ദേവാലയങ്ങൾ ഒരുങ്ങുന്നു
ക്രിസ്‌മസ് ആഘോഷങ്ങൾക്കായി നഗരത്തിലെ ദേവാലയങ്ങളിൽ ഒരുക്കങ്ങളായി. കിഴക്കേകോട്ട ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ഒരുങ്ങുന്നത് ഭീമൻ ക്രിസ്‌മസ് ട്രീയാണ്. 45 അടിയിലധികം ഉയരമുള്ള ട്രീക്ക് മുകളിൽ നക്ഷത്രം കൂടി വരുന്നതോടെ ഉയരം 50 അടിയാകും. പള്ളിയിൽതന്നെ വെൽഡിങ് ജോലികളെല്ലാം നടത്തി. ക്രെയിൻ ഉപയോഗിച്ചാണ് ഓരോ ഭാഗവും കൂട്ടിച്ചേർക്കുന്നത്. 24ന് ‘ഗ്ലോറിയ 2016’ മെഗാ ഗാനമേളയും 43 കുടുംബയൂണിറ്റുകൾ പങ്കെടുക്കുന്ന നക്ഷത്രമത്സരവും ഇവിടെ നടക്കും. 2000ത്തോളം മതബോധന വിദ്യാർഥികൾ പങ്കെടുക്കുന്ന ‘വിബ്ജിയോർ’ ക്രിസ്‌മസ് ട്രീ മത്സരവും ഉണ്ട്. മഴവില്ലിന്റെ നിറത്തിലുള്ള നക്ഷത്രങ്ങളാണ് വിദ്യാർഥികൾ തയ്യാറാക്കുക.
പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക പള്ളിയിൽ ഒരുക്കുന്നത് ഭീമൻ പുൽക്കൂടാണ്. 20ന് വൈകീട്ട് 6.30ന് പള്ളിയിൽ കരോൾഗാനമത്സരം ‘കോറൽ മ്യൂസിക് ഫെസ്റ്റ് ക്രിസ്‌മസ് ഈവ് 2016’ നടക്കും. സംസ്ഥാനത്തെ പ്രമുഖ ഗായകസംഘങ്ങൾ പങ്കെടുക്കും. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. 24ന് 15 കുടുംബ യൂണിറ്റുകൾ പങ്കെടുക്കുന്ന നക്ഷത്രമത്സരം. അന്നേദിവസം നാല് മേഖലകളിൽനിന്നുള്ള കരോൾ ഫെസ്റ്റ് മത്സരവും ക്രിസ്‌മസ് പാപ്പമാരുടെ വേഷം ധരിച്ച കുട്ടികൾ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബും ഉണ്ടാകും.കൽദായ സുറിയാനിസഭയുടെ മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽ 24ന് രാത്രി 12.05ന് തീച്ചുഴലി കത്തിക്കൽ ചടങ്ങാണ് പ്രധാനം. ഓശാന ആഘോഷത്തിന് വിശ്വാസികൾക്ക് വിതരണം ചെയ്യുന്ന കുരുത്തോലകൾ ക്രിസ്‌മസ് നോമ്പ് തുടങ്ങുന്ന ഡിസംബർ ഒന്നിന് തിരിച്ചെത്തിക്കും. ഇവയെല്ലാം വരിവരിയായി ഒരാൾപൊക്കത്തിൽ കെട്ടിവെച്ച് കുന്തിരിക്കം ഇട്ട് കത്തിക്കുന്ന ചടങ്ങാണിത്. തുടർന്ന് പ്രാർത്ഥനാശുശ്രൂഷ. വിശുദ്ധ കുർബ്ബാനയ്ക്ക് മാർ ഔഗിൻ എപ്പിസ്‌കോപ്പ കാർമികനാവും. സ്‌നേഹവിരുന്നും ഉണ്ടാകും.
ആയിരം അടിയിൽ പുൽക്കൂട്
വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയങ്കണത്തിൽ ആയിരം ചതുരശ്ര അടിയിൽ പുൽക്കൂടൊരുങ്ങുന്നു. ബത്‌ലഹേം രാത്രി പുനർജ്ജനിക്കുമ്പോൾ കുടെ ജറുസലേം കൊട്ടാരവും വെള്ളച്ചാട്ടവും പുൽമേടും എല്ലാമുണ്ടാകും. തിരുപ്പിറവിക്ക് സാക്ഷ്യം വഹിക്കാനെത്തിയ മൂന്നു രാജാക്കന്മാരും ദിവ്യതാരകവും പുൽക്കൂടിന് തിളക്കമേറ്റും. സേവന- ആശ്വാസരംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പള്ളിക്കുന്ന് ഇടവകയിൽ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കായി പുൽക്കൂട് നിർമ്മാണമത്സരവും നടത്തുന്നുണ്ട്. ഇടവകക്കൂട്ടായ്മകൾക്കായി ക്രിസ്മസ് ട്രീ നിർമ്മാണമത്സരവും കരോൾഗാനമത്സരവും നടത്തുന്നുണ്ട്.