ബാഹുബലിയിലെ ഗാനങ്ങളുടെ സ്വരമായി നയന


2 min read
Read later
Print
Share

തമിഴ് സംസാരിക്കാൻ അറിയുമെന്നത് ഭാഗ്യമായി. പല്ലവി പാടി റെക്കോഡ്‌ ചെയ്തിരുന്നു.

പ്രേക്ഷകരെ അമ്പരപ്പിച്ച ബാഹുബലി രണ്ടാംഭാഗത്തിന്റെ തമിഴ് പതിപ്പിൽ ശബ്ദംകൊണ്ട് കൈയൊപ്പ് ചാർത്തിയ ഗായിക മലയാളത്തിന് സ്വന്തം. ‘കണ്ണാ നീ തൂങ്കടാ’ എന്നു തുടങ്ങുന്ന ഗാനം പാടിയത് തിരുവനന്തപുരം സ്വദേശിയായ നയനാ നായരാണ്. ബാഹുബലിയുടെ അനുഭവങ്ങളും പാട്ടിന്റെ ലോകത്തെ വിശേഷങ്ങളും പങ്കുവെച്ച് നയന.

ബാഹുബലിയുടെ സംഗീത സംവിധായകനായ കീരവാണിക്ക്‌ നയന പാടിയ കുറച്ച്‌ പാട്ടുകൾനേരത്തെ അയച്ചുകൊടുത്തിരുന്നു. അങ്ങനെ 2015ൽ അദ്ദേഹത്തിന്റെ ടീമിൽ ചേരാൻ സാധിച്ചു. അവിടെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമ്പോഴാണ് 2016ൽ ബാഹുബലിക്കായി ട്രാക്ക് പാടാൻ അവസരം ലഭിച്ചത്‌. പക്ഷേ, ബാഹുബലിക്ക് വേണ്ടിയായിരുന്നെന്ന് അന്ന്‌ അറിയില്ലായിരുന്നു. തമിഴിലായിരുന്നു എല്ലാ പാട്ടുകളും ആദ്യം ചെയ്തത്. പിന്നീട് അവസരം തന്നപ്പോൾ ശരിക്കും അനുഗ്രഹമായി തോന്നി.

തമിഴ് സംസാരിക്കാൻ അറിയുമെന്നത് ഭാഗ്യമായി. പല്ലവി പാടി റെക്കോഡ്‌ ചെയ്തിരുന്നു. വൈരമുത്തുവിന്റെ മകനായ മദൻ ഗാർഗി ആണ് വരികൾ എഴുതിയത്. രാജമൗലി- കീരവാണി-മദൻ ഗാർഗി എന്നിവരോടൊപ്പം പാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകുന്നു. പാട്ടു കേട്ട് ധാരാളംപേർ നല്ല അഭിപ്രായങ്ങൾ പറഞ്ഞത്‌ കൂടുതൽ ആവേശം നൽകുന്നു.

മൂന്ന് വയസ്സുമുതൽ പാട്ട് പഠിക്കുന്നുണ്ട്. 12-ാം വയസ്സിൽ ‘കഥപറയും തെരുവോരം’ എന്ന കുട്ടികളുടെ ചിത്രത്തിൽ രമേഷ് നാരായണന്റെ സംഗീതസംവിധാനത്തിൽ പാടുന്നതാണ് തുടക്കം. പിന്നീട് ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തു. ശരത്, എം.ജി.ശ്രീകുമാർ പോലുള്ള പ്രഗത്ഭരോടൊപ്പം വേദി പങ്കിടാനുള്ള അവസരം ലഭിച്ചു.

കർണാടക സംഗീതമാണ് പഠിച്ചത്. ഹിന്ദുസ്ഥാനിയും പഠിക്കുന്നുണ്ട്. പാശ്ചാത്യ സംഗീതത്തോടുള്ള താത്പര്യം കൊണ്ട് ഇപ്പോൾ അതും പഠിക്കുന്നുണ്ട്. ആരുടേയും കീഴിലല്ല. സ്വന്തമായുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.

വഴുതക്കാട് കാർമൽ സ്കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. പിന്നീട് എൻജിനീയറിങ് പൂർത്തിയാക്കി. ജോലി കിട്ടിയെങ്കിലും ഐ.ടി. മേഖലയുടെ സമ്മർദത്തോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഭർത്താവ് അർജുനൊപ്പം ഹൈദരാബാദിലാണ് താമസം.

അച്ഛൻ ജി.സോമശേഖരൻ നായർ സർവേ-ലാൻഡ് വകുപ്പ്‌ ഡയറക്ടറായി വിരമിച്ചു. അമ്മ പ്രഭാനായർ. സഹോദരി നന്ദന ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. കുടുംബം ഇടപ്പഴഞ്ഞിയിലാണ് താമസം.

റിയാലിറ്റി ഷോകളും ബാൻഡുകളും പുതിയ പാട്ടുകാരെയും കഴിവുകളെയും പരിചയപ്പെടുത്തുന്നുണ്ട്. പക്ഷേ, ഈ മേഖലയിലേക്ക് വരുന്ന എല്ലാവരേയും സ്വീകരിക്കാൻ മനസ്സുള്ള ആസ്വാദകരാണ് ഏറ്റവും പ്രധാനമെന്നും നയന പറയുന്നു. മാതൃഭൂമി കപ്പ ടി.വി.യിലെ മ്യൂസിക് മോജോയിൽ ഗായകൻ ശ്രീനാഥിനൊപ്പം കടുംതുടി ബാൻഡിൽ പാടിയത് കണ്ട് ആളുകൾ ഇപ്പോഴും വിളിച്ച്‌ അഭിപ്രായം അറിയിക്കുന്നത്‌ വലിയ സന്തോഷമാണ്.

മലയാളത്തിൽ ആമയും മുയലും, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിൽ നയന പാടിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram