കുറച്ചുദിവസങ്ങൾക്കു മുൻപ് കൊഞ്ചിറവിള മോഡൽ യു.പി.എസിലേക്ക് ഒരു കത്ത് വന്നു. വീടുകളിൽനിന്നു ഒഴിവാക്കപ്പെട്ട അപ്പൂപ്പൻമാരുടെയും അമ്മൂമ്മമാരുടെയും വേദനയായിരുന്നു കത്തിനുള്ളടക്കം. മിഠായി വാങ്ങാൻ ചെലവഴിച്ച പണം കൊണ്ട് സമ്മാനങ്ങൾ വാങ്ങി കുട്ടികൾ ആ അപ്പൂപ്പൻമാരെയും അമ്മൂമ്മമാരെയും കാണാൻപോയി. അങ്ങനെ ഇത്തവണത്തെ ക്രിസ്‌മസ് പുലയനാർകോട്ട കെയർഹോമിലേ അന്തേവാസികൾക്ക് മറക്കാനാകാത്ത അനുഭവമായി.
കെയർഹോമിലെ 114 അന്തേവാസികളെയും ഓരോരോ കുട്ടികളുടെ ക്രിസ്‌മസ് സുഹൃത്തായി നിശ്ചയിച്ചു സമ്മാനങ്ങൾ വാങ്ങി. സമ്മാനപ്പൊതികൾക്കൊപ്പം സ്നേഹം കുറിച്ചുവച്ച കുറിപ്പുകളും അവർ കൈമാറി.
കൈനിറയെ സമ്മാനങ്ങളുമായെത്തിയ സാന്തായെ കെയർഹോമിലെ അന്തേവാസികൾ ഊഞ്ഞാലാട്ടി. നിഷ്‌കളങ്കമായി ചിരിച്ചുനിന്ന കുരുന്നുകളെ മുത്തച്ഛന്മാരും മുത്തശ്ശിമാരും വാത്സല്യത്തോടെ ചേർത്തുനിർത്തി ഓമനിച്ചു. നിറകണ്ണുകളോടെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചു. മിഠായി വേണ്ടെന്നുവച്ച് കുഞ്ഞുങ്ങൾ വാങ്ങിത്തന്ന ക്രിസ്‌മസ് സമ്മാനത്തിനു മിഠായിയെക്കാൾ മധുരമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു.
ഇല്ലായ്മകൾക്ക് നടുവിൽ നിന്നുവരുന്നവരാണ് കൊഞ്ചിറവിള സ്‌കൂളിലെ ഭൂരിഭാഗവും കുട്ടികളും.
zഅശരണരെ സഹായിക്കണമെന്ന ആലോചന വന്നപ്പോൾ രക്ഷിതാക്കളും അധ്യാപകരും പിന്തുണയുമായെത്തി. ഹെഡ്മിസ്ട്രസ് ബി.ഷീല നേതൃത്വം നൽകി.
കഥകളും പാട്ടുകളും മുത്തശ്ശന്മാരും മുത്തശ്ശിമാരും സമ്മാനമായി തിരികെക്കൊടുത്തു. ‘ഇനിയും വരണം, ഞങ്ങൾ കാത്തിരിക്കും’ എന്ന് ഓർമിപ്പിച്ചാണ് കുട്ടികളെ യാത്രയാക്കിയത്.
Share this Article
Related Topics