ഒളരിക്കരയിൽ ഒന്നരയേക്കറിലെ വിസ്മയം


ശ്രീശോഭ്

2 min read
Read later
Print
Share

ക്രിസ്മസിന് വടക്കുംനാഥനും ജറുസലേംനാഥനും ഒന്നിച്ച് ഒളരിക്കരയുടെ മണ്ണിലിറങ്ങും. കൂടെ കാലഭൈരവന്റെ പൂർണകായ പ്രതിമയും ഈജിപ്ഷ്യൻ പിരമിഡും 25 അടി ഉയരമുള്ള അർജന്റീനിയൻ സ്വാതന്ത്ര്യപ്രതിമ സെറാ-ഡി-ലാ - ഗ്ലോറിയയുമുണ്ടാകും. ഒളരിക്കര സെന്ററിൽ റോഡരികിലെ ഒന്നര ഏക്കറിലാണ് വിസ്മയലോകം ഒരുങ്ങുന്നത്. ഒളരിക്കര ഗ്രാമീണവായനശാലയും കലാവേദിയും ചേർന്നാണ് വിന്റർ വണ്ടർലാൻഡ്‌ എന്ന പേരിൽ ക്രിസ്മസ് വർണക്കാഴ്ചകൾ ഒരുക്കുന്നത്.കുട്ടികളെ ആകർഷിക്കാൻ ജംഗിൾബുക്ക് വനാന്തരവും മൗഗ്ലിയും കൂട്ടുകാരും വണ്ടർലാൻഡിൽ പുനർജനിക്കും. കൂറ്റൻ പുൽക്കൂടും സാന്താക്ലോസും മനോഹരമായ ജലധാരയും തടാകവും ചലിക്കുന്ന ഭൂഗോളവും പ്രദർശനത്തിലൊരുക്കുന്നുണ്ട്. രണ്ട് മാസത്തിലേറെയായി തൊണ്ണൂറുപേർ രാപകലില്ലാതെ അദ്ഭുതലോകത്തിന്റെ പണിയിൽ മുഴുകിയിരിക്കുന്നു. മിക്കവരും വ്യത്യസ്ത ജോലിക്കാർ. എല്ലാവരും വായനശാലാ പ്രവർത്തകരും കലാവേദി അംഗങ്ങളുമാണ്. ശില്പി രാജേഷ് ചിറ്റിശ്ശേരിയുടെ നേതൃത്വത്തിലാണ് കാർണിവലിന്റെ പണികൾ നടന്നുവരുന്നത്. പ്രോഗ്രാം കൺവീനർ സന്തോഷ് കുമാർ, വായനശാല പ്രസിഡന്റ് പി.എം. ഷാനവാസ് എന്നിവർ നേതൃത്വം നൽകുന്നു. ക്രിസ്മസ് തലേന്ന് മന്ത്രി വി.എസ്. സുനിൽകുമാർ വിന്റർ വണ്ടർലാൻഡ്‌ ഉദ്ഘാടനം ചെയ്യും.

മേളഗോപുരത്തിന് കാതോർത്ത്

ചേർപ്പ് പള്ളിയുടെ തിരുനടയിൽ മേളഗോപുരമുയരാൻ ഇനി ദിവസങ്ങൾ മാത്രം. മതത്തിന്റെ അതിർവരമ്പുകളില്ലാത്ത നാടാണ് ചേർപ്പ്. പൂരപ്പെരുമയുടെ നാട്. പൂരത്തിനും പൂയ്യത്തിനും പെരുന്നാളിനുമെല്ലാം ഒറ്റ മനസ്സാണ്. പെരുവനം-ആറാട്ടുപുഴ പൂരത്തിനടക്കം പട്ടുകുടകൾക്കും ചമയങ്ങൾക്കും സ്വർണവും വെള്ളിയും പൂശി പ്രഭയേകുന്ന ക്രൈസ്തവ കുടുംബം. പൂരത്തിനും പൂയത്തിനും ആനയെ നൽകുന്ന ക്രിസ്ത്യാനി. തൈപ്പൂയത്തിന്റെ ലക്ഷദീപം തെളിയിക്കാൻ തായംകുളങ്ങരയിലെ നടവഴിയിൽ മതം മറന്ന് മത്സരിക്കുന്ന മനസ്സുകൾ. ക്ഷേത്രകലകളെയും മേളപ്രമാണിമാരെയും പള്ളിനടയിൽ സ്വീകരിച്ച ക്രൈസ്തവ ദേവാലയം.
പള്ളിയുടെ കൂദാശാകർമത്തിന് പഞ്ചവാദ്യത്തിന്റെ ലഹരിപകർന്ന ചേർപ്പ് സെന്റ് ആന്റണീസ് ദേവാലയം ഇനി പഞ്ചാരിമേളത്തിന് കാതോർക്കുകയാണ്. ജനുവരി 10ന് തിരുനാൾ കൊടിയേറ്റത്തിനുശേഷം നടക്കുന്ന ‘കൊടിയേറ്റമേള’ ത്തിന് ഇരട്ടിമധുരമുണ്ട്. പഞ്ചാരിയുടെ മധുരം വിതറുന്ന സംഘത്തിൽ ഇടവകാംഗമായ ഒരു പതിനാലുകാരനും ഉണ്ടാകും. പെരുമ്പിള്ളിശ്ശേരി അറങ്ങാശ്ശേരി ജോസിന്റ മകൻ മിഥുൻ ജോസിന്റെ അരങ്ങേറ്റം കൂടി ‘കൊടിയേറ്റമേള’ത്തോടൊപ്പമുണ്ടാകും. ചേർപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് മിഥുൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിഥുൻ പെരുവനം ശങ്കരനാരായണന്റെ കീഴിൽ മേളം പഠിക്കാൻ തുടങ്ങുന്നത്. അമ്മ ജിനി അർബുദം ബാധിച്ച് മരിച്ചു. മകന്റെ മേളത്തോടുള്ള താത്‌പര്യം ജിനിക്കും സന്തോഷം പകരുന്ന ഒന്നായിരുന്നു.
ശങ്കരനാരായണന്റെ വീട്ടിലായിരുന്നു മേളപഠനം. ഗുരുവടക്കം പ്രഗല്‌ഭർ അണിചേർന്നാണ് കൊടിയേറ്റമേളം. അരങ്ങേറ്റത്തിന്റെ പതിവനുസരിച്ച് മൂന്നാം കാലത്തിൽ തുടങ്ങി അഞ്ചാംകാലത്തിൽ കലാശിക്കും. ചേർപ്പ് പള്ളിയുടെ കൂദാശാകർമത്തിന്റെ ഭാഗമായി പള്ളിമുറ്റത്ത് നടന്ന പഞ്ചവാദ്യം പ്രമാണിമാരുടെ നിരയിൽ ശ്രദ്ധേയമായിരുന്നു. പെരുവനം കുട്ടൻമാരാർ, അന്നമനട പരമേശ്വരമാരാർ, മണിയാംപറമ്പിൽ മണിനായർ, ചെർപ്പുളശ്ശേരി ശിവൻ തുടങ്ങി പ്രഗല്‌ഭരാണ് പഞ്ചവാദ്യത്തിൽ അണിനിരന്നത്.

ബിജു ആന്റണി

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram