ഫോര്‍ ജി യുഗം അവസാനിക്കുന്നു; ഇനി ഫൈവ് ജി


1 min read
Read later
Print
Share

5ജി സ്പെക്ട്രം ലഭ്യമാക്കുന്ന നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്ന് രാജ്യത്ത് 5ജി മാര്‍ഗരേഖ തയ്യാറാക്കുന്ന സമിതി ശുപാര്‍ശ ചെയ്തു.

രാജ്യം 4ജിയുടെ വേഗമറിയും മുമ്പ് തന്നെ 5ജി സേവനവുമെത്തുന്നു. രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗം കൂടും.

5ജി സ്പെക്ട്രം ലഭ്യമാക്കുന്ന നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്ന് രാജ്യത്ത് 5ജി മാര്‍ഗരേഖ തയ്യാറാക്കുന്ന സമിതി ശുപാര്‍ശ ചെയ്തു.

2020 ഓടെ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ പ്രൊഫ. എ.ജെ. പോള്‍രാജ് പറഞ്ഞു.

5ജി സ്പെക്ട്രം സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യവും ഒരുക്കുന്നതിനായി അഞ്ചു വര്‍ഷം കാലാവധിയുള്ള ഒരു സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ക്കായി അധിക സ്പെക്ട്രം ലഭ്യമാക്കണമെന്നും സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

അമേരിക്ക, ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലൊക്കെ 5 ജി സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലും ഇത്തരത്തില്‍ ഗവേഷണങ്ങള്‍ നടന്നുവരികയാണ്.

രാജ്യത്ത് 4ജി സേവനം വളരെ വേഗത്തില്‍ പടര്‍ന്നുപിടിച്ചതുപോലെ 5ജിയും വിപണി പിടിക്കുമെന്നാണ് കരുതുന്നത്. 2012-ല്‍ കൊല്‍ക്കത്തയിലാണ് രാജ്യത്ത് ആദ്യമായി 4ജി സേവനമെത്തുന്നത്. ഭാരതി എയര്‍ടെല്‍ ആണ് അത് ലഭ്യമാക്കിയത്.

2015-16 കാലയളവില്‍ റിലയന്‍സ് ജിയോ സൗജന്യ സേവനവുമായി എത്തിയതോടെയാണ് 4ജി ജനപ്രിയമായത്. ഇതോടെ, 4ജി അധിഷ്ഠിത മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെയും വില്‍പ്പന കൂടി.

എന്താണ് 5ജി ?

അതിവേഗ ഇന്റര്‍നെറ്റ് തന്നെയാണ് 5 ജിയുടെയും കരുത്ത്. 4 ജിയെക്കാള്‍ വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യത 5 ജിക്ക് ഉറപ്പു നല്‍കാനാകും. സെക്കന്‍ഡില്‍ ഒരു ഗിഗാബിറ്റിന് മുകളിലായിരിക്കും വേഗം.

ഇതിന് പുറമെ, ഒന്നിലേറെ ഡിവൈസുകള്‍ (സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ലാപ്ടോപ്പ് തുടങ്ങിയവ) കണക്ട് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. വേഗം കുറയ്ക്കാതെ തന്നെ ഇത് സാധ്യമാക്കാനാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram