-
മേൽപ്പാലനിർമാണവുമായി ബന്ധപ്പെട്ട് കഴക്കൂട്ടത്ത് നടപ്പാക്കിയ ഗതാഗത നിയന്ത്രണം യാത്രക്കാർക്കു ദുരിതമാകുന്നു. രാവിലെയും വൈകീട്ടും ഇവിടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. ഇതുവഴി കടന്നുപോകുന്ന ആംബുലൻസുകളുൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകളോളം പെരുവഴിയിലാണ്.
മൂന്നുമാസമാണ് ഗതാഗത നിയന്ത്രണമെങ്കിലും ഇതു കൂടുതൽ സമയം നീളാനാണ് സാധ്യത. നിയന്ത്രണംവന്നതോടെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടവും കുറഞ്ഞു.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതാണ് പ്രധാന കാരണം. അതിനാൽ ഈ ഭാഗത്തുകൂടി യാത്രക്കാർ വരാത്തസ്ഥിതിയാണ്.
ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾക്കും ഓട്ടംകുറഞ്ഞ അവസ്ഥയാണ്. മേൽപ്പാലത്തിന്റെ രണ്ടാംഘട്ട പണികളാണ് ഇപ്പോൾ കഴക്കൂട്ടം ബൈപ്പാസ് ജങ്‌ഷൻ മുതൽ കഴക്കൂട്ടം ജങ്‌ഷൻ വരെ നടക്കുന്നത്. ഈ ഭാഗത്താണ് ഒരു വശത്തെ ഗതാഗതം പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ബൈപ്പാസ് ജങ്‌ഷൻ മുതൽ മിഷൻ ആശുപത്രിക്കടുത്തുവരെ സർവീസ് റോഡുകൾ ഉണ്ടാക്കാനായി 200ഓളം സ്വകാര്യഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 95 ശതമാനംപേർക്കും നഷ്ടപരിഹാരവിതരണത്തിനുള്ള നടപടികൾ പൂർത്തിയായതായി റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. 11 പേർക്ക് വിതരണംചെയ്യാനുള്ള നടപടിക്രമങ്ങളാണ് ശേഷിക്കുന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരുവശത്തെയും കടകൾ ഇടിച്ചുമാറ്റി വേഗത്തിൽ സർവീസ് റോഡ് നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നഷ്ടപരിഹാരവിതരണം പൂർത്തിയാക്കാനായിട്ടില്ല. അതിനാൽ പല കടകളും പൊളിച്ചുമാറ്റിയിട്ടുമില്ല. ഇതാണ് സർവീസ് റോഡ് നിർമിക്കുന്നതിനുള്ള പ്രധാന തടസ്സം.
പൊടിശല്യം രൂക്ഷം
കെട്ടിടങ്ങൾ പൊളിക്കുന്നതു കാരണം കഴക്കൂട്ടം ജങ്‌ഷനിലും പരിസരത്തും പൊടിശല്യം രൂക്ഷമാണ്. ബസ് സ്റ്റോപ്പ് പരിസരത്ത് രാവിലെയും വൈകീട്ടും വെള്ളം ഒഴിക്കുന്നുണ്ടെങ്കിലും പൊടിശല്യമുണ്ട്. പൊടി അന്തരീക്ഷവുമായി കലർന്ന് സമീപത്തെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അനധികൃത പാർക്കിങ്: നടപടിയില്ല
കഴക്കൂട്ടം ചന്ത റോഡിൽ റോഡിന്റെ വശങ്ങളിൽ അനധികൃത പാർക്കിങ് വ്യാപകമാണ്. ഇത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. കാൽനടയാത്രക്കാർക്കുപോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. നോ പാർക്കിങ് ബോർഡുകൾ ഇതുവരെയായിട്ടും പോലീസ് ഈ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടില്ല. അനധികൃത പാർക്കിങ് നടത്തുന്നവരെ പിടികൂടാനോ വാഹനങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ഒരു സംവിധാനമോ കഴക്കൂട്ടം പോലീസ് ചെയ്യുന്നില്ലെന്നും യാത്രക്കാർ പറയുന്നു.
സ്‌കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പെടാപ്പാടാണ്. പോലീസോ ട്രാഫിക് വാർഡനോ ഉള്ള ഭാഗത്തു മാത്രമാണ് വാഹനങ്ങൾ നിർത്തി ഇവരെ കടത്തിവിടുന്നത്.