ദൂധ് സാഗര്‍ അഥവാ പാല്‍ക്കടല്‍. കാഴ്ചയുടെ അമൃതമഥനമാകുമീ യാത്ര എന്നതോര്‍ത്തില്ല. ശരിക്കും അമൃതമഥനം തന്നെ. വിജയപുരയില്‍ (ബീജാപുര്‍) നിന്ന് മടങ്ങും വഴി ദൂധ് സാഗര്‍ കൂടി കണ്ട് മടങ്ങാനായിരുന്നു വിചാരം. അങ്ങനെ ആദ്യം ഹുബ്ബള്ളിയിലെത്തി. നമ്മള്‍ ഹുബ്ലി എന്നാണ് പറഞ്ഞ് ശീലിച്ചിട്ടുള്ളത്. സംഗതി അതുതന്നെ. അവിടെ നിന്നും ലോണ്ടയിലേക്ക് വണ്ടി കയറി. ലോണ്ടയില്‍നിന്ന് പിറ്റേദിവസം കാലത്ത് ദൂധ് സാഗര്‍ വഴിയുള്ള വണ്ടിക്ക് പോവാം എന്ന് പ്ലാന്‍ ചെയ്തു. ദൂധ് സാഗര്‍ സ്റ്റേഷനില്‍ ഇറങ്ങി ഫോട്ടോയെടുത്ത് അടുത്ത വണ്ടിക്ക് ഗോവ വഴി നാട്ടിലെത്താം എന്നൊക്കെയായിരുന്നു ആസൂത്രണം.
ദൂധ് സാഗര്‍ പശ്ചിമഘട്ടത്തിലാണ്. മഴ കനത്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു. ലോണ്ട സ്റ്റേഷനടുത്തെത്തുമ്പോള്‍തന്നെ മഴ നനഞ്ഞ കാടുകളും വെള്ളം നിറഞ്ഞവയലുകളും കുളിരുമായി കൂടെവന്നു. ലോണ്ടയില്‍ ഇറങ്ങുമ്പോള്‍ ചെറിയ മഴയുണ്ടായിരുന്നു. മേല്‍പ്പാലത്തിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ ഞങ്ങള്‍ വന്ന വണ്ടി താഴേകൂടെ, നനഞ്ഞ പാളത്തിലൂടെ ഒരു വളവ് തിരിഞ്ഞ് കാടുകേറി പോവുന്നത് കണ്ടു. ആ മനോഹരമായ ഫ്രെയിം മധുരാജിനെ മോഹിപ്പിച്ചു. ക്യാമറ ക്ലിക്ക് ചെയ്തുകൊണ്ടിരുന്നു.
താഴെയിറങ്ങിയപ്പോള്‍ ഒരു ഓട്ടോക്കാരനെ കണ്ടു. ന്യായം തെരിഞ്ച റൂട്ടുകാരനാണോ എന്തോ. ഒന്ന് മുട്ടി നോക്കുകതന്നെ. നാളെ ദൂധ് സാഗര്‍ കാണാന്‍ ഇന്നേ ഇറങ്ങിതിരിച്ച രണ്ട് യാത്രികരാണ് എന്നയാള്‍ക്ക് മനസ്സിലായി. താമസിക്കാനൊരു മുറിവേണമെന്നും മനസ്സിലായി. ഇതിനടുത്തൊന്നും ഹോട്ടലില്ല. രാംനഗര്‍വരെ പോവണം. 120 രൂപയാവും. തിരിച്ച് വരാന്‍ ഓട്ടം കിട്ടില്ല. അതുകൊണ്ടുള്ള പ്രശ്‌നങ്ങളും പറഞ്ഞു. പിന്നെ ദൂധ് സാഗര്‍ കാണാന്‍ ഇപ്പോ പറ്റില്ല. അവിടെ നല്ല മഴയായതിനാല്‍ ആരേയും ഇറങ്ങാന്‍ അനുവദിക്കുന്നില്ല. റെയില്‍ ട്രെക്കിങ്ങും നിരോധിച്ചിരിക്കുകയാണ്. 5000 രൂപയാണ് ഫൈന്‍. പിന്നെ ഒരേയൊരു മാര്‍ഗം ട്രെയിനിലിരുന്ന് ഒരു ദര്‍ശനം മാത്രം. എന്തായാലും അത് നാളെയേ നടക്കൂ. അപ്പോ പിന്നെ വണ്ടി രാംനഗറിലേക്ക് പോട്ടെ. ഓട്ടോറിക്ഷയുടെ ഡോറടഞ്ഞു. അതേ രാംനഗറിലെ ഓട്ടോറിക്ഷകള്‍ക്ക് ഡോറുണ്ട്. ഹാഫ് ഡോറല്ല, പൂര്‍ണഡോറുതന്നെ. അതിനകത്ത് ക്യാമറബാഗും ഞങ്ങളും കുത്തികൊള്ളിച്ചപോലങ്ങിനെ ഇരുന്നു. ലോണ്ട സ്റ്റേഷനരികിലെ കൊച്ചങ്ങാടിയില്‍ നിര്‍ത്തി ഏ.ടി.എം.ല്‍നിന്ന് പണം എടുത്തു. ഹോട്ടലില്‍ കാര്‍ഡൊന്നും എടുത്തില്ലെങ്കിലോ.
കാനനവഴിയേയാണ് യാത്ര. ബെല്‍ഗാം-ഗോവ റോഡാണത്. ഇടയ്ക്കുള്ള ചെറിയൊരു താവളമാണ് രാംനഗര്‍. അവിടെ രാജാപാലസ് ഹോട്ടലില്‍ ഡ്രൈവര്‍ ഞങ്ങളെ എത്തിച്ചു. കക്ഷിയുടെ നമ്പറും വാങ്ങിവെച്ചു. നാളെ രാവിലെ ട്രെയിന് പോവണമെങ്കിലും അദ്ദേഹത്തിന്റെ സേവനം വേണ്ടി വരും. മുറി അത്ര വൃത്തിയും വെടിപ്പുമുള്ളതൊന്നുമല്ല. അവിടെ കൂടുതല്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അവിടത്തെ ഫൈവ് സ്റ്റാറാണ് രാജാപാലസ്. പേരിലെങ്കിലും ഒരു കൊട്ടാരമുണ്ടല്ലോ. മുറിയില്‍ നിന്നും പുറത്ത് കടന്ന് ഞങ്ങള്‍ സായാഹ്നസവാരിക്കിറങ്ങി. പടമെടുത്ത് പടമെടുത്ത് നടന്നു. കാളിപ്പുഴയോരത്ത് പോയി. മഴ കൂടെതന്നെയുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോള്‍ ഹോട്ടലില്‍ ഒരു പൂരത്തിനുള്ള ആളുണ്ട്. ഗോവയിലേക്കുള്ള സഞ്ചാരികളും അതുവഴി പോവുന്ന ലോറിഡ്രൈവര്‍മാരും ഭക്ഷണം കഴിക്കുന്ന താവളമാണ് രാജാപാലസ്. ഞങ്ങളും ഭക്ഷണം കഴിച്ചു പിറ്റേ ദിവസം രാവിലെ ഓട്ടോക്കാരന്‍ എത്തി. അയാള്‍ 'ന്യായം തെരിഞ്ച റൂട്ടുക്കാരന്‍' തന്നെയെന്ന് ഇതിനകം ബോധ്യപ്പെട്ടിരുന്നു. പിന്നെ ഇംഗ്ലീഷും അറിയാം. ദേശാന്തര യാത്രികരുടെ മനസ്സുമറിയാം. പോരേ.
ലോണ്ട റെയില്‍വേസ്റ്റേഷനിലെത്തിയപ്പോള്‍ ഞങ്ങളെ പോലെതന്നെ ദൂദസാഗര ദര്‍ശനം കൊതിച്ചെത്തിയ ഏതാനും യാത്രികരേയും കണ്ടു. വണ്ടി അവിടെ നിര്‍ത്തില്ലെന്നും ഇറങ്ങി ട്രാക്കിലൂടെ നടക്കാന്‍ പാടില്ലെന്നുമറിഞ്ഞതിന്റെ നിരാശയിലായിരുന്നു അവരെല്ലാം. ടിക്കറ്റെടുത്ത് മുന്നിലെ കംപാര്‍ട്ട്മെന്റില്‍ കയറിപറ്റി. ചെന്നൈയില്‍നിന്ന് ഗോവയ്ക്കുള്ള വണ്ടിയാണ്. ടിക്കറ്റ് ഗോവയ്ക്കുതന്നെ എടുത്തു. ഇനി എങ്ങാനും ദൂധ് സാഗറില്‍ നിര്‍ത്തിയാല്‍ അവിടെ ഇറങ്ങാമെന്നും പിടിക്കാന്‍ വരുന്ന റെയില്‍സംരക്ഷണസേനയോട് ഉദ്ദേശലക്ഷ്യങ്ങള്‍ പറഞ്ഞ് തടിതപ്പാമെന്നുമെല്ലാം മനോവിചാരം കൊണ്ടു.
വണ്ടിയിളകി. കാടും മലകളും പിന്നിട്ട് സുന്ദരമായി ഭൂമിയിലൂടെ അതിങ്ങനെ കൂകിപാഞ്ഞു. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും തുരങ്കങ്ങളുമെല്ലാം പിന്നിട്ടാണ് യാത്ര. ദൂധ് സാഗരത്തെ കാണാന്‍ വലതുവശത്താണിരിക്കേണ്ടതെന്ന് ലോണ്ടയില്‍നിന്ന് റെയില്‍വേ ജീവനക്കാരന്‍ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. കംപാര്‍ട്ട്മെന്റില്‍ വലതുവശം ഇപ്പോഴേ ഹൗസ്ഫുള്ളാണ്. ഇടതുവശത്ത് ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ സ്ഥിരം യാത്രികര്‍. ഗോവയിലേക്ക് അടിച്ചുപൊളിക്കാന്‍ പോവുന്ന പിള്ളേര്‍ സെറ്റ് ആടിപാടി ആഘോഷമാക്കുന്നുണ്ട്. ചെന്നൈ വണ്ടി ആയതുകൊണ്ട് തമിഴ് മൊഴി പറയുന്നവരും ഏറെയുണ്ടായിരുന്നു. തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, കൊങ്കിണി അങ്ങിനെ എല്ലാം കലര്‍ന്ന ഒരു ബഹുഭാഷാവണ്ടിയായിരുന്നു അത്.
ഇതാ ഇപ്പോ വരും, സ്ഥിരം യാത്രികര്‍ സൂചന നല്‍കി. വാതിലിനരികില്‍ ക്യാമറയും കയ്യിലേന്തി നില്‍ക്കുകയായിരുന്നു. ഹായ് ഹൂയ് ആവേശത്തിന് ഒറ്റഭാഷയേ ഉണ്ടായിരുന്നുള്ളു. പക്ഷേ, എന്‍ജിന്‍ ഡ്രൈവര്‍ ആള് ശരിയല്ല. അയാള്‍ അവിടെയെത്തിയതും സ്പീഡ് കൂട്ടിക്കളഞ്ഞു. ഒരു നൊടിയിടയില്‍ എല്ലാ മറഞ്ഞു. കാടിനെ വകഞ്ഞുമാറ്റി അലക്ഷ്യമായി വിരിച്ചിട്ട, കീറിപ്പറിഞ്ഞ ഒരു ചേലപോലെ ദൂധ് സാഗര്‍. ക്യാമറക്കണ്ണുകള്‍ അടഞ്ഞുതുറക്കുന്നതിനിടയില്‍ പാല്‍നുരയായി ദൂധസാഗര ദര്‍ശനം കഴിഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ എല്ലാ ശ്രദ്ധയും ഇടത്തോട്ട് തിരിഞ്ഞു. വീണ്ടും ആര്‍പ്പുവിളി, ഹൂയാരം. ട്രെയിനൊന്ന് തിരിഞ്ഞു വരുമ്പോ ഇടതുവശത്തും ഈ ദൂധസാഗരസുന്ദരിയെ കാണാം. കടന്നുവന്ന റെയില്‍പ്പാതയും ആ ഫ്രെയിമില്‍ വരും. ഓടി ഇടതുവശം ചേര്‍ന്നപ്പോഴേക്കും അവിടത്തെ ബഹളത്തിനിടയില്‍ ക്യാമറ വേണ്ടവണ്ണം ചലിച്ചില്ല. പ്രൊഫഷണല്‍ ക്യാമറ കണ്ടതുകൊണ്ട് കൂട്ടത്തിലുള്ളവര്‍ സ്വല്‍പ്പം മര്യാദ കാട്ടി മാര്‍ഗമൊരുക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വെള്ളച്ചാട്ടത്തെ പിന്നിലാക്കി തീവണ്ടി കുതിച്ചിരുന്നു.
ഇനി ഒക്ടോബര്‍-നവംബര്‍ ആവുമ്പോഴേക്കും വെള്ളച്ചാട്ടം കാണാന്‍ അടുത്തേക്ക് പോവാന്‍ പറ്റും. ഇപ്പോപോയാല്‍ ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടെന്നിരിക്കും. സ്ഥിരം യാത്രികനായ ജെയിംസ് പറഞ്ഞു. സീസണായാല്‍ ഒന്നുകില്‍ ഗോവയില്‍ വന്ന് വണ്ടി വിളിച്ച് വരാം. അല്ലെങ്കില്‍ കുലേം റെയില്‍വേ സ്റ്റേഷനിലിറങ്ങി ഓഫ് റോഡ് ജീപ്പില്‍ പോവാം. നേരത്തെ ദൂധ് സാഗര്‍ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുമായിരുന്നു. അവിടെയിറങ്ങി റെയില്‍വേ ട്രാക്കിലൂടെ നടന്ന് വെള്ളച്ചാട്ടം കാണാമായിരുന്നു. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ തീവണ്ടി പോവുന്ന പടമെടുക്കണമെങ്കില്‍ വ്യുപോയിന്റില്‍ തന്നെ പോവണം. അടുത്ത സീസണ്‍ നോക്കി അതിനിറങ്ങണം. മഡ്ഗാവ്-സന്‍ജുജേ ഡാ അരേ-ചന്ദര്‍-സാന്‍വര്‍ദാം ചര്‍ച്ച്-കേലേം-കുലേം-സോണാലിം-ദൂദ് സാഗര്‍ വെള്ളച്ചാട്ടം-ദൂദ് സാഗര്‍-കരണ്‍സോള്‍-കാസില്‍റോക്ക്-ടിനായ്ഘട്ട്-ലോണ്ടജങ്ഷന്‍ എന്നിങ്ങനെയാണ് റെയില്‍ റൂട്ട്. ഗോവയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരം. കുലേം സ്റ്റേഷനില്‍ ഇറങ്ങി ഓഫ് റോഡ് ജീപ്പില്‍ വെള്ളച്ചാട്ടത്തിനടുത്ത് പോവാം. മഡ്ഗാവില്‍ നിന്നും അമരാവതി എക്‌സ്പ്രസ്സ്, പൂര്‍ണഎക്‌സ്പ്രസ് ഗോവ എക്‌സ്പ്രസ്, യശ്വന്ത്പുര്‍ എക്‌സ്പ്രസ്, ഹൈദരബാദ് എക്‌സ്പ്രസ്, ഡാ ഗാമ വേളാങ്കണ്ണി വീക്കിലി എക്‌സ്പ്രസ്, ഡാ ഗാമാ തിരുപ്പതി എക്‌സ്പ്രസ് എന്നിങ്ങനെ വണ്ടികളുണ്ട്. ഇതില്‍ ഗോവ എക്‌സ്പ്രസ് മാത്രമാണ് ദിവസവും ഓടുന്നത്. മറ്റുള്ളവ ആഴ്ചയില്‍ രണ്ട്, ആഴ്ചയില്‍ ഒന്ന് എന്നിങ്ങനെയാണ്. ഐ.ആര്‍.സി.ടി. സിയുടെ വെബ്സൈറ്റില്‍ നോക്കി മുന്‍കൂട്ടി ബുക്ക് ചെയ്ത് പോവുന്നതാണ് നല്ലത്.'' ജെയിംസ് ഒരു ഗൈഡിനെപോലെ എല്ലാം വിശദീകരിച്ചു തന്നു.
കാട് പിന്നിട്ട് വണ്ടി ഗോവയുടെ സമതലഭൂമികളിലേക്കെത്തി.സാന്‍വര്‍ദാംചര്‍ച്ച് സ്റ്റേഷന്‍, പിന്നെ മഡ്ഗാവ്. ഗോവയിലേക്കുള്ള പ്രവേശനകവാടം. ട്രൗസറും ബനിയനുമിട്ട് സഞ്ചാരികള്‍ ഗോവയുടെ അന്തരീക്ഷത്തിലേക്ക് ചേര്‍ന്നു. ടാക്സികളും ടൂവീലര്‍ ടാക്സികളും അവരേയും കൊത്തി പറന്നു. ഞങ്ങളും കൂട്ടത്തില്‍ ചേര്‍ന്നു. സായാഹ്നം കോള്‍വാ ബീച്ചിലായിരുന്നു. ദൂധസാഗരത്തേയും കൂടി പേറി നുരതല്ലി ചിതറി വീഴുന്ന അറബിക്കടലിന്റെ തിരമാലകളില്‍ അഭിഷേകമേറ്റുവാങ്ങുന്ന ആയിരങ്ങളില്‍ ഇരുവരായി.
Content Highlights: Dudhsagar waterfalls, Konkan Railway, Dudhsagar Travel