ക്രിസ്മസ് മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ സങ്കല്പങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഈ ക്രിസ്മസ് കാലത്ത് മനുഷ്യന്റെ നന്മയെയും ആത്മാർത്ഥതയെയും ആവിഷ്കരിക്കുന്ന ഉജ്ജ്വലമായ ഒരു കലാസൃഷ്ടിയുടെ ഓർമകൾ നമ്മെ ആശ്ലേഷിക്കുന്നു.
1946 ഡിസംബർ 20ന് ന്യൂയോർക്കിൽ പുറത്തിറങ്ങിയ ‘ഇറ്റ്‌സ് എ വണ്ടർഫുൾ ലൈഫ്’ എന്ന ചലച്ചിത്രം സവിശേഷമായ ചലച്ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. ഒപ്പം ഓരോ മനുഷ്യനും കാണേണ്ട, പിന്തുടരേണ്ട ജീവിതദർശനത്തെ ലളിതവും ഹൃദയഹാരിയുമായ ഭാഷയിൽ അവതരിപ്പിക്കുന്നു. ഹോളിവുഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും വിശിഷ്ടമായ ചലച്ചിത്രങ്ങളിലൊന്നായി സ്മരിക്കപ്പെടുന്നു ‘ഇറ്റ്‌സ് എ വണ്ടർഫുൾ ലൈഫ്’.
അമേരിക്കൻ സാഹിത്യകാരനും ചരിത്രകാരനുമായ ഫിലിപ്പ് വാൻ ഡോറൻ സ്റ്റേണിന്റെ ചെറുകഥ ‘ദ ഗ്രേറ്റസ്റ്റ് ഗിഫ്റ്റി’നെ അടിസ്ഥാനമാക്കി ഓസ്‌കർ ജേതാവായ ഫ്രാങ്ക് കാപ്ര സംവിധാനംെചയ്ത ‘ഇറ്റ്‌സ് എ വണ്ടർഫുൾ ലൈഫ്’ എന്ന ചിത്രം ജോർജ്ജ് ബെയിലി എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ മനുഷ്യജീവന്റെ പ്രാധാന്യവും ഓരോ വ്യക്തിക്കും സമൂഹത്തിൽ ചെലുത്താൻ സാധിക്കുന്ന സ്വാധീനവും ഫാന്റസിയുടെ അകമ്പടിയോടെ കാണിച്ചുതരുന്നു. ‘ബെഡ് ഫോർഡ് ഫാൾസ്’ എന്ന സാങ്കല്പിക നഗരത്തിൽ ജീവിക്കുന്ന ബെയിലി, ക്രിസ്മസ് ദിനത്തിൽ ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്നു. മരണത്തിനു മുൻപ് പ്രാർത്ഥിക്കുന്ന ബെയിലിയെ രക്ഷിക്കാൻ ‘ക്ലാരൻസ് ഒഡ്‌ബോഡി’ എന്ന മാലാഖ എത്തുന്നു. ബെയിലിയെ രക്ഷിച്ചാൽ തനിക്ക് നഷ്ടപ്പെട്ട ചിറക് ലഭിക്കുമെന്ന് ക്ലാരൻസിനറിയാം. ബെയിലിയെ സന്ദർശിക്കുന്നതിന് മുൻപ് ക്ലാരൻസ് ബെയിലിയുടെ ജീവിതത്തിലൂടെ കണ്ണോടിക്കുന്നു.
പന്ത്രണ്ട് വയസ്സുള്ള ബെയിലി കളിക്കുന്നതിനിടെ തണുത്തുറഞ്ഞ തടാകത്തിൽ മുങ്ങിപ്പോയ അനുജൻ ഹാരിയെ രക്ഷിക്കുന്നു. ഈ സംഭവം ബെയിലിയുടെ കേൾവി നഷ്ടപ്പെടുന്നതിനിടയാക്കി. ഒരു ഫാർമസിയിൽ ജോലിക്കുനിൽക്കവെ കടയുടമയായ ഗവർ തെറ്റായ മരുന്ന് നൽകുന്നത് ബെയിലി തടയുന്നു. മകന്റെ മരണത്തിൽ ദുഃഖിതനായിരുന്നു ഗവർ. അച്ഛന്റെ മരണശേഷം ജോർജ് ബെയിലി കുടുംബസ്ഥാപനമായ ‘ബെയിലി ബ്രദേർഴ്‌സ് ബിൾഡിങ് ആൻഡ് ലോൺ’ എന്ന കമ്പനി ഏറ്റെടുക്കുന്നു. സ്ഥാപനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഹെന്റി പോർട്ടറെ ഒഴിവാക്കിയായിരുന്നു ബെയിലിയുടെ തീരുമാനം. ഇതിനിടെ ബെയിലി മേരിയെ വിവാഹം കഴിക്കുന്നു. തങ്ങളുടെ മധുവിധുവിന് കരുതിവെച്ചിരുന്ന തുക സാമ്പത്തിക പ്രതിസന്ധിയിലായ തന്റെ സ്ഥാപനത്തിനായി ബെയിലി മാറ്റിവയ്ക്കുന്നു.
െബയിലി സ്വന്തമായി ‘ബെയിലി പാർക്ക്’ എന്ന പേരിൽ ഒരു പണമിടപാട് സ്ഥാപനം തുടങ്ങുന്നു. ചെറുകിട ഭവനങ്ങൾക്കു വായ്പ നൽകുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം. ഇത് വാടകയ്ക്ക് ഭവനങ്ങൾ നൽകുന്ന പോർട്ടറെ കുപിതനാക്കി. എങ്ങനെയെങ്കിലും ബെയിലിയെ തകർക്കുക എന്നതായി പോർട്ടറുടെ ലക്ഷ്യം.
രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളത്തിൽ ചേർന്ന ബെയിലിയുടെ സഹോദരൻ ഹാരി, ഒരു ശത്രുവിമാനം വെടിവെച്ചിടുന്നു. മികച്ച സൈനികസേവനത്തിന് മെഡൽ ലഭിച്ച ഹാരിക്ക് സ്വീകരണമൊരുക്കാൻ ജനങ്ങൾ തീരുമാനിക്കുന്നു. അമ്മാവനായ ബില്ലിയുടെ കൈയിൽ കൊടുത്തയച്ച എണ്ണായിരം ഡോളർ ബില്ലിയറിയാതെ തന്ത്രത്തിൽ േപാർട്ടർ തട്ടിയെടുക്കുന്നു. സംഭവമറിഞ്ഞ ബെയിലി ഭാര്യയോടും മക്കളോടും അനാവശ്യമായി തട്ടിക്കയറുന്നു. പോർട്ടറിനോട് വായ്പ ആവശ്യപ്പെട്ടങ്കിലും അതു ലഭിക്കുന്നില്ല. ബാങ്കിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തുന്നതോടെ മരണത്തിന്റെ പടിവാതിലിലെത്തുന്നു ബെയിലി. മദ്യപിച്ച ശേഷം ആത്മഹത്യചെയ്യാനായി ഒരു നദിക്കു സമീപമുള്ള പാലത്തിൽ നിൽക്കുന്ന ബെയിലിയുടെ മുൻപിലെത്തുന്ന ക്ലാരൻസ് നദിയിലേക്കെടുത്തു ചാടുന്നു. പരോപകാരിയായ ബെയിലിക്ക് ക്ലാരൻസിനെ രക്ഷിക്കാതിരിക്കാൻ കഴിയില്ലല്ലോ?
താൻ ബെയിലിയെ രക്ഷിക്കാനെത്തിയ മാലാഖയാണെന്ന് പറഞ്ഞ ക്ലാരൻസ് ബെയിലി ജനിച്ചില്ലായിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന ലോകം കാട്ടിക്കൊടുക്കുന്നു. ബെഡ്‌ഫോർഡ് ഫാൾസ് പോർട്ടർവില്ലെയായി മാറുന്നു. ഗവർ നരഹത്യയ്ക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്നു. ബെയിലിയുടെ സ്ഥാപനം തകരുന്നു. ബെയിലി ഇല്ലാത്തതിനാൽ ഹാരി മരിക്കുന്നു. ഹാരി ഇല്ലാത്തതിനാൽ ശത്രുവിമാനം എല്ലാ സൈനികരെയും വധിക്കുന്നു. മേരി വിവാഹിതയാവുന്നില്ല. ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ബെയിലി, തന്റെ യഥാർത്ഥ ജീവിതം തിരിച്ചുനൽകാൻ ക്ലാരൻസിനോട് ആവശ്യപ്പെടുന്നു. അറസ്റ്റ് പ്രതീക്ഷിച്ചെത്തിയ ബെയിലിക്ക് നാട്ടുകാർ ആവശ്യത്തിലധികം പണം നൽകുന്നു. ക്ലാരൻസിന് ചിറകുകൾ ലഭിക്കുന്നതായി സൂചിപ്പിച്ച് ‘ക്രിസ്മസ് ട്രീ’യിൽ മണിനാദം മുഴങ്ങുന്നു.
പുറത്തിറങ്ങിയ കാലത്ത് ഒട്ടും വിജയം നേടിയ ചിത്രമായിരുന്നില്ല ‘ഇറ്റ്‌സ് എ വണ്ടർഫുൾ ലൈഫ്’. എന്നാൽ നിരന്തരം ടെലിവിഷനിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചലച്ചിത്രം എക്കാലത്തെയും മികച്ച നൂറു ചലച്ചിത്രങ്ങളിലൊന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തു. ഏറ്റവും ശക്തനായ വില്ലൻമാരിലൊരാളായി ഹെന്റി പോർട്ടറുടെ കഥാപാത്രത്തെ തിരഞ്ഞെടുത്തു.
മാത്രവുമല്ല ദേശീയ ചലച്ചിത്ര ആർക്കൈവിൽ സാംസ്കാരികമായും ചരിത്രപരമായും പ്രധാനപ്പെട്ട ചലച്ചിത്രങ്ങളിലൊന്നായി അമേരിക്കൻ കോൺഗ്രസ് ഈ ചലച്ചിത്രത്തെ തിരഞ്ഞെടുത്തു. ജെയിംസ് സ്റ്റുവാർട്ട് എന്ന വിഖ്യാത നടനിലൂടെ ‘ജോർജ് ബെയിലി' എന്ന കഥാപാത്രം അനശ്വരനായി.
മനുഷ്യജീവന്റെ പ്രാധാന്യത്തെ ഇത്രമേൽ ലാളിത്യത്തോടെ അവതരിപ്പിക്കുന്ന അധികം ചിത്രങ്ങളില്ല. എല്ലാ മനുഷ്യരും കാണേണ്ട ചലച്ചിത്രം എന്ന് ഖ്യാതിലഭിച്ച ചിത്രമത്രേ അത്. ചാൾസ് ഡിക്കൻസിന്റെ ‘എ ക്രിസ്മസ് കരോൾ’ എന്ന കൃതിയോടൊപ്പം മനുഷ്യ നന്മയിലധിഷ്ഠിതമായ ക്രിസ്മസിന്റെ മഹത്ത്വം വിളംബരംചെയ്യുന്നു ഈ അനശ്വര ചലച്ചിത്രകാവ്യം.