ഇക്കണ്ടവാര്യർ റോഡിൽ ക്രിസ്‌മസെത്തിയിട്ട് ദിവസങ്ങളായി. രാജസ്ഥാനിൽനിന്നുള്ള കുടുംബങ്ങളാണ് ദിവസങ്ങൾക്കുമുമ്പേ ഇവിടെ ക്രിസ്‌മസിന്റെ വരവറിയിച്ചത്. വഴിയോരത്ത് ചുവന്ന ക്രിസ്‌മസ് തൊപ്പികളും ഉടുപ്പുകളുമായി ഇവർ ആവശ്യക്കാരെ കാത്തിരിക്കുന്നു. തണൽമരത്തിന്റെ കീഴിൽ യാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന രീതിയിലാണിവർ കച്ചവടം ഒരുക്കിയിട്ടുള്ളത്. വാഹനങ്ങളിൽ പോവുന്നവരാണ് ഇവരിൽനിന്ന് അധികവും തൊപ്പികൾ വാങ്ങുന്നത്.
രാജസ്ഥാനിൽനിന്നുള്ള കൈലാഷും കുടുംബവുമാണ് ഈ ഭാഗത്ത് വിൽപ്പന നടത്തുന്നത്. കൈലാഷിന്റെ സഹോദരി മീരയും മകൾ നിസയും കൈക്കുഞ്ഞ് രാഹുലും ഒരിടത്തും, കുറച്ച് നീങ്ങി കൈക്കുഞ്ഞ് ഗണേശയുമായി കൈലാഷിന്റെ ഭാര്യ സംജിയും മറ്റു മക്കളായ പരിയ, റിന്ന എന്നിവരും കച്ചവടം നടത്തുന്നു. മീരയുടെ ഭർത്താവ് ലാദു റെയിൽവെ സ്‌റ്റേഷനിലേക്ക് തൊപ്പികളും ഉടുപ്പും വിൽക്കാൻ പോവുന്നു. നേരത്തെ ഈ കുടുംബങ്ങൾ തൃശ്ശൂരിൽ കളിപ്പാട്ടങ്ങൾ വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
നോട്ട് പ്രതിസന്ധിമൂലം ഇക്കുറി കച്ചവടം കുറഞ്ഞതിന്റെ വിഷമവും ഇവർ പങ്കുവെച്ചു. എന്തായാലും ക്രിസ്മസിന്റെ പിറ്റേന്ന് തന്നെ കച്ചവടം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമെന്ന് കൈലാഷ് പറഞ്ഞു. തൊപ്പിക്ക് 30 രൂപയും മുഖംമൂടിക്ക് 150ഉം ക്രിസ്മസ് അപ്പൂപ്പന് ധരിക്കാനുള്ള ഉടുപ്പിന് 400 രൂപയുമാണ് വില. ന്യൂഡൽഹിയിൽനിന്നാണ് വിൽപ്പനയ്ക്കാവശ്യമായ തൊപ്പിയും മുഖംമൂടിയുമെല്ലാം ഇവർ വാങ്ങുന്നത്. രാവിലെ ആറിന് കച്ചവടത്തിനെത്തുന്ന സംഘം രാത്രി ഒമ്പതിനേ മടങ്ങൂ.