗൂഗിളില്‍ തിരഞ്ഞു. ബെംഗളൂര്‍ ഹോട്ടല്‍ എന്ന പേരാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്. മീറ്ററുകള്‍ മാത്രം അകലെയുള്ള ഈ ഭക്ഷണശാല തേടി പോയെങ്കിലും എത്തിച്ചേര്‍ന്നത് പൂട്ടിയിട്ട ഒരു ഹോട്ടലിന് മുന്നിലാണ്. ദുബായില്‍ വെച്ച് ഗൂഗിള്‍ ഇങ്ങനൊരു പണി തരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
നിരാശയും വിശപ്പും. സൈക്കിളില്‍ ഇരുന്ന് സിഗരറ്റ് വലിക്കുകയായിരുന്ന ഒരു യുവാവിനോട് ഇന്ത്യന്‍ ഹോട്ടല്‍ ചോദിച്ചു. അടുത്തുള്ള ചെന്നൈ ഹോട്ടലിലേക്കുള്ള വഴി അയാള്‍ കൃത്യമായി പറഞ്ഞുതന്നു.
ചെറുതായി വഴി തെറ്റിയെങ്കിലും അവസാനം ഹോട്ടല്‍ കണ്ടെത്തി. ചെറിയതെങ്കിലും വൃത്തിയുള്ള ഒരു ഹോട്ടല്‍. നല്ല സ്വീകരണം. അതിലുമെല്ലാം ആകര്‍ഷകമായത് വിലയാണ്. ന്യൂ ദുബായില്‍ 20 ദിര്‍ഹം മുടക്കി മസാലദോശ കഴിക്കേണ്ടി വന്നപ്പോള്‍, ഇവിടെ വെറും 4.5 ദിര്‍ഹം മാത്രമാണ് ചിലവായത്.
ഓള്‍ഡ് ദുബായുടെ ചെറിയൊരു ഭാഗം മാത്രമാണ് എനിക്ക് ഇന്നു കാണാനായത്. ഷിന്തഗ പൈതൃക ഗ്രാമം, ദുബായ് മ്യൂസിയം എന്നിങ്ങനെ ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം കണ്ണഞ്ചിപ്പിക്കുന്ന അത്യാഡംബര കാഴ്ചകളില്‍ നിന്ന് ചില നിറംമങ്ങിയ നേര്‍ക്കാഴ്ചകളിലൂടെയാണ് എന്റെ ഓള്‍ഡ് ദുബായ് യാത്ര അവസാനിച്ചത്.
സമീപത്തെ മെട്രോ സ്‌റ്റേഷന്‍ അന്വേഷിച്ചു. തൊട്ടടുത്താണ് പാം ദേര മെട്രോ സ്‌റ്റേഷന്‍. ഇന്നത്തെ യാത്ര അവസാനിപ്പിച്ച് താമസസ്ഥലത്തേക്ക് മടങ്ങി.
( തുടരും... )