അല്‍ഫോണ്‍സോയുടെ നാട്ടിലെ മധുരിക്കുന്ന കാഴ്ചകള്‍


റോബി ദാസ്

3 min read
Read later
Print
Share

കൊങ്കണ്‍ തീരത്തെ മനോഹരമായൊരു നാടാണ് രത്‌നഗിരി.

കാഴ്ചകളുടെ കേദാരമാണ് കൊങ്കണ്‍ പാത. കണ്ടുകൊതിതീരാതെ മുന്നോട്ടുപോകേണ്ട ഗതികേടിലാണ് ഞാന്‍. ഇരുട്ടുംമുന്‍പ് രത്‌നഗിരിയിലെത്തണം. ഒരു വളവുതിരിഞ്ഞുവന്നതും കണ്ണില്‍പെട്ടത് മുന്നിലുള്ള താഴ്വരയാണ്. 'വൗ!' എന്നു പറഞ്ഞ് ഞാന്‍ വണ്ടി നിര്‍ത്തി. ക്യാമറ കൈയിലെടുത്തു. എവിടെ നോക്കിയാലും ഫ്രെയിമുകള്‍.

ഫോട്ടോയെടുപ്പിന്റെ ആവേശം തീര്‍ന്നപ്പോഴാണ് അവിടെയുണ്ടായിരുന്ന ഒരു ചായക്കട കണ്ണില്‍പെട്ടത്. ഓല കെട്ടിയുണ്ടാക്കിയ ചെറിയ ചായക്കട. കണ്ടാല്‍ മലയാളിയെന്നു തോന്നിപ്പിക്കുന്ന ഒരു ചായക്കടക്കാരന്‍ചേട്ടനും. അവിടെനിന്ന് ഒരു ചായകുടിക്കാമെന്നു തീരുമാനിച്ചു. മലയാളിയല്ലെന്നും മഹാരാഷ്ട്രക്കാരനാണെന്നും മനസ്സിലായി. വ്യൂ പോയിന്റ് കാണാനായി വണ്ടി നിര്‍ത്തുന്നവര്‍തന്നെയാണ് ചായക്കടയിലെ ഉപഭോക്താക്കള്‍. കേരളവുമായി ചായക്കടക്കാരന്‍ചേട്ടന് ഒരു ബന്ധമുണ്ട്. ചേട്ടന്റെ മകള്‍ വിവാഹംകഴിച്ചിരിക്കുന്നത് ഒരു കൊല്ലംകാരനെയാണ്. പ്രണയവിവാഹമായിരുന്നു.

വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുമ്പോഴാണ് താഴ്വാരത്തിനു നടുവിലൂടെ റെയില്‍പാളം കടന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടത്. ചായക്കടക്കാരന്‍ചേട്ടനോട് ചോദിച്ചപ്പോള്‍ കൊങ്കണ്‍പാതയാണ് കാണുന്നതെന്ന് പറഞ്ഞു. എത്രയോതവണ മംഗള എക്‌സ്പ്രസില്‍ ഇതുവഴി കടന്നുപോയിട്ടുള്ളതാണ്. പക്ഷേ, ഈ സ്ഥലത്തിന് ഇത്ര ഭംഗിയുണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല. അതു മാത്രമല്ല, മലയുടെ മുകളിലിരുന്ന് ആ സ്ഥലത്തിന്റെ ഏരിയല്‍ വ്യൂ ആണ് ഇപ്പോള്‍ ഞാന്‍ ആസ്വദിക്കുന്നത്. കണ്ണെത്താദൂരത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങള്‍ക്കു നടുവിലൂടെ തീവണ്ടി കൂകിപ്പായുന്നതു കാണാന്‍ എന്തു രസമായിരിക്കും, ഞാന്‍ ആലോചിച്ചു. അതൊന്ന് ക്യാമറയില്‍ പകര്‍ത്താനുള്ള കൊതിയും തോന്നി. അതുവഴി ഇപ്പോഴെങ്ങാനും തീവണ്ടി കടന്നുപോകാന്‍ സാധ്യതയുണ്ടോ എന്ന് ചായക്കടക്കാരന്‍ചേട്ടനോട് ചോദിച്ചു. സമയം അപ്പോള്‍ ഒമ്പത് മുപ്പത്. പതിനൊന്നുമണി കഴിയുമ്പോള്‍ ഒരു ട്രെയിന്‍ വരാനുണ്ടെന്ന് അദ്ദേഹം വാച്ചില്‍ നോക്കിക്കൊണ്ട് പറഞ്ഞു. എന്നാല്‍ അതു കണ്ടിട്ടേ പോകുന്നുള്ളൂ എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. ഒന്നരമണിക്കൂര്‍ കാത്തിരുന്നാലും ഒരു നല്ല ചിത്രം കിട്ടുമല്ലോ.

കാത്തിരിപ്പിനിടയില്‍ പലരും വ്യൂപോയിന്റില്‍ വന്നുപോയി. ചായക്കടക്കാരന്‍ചേട്ടന്‍ എനിക്ക് ഒരു ബ്രെഡ് ഓംലെറ്റ് ഉണ്ടാക്കിത്തന്നു. ഇതിനിടയില്‍ ഒന്നുരണ്ട് ചായയും കുടിച്ചു. സമയം പതിനൊന്നര. ഞാന്‍ തീവണ്ടിയും കാത്ത് ക്യാമറയും പിടിച്ച് നില്‍പ്പായി. ഇന്ത്യന്‍ റെയില്‍വേയുടെ കാര്യമല്ലേ, ഒന്നും പറയാന്‍പറ്റില്ല. സമയത്ത് വന്നാല്‍ വന്നു. ഏകദേശം 11.40 ആയപ്പോഴേയ്ക്കും ചുമരിലൂടെ അട്ട ഇഴഞ്ഞുപോകുംപോലെ മുംബൈ-ഗോവ എക്‌സ്പ്രസ് കടന്നുവന്നു. വ്യൂ ഫൈന്‍ഡറില്‍നിന്ന് കണ്ണെടുക്കാതെ തുരുതുരാ പടമെടുത്തുകൊണ്ടേയിരുന്നു. നിമിഷങ്ങള്‍ക്കകം തീവണ്ടി കടന്നുപോയി. കുറേ നല്ല ചിത്രങ്ങള്‍ കിട്ടിയതിന്റെ ആത്മസംതൃപ്തിയോടെയാണ് അവിടെനിന്നു മടങ്ങിയത്.

മലയിറങ്ങി മലയിറങ്ങി മലയാളമണ്ണിലേക്കാണ് യാത്ര. പക്ഷേ, അതിനു മുന്‍പേ കൊങ്ങിണിനാടും കന്നടനാടും മറികടക്കണം. ഒരു ദക്ഷിണേന്ത്യന്‍ ഭംഗിയൊക്കെ ഭൂപ്രകൃതിക്ക് വന്നുതുടങ്ങിയിട്ടുണ്ട്. രത്‌നഗിരിയിലേക്ക് ഇനി അറുപതുകിലോമീറ്റര്‍കൂടിയേയുള്ളൂ. ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍യാത്രകളില്‍ മംഗള എക്‌സ്പ്രസ് അതിരാവിലെ വന്നുനില്‍ക്കുന്ന സ്ഥമാണ് രത്‌നഗിരി. വടാപാവിന്റെയും അല്‍ഫോണ്‍സോ മാമ്പഴത്തിന്റെയും നാട്. മഹാരാഷ്ട്രയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ രത്‌നഗിരിയിലേക്ക് എന്റെ മോട്ടോര്‍ സൈക്കിള്‍ പ്രവേശിച്ചിരിക്കുന്നു.

കുറെയേറെ ആകാംക്ഷയോടെയാണ് ആ നഗരത്തിലേക്ക് ഞാന്‍ പ്രവേശിച്ചത്. ഇരുട്ടുംമുന്‍പ് ഒരു ലോഡ്ജില്‍ മുറി തരപ്പെടുത്തി. നാനൂറുരൂപയ്ക്ക് നല്ല ഉഗ്രന്‍ മുറി. ടി.വി. ഇല്ലെന്നതൊഴിച്ചാല്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെയില്ല. കാലിലെ ബൂട്ടും കട്ടിയുള്ള റൈഡിങ് ജാക്കറ്റും ചാക്കുപോലുള്ള ജീന്‍സും കൈയുറയും ഊരിക്കളഞ്ഞ് ഒരു ടീഷര്‍ട്ടും നിക്കറും വള്ളിച്ചെരുപ്പുമിട്ട് രത്‌നഗിരിനഗരത്തിന്റെ രാത്രിക്കാഴ്ചകള്‍ കാണാനിറങ്ങി. തുടര്‍ച്ചയായ റൈഡിങ്ങിനുശേഷം കുറച്ചു നടക്കുന്നത് ശരീരത്തിന് നല്ലതാണ്. ആരോഗ്യം സംരക്ഷിച്ചാലേ റൈഡിങ് തുടരാന്‍കഴിയൂ. കറക്കം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ഉറങ്ങാന്‍കിടന്നു. കിടന്നതേ ഓര്‍മയുള്ളൂ പിന്നെ ബോധംവരുന്നത് രാവിലെ ഏഴുമണിക്കാണ്. ഏകദേശം എട്ടുമണിയോടെ രത്‌നഗിരി കാഴ്ചകളിലേക്ക് ഞാനെന്റെ മോട്ടോര്‍സൈക്കിള്‍ ഓടിച്ചുവിട്ടു.

കൊങ്കണ്‍ തീരത്തെ മനോഹരമായ മേഖലയാണ് രത്‌നഗിരി. അതിമനോഹരങ്ങളായ ബീച്ചുകളാണ് ഇവിടത്തെ പ്രത്യേകത. രത്‌നഗിരി ജില്ലയില്‍ 167 കിലോമീറ്റര്‍ ദൂരമുള്ള തീരമാണുള്ളത്. തീരമേഖലയായാണ് രത്‌നഗിരി അറിയപ്പെടുന്നതെങ്കിലും 85 ശതമാനം ഭാഗവും കുന്നുകളും മലകളും നിറഞ്ഞതാണ്. 180 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മലനിരകളാണ് രത്‌നഗിരിയിലെത്. സഹ്യനില്‍ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി കടലില്‍ ചേരുന്ന ഒട്ടേറെ നദികള്‍ രത്‌നഗിരിയിലുണ്ട്. ഇവിടത്തെ ജലസമൃദ്ധിക്കും പച്ചപ്പിനും പ്രധാന കാരണം സഹ്യപര്‍വതത്തിന്റെ സാന്നിധ്യമാണ്.

രത്‌നഗിരി ജില്ലയില്‍ എണ്‍പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്ത് അല്‍ഫോണ്‍സോ മാങ്ങ കൃഷിചെയ്യുന്നതായാണ് കണക്ക്. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് കോളനി സ്ഥാപിക്കുന്നതിനു സഹായിച്ച പോര്‍ച്ചുഗീസ് ജനറലും മിലിട്ടറി എക്സ്പേര്‍ട്ടുമായിരുന്ന അല്‍ഫോണ്‍സോ ഡി ആല്‍ബുക്കര്‍ക്കിന്റെ പേരാണ് ഈ മാങ്ങകള്‍ക്കു നല്‍കിയിരിക്കുന്നത്. അല്‍ഫോണ്‍സോപോലുള്ള പ്രത്യേകയിനം മാങ്ങകള്‍ ഉത്പാദിപ്പിക്കുന്നതിനായി മാവുകള്‍ ഗ്രാഫ്റ്റ്‌ചെയ്യുന്നത് ഇന്ത്യയില്‍ പരിചയപ്പെടുത്തിയത് പോര്‍ച്ചുഗീസുകാരായിരുന്നു.

മീന്‍പിടിത്തം നടത്തി ജീവിക്കുന്നവരാണ് ഇവിടത്തെ ജനങ്ങളില്‍ ഏറെപ്പേരും. അതുകൊണ്ടുതന്നെ രത്‌നഗിരിതീരത്ത് ധാരാളം ഹാര്‍ബറുകള്‍ കാണാം. അധികം തിരക്കില്ലാത്തതും എന്നാല്‍ കാണാന്‍ മനോഹരവുമാണ് രത്‌നഗിരിയിലെ ഹാര്‍ബറുകള്‍. മീന്‍പിടിത്തബോട്ടുകളുടെ നിര്‍മാണകേന്ദ്രങ്ങളും ഇവിടെ നിരവധിയുണ്ട്. ഫൈബര്‍ ബോട്ടുകളാണ് രത്‌നഗിരിയില്‍ നിര്‍മിക്കുന്നതിലേറെയും. നദിയും കടലും കൂടിച്ചേരുന്ന പൊഴികളുടെ കാഴ്ചയും അതിമനോഹരമാണ്.

ഇന്ത്യയില്‍ അപൂര്‍വമായ ക്ലിഫ് ബീച്ചുകളിലൊന്നാണ് രത്‌നഗിരിയിലെത്. സിന്ധുസാഗര്‍ എന്നുകൂടി പേരുള്ള അറബിക്കടലിലെ തിരമാലകള്‍ സദാസമയവും മണ്‍തിട്ടകളെ പുണരാനായി ആര്‍ത്തലച്ചെത്തുന്ന കാഴ്ച കുറെനേരം നോക്കിനിന്നു. രത്‌നഗിരിയുടെ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രത്‌നദുര്‍ഗ കോട്ട. മൂന്നുവശവും അറബിക്കടലിനാല്‍ ചുറ്റപ്പെട്ട കോട്ടയാണിത്. 1300 മീറ്ററോളം നീളവും 1000 മീറ്ററോളം വീതിയുമുണ്ട് കുതിരലാടത്തിന്റെ ആകൃതിയുള്ള ഈ കോട്ടയ്ക്ക്. കുന്നിന്‍മുകളില്‍ 120 ഏക്കറോളം സ്ഥലത്തായാണ് കോട്ട പണിതുയര്‍ത്തിയിട്ടുള്ളത്.
കോട്ടയിലേക്കുള്ള പ്രവേശനകവാടത്തില്‍തന്നെ ഒരു ഹനുമാന്‍ക്ഷേത്രം കാണാം. കോട്ടയ്ക്ക് ഒട്ടേറെ പഴക്കമുണ്ടെങ്കിലും ക്ഷേത്രങ്ങള്‍ പില്‍ക്കാലത്ത് നിര്‍മിച്ചതാണെന്ന് കരുതുന്നു. ബഹാമണീ ഭരണകാലത്താണ് ഈ കോട്ട നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്. 1670-ല്‍ കോട്ടയുടെ ഉടമസ്ഥാവകാശം ഛത്രപതി ശിവജി ഏറ്റെടുത്തു. പിന്നീട് ഒട്ടേറെ യുദ്ധങ്ങള്‍ക്കും കൈവശപ്പെടുത്തലുകള്‍ക്കും ശേഷം 1818-ല്‍ ബ്രിട്ടീഷുകാര്‍ രത്‌നദുര്‍ഗ് പിടിച്ചെടുക്കുകയായിരുന്നു.

വൈകുന്നേരമായപ്പോഴേക്കും ഞാന്‍ രത്‌നഗിരിയിലെ ഏറ്റവും പ്രശസ്തമായ മുരുട് ബീച്ചിലെ കാഴ്ചകള്‍ കാണാനായി പോയി. ഇപ്പോഴും അധികമാരും സ്പര്‍ശിക്കാത്ത സ്ഥലമാണിത്. തെക്കേ ഇന്ത്യയിലെ തീരദേശ വിനോദസഞ്ചാരത്തിന്റെ തുടക്കം ഇവിടെയാണെന്ന് വേണമെങ്കില്‍ പറയാം. മുരുട് തീരത്തുനിന്ന് പത്തിരുന്നൂറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗോവയിലെത്തിച്ചേരാനാകും. തിരക്ക് ഏറെയില്ലാത്തതിനാലാകണം ഈ തീരം ഇതുവരെ മലിനമാക്കപ്പെട്ടിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram