നടനാണോ എന്ന് ചോദിച്ച കാര്‍ഡ്രൈവര്‍; ലാലേട്ടന്റെ പഴയൊരു ബാലിയാത്ര


മോഹന്‍ലാല്‍

5 min read
Read later
Print
Share

അമ്പലങ്ങളും അഗ്നിപര്‍വ്വതങ്ങളും അഴകാര്‍ന്ന സ്ത്രീകളും ആയിരക്കണക്കിന് ദൈവങ്ങളും നിറഞ്ഞ ബാലി ദ്വീപ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് മറ്റൊരു ദേവഭൂമിയിലേക്ക്് മോഹന്‍ലാലിന്റെ യാത്ര

ബാലിദ്വീപിലേക്ക് പെട്ടന്നൊരു യാത്ര പ്രതീക്ഷിച്ചതല്ല; അതെന്റെ സ്വപ്നത്തില്‍ എത്രയോകാലമായി ഉണ്ടായിരുന്നെങ്കില്‍പ്പോലും...

പെരിങ്ങോട്ടെ കര്‍ക്കടക ചികിത്സക്ക് ശേഷം ഞാന്‍ പോയത് ലണ്ടനിലേക്കായിരുന്നു. ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ കാണാന്‍. എനിക്കും സുചിത്രക്കും വേണ്ടി ദുബായിലുള്ള സുഹൃത്ത് എടുത്തു തന്ന ടിക്കറ്റിലുള്ള ആ യാത്രയും അപ്രതീക്ഷിതമായിരുന്നു. ഉദ്ഘാടനച്ചടങ്ങുകളും ടെന്നീസും അശ്വാഭ്യാസവും കണ്ടു. സുചിക്ക് അവരുടെ ഒരു സുഹൃത്തിന്റെ കൂടെ കുറച്ചു നില്‍ക്കണം എന്ന് പറഞ്ഞു. സുചിയെ സുഹൃത്തിന്റെ അടുത്ത് നിര്‍ത്തി ഞാന്‍ സിംഗപ്പൂരിലേക്ക് പോന്നു.

സിംഗപ്പൂരില്‍ എനിക്കൊരു പ്രിയപ്പെട്ട സുഹൃത്തുണ്ട്. രാമ. കെ.ജി.രാമനായര്‍ എന്നാണ് മുഴുവന്‍ പേര്. പാലക്കാട് സ്വദേശിയാണ്. ഇപ്പോള്‍ മലേഷ്യന്‍ പൗരന്‍. രാമ ഒരു ലോകയാത്രികനാണ്. യാത്രികന്‍ മാത്രമല്ല ലോകവാസികൂടിയാണ്. ഇരുപത്തിയഞ്ചിലധികം രാജ്യങ്ങളില്‍ രാമ ജോലി ചെയ്തിട്ടുണ്ട്. ജോലി ചെയ്ത വഴികളിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. രാമയാണ് ബാലിദ്വീപിലേക്ക് ഒരു മൂന്ന് ദിവസത്തെ യാത്ര പോയാലോ എന്ന് ചോദിച്ചത്. രാമ എത്രയോ തവണ പോയ സ്ഥലമാണ്. എപ്പോഴും പറയുമായിരുന്നു 'കാണേണ്ട സ്ഥലമാണ് ലാല്‍' എന്ന്. കാണേണ്ടത് കാണാന്‍ ഞങ്ങള്‍ ഒന്നിച്ചുതന്നെ പുറപ്പെട്ടു.

ബാലിദ്വീപ് എന്ന പദത്തില്‍ത്തന്നെ ഒരു ഇന്ത്യത്വം ഉണ്ട്. കാരണം ബാലി രാമായണത്തിലൂടെ നമുക്ക് ഏറെ പരിചിതനാണ്. എന്നാല്‍ എവിടെയോ അവ്യക്തമായ ബന്ധമല്ല ബാലിയും ഇന്ത്യയും തമ്മിലുള്ളത് എന്ന് പ്രാഥമികമായ വായനകളില്‍ നിന്ന് തന്നെ മനസ്സിലായി. ബാലിദ്വീപിനെക്കുറിച്ച് മലയാളത്തിലെന്നല്ല ഇന്ത്യന്‍ ഭാഷകളിലെ തന്നെ ഏറ്റവും നല്ല പുസ്തകം എഴുതിയത് നമ്മുടെ എസ്.കെ.പൊറ്റക്കാട് ആണ്. തന്റെ പുസ്തകത്തില്‍ ബാലിദ്വീപിന് ഇന്ത്യയുമായി മാത്രമല്ല കേരളവുമായി വരെയുള്ള ആഴത്തിലുള്ളതും എന്നാല്‍ അധികം പഠിക്കപ്പെടാത്തതുമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ബൗദ്ധികതന്ത്രഗ്രന്ഥമായ മഞ്ജുശ്രീമൂലകല്‍പ്പത്തിലാണ് ആദ്യമായി ബാലിയുടെ പേര്‍ കേള്‍ക്കുന്നത് എന്ന് അദ്ദേഹം എഴുതുന്നു.'ദ്വീപെ മാരുഷകെ ചൈവ നഗ്ന ബാലി....യവദ്വീപെ' എന്നുണ്ട്. ഇതില്‍ മാരുഷകം സുമാത്രദ്വീപും നഗ്‌നം നിക്കോബാര്‍ ദ്വീപും യവം ജാവാദ്വീപുമാണ്. അപ്പോള്‍ ബാലി ശബ്ദം ബാലിദ്വീപുതന്നെ.ഇതിനു പുറമേ ക്ഷേത്രങ്ങള്‍, മന്ത്രങ്ങള്‍, ആചാര വിചാരങ്ങള്‍, കുടുംബം, ഭക്ഷണം, കൃഷി, ഭൂപ്രകൃതി എന്നിവയിലും നിഷേധിക്കാന്‍ കഴിയാത്ത സമാനതകളുണ്ട്. ഭൂപ്രകൃതിയുടെ കാര്യത്തിലാണ് കേരളം ബാലിയോട് അത്ഭുതകരമാം വിധം ചേര്‍ന്ന് കിടക്കുന്നത് എന്നും പൊറ്റക്കാട് പറയുന്നു. ഏതായാലും കാണാന്‍പോകുന്ന പൂരം വായിച്ചും ചിന്തിച്ചും ഉണ്ടാക്കേണ്ടല്ലോ.

രണ്ട് മണിക്കൂര്‍ നീണ്ട പറക്കലിന് ശേഷം ഞങ്ങള്‍ ബാലിയുടെ തലസ്ഥാനമായ ഡെന്‍പസാറില്‍ ചെന്നിറങ്ങി. വിമാനം താഴുമ്പോള്‍ തെളിയുന്ന കാഴ്ചകളില്‍ നിന്നുതന്നെ ദേശത്തെക്കുറിച്ചറിയാം. തട്ടുതട്ടായ കൃഷിക്കളങ്ങള്‍, വാഴത്തോപ്പുകള്‍,നമുക്ക് പരിചിതമായ ശൈലിയിലുള്ള ക്ഷേത്രഗോപുരങ്ങള്‍, നാട്ടുവഴികള്‍, കുളങ്ങള്‍, പുഴകള്‍. ഒന്നുമാത്രമേ ഒട്ടും പരിചിതമല്ലാതെ തോന്നിയുള്ളൂ: എല്ലാറ്റിനുമുയരെ ഇപ്പോഴും പുകപറത്തിക്കൊണ്ട് നില്‍ക്കുന്ന അഗ്നി പര്‍വതങ്ങള്‍. ബാലിദ്വീപ് ജ്വാലാമുഖികളുടെ നാടു കൂടിയാണ്.

രാമ ഇന്തോനേഷ്യന്‍ ഭാഷ നന്നായി സംസാരിക്കും. അതുകൊണ്ട് കാര്‍ഡ്രൈവറുമായി നല്ല പേച്ചായിരുന്നു. സംസാരിച്ച് സംസാരിച്ച് അയാള്‍ രാമയോട് ചോദിച്ചു:'നിങ്ങളുടെ കൂടെയുള്ളയാള്‍ ഒരു നടനാണോ?' ചോദ്യംകേട്ട് ഞാനും രാമയും ഒന്നിച്ചാണ് ഞെട്ടിയത്. അയാള്‍ മലയാള സിനിമപോയിട്ട് ഇന്ത്യന്‍ സിനിമ തന്നെ കാണാറില്ല. എന്നിട്ടുമെങ്ങനെയാണ് അയാള്‍ ഞാനൊരു നടനാണോ എന്ന് സംശയിച്ചത്?.ഒരു നടനുവേണ്ട എന്തെങ്കിലും ലക്ഷണങ്ങള്‍ എന്നില്‍ ഉണ്ടോ?.ഇപ്പോഴും എനിക്കറിയില്ല. അപരിചിതദേശത്തുനിന്നുപോലും ഒരു നടനായി, മോഹന്‍ലാല്‍ ആയല്ല, ഞാന്‍ മനസ്സിലാക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഗുരുത്വമായിക്കരുതുന്നു.

ആ കാര്‍ഡ്രൈറാണ് ബാലിയിലെ പേരിടലിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞത്. ഉയര്‍ന്ന ജാതിക്കാര്‍ ആദ്യ സന്താനത്തെ 'പുട്ടു' എന്ന് വിളിക്കും. രണ്ടാമത്തേത് മഡെ, മൂന്നാമത്തേത് വയാണ്‍, നാലാമത്തേത ക്ടൂട്ട്. ശൂദ്രന്റെ ആദ്യത്തെ കുട്ടി വയാങ്ങാണ്, രണ്ടാമത്തേത് നെങ്ങാ മൂന്നാമത്തേത് ഞ്യോമന്‍,നാലാമത്തേത് ക്ടൂട്ട്. അഞ്ചാമത്തേത് വീണ്ടും വയാങ്ങാവും. ഞങ്ങളുടെ ഡ്രൈവറുടെ പേര് വയാങ്ങ് എന്നായിരുന്നു.ഏതോ അച്ഛന്റെയും അമ്മയുടെയും മൂത്ത പുത്രന്‍.

മൂന്ന് ദിവസമാണ് ഞങ്ങളുടെ കയ്യില്‍ ആകെയുള്ളത്. അതുകൊണ്ട് എന്തൊക്കെ കാണാം, എന്തൊക്കെ അനുഭവിക്കാം എന്നായിരുന്നു ഞങ്ങളുടെ ചിന്ത.ഏറെ ഉള്‍ഗ്രാമങ്ങളിലേക്ക് പോയാല്‍ തിരിച്ചുവരാനും തുടര്‍ദിവസങ്ങളില്‍ കൂടുതല്‍ കാഴ്ചകള്‍ കാണാനും ബുദ്ധിമുട്ടാവും എന്ന് രാമ പറഞ്ഞു. ഉള്ള സമയം കൊണ്ട് ബാലിയെ മൊത്തത്തില്‍ ഒന്നറിയുക, ആ നാടിന്റെ സൗന്ദര്യം നുകരുക അത്രയേ പറ്റൂ. ആ തരത്തില്‍ ഞങ്ങള്‍ യാത്രയും കാഴ്ചകളും പ്ലാന്‍ ചെയ്തു.

ഃഃഃഃഃഃഃ

എയര്‍പോര്‍ട്ടില്‍ നിന്ന് തുടങ്ങിയതും പിന്നീട് മൂന്ന് ദിവസങ്ങള്‍ കണ്ടതുമായ നാട് അത്ഭുതകരമാം വിധം എന്റെ ഓര്‍മ്മകളിലും സ്വപ്നങ്ങളിലും ഒക്കെ ഉണ്ടായിരുന്നവ തന്നെയായിരുന്നു. എവിടെ നോക്കിയാലും ക്ഷേത്രങ്ങള്‍, നാട്ടിലെങ്ങും മാത്രമല്ല വീട്ടിലും അവയുണ്ട്. ഉത്സവങ്ങളും പൂജകളുമില്ലാത്ത ദിവസങ്ങളില്ല. അങ്ങിനെയൊരു ദിവസത്തെപ്പറ്റി അവര്‍ക്ക് ചിന്തിക്കുകപോലും സാധ്യമല്ല. എത്രയോ ക്ഷേത്രങ്ങള്‍, എത്രയോ ദൈവങ്ങള്‍. എല്ലാം ഇന്ത്യയുമായി എവിടെയൊക്കെയോ ബന്ധപ്പെടുന്നവ. എല്ലാവരുടെയും രക്തത്തില്‍ രാമായണം; പാട്ടായും നൃത്തങ്ങളായും നാടകങ്ങളായും. അവ ഒരു കാര്യം എന്നെ ബോദ്ധ്യപ്പെടുത്തി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ഞാന്‍ എത്തിയിരിക്കുന്നത് ദൈവങ്ങളുടെയും ദേവതകളുടെയും മണ്ണിലേക്കാണ്.

മൂന്ന് ദിവസവും കൊണ്ട് ബാലി ചുറ്റിക്കാണുക എന്നത് ഏറെ സാഹസവും എത്രമേല്‍ ലജ്ജാകരവുമാണ് എന്ന കാര്യം എനിക്കറിയാമായിരുന്നു. കാരണം ഭൂമിയില്‍ ഇപ്പോഴും അതിന്റെ തനിമയോടെ ശേഷിക്കുന്ന ഒരു സംസ്‌കാരത്തേയും ലളിതവും എന്നാല്‍ വ്യത്യസ്തവുമായ ഒരു ഭൂപ്രകൃതിയേയും പച്ചമണ്ണിന്റെ തുടിപ്പുള്ള മനുഷ്യരേയുമാണ് മൂന്ന് ദിവസം കൊണ്ട് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ചെയ്യാന്‍ പാടില്ലാത്തതാണ്. പക്ഷേ തൊഴില്‍പരവും വ്യക്തിപരവുമായ ചുറ്റുപാടുകള്‍ ഇത്തരം ഓട്ടപ്രദിക്ഷണങ്ങള്‍ക്കു മാത്രമേ അനുവാദം തരുന്നുള്ളൂ.


പഴയ കേരളത്തിന്റെ ഒരു എക്സ്റ്റന്‍ഷന്‍ എന്ന് ബാലിയെ നിസ്സംശയം പറയാം. എസ്.കെ.പൊറ്റക്കാട് പോയ കാലത്തില്‍ നിന്നും വലിയ ഒരു മാറ്റമൊന്നും ബാലി ഗ്രാമങ്ങള്‍ക്ക് വന്നിട്ടില്ല. വിനോദസഞ്ചാരത്തെ വലിയ ഒരു വരുമാനമാക്കിയിട്ടുകൂടി നാടിന്റെ തനിമയും ശുദ്ധിയും വൃത്തിയും അല്‍പ്പം പോലും ചോര്‍ന്ന് പോകാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആചാരബദ്ധരായ ഒരു സമൂഹമായതുകൊണ്ടായിരിക്കാം അവര്‍ അത് കളഞ്ഞിട്ടുള്ള ഒരു പരിഷ്‌കാരത്തിനും തയ്യാറല്ല.

സ്വതന്ത്രമായി നടക്കാനുള്ള അവസരം ഞാന്‍ പൂര്‍ണ്ണമായും വിനിയോഗിച്ചിരുന്നു. രാവിലെ ചെന്ന ഹോട്ടലില്‍ സവിശേഷമായ ഒരു കാപ്പി കണ്ടു. വലിയ വിലയാണ് സവിശേഷമായ ആ കാപ്പിക്ക് എന്ന് കുടിച്ച് പൂര്‍വ്വാനുഭവമുള്ള രാമയാണ് പറഞ്ഞത്. ലുവാക് കോഫി എന്നാണ് അതിന്റെ പേര്. നമ്മുടെ വെരുകിന് സമാനമായ ഒരു ജന്തുവിനെക്കൊണ്ട് കാപ്പിക്കുരു തീറ്റിച്ചതിന് ശേഷം അതിന്റെ വിസര്‍ജ്ജ്യത്തില്‍ നിന്നും കുരു വീണ്ടെടുക്കും. അത് പിന്നീട് ഉണക്കിപ്പൊടിച്ചാണ് കാപ്പി തയ്യാറാക്കുന്നത്. ഒരു തവണ ഞാന്‍ അത് വാങ്ങിക്കുടിച്ചു. കടുപ്പമാണ് ഈ കാപ്പിയുടെ വിശേഷവും അലങ്കാരവും. എത്രയോ രാജ്യങ്ങളിലേയും ദേശങ്ങളിലെയും കാപ്പി കുടിച്ചിരിക്കുന്നു. എന്നാല്‍ ഇതുപോലൊന്ന് വേറെ കുടിച്ചിട്ടില്ല. ജന്തുവിന്റെ വയറ്റില്‍ വച്ചുണ്ടാവുന്ന രാസപ്രവര്‍ത്തനമാണ് കാപ്പിക്ക് പ്രത്യേക രുചി നല്‍കുന്നത്.

അതിഥികളെ സ്വീകരിക്കുക ബാലിക്കാര്‍ക്ക് കലയും കര്‍ത്തവ്യവുമാണ്. ഇന്ത്യയില്‍ നിന്നാണ് എന്നറിയുമ്പോള്‍ അവരുടെ സ്‌നേഹം കൂടും. 'ഹിന്ദൂ....' എന്ന് നീട്ടിവിളിച്ചാണ് അവര്‍ അടുത്ത് വരിക. എന്നിട്ട് അരികൊണ്ടുള്ള പൊട്ട് തൊടീക്കും. അരിമണി നെറ്റിയില്‍പ്പതിക്കുകയാണ് ചെയ്യുക.അരിയ്ക്ക് അത്രവലിയ സ്ഥാനമുണ്ട് ബാലി ജീവിതത്തില്‍ ഭക്ഷണത്തില്‍ മുതല്‍ പ്രാര്‍ത്ഥനയില്‍ വരെ അരിയുണ്ട്. കൃഷിക്കളത്തില്‍ മുതല്‍ അരിപൂജ തുടങ്ങുന്നു. അരിദേവതയായ ശ്രീയാണ് ബാലിക്കാരുടെ മുഖ്യ ദേവത. ശ്രീയുടെ ദാസനും ദാസിയും ഭൂമിയില്‍ ചോളമായും മധുരക്കിഴങ്ങായും പിറന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു.

ക്ഷേത്രങ്ങള്‍ തന്നെയാണ് ബാലിയുടെ അടയാളങ്ങള്‍. എവിടെയും ക്ഷേത്രങ്ങളാണ്. പല വലിപ്പത്തില്‍, ആകൃതിയില്‍. ക്ഷേത്രങ്ങളെ 'പുര' എന്ന് വിളിക്കുന്നു. 'ടെമ്പിള്‍സ് ഓഫ് ബാലി' എന്ന വിഖ്യാതമായ പുസ്തകത്തിലും എസ്.കെ.പൊറ്റക്കാടിന്റെ ബാലിദ്വീപിലും ഈ ദേശത്തെ ക്ഷേത്രങ്ങളെക്കുറിച്ച് വിശദമായ പരാമര്‍ശങ്ങള്‍ കാണാം.ദേശക്ഷേത്രമായ 'പുരദേശം', മൂലസ്ഥാനക്ഷേത്രമായ 'പുരപൂസെ', ശ്മശാനക്ഷേത്രമായ 'പുരദളം' എന്നിവ ദേശത്തിന്റെ മുഖ്യഘടകങ്ങളാണ്. നെല്‍വയലിന് നടുവില്‍ 'ബഡുഗുള്‍' എന്ന ക്ഷേത്രം കാണാം. കടല്‍ത്തീരത്ത് സാഗരക്ഷേത്രം, ചന്തകളില്‍ 'മെലാന്ദിംഗ്' എന്ന ധാന്യ ദേവത......കണ്ണ് ചെല്ലുന്നിടത്തെല്ലാം ക്ഷേത്രങ്ങളാണ്. ഇതിന് പുറമേ ഓരോ വീട്ടിലും അമ്പലമുണ്ട്.

നമ്മള്‍ കണ്ടു പരിചയിച്ച ക്ഷേത്രങ്ങളുടെ രീതിയേ അല്ല ബാലിയിലേത്. ശ്രീകോവിലില്‍ മാത്രം പൂജിക്കുന്നതാണ് നാം കണ്ടിട്ടുള്ളത്. എന്നാല്‍ ബാലിയിലെ ക്ഷേത്രങ്ങളില്‍ എല്ലായിടത്തും പൂജയാണ്. ഓരോ ഇടങ്ങളിലും പൂജാരി ഉണ്ടാവും. വിഷ്ണുവും ശിവനും മുതല്‍ പിതൃദൈവങ്ങളും ഭൂതങ്ങളും ദുര്‍മൂര്‍ത്തികളുമെല്ലാം ദൈവങ്ങളുടെ കൂട്ടത്തില്‍പ്പെടും. ബൈശാഖി എന്ന ക്ഷേത്രത്തിലാണ് ഞങ്ങള്‍ പോയത്. ഏതുകാലത്ത് ഏതുതരത്തില്‍പ്പെട്ട ശില്‍പ്പകല ഉപയോഗിച്ചാണ് ഈ ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയത്എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. മനുഷ്യര്‍ക്കിടയിലെ ക്ഷേത്രങ്ങള്‍ എന്നതിനേക്കാള്‍ ക്ഷേത്രങ്ങള്‍ക്കിടയിലെ മനുഷ്യര്‍ എന്ന് പറയുന്നതാവും ബാലിയുടെ കാര്യത്തില്‍ ശരി. ക്ഷേത്രങ്ങളില്‍ത്തുടങ്ങി ക്ഷേത്രങ്ങളില്‍ത്തീരുന്നു ഒരു ബാലിക്കാരന്റെ ജീവിതം.

ക്ഷേത്രങ്ങളും ആരാധനകളും മാത്രമല്ല നൃത്തങ്ങളും നാടകങ്ങളും നിറഞ്ഞതാണ് ബാലിക്കാരന്റെ ജീവിതം. അത്രമേല്‍ ഉത്സവപ്രിയരാണ് അവര്‍. നാടകങ്ങള്‍ അധികവും രാമായണവുമായി ബന്ധപ്പെട്ടുള്ളതാണ്. ഞങ്ങള്‍ കണ്ട നാടകത്തിന്റെ ഇതിവൃത്തവും രാമയണം തന്നെ. സംഭാഷണങ്ങളേക്കാള്‍ ശബ്ദങ്ങളായിരുന്നു ഞാന്‍ കണ്ട നാടകത്തില്‍. ശരീരത്തെ നന്നായി അവര്‍ ഉപയോഗിക്കുന്നുണ്ട്. ചില ഘട്ടങ്ങളില്‍ നാടകം വടക്കേ മലബാറിലെ തെയ്യത്തെ അനുസ്മരിപ്പിച്ചു. പ്രത്യേകിച്ച് തീയില്‍ ചവിട്ടിയും ഇരുന്നും ചെയ്യുന്ന നിലകള്‍. കനലില്‍ അവര്‍ ഒരുപാട് നേരം ഇരിക്കും. ഇത്തരം നാടകത്തില്‍ അഭിനയിക്കേണ്ടിവന്നാല്‍ അതിന്റെ അനന്തരഫലം എന്താവും എന്നോര്‍ത്തപ്പോള്‍ എനിക്ക് എവിടെയൊക്കെയോ പൊള്ളി.

ബാലിയിലൂടെ ഒന്നോടിക്കടന്നുപോരിക മാത്രമാണ് ഞാന്‍ ചെയ്തത്. ഈ നാട് ഇവിടെ താമസിച്ച്, ജീവിച്ച് കാണണം. കാരണം അത്രമാത്രം അടരുകളും ബാഹ്യ വ്യത്യസ്തതകളുമുണ്ട് ബാലിക്ക്. ശുദ്ധവും ശാന്തവുമായ ഗ്രാമങ്ങളുണ്ട്. ജീവിത വിശേഷങ്ങളുണ്ട്. അവയെല്ലാം കാണാനും അനുഭവിക്കാനും ഇനിയും ഇങ്ങോട്ട് എനിക്ക് തിരിച്ചുവരേണ്ടതുണ്ട്. അതുകണ്ട് എസ്.കെ.പൊറ്റക്കാട് പറഞ്ഞതുപോലെ ബാലിയോട് 'ത്യാങ്ങ് പാമിത്ത്'(പോയ് വരട്ടെ) എന്ന് പറയുന്നില്ല. തിരിച്ചുവരാം എന്ന് മന്ത്രിക്കുക മാത്രം ചെയ്യുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram