5G ജൂണില്‍ ഇന്ത്യയിലെത്തുമെന്ന് ടെലികോം സെക്രട്ടറി


1 min read
Read later
Print
Share

2020 ഓടെ 5ജി സാങ്കേതികവിദ്യയിലേക്ക് ചുവടുവെക്കാനാണ് മറ്റ് മുന്‍നിര രാജ്യങ്ങളെ പോലെതന്നെ ഇന്ത്യയും പദ്ധതിയിടുന്നത്.

ന്യൂഡല്‍ഹി: ടെലികോം മന്ത്രാലയം നിയമിച്ച പ്രത്യേക സമിതി അഞ്ചാം തലമുറ സാങ്കേതിക വിദ്യയുടെ മാര്‍ഗരേഖ ജൂണില്‍ അവതരിപ്പിക്കുമെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ 'കാറ്റലൈസിങ് 5ജി ഇന്‍ ഇന്ത്യ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 5ജി സ്‌പെക്ട്രം നയവുമായും അതിന്റെ നിയന്ത്രണ സംവിധാനം, മുന്നൊരുക്കങ്ങള്‍ എന്നിവയുമായും ബന്ധപ്പെട്ട നിരവധി മേഖലകള്‍ സമിതി പരിശോധിച്ചുവരികയാണെന്നും അരുണ സുന്ദരരാജന്‍ പറഞ്ഞു.

2020 ഓടെ 5ജി സാങ്കേതികവിദ്യയിലേക്ക് ചുവടുവെക്കാനാണ് മറ്റ് മുന്‍നിര രാജ്യങ്ങളെ പോലെതന്നെ ഇന്ത്യയും പദ്ധതിയിടുന്നത്. അതിവേഗ വയര്‍ലെസ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം പ്രദാനം ചെയ്യുന്ന 5ജി സാങ്കേതികവിദ്യയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കാന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെയും വ്യവസായ അക്കാദമിക മേഖലകളുടെയും പിന്തുണയും സഹായവും അരുണ സുന്ദരരാജന്‍ അഭ്യര്‍ത്ഥിച്ചു.

5ജി സാങ്കേതിക വിദ്യയുടെ വികാസം പുതിയ സേവനങ്ങള്‍ക്ക് തുടക്കമിടാനും, പുതിയ വ്യവസായങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനും, വിവിധങ്ങളായ പുതിയ ഉപകരണങ്ങളും അതുവഴി പുതിയ ഉപയോക്തൃ അനുഭവങ്ങളെ ശക്തിപ്പെടുത്താനും അടുത്ത ദശാബ്ദത്തിലേക്കും അതിനുമപ്പുറത്തേക്കുമുള്ള കണക്റ്റിവിറ്റി ആവശ്യകതയ്ക്ക് പിന്തുണയേകാനും സഹായകമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 5ജിയിലൂടെ താമസിയാതെ തന്നെ നമ്മുടെ ജിവിതരീതിയില്‍ മാറ്റമുണ്ടാവുന്നത് നമുക്ക് കാണാനാവും.

5ജി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പദ്ധതികള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുന്നതിനും കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായി 2017 സെപ്റ്റംബറിലാണ് ടെലികോം, ഐടി, ശാസ്ത്ര സാങ്കേതിക വിദ്യ മന്ത്രാലയങ്ങളിലെ മൂന്ന് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചത്.

5ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ ഇന്ത്യ മുന്‍പന്തിയില്‍ തന്നെയുണ്ട്. അതുകൊണ്ടുതന്നെ 2ജി, 3ജി 4ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതില്‍ പിന്നിലായപോലെ 5ജി സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഉണ്ടാവാനിടയില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram