സ്റ്റാർട്ടപ്പ് അവസാനബസ്, കേരളം ഇതിൽ കയറിയേ പറ്റൂ...


3 min read
Read later
Print
Share

അത്യാസന്നനിലയിലുള്ള ഒരാളുമായി ആസ്പത്രിയിലേക്ക്‌ കുതിക്കുന്ന ആംബുലൻസുകൾക്ക് ട്രാഫിക് സിഗ്നലിലെ നീണ്ട വരിയിൽ കുരുങ്ങാതെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര ജീവനുകൾ രക്ഷപ്പെടുമായിരുന്നെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ... ആംബുലൻസിനെ തിരിച്ചറിഞ്ഞ് ആ സിഗ്നലിൽ പച്ച തെളിഞ്ഞാലോ... അങ്ങനെയൊരു പരീക്ഷണം നമ്മുടെ നാട്ടിലും നടന്നു. എത്രയോ ജീവനുകൾ രക്ഷപ്പെടുകയും ചെയ്തു. ആംബുലൻസ് തിരിച്ചറിഞ്ഞ് ചുവപ്പ് പച്ചയാകാനുള്ള ചെറിയൊരു വിദ്യ പ്രയോഗിച്ചുകൊണ്ടാണ് കൊച്ചിയിലെ ഒരാസ്പത്രി ഇത്‌ സാധ്യമാക്കിയത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ വികസിപ്പിച്ച പല പല സാങ്കേതികവിദ്യകളിൽ ഒന്ന്. ഇനി മറ്റ് ആസ്പത്രികളുടെ ആംബുലൻസുകളിലും ഇതേ വിദ്യ ഉപയോഗിക്കാനാണ് ആലോചന. സ്റ്റാർട്ടപ്പുകളെന്നാൽ ഐ.ടി.യുടെയോ വ്യവസായത്തിന്റെയോ മാത്രം കാര്യമെന്നു വിചാരിക്കുന്നവർ ആ ധാരണ മാറ്റാനുള്ള സമയമായി. ജീവിതത്തിന്റെ സകലമേഖലകളിലെയും പ്രശ്നപരിഹാരത്തിനുതകുന്ന സാങ്കേതികവിദ്യകൾ സൃഷ്ടിക്കാൻ സ്റ്റാർട്ടപ്പുകൾക്കാവും. അതിന് ആളും ആശയവും പിന്തുണയും സൗകര്യങ്ങളുമൊരുക്കുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ചെയ്യുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ ഇന്ത്യയിലെ 20 ശതമാനം സ്റ്റാർട്ടപ്പുകളുള്ള സംസ്ഥാനമെന്ന പദവി നേടിയെടുക്കാൻ കേരളത്തിനായി. നമ്മുടെ സ്കൂളുകളും കോളേജുകളുമൊക്കെ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഈ ദിശയിലുള്ള പ്രവർത്തനങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. സജി ഗോപിനാഥ് സംസാരിക്കുന്നു.

കെ.കെ.അജിത്‌കുമാർ


ajithkumarkkmbi@gmail.com

?കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. ആയി ചുമതലയേറ്റ ശേഷമുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ എന്തുതോന്നുന്നു
നാലുമാസമേ ആയിട്ടുള്ളൂ ഞാൻ ചുമതലയേറ്റിട്ട്. കേരളത്തെ സംബന്ധിച്ച് സ്റ്റാർട്ടപ്പുകളെന്നത് നമ്മുടെ അവസാനബസാണ്. കൃഷി, വ്യവസായം, കംപ്യൂട്ടർ-അങ്ങനെ പലപല ബസുകളും കടന്നുപോയി. അതിലൊന്നും കയറാതെ നോക്കിയിരിക്കുകയായിരുന്നു നമ്മൾ. ഇതിൽ കയറിയില്ലെങ്കിൽ പിന്നെയൊരവസരം കിട്ടില്ല. ആ കാര്യത്തെക്കുറിച്ച് നല്ല ധാരണയോടെയാണ് സർക്കാർ നടപടികളെടുക്കുന്നത്.
?കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ ഏതുതരം സംരംഭങ്ങളാണ് പ്രതീക്ഷിക്കുന്നത്
പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത, ചെറിയ സംരംഭങ്ങളാണ് കേരളത്തിന് അനുയോജ്യം. എച്ച്.ഡി.എഫ്.സി. ബാങ്കിൽ ഇടപാടുകാരെ സ്വാഗതം ചെയ്യാനും ഏതുവിഭാഗത്തിലേക്കാണോ പോകേണ്ടത് അങ്ങോട്ടേക്കു നയിക്കാനും റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭമാണ് അത്. ആംബുലൻസ് വരുമ്പോൾ ട്രാഫിക്‌സിഗ്നൽ പച്ചയാവുന്ന കൊച്ചിയിലെ സംവിധാനവും സ്റ്റാർട്ടപ്പിലൂടെ ഉണ്ടാക്കിയതാണ്. കേരളത്തിന്റെ സവിശേഷമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാവുന്ന ധാരാളം ആശയങ്ങൾ ഇനിയും നമുക്ക് ആവശ്യമുണ്ട്. ലോകവ്യാപകമായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയിലേക്ക് നയിക്കുന്ന ആശയങ്ങളിലാണ് നമ്മുടെ ഭാവി. മൂന്നുവർഷം കൊണ്ട് പതിനായിരം സ്റ്റാർട്ടപ്പുകളെന്നതാണ് ലക്ഷ്യം. അത് അത്രയെളുപ്പമല്ലെന്നറിഞ്ഞുകൊണ്ടുതന്നെയാണ് പ്രവർത്തിക്കുന്നത്.
?അതിന് നമ്മുടെ വിദ്യാഭ്യാസസംവിധാനങ്ങൾ എത്രത്തോളം സജ്ജമാണ്
സ്കൂൾതലം മുതൽ ഇതിനുള്ള ശ്രമങ്ങൾ ഇപ്പോഴുണ്ട്. ഏതെങ്കിലും ഒരുവിഭാഗത്തെയല്ല, എല്ലാ കുട്ടികളെയുമാണ് നാം ലക്ഷ്യമിടുന്നത്. അവർക്ക് ആവശ്യമുള്ള പിന്തുണയും സൗകര്യങ്ങളുമൊരുക്കിക്കൊടുക്കും. കോളേജുകളിൽ നവീന ആശയങ്ങളെ പിന്തുണയ്ക്കാനുള്ള സംവിധാനങ്ങളുണ്ട്. ആശയങ്ങളുള്ളവർക്ക് ത്രീഡി പ്രിന്ററുകളിലൂടെ അത് ആവിഷ്കരിക്കാനുള്ള സൗകര്യമുണ്ട്. എൻജിനീയറിങ് കോളേജുകളിലും പ്രൊഫഷണൽ കോളേജുകളിലും പി.ജി.യുള്ള കോളേജുകളിലും ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെല്ലുകൾ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ 193 കോളേജുകളിൽ ഇത് പ്രവർത്തിക്കുന്നുണ്ട്.
?അത്തരം സെല്ലുകളിലൂടെ എന്താണ് ചെയ്യുന്നത്
ഓരോ കോളേജിലും അധ്യാപകരിലൊരാൾക്കാണ് ഈ സെല്ലിന്റെ ചുമതല. ആശയമുള്ള കുട്ടികൾ പലരുമുണ്ട്. കേരളത്തിലെ കോളേജുകളിൽ പഠിക്കുന്നവരിൽ മൂന്നിലൊന്നു പേരും ആപ്പ് ഉണ്ടാക്കുന്നുണ്ട്. അത് ലോകനിലവാരത്തിലായാലേ കാര്യമുള്ളൂ. അതിനു വേണ്ടതൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഓരോ ആശയവും പ്രാവർത്തികമാക്കാൻ ആവശ്യമുള്ള ഫണ്ട് ലഭ്യമാക്കുക, സജീവതാത്പര്യമുള്ള കുട്ടികൾക്ക് സിലിക്കൺവാലി ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കാറുണ്ട്. ഇവരുണ്ടാക്കുന്ന സാങ്കേതികവിദ്യ ലോകനിലവാരത്തിലുള്ളതാണെന്ന് പരീക്ഷണത്തിലൂടെ തെളിയിക്കാനും ശരിയായ പ്ലാറ്റ്‌ഫോമിൽ എത്തിക്കാനും കമ്പനിയുണ്ടാക്കാനും പിന്തുണയേകുകയാണ് ചെയ്യുന്നത്. 20 പേരടങ്ങുന്ന സംഘത്തെയാണ് തിരഞ്ഞെടുക്കുന്നത്. ആറുമുതൽ എട്ടുവരെ മാസമാണ്, ഒരാശയം കമ്പനിയാക്കാനുള്ള സമയം. അവർക്കാവശ്യമുള്ള സഹായങ്ങളും രക്ഷാകർത്തൃത്വവും ഉറപ്പാക്കുകയെന്നതാണ് സ്റ്റാർട്ടപ്പ് മിഷൻ ചെയ്യുന്നത്. സാങ്കേതികസർവകലാശാലയുടെ സഹായസഹകരണങ്ങളും അനുകൂലമായ അന്തരീക്ഷമുണ്ടാക്കുന്നുണ്ട്.
? വ്യവസായങ്ങളിലേക്കിറങ്ങുമ്പോൾ പരാജയപ്പെട്ടുപോകുമെന്ന ഭയം പൊതുവേ കൂടുതലാണല്ലോ ഇവിടെ. കുട്ടികൾ ഒരുക്കമാണെങ്കിലും തോൽവികൾ ഇഷ്ടമല്ലാത്ത രക്ഷിതാക്കളും സമൂഹവും അവരെ പിന്തിരിപ്പിക്കാനാണ് നോക്കുക. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ എങ്ങനെയാണ് സംഗതികൾ
ഈ ഭയമുണ്ടെന്ന് സർക്കാറിന് നന്നായി അറിയാം. പരാജയപ്പെട്ട സംരംഭകൻ എന്നൊന്നില്ലെന്ന് നയത്തിൽത്തന്നെ സർക്കാർ വ്യക്തമാക്കുന്നത് അതിനാലാണ്. സംരംഭങ്ങൾ പരാജയപ്പെട്ടേക്കാം. സംരംഭകൻ പരാജയപ്പെട്ടു എന്നല്ല അതിനർഥം.
ഗൂഗിളിനെപ്പോലൊരു വമ്പൻകമ്പനിക്കുപോലും ഓർക്കുട്ട് പൂട്ടേണ്ടിവന്നു. വിജയങ്ങളൊന്നും ആദ്യനാളിൽത്തന്നെ ഉണ്ടായതല്ല. അതിന് നന്നായി അധ്വാനിക്കേണ്ടതുണ്ടെന്ന് സംരംഭകരെ ബോധ്യപ്പെടുത്താറുണ്ട്.
പഴയമട്ടിൽ കുട്ടികളെ നിരുത്സാഹപ്പെടുത്തുന്ന രക്ഷിതാക്കൾ ഇപ്പോഴുമുണ്ടെങ്കിലും ഭൂരിപക്ഷവും റിസ്ക് ഏറ്റെടുക്കാൻ തയ്യാറാണ്. പണ്ട് കുട്ടികൾ തമ്മിൽ മത്സരമുണ്ടായിരുന്നെങ്കിൽ ഇന്ന് അതിന്റെ ആവശ്യമില്ല. അവസരങ്ങൾ ഒട്ടേറെയുണ്ട്. പരസ്പരവിശ്വാസവും സഹകരണവുമാണ് ഇന്നത്തെ സംരംഭങ്ങളെ വിജയത്തിലെത്തിക്കുന്നത്.
?സാമൂഹികാവശ്യങ്ങൾക്കുതകുന്ന സാങ്കേതികവിദ്യയ്ക്ക്‌ അത്രമാത്രം ആവശ്യക്കാരുണ്ടാകുമോ
വലിയ സാധ്യതയാണ് അതിനുള്ളത്. ഉദാഹരണത്തിന്, കേരളത്തിന്റെ വലിയ പ്രശ്നങ്ങളിലൊന്നാണ് മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ളത്. ഇപ്പോൾ, പൊതുസ്ഥലത്ത് വലിച്ചുവാരി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ പരത്തുന്ന രോഗങ്ങൾ ചില്ലറയല്ല. മാലിന്യമിടാൻ പൊതുസ്ഥലത്ത് വെച്ചിരിക്കുന്ന ചവറ്റുകൊട്ടകൾ നിറഞ്ഞുകവിയുന്നതിനുമുമ്പേ അതിലെ മാലിന്യങ്ങൾ നീക്കംചെയ്യപ്പെട്ടാൽ ഈ പ്രശ്നം ഒഴിവാക്കാം. ഓരോ ചവറ്റുകുട്ടയും നിറയുമ്പോൾ അതുനീക്കാൻ ചുമതലപ്പെട്ടവർക്ക് സന്ദേശമെത്തുന്ന സംവിധാനമുണ്ടെങ്കിൽ സഹായകരമായിരിക്കും. പുറത്തൊക്കെ talking bin എന്ന പേരിൽ ഇത്തരം ആപ്പുകൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. യോഗങ്ങളുടെ മിനുട്‌സ്‌ രേഖപ്പെടുത്തുകയും തീരുമാനങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ടവരെ ഓർമിപ്പിക്കുകയും ചെയ്യുന്ന ആപ്പുകളുണ്ട്. ഫ്രിഡ്ജിനുള്ളിലെ ഭക്ഷ്യവസ്തുക്കളുപയോഗിച്ച് എന്തൊക്കെ വിഭവങ്ങളുണ്ടാക്കാമെന്നു പറഞ്ഞുതരുന്ന ആപ്പുകളുമുണ്ട്. അങ്ങനെ സാധ്യതകൾ അനേകമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram