ക്രിസ്‌മസ് രാവിൽ വെളിച്ചമെത്തിച്ച് ...


ടി.ബി. പ്രസന്നൻ

1 min read
Read later
Print
Share

നാലു വീടുകളിൽ വൈദ്യുതി എത്തിക്കാനുള്ള ചെലവ് വഹിച്ചത് രാമവർമപുരത്തെ കെ.എസ്.ഇ.ബി. ജീവനക്കാർ

രാമവർമപുരത്തെ നാല് കുടുംബങ്ങളുടെ ക്രിസ്മസിന് ഇത്തവണ പ്രകാശമേറും. മണ്ണെണ്ണവിളക്കിന്റെയും മെഴുകുതിരിയുടെയും ഇത്തിരിവെട്ടത്തിൽ ഇരുട്ടകറ്റിയിരുന്ന ഈ വീടുകളിൽ വൈദ്യുതിവിളക്ക് പ്രകാശം പരത്തും. രാമവർമപുരം കെ.എസ്.ഇ.ബി. സെക്ഷനിലെ ജീവനക്കാരാണ് ഇവർക്ക് വെളിച്ചമേകി നല്ല ശമരിയക്കാരായത്. സെക്ഷനുകീഴിൽ വൈദ്യുതിയെത്താത്ത വീടുകൾ തേടിപ്പിടിക്കുകയായിരുന്നു ആദ്യഘട്ടം. നാല് വീടുകളിലാണ് ഇരുട്ട് മാറാത്തതെന്ന് അവർ കണ്ടെത്തി. വൈദ്യുതി തടസ്സപ്പെട്ടാലും ലൈൻ ഓഫായാലും തടസ്സങ്ങൾ നീക്കാനെത്തുന്ന ജീവനക്കാർ അങ്ങനെ നന്മയുടെ പ്രകാശം പരത്താൻ ഒത്തുകൂടി. വൈദ്യുതി ലൈൻ വലിക്കുന്നതുമുതൽ സ്വിച്ച് ബോർഡ് ഘടിപ്പിക്കുന്നതിന്റെയും കേബിളുകൾ വാങ്ങി വയറിങ് നടത്തുന്നതുവരെയുമുള്ള മുഴുവൻ ജോലികളും ജീവനക്കാർ തന്നെ നേരിട്ട് ഏറ്റെടുത്തു. കണക്ഷന് അടയ്ക്കേണ്ട തുക ശേഖരിച്ചതും ജീവനക്കാർ തന്നെ. രാമവർമപുരം കല്ലടിമൂല തറയിൽ വീട്ടിൽ തങ്കമണിക്കും നെല്ലിക്കാട്ട് എടത്തറ വീട്ടിൽ സരോജിനിക്കും വൈദ്യുതി കണക്ഷൻ കിട്ടിക്കഴിഞ്ഞു. അക്കരപുരം കുറ്റുമുക്ക് പണിക്കവീട്ടിൽ പങ്കജത്തിന്റെ വീട്ടിലും കാർത്ത്യായനിയുടെ വീട്ടിലും അടുത്ത ദിവസങ്ങളിൽ വെളിച്ചമെത്തും. അസി. എക്സി. എൻജിനീയർ വി.എ. മനോജ്, അസി. എൻജിനീയർ പി.ടി. പോൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇനിയും വൈദ്യുതി എത്താത്ത വീടുകൾ സെക്ഷന്റെ കീഴിലുണ്ടെങ്കിൽ സഹായിക്കാൻ ഇവർ ഒരുക്കമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram