രാജ്യാന്തര ചലച്ചിത്രോത്സവത്തിനായി തലസ്ഥാനത്ത് നിർമിക്കുന്ന തിയേറ്റർ കോംപ്ലക്സ് രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. 100 കോടി ചെലവിലാണ് കോംപ്ലക്സ് നിർമാണം.
ഫെസ്റ്റിവൽ ഓഫീസും പാസ് വിതരണവും ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയ, രാജ്യാന്തരതലത്തിൽ കുട്ടികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ ആദ്യ ഡെലിഗേറ്റ് പാസ് മന്ത്രി നടി മഞ്ജുവാര്യർക്ക് നൽകി. സൗഹൃദവും സംഭാഷണങ്ങളും കലയുടെ സമ്മേളനവുമായി അവിസ്മരണീയമായ മുഹൂർത്തമാണ് ഓരോ ചലച്ചിത്രമേളയും ഇവിടെ സമ്മാനിക്കുന്നതെന്ന് മഞ്ജുവാര്യർ പറഞ്ഞു.
സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്ജ്, അക്കാദമി ചെയർമാൻ കമൽ, ലെനിൻ രാജേന്ദ്രൻ, എം. വിജയകുമാർ, ബീനാ പോൾ, സംവിധായകൻ ടി.വി. ചന്ദ്രൻ, അക്കാദമി സെക്രട്ടറി ബി. മഹേഷ് എന്നിവർ പങ്കെടുത്തു.
ഭിന്നലിംഗക്കാർക്ക് പരിഗണന
ഭിന്നലിംഗക്കാർക്ക് പ്രത്യേക പരിഗണനയാണ് ഇപ്രാവശ്യം ചലച്ചിത്രമേളയിൽ നൽകുന്നത്. ഇവർക്കായി പ്രത്യേകം ശൗചാലയങ്ങളുമൊരുക്കിയിട്ടുണ്ട്.
ഭിന്നലിംഗക്കാർക്കുള്ള ആദ്യ പാസ് ശീതൾ ശ്യാമിന് നടി മഞ്ജു വാര്യർ കൈമാറി.
കാവാലത്തെ അനുസ്മരിച്ച് ‘ടാഗോർ’ ഒ.എൻ.വി.ക്കായി നിശാഗന്ധി
മലയാളികളുടെ മനസ്സിൽ അനശ്വരരായ കാവാലം നാരായണപ്പണിക്കർക്കും ഒ.എൻ.വി.കുറുപ്പിനും ആദരമർപ്പിച്ചാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നത്.
രണ്ട് വേദികൾക്ക് ഇവരുടെ പേരാണ് നൽകിയിരിക്കുന്നത്. ഒ.എൻ.വി. തന്നെ പേരിട്ട നിശാഗന്ധിയിലെ വേദിക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ടാഗോറിലെ വേദിക്കാണ് നാടകാചാര്യനും കവിയുമായ കാവാലത്തിന്റെ പേര് നൽകിയിരിക്കുന്നത്.
പാസ് കൗണ്ടർ രാത്രി എട്ടുവരെ
ടാഗോർ തിയേറ്ററിൽ രാവിലെ 9 മുതൽ രാത്രി 8 വരെ ഡെലിഗേറ്റ് പാസ് വിതരണം ചെയ്യും.
ഡെലിഗേറ്റ് സെല്ലിലെ 12 കൗണ്ടറുകളിലൂടെയാണ് പാസ് വിതരണമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി ബി. മഹേഷ് അറിയിച്ചു.