വിശുദ്ധ എവുപ്രാസ്യമ്മയുടെ ആത്മീയ വഴികൾ പ്രതിപാദിക്കുന്ന ദൃശ്യാനുഭവം പകരുന്ന മ്യൂസിയം ഒരുങ്ങി. കൊക്കൂണിന്റെ മാതൃകയിലാണ് മ്യൂസിയം. ഒല്ലൂർ സെന്റ് മേരീസ് മഠത്തിനുള്ളിലാണ് ദൃശ്യവിസ്മയം ഒരുക്കിയത്.
പതിനഞ്ചു മിനിറ്റുമാത്രം ദൈർഘ്യമുള്ളതാണ് ഈ പ്രദർശനം. മുപ്പതു പേർക്ക് ഒരേ സമയം ഇരുന്നു കാണാവുന്ന സംവിധാനമുണ്ട്. പ്രവേശനം സൗജന്യമാണ്. മ്യൂസിയത്തിന്റെ പ്രവർത്തന സമയങ്ങളിൽ കൊക്കൂണിലെ കാഴ്ചകളും കാണാം. മുഴുവനായും ശീതീകരിച്ച കൂട്, പ്രത്യേക ശബ്ദ ക്രമീകരണങ്ങളും വൈദ്യുത രശ്മികളും തരംഗ വിന്യാസവും കൊണ്ട് കമനീയമാക്കിയിരിക്കുന്നു. ഒപ്പം ജലധാരയും പച്ചപ്പും ഒരുക്കി മോടി പിടിപ്പിച്ചിട്ടുണ്ട്.
മുഴുവനായും ഡിജിറ്റൽ സാങ്കേതിക വിദ്യയും ആനിമേഷനും ഗ്രാഫിക്സും വഴി ചിത്രീകരിച്ച ദൃശ്യങ്ങളാണുള്ളത്. എവു പ്രാസ്യമ്മയുടെ ജീവിതദർശനങ്ങളും രചനകളും ആസ്പദമാക്കിയുള്ള സൃഷ്ടിയാണ് മുഖ്യപ്രമേയം. സി.എം.സി. സന്ന്യാസസമൂഹമാണ് ഇതിന്റെ നിർമാണ നിർവഹണം നടത്തിയിട്ടുള്ളത്. ജെയിൻ ജോസഫ് നിയോ ആണ് ഇതിന്റെ രൂപകല്പന നടത്തി കൊക്കൂൺ മ്യൂസിയം തയ്യാറാക്കിയത്.