പുൽക്കൂടൊരുക്കാൻ ഉണ്ണിയേശുവിന്റെ പ്രതിമകൾ


1 min read
Read later
Print
Share

ക്രിസ്‌മസ് രാവുകൾ വരവായി. മഞ്ഞുപുതച്ച രാത്രികളിൽ കരോൾ ഗാനങ്ങളും മുഴങ്ങിത്തുടങ്ങി. പള്ളിമേടകളിലും ക്രിസ്തീയ ഭവനങ്ങളിലും പുൽക്കൂടൊരുക്കാൻ ഉണ്ണിയേശുവിന്റെ പ്രതിമകളുടെ വിൽപ്പനയും തുടങ്ങി. ദേശീയ പാതയോരങ്ങളിൽ നാടോടിസംഘങ്ങളും പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത ഉണ്ണിയേശുവിന്റെ തിരുപ്പിറവി ചിത്രീകരിക്കുന്ന പ്രതിമകളുടെ വില്പന നടത്തുന്നുണ്ട്‌.
ഇരുപത് പ്രതിമകൾ ഉള്ള ഒരു സെറ്റിന് 1500 രൂപയാണ് വില പറയുന്നത്. കരമന - കളിയിക്കാവിള ദേശീയപാതയിൽ പള്ളിച്ചലിൽ വർഷങ്ങളായി തമ്പടിച്ച് പ്രതിമകൾ ഉണ്ടാക്കി വിൽക്കുന്ന രാജസ്ഥാനിൽ നിന്നുമെത്തിയ കുടുംബങ്ങളാണ് ക്രിസ്‌മസിനുവേണ്ടി ഉണ്ണിയേശുവിന്റെ പ്രതിമകളുടെ നിർമാണത്തിലും വില്പനയിലും ഏർപ്പെട്ടിരിക്കുന്നത്. പുരുഷന്മാരാണ് മോൾഡിൽ പ്രതിമകളുടെ രൂപം നിർമിക്കുന്നത്. സ്ത്രീകൾ പല വർണങ്ങളിലുള്ള പെയിന്റുകൾ ഉപയോഗിച്ച് പ്രതിമകൾക്ക് പൂർണത വരുത്തും. ഓരോ സീസണിലേയും ആഘോഷങ്ങൾക്കനുസരിച്ചാണ് പ്രതിമകൾ ഇവർ വിൽപ്പനയ്ക്കായി തയ്യാറാക്കുന്നത്. പൂജവയ്പിന് സരസ്വതി വിഗ്രഹങ്ങളും വിഷുവിന് ശ്രീകൃഷ്ണ പ്രതിമകളും നിർമിച്ച് വില്പന നടത്തും. പ്രതിമകൾക്ക് ആദ്യം ഒരു വില പറയുമെങ്കിലും വാങ്ങാനെത്തുന്നവരിലധികവും വിലപേശിയാണ് വാങ്ങുന്നത്. പാതയോരത്തെ വില്പനയ്ക്ക് പുറമെ വലിയ സൈക്കിളിൽ വീടുകൾ തോറും കയറിയിറങ്ങിയുള്ള വിൽപ്പന നടത്തുന്നവരുമുണ്ട് ഇവരുടെ കൂട്ടത്തിൽ. ദൈവങ്ങളുടെ പ്രതിമകൾക്ക് പുറമെ പക്ഷികളുടെയും ആനയുടെയും മറ്റ് രൂപങ്ങളുടെയും പ്രതിമകൾ മനോഹരമായി ഇവർ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിക്കും. കളിമണ്ണിലും സിമന്റിലും നിർമിക്കുന്ന പ്രതിമകളുടെ ഈട് പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമകൾക്ക് ലഭിക്കാറില്ലെങ്കിലും മികച്ച പെയിന്റിങ്ങിലൂടെ വരുത്തുന്ന രൂപഭംഗിയിൽ ഇവ ഒട്ടും പുറകിലല്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram