കേരളം മാറണം; മലയാളിയുടെ യാത്രാധാരണകളും... സന്തോഷ് പറയുന്നു


എച്ച്. ഹരികൃഷ്ണന്‍ harikrishnan_ktm@yahoo.com

5 min read
Read later
Print
Share

ലോകം ചുറ്റാന്‍ എവിടെ നിന്നാണ് ഇത്രയും കാശ്? പരസ്യമില്ലാതെ സഫാരി ചാനല്‍ എങ്ങനെ മുന്നോട്ടുപോകുന്നു? ബഹിരാകാശ യാത്ര എന്തായി? ഒരു ശരാശരി മലയാളിയുടെ ഈ സംശയങ്ങള്‍ക്ക് സന്തോഷ് മറുപടി പറയുന്നു. ഒപ്പം, കേരളത്തിലെ വിനോദസഞ്ചാര മേഖലയെ കുറിച്ചും മലയാളികളുടെ യാത്രാശീലങ്ങളെ കുറിച്ചും...

ഭൂമിയെ 45 തവണ വലംവയ്ക്കുന്നത്രദൂരം. കൃത്യമായി പറഞ്ഞാല്‍ 18 ലക്ഷം കിലോമീറ്റര്‍. മലയാളികളുടെ സ്വീകരണമുറിയിലേക്ക് ലോകക്കാഴ്ചകള്‍ എത്തിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ 'സഞ്ചാരം' രണ്ടുപതിറ്റാണ്ടു പിന്നിട്ട് മുന്നേറുകയാണ്. 1997 ഒക്ടോബര്‍ 24-ന് ആരംഭിച്ച മലയാളത്തിലെ ആദ്യ ദൃശ്യയാത്രാവിവരണ പരമ്പര, 2013-ല്‍ സഫാരി ചാനലായി. 1333 എപ്പിഡോസുകള്‍ പൂര്‍ത്തിയാക്കിയ സഞ്ചാരത്തെ ഇതിനോടകം​ തേടിയെത്തിയത് നൂറിലേറെ പുരസ്‌കാരങ്ങള്‍!

എറണാകുളം റെയില്‍വേസ്റ്റേഷനില്‍ നിന്ന് ആരംഭിച്ച സന്തോഷിന്റെ സഞ്ചാരം, ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളും സപ്തസാഗരങ്ങളും മഹാനദികളും ആഫ്രിക്കന്‍ വനാന്തരങ്ങളും കടന്നു. സഹാറ മുതല്‍ മൊഹാവി വരെയുള്ള മരുഭൂമികള്‍, ഹിമാലയം മുതല്‍ ഫ്യുജി വരെയുള്ള പര്‍വതങ്ങള്‍, നൈലില്‍ നിന്ന് ഡാന്യൂബ് വരെയുള്ള നദികള്‍, ലോകാത്ഭുതങ്ങള്‍, മനുഷ്യജീവിതങ്ങള്‍, സംസ്‌കാരങ്ങള്‍.... കാഴ്ചകളുടെയും അനുഭവങ്ങളുടെയും അക്ഷയപാത്രമായ സഞ്ചാരവിശേഷങ്ങള്‍ക്കായി മലയാളി ഇന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ലോകം ചുറ്റാന്‍ എവിടെ നിന്നാണ് ഇത്രയും കാശ്? പരസ്യമില്ലാതെ സഫാരി ചാനല്‍ എങ്ങനെ മുന്നോട്ടുപോകുന്നു? ബഹിരാകാശ യാത്ര എന്തായി? ഒരു ശരാശരി മലയാളിയുടെ ഈ സംശയങ്ങള്‍ക്ക് സന്തോഷ് മറുപടി പറയുന്നു. ഒപ്പം, കേരളത്തിലെ വിനോദസഞ്ചാര മേഖലയെ കുറിച്ചും മലയാളികളുടെ യാത്രാശീലങ്ങളെ കുറിച്ചും...

Related Read - സന്തോഷിന്റെ സഞ്ചാരം ഈ ശബ്ദത്തിലൂടെ

സമ്പന്നയാത്രികനല്ല ഞാന്‍

വലിയ സമ്പത്തുള്ളതിനാലാണ് ഞാന്‍ ഇത്രയും വിദേശയാത്രകള്‍ നടത്തുന്നതെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍, വളരെ ചിലവ് ചുരുക്കിയാണ് ഞാന്‍ ഇപ്പോഴും യാത്ര ചെയ്യുന്നത്. ദിവസവും 100 രൂപ വെച്ച് സമ്പാദിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? എങ്കില്‍ എല്ലാവര്‍ഷവും നിങ്ങള്‍ക്ക് വിദേശയാത്ര ചെയ്യാനുള്ള വഴി ഞാന്‍ പറഞ്ഞുതരാം. ഇതൊരു ബിസിനസ് ആണെന്ന് കരുതരുത്. യാത്രാനുഭവങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതിനപ്പുറം അവരെ യാത്ര ചെയ്യിപ്പിക്കുക എന്നതാണ് എന്റെ അടുത്ത ലക്ഷ്യം.

20 വര്‍ഷമായി നടത്തിവരുന്ന യാത്രകളുടെ ചെറിയൊരു ഭാഗം മാത്രമേ എനിക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാനായിട്ടുള്ളൂ. കണ്ട്, അനുഭവിച്ച കാര്യങ്ങള്‍ ദൃശ്യത്തിലൂടെ മാത്രമായി ആളുകളിലേക്ക് എത്തിക്കുന്നതിന് പരിമിതികള്‍ ഉണ്ട്. സദ്യ ഉണ്ണുന്നതിന് പകരം പാചകക്കുറിപ്പ് വായിക്കുന്നതുപോലെയാണ് അത്.

യാത്രയുടെ സങ്കേതങ്ങള്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ആശയത്തിലാണ് ഞാന്‍ ഇപ്പോള്‍ പ്രവൃത്തിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്നാണ് ആഗ്രഹം.

യാത്ര ചെയ്യാന്‍ മലയാളിയെ പഠിപ്പിക്കണം

യാത്രകള്‍ ആസ്വദിക്കാന്‍ പരിശീലനം അത്യാവശ്യമാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. യാത്രയ്ക്കു വേണ്ടിയല്ല നമ്മുടെ പൊതുവേയുള്ള പല യാത്രകളും. പകരം, സെല്‍ഫി എടുക്കുക, കള്ളുകുടിക്കുക, കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുക എന്നിങ്ങനെയാണ്. യാത്രയ്ക്ക് ഒരുദ്ദേശമുണ്ടാവണം. യാത്ര അനുഭവിച്ച ഒരു ഗുരുവിനൊപ്പം സഞ്ചരിച്ചുവേണം അത് ആര്‍ജ്ജിക്കാന്‍.

യാത്രയ്ക്കുള്ള ഒരുക്കത്തില്‍ നിന്നുതന്നെ ആ ആസ്വാദനം ആരംഭിക്കുന്നു. എന്ത് വേഷം ധരിക്കണം, ഏത് ബാഗ് ഉപയോഗിക്കണം, ഏത് വാഹനത്തില്‍ സഞ്ചരിക്കണം എന്നതില്‍ തുടങ്ങുന്നു ഈ ആസ്വാദനം.

ടൂറിസ്റ്റ് ബസ്സില്‍ കയറി, പാട്ടുംപാടി ഫോട്ടോയും വീഡിയോയും എടുക്കാനുള്ള യാത്ര എന്ന സങ്കല്‍പത്തില്‍ നിന്ന് മലയാളികളെ പുറത്തുകൊണ്ടുവരണം. വീഡിയോകോച്ചില്‍ യാത്ര പോകുക എന്നതില്‍പ്പരം ഒരു മണ്ടത്തരം വേറെയില്ല. 24 മണിക്കൂറും ടിവി കാണുന്ന നമ്മള്‍, വീണ്ടും വാഹനത്തില്‍ കയറി വീഡിയോ കാണാനായി യാത്ര ചെയ്യുന്നു!

യാത്രയുടെ പൊതുധാരണയായി നമ്മള്‍ പഠിച്ചുവച്ചിരിക്കുന്നതെല്ലാം മറക്കണം. ചവിട്ടുന്ന ഓരോ മണ്ണിനെയും അറിയണം, ജലത്തെ സ്പര്‍ശിക്കണം, വായുവിനെ ശ്വാസകോശം നിറയെ വലിച്ചെടുക്കണം...

ഇങ്ങനെയൊന്നുമല്ല ഇപ്പോള്‍ നമ്മുടെ യാത്രകള്‍. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി, കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി യാത്രകള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. നല്ലതാണ്. എന്നാല്‍ അടുക്കും ചിട്ടയും വരുത്തുക എന്നതാണ് അടുത്തപടി. അതിനുള്ള പരിഹാരവും എന്റെ കയ്യിലുണ്ട്. എന്നാല്‍ നടപ്പിലാക്കാനുള്ള സമയം കിട്ടുന്നില്ല എന്നുമാത്രം.

വനവും തടാകവും മാത്രമല്ല കേരള ടൂറിസം

കേരളത്തിലെ വിനോദസഞ്ചാരത്തിന് ഫോക്കസ് ഇല്ല. തേക്കടിയിലും കുമരകത്തുമെല്ലാം കുറേ ബോട്ടുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ അവിടെയെല്ലാം ബോട്ടിങ് നടത്താന്‍ എത്ര വിദേശികള്‍ താത്പര്യപ്പെടുന്നുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

സായിപ്പ് വന്നുതുടങ്ങിയ ശേഷമാണ് കോവളത്തും കുമരകത്തുമെല്ലാം നമ്മള്‍ വിനോദയാത്ര പോകാന്‍ തുടങ്ങിയത്. കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകള്‍ പ്രഖ്യാപിക്കുന്നത് വിദേശീയരാണ്.

പൈതൃകം, സംസ്‌കാരം, ജീവജാലങ്ങള്‍, ഭക്ഷണം, കലാരൂപങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ആദ്യം തിരിച്ചറിയണം. അവയെ ഉയര്‍ത്തിക്കാട്ടുന്ന വിനോദസഞ്ചാര പദ്ധതികള്‍ രൂപീകരിക്കണം. അനുകരണം അല്ല വേണ്ടത്. താജ്മഹല്‍ വേറെ എവിടെയും ഇല്ലാത്തതുകൊണ്ടല്ലേ എല്ലാവരും ആഗ്രയിലേക്ക് പോകുന്നത്. കേരളത്തിലെ ടൂറിസവും അങ്ങനെയാണ് പോകേണ്ടത്.

കേരളം പോലെ മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ലോകത്ത് മറ്റെവിടെയും ഇല്ല എന്ന നമ്മുടെ ധാരണ തെറ്റാണ്. അക്ഷാംശരേഖയിലൂടെ കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിങ്ങനെ മഴക്കാടുകളുള്ള നിരവധി സ്ഥലങ്ങള്‍. അവിടെയെല്ലാം വളരെ മികച്ച രീതിയില്‍ ടൂറിസം വികസിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ മനുഷ്യര്‍ വളരെ പ്രാകൃതരാണെന്ന് നാം കരുതുന്നു. എന്നാല്‍ ടാന്‍സാനിയ, കെനിയ എന്നിവിടങ്ങളിലെ ടൂറിസം വളരെ പ്രൊഫഷണലാണ്. ഗെയിം ഡ്രൈവുകള്‍ക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പോലും അവരുടെ പ്രൊഫഷണലിസം കാണാം. വശങ്ങളില്‍ ഓരോ സീറ്റ് വെച്ചുള്ള, മേല്‍ക്കൂര തുറന്ന് എഴുന്നേറ്റുനില്‍ക്കാവുന്ന ജീപ്പുകളാണ് എല്ലായിടത്തും ഉപയോഗിക്കുന്നത്. വലിയ വരുമാനമാണ് അവര്‍ ഉണ്ടാക്കുന്നതും.

ഗള്‍ഫ് പണത്തെ കടത്തിവെട്ടാം ടൂറിസത്തിലൂടെ

ഗള്‍ഫില്‍ നിന്ന് വരുന്ന പണത്തിന് തുല്യമായി കേരളത്തില്‍ വിനോദസഞ്ചാരത്തിലൂടെ പണമുണ്ടാക്കാം. അതിന് കൂറേ റിസോര്‍ട്ടുകള്‍ നിര്‍മിച്ചിടുകയല്ല വേണ്ടത്. വൃദ്ധരായ വിദേശികളാണ് റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നതില്‍ കൂടുതലും. കേരളം നടന്നുകാണേണ്ട സ്ഥലമാണ്; ട്രെക്കിങ്ങിലൂടെയും സൈക്ലിങ്ങിലൂടെയും പശ്ചിമഘട്ടം നടന്നു കാണാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം.

ഉദാഹരണത്തിന്, വാഗമണ്ണിലേക്കുള്ള യാത്ര. അടിവാരത്ത്, മീനച്ചിലാറിന്റെ കരയില്‍ കൂടാരമൊരുക്കി ആരംഭിച്ച്, മുകളിലെ പുല്‍മേട്ടിലേക്ക് ട്രെക്ക് ചെയ്ത് എത്തിച്ചേരുന്ന രീതിയില്‍ നടത്താം. പ്രകൃതിക്കൊപ്പം കഥകള്‍ പറഞ്ഞ് അനുഭവങ്ങള്‍ പങ്കുവെച്ചുള്ള കാല്‍നടയാത്ര. പണ്ട്, ശബരിമലയ്ക്ക് പോയിരുന്നപോലെ.

അതുപോലെ നദികളിലൂടെയുള്ള റാഫ്റ്റിങ്. പെരിയാറിലൂടെ, തീരത്തെ കാഴ്ചകള്‍ ആസ്വദിച്ച്, ആലുവ വരെ എത്താം.

ഒരു കെട്ടുവള്ളം വിജയിച്ചു എന്നു കരുതി എല്ലായിടത്തും കെട്ടുവള്ളം ഇറക്കുന്നതില്‍ കാര്യമില്ല. വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്യേണ്ടത്, വിദേശികള്‍ക്ക് താത്പര്യവും അതുതന്നെയാണ്. വിദേശത്തുനിന്ന് ധാരാളം യുവാക്കള്‍ ഇവിടെ എത്തും. അവരിലൂടെ കേരള ടൂറിസം കൂടുതല്‍ പ്രചരിക്കും.

വിദേശികളാണ് കേരളത്തിലെ ടൂറിസത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇതുപോലെയുള്ള പുതിയ രീതികള്‍ ആരംഭിക്കുമ്പോള്‍ വിദേശികള്‍ ഇങ്ങ് എത്തും. പിന്നാലെ നമ്മളും അവ ശീലിക്കും.

അധികം വൈകില്ല, ബഹിരാകാശ യാത്ര

2015-ലായിരുന്നു ബഹിരാകാശയാത്ര നടക്കേണ്ടിയിരുന്നത്. വിര്‍ജിന്‍ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശയാത്രാ പരിശീലനത്തിനിടെ അപകടം ഉണ്ടാകുകയും അതിനെ തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്തതിനാലാണ് വൈകുന്നത്.

ഇതുവരെ ലോകത്തു നടന്ന ബഹിരാകാശ യാത്രകളിലെല്ലാം പങ്കെടുത്തവര്‍ സാങ്കേതിക പരിജ്ഞാനം ഉള്ളവരാണ്. ബഹിരാകാശ പേടകങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അറിയാവുന്ന വിദഗ്ധരാണ്. എന്നാല്‍ അതിനൊന്നും പ്രാപ്തരല്ലാത്ത, സാധാരണ വിനോദസഞ്ചാരികളുടെ യാത്രയാണിത്. രണ്ട് പൈലറ്റുമാര്‍ വേണം എല്ലാം കൈകാര്യം ചെയ്യാന്‍. മാത്രവുമല്ല, വിര്‍ജിന്‍ ഗാലക്ടിക് കമ്പനിയുടെ ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാഡ്‌സണ്‍, പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോവ്കിന്‍സ് എന്നിങ്ങനെ നിരവധി പ്രമുഖരും ഈ യാത്രയിലുണ്ട്. സുരക്ഷയെ കരുതിയാണ് പദ്ധതി നീളുന്നത്.

മനുഷ്യനെ വഹിക്കുന്ന ബഹിരാകാശ പേടകങ്ങളിലെ യാത്രകള്‍ നാസ പോലും നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് ബഹിരാകാശയാത്രയുടെ അവസാന പരിശീലനം നടന്നത്. അന്നത്തെ സീറോ ഗ്രാവിറ്റി ടെസ്റ്റ് സഞ്ചാരത്തിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു.

യുഎസ്സിലെ മൊഹാവിയില്‍ ഇപ്പോള്‍ പരീക്ഷണ, പരിശീലനങ്ങള്‍ നടന്നുവരികയാണ്. യാത്രയുടെ ആദ്യ സംഘത്തില്‍ ഞാനുണ്ട്. ഒരു പേടകത്തില്‍ എട്ടു പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. ആദ്യ ബാച്ചില്‍ 37 പേരാണുള്ളത്.

10 വര്‍ഷം മുമ്പ്‌ ഏകദേശം ഒരു കോടി രൂപയ്ക്കടുത്താണ് യാത്രയ്ക്കായി മുടക്കിയത്. ഇന്ന് തുക വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ബഹിരാകാശ യാത്ര പൂര്‍ണമായും ചിത്രീകരിക്കാനുള്ള അനുവാദവും വാങ്ങിയിട്ടുണ്ട്.

പരസ്യമില്ലാതെ ചാനല്‍ ഓടിക്കുന്നതെങ്ങനെ?

നിലവിലുള്ള സമ്പ്രദായങ്ങള്‍ അനുകരിക്കാതെ, നമ്മുടേതായ രീതിയില്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുക എന്നതാണ് ഞാന്‍ പിന്തുടരുന്ന രീതി. മറ്റു ചാനലുകളിലെ സമ്പ്രദായമല്ല സഫാരി ചാനലിനുള്ളത്.

20 കൊല്ലം മുമ്പ് ഞാന്‍ സഞ്ചാരം തുടങ്ങുമ്പോള്‍, അന്നൊരു ഡോക്യുമെന്ററി ചെയ്യാന്‍ കുറഞ്ഞത് എട്ടുപേരെങ്കിലും വേണമായിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് ചെയ്യാനുള്ള സാങ്കേതിക വിദ്യകള്‍ ഞാന്‍ തേടി. ചെറിയ ക്യാമറ കണ്ടെത്തി. സര്‍വ ജോലികളും ഒറ്റയ്ക്ക് ചെയ്യാന്‍ പ്രാപ്തനായി. കുറഞ്ഞ സമയംകൊണ്ട് എങ്ങനെ നിര്‍മാണം നടത്താം എന്ന് പഠിച്ചു. മറ്റ് മാധ്യമസ്ഥാപനങ്ങളില്‍ പത്തോ, പത്രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം നടത്താനിരിക്കുന്ന സാങ്കേതിസംവിധാനങ്ങള്‍ ഞാന്‍ ഇപ്പോഴേ നടപ്പിലാക്കുന്നു.

അങ്ങനെ ഇതുവരെ ആരും പോകാത്ത വഴികളിലൂടെ സഞ്ചരിച്ചാണ് ഞാന്‍ ഇതെല്ലാം നടപ്പിലാക്കിയത്. അതിനായി നിരന്തരം അറിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കണം. എന്നാല്‍ അതിന് അതിന്റേതായ റിസ്‌ക്കുമുണ്ട്.

ലോകംചുറ്റുന്നതിനൊപ്പം ബ്രോഡ്കാസ്റ്റ്‌ വ്യവസായത്തില്‍ വരാന്‍ പോകുന്ന പുതിയ സാങ്കേതികവിദ്യകള്‍ കാണാനും അറിയാനും ഞാന്‍ ശ്രമിക്കാറുണ്ട്. ന്യൂയോര്‍ക്കില്‍ ചെന്നാല്‍ ഡൗണ്‍ടൗണിലെ ബിആന്‍ഡ് എച്ച് ഷോറൂമിലേക്ക് ഞാന്‍ പോകും, ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകള്‍ കാണാന്‍, പഠിക്കാന്‍. കൊളോണില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് എക്‌സിബിഷനില്‍ പോകാറുണ്ട്. വരാനിരിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചുള്ള അറിവാണ് ബിസിനസിന്റെ നട്ടെല്ല്.

ഉള്ളടക്കത്തിന്റെ പ്രത്യേകതയാണ് ചാനലിന്റെ നിലവാരം നിശ്ചയിക്കുന്നത്.

കാശുണ്ടാക്കാനല്ല, ജനിച്ചത് ലോകം ചുറ്റാന്‍

യാത്ര എന്റെ സൈഡ് ബിസിനസ് അല്ല. ബാക്കിയുള്ള കാര്യങ്ങളാണ് എനിക്ക് സൈഡ് ബിസിനസ്. നമ്മളെ ഈ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് കുറേ പണിയെടുത്ത് കാശുണ്ടാക്കാനും ആ കാശിന് കുറേ വീട്ടുപകരണങ്ങള്‍ വാങ്ങാനും മരുന്ന് വാങ്ങി കഴിക്കാനും മാത്രമല്ല. അങ്ങനെയൊരു തെറ്റിദ്ധാരണ പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചതാണ്.

ഭൂമിയെന്ന ഗോളത്തെ കണ്ടാസ്വദിച്ച് മടങ്ങാനാണ് നാമെല്ലാം ഇവിടെ എത്തിയിരിക്കുന്നത്. ദുരിതവും ആഹ്ലാദവും അത്ഭുതവുമെല്ലാം അറിയണം. അന്വേഷിക്കണം. അടുത്ത തലമുറയ്ക്കായി കാഴ്ചകളെ കാത്തുസൂക്ഷിക്കണം. ഞാന്‍ അതാണ് ചെയ്യുന്നതും...


Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram