ഡിജിറ്റല്‍ യുഗത്തില്‍ പാസ്‌വേഡുകള്‍ക്ക് പ്രാധാന്യം ഏറെയാണ്. മൊബൈല്‍ ഫോണുകള്‍ മുതല്‍ സമ്പാദ്യം കാക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ വരെ പാസ് വേഡുകളുടെ സുരക്ഷിതത്വത്തിലാണ് ഇന്നുള്ളത്. എന്നാല്‍ പലരും സുപ്രധാനമായ പാസ്‌വേഡുകള്‍ തെരഞ്ഞെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. അപ്പോള്‍ പാസ് വേഡുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണ്.
പാസ്‌വേഡുകള്‍ എങ്ങനെ സുരക്ഷിതമാക്കാം.
ഒരു പാസ്‌വേഡും പൂര്‍ണമായി സുരക്ഷിതം ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. എങ്കിലുംപാസ്‌വേഡുകള്‍ നിര്‍മിക്കുമ്പോള്‍ ചില മുന്‍കരുതലുകളെടുക്കാം.
വ്യത്യസ്തതയുള്ള പാസ്‌വേഡുകള്‍ നിര്‍മിക്കുക
അപകടം ഒഴിവാക്കാന്‍ വ്യത്യസ്തതയുള്ള പാസ്‌വേഡുകള്‍ നിര്‍മിക്കേണ്ടത് അനിവാര്യമാണ്. ആര്‍ക്കും പ്രവചിക്കാന്‍ പ്രയാസമുള്ളതായിരിക്കണം പാസ്വേഡ്. കുറഞ്ഞത് എട്ട് അക്ഷരങ്ങളും ചിഹ്നങ്ങളും അക്കങ്ങളും ചേര്‍ക്കാം. എണ്ണം കൂടും തോറും പാസ് വേഡുകളുടെ സുരക്ഷിതത്വവും വര്‍ധിക്കും. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലര്‍ത്തിയതും നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകളും മറ്റും പാസ്വേഡുകളായി ഉപയോഗിക്കാം.
ഇഷ്ടപ്പെട്ട വാചകങ്ങളിലുള്ള പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചുരുക്കെഴുത്തുകള്‍ പാസ്‌വേഡുകളാക്കാം. ഇഷ്ടപ്പെട്ട പാട്ടുകളുടെ വരികളും ഇതുപോലെ ചുരുക്കി ഉപയോഗിക്കാം.
മറക്കാതെ എങ്ങനെ സൂക്ഷിക്കാം?
പാസ്വേഡുകള്‍ മറക്കരുത് എന്ന് തന്നെയാണ് ആദ്യം പറയേണ്ടത്. ഒന്നിലധികം പാസ്വേഡുകള്‍ മനസില്‍ ഓര്‍ത്തുവെക്കുക പ്രയാസമുള്ള കാര്യമാണ്. അവ എങ്ങനെ സൂക്ഷിച്ചുവെക്കും. എഴുതിവെക്കുന്നതും മറ്റും നല്ല രീതിയല്ല. ഗൂഗിള്‍ ക്രോം പോലുള്ള ബ്രൗസറുകളില്‍ പാസ് വേഡുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഇവയുടെ സുരക്ഷിതത്വം എത്രത്തോളമാണെന്ന് പറയാനാവില്ല. എന്നാല്‍ ഇവ പ്രയോജനപ്പെടുത്താവുന്നതാണ്. അതിന് ചെറിയൊരു കാര്യം ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകള്‍ സാധ്യമാവുന്ന അക്കൗണ്ടുകളുടെ പാസ് വേഡുകളും, അതീവ രഹസ്യസ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ അടങ്ങുന്ന അക്കൗണ്ടുകളുടെ പാസ്വേഡുകളും മനസില്‍ മാത്രം സൂക്ഷിക്കുക. അല്ലാത്തവ മാത്രം ബ്രൗസറുകളില്‍ സൂക്ഷിക്കാം.
പാസ്‌വേഡ് സുരക്ഷ; പ്രധാനകാര്യങ്ങള്‍
- ഒരു ഇമെയിലിനും എന്‍ക്രിപ്റ്റഡ് അല്ലാത്ത മെസേജിങ് സംവിധാനങ്ങള്‍ വഴിയും പാസ്‌വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
- നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക.
- ആരുമായും ഒരു കാരണവശാലും പാസ്‌വേഡുകള്‍ പങ്കുവക്കാതിരിക്കുക.
- ഒന്നില്‍ കൂടൂതല്‍ അക്കൌണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.
- യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.
- പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.
- യൂസര്‍ ഐഡിയും പാസ്‌വേഡും വ്യത്യസ്ത ഇടങ്ങളില്‍ മാറ്റി ഉപയോഗിക്കാതിരിക്കുക.
- നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്ട്രേഷന്‍ നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
- വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്‌വേഡുകള്‍ ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
- കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCVതുടങ്ങിയവ).
- നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക.
- പാസ്‌വേഡുകള്‍ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസര്‍ ഐഡിയും. എളുപ്പത്തില്‍ ഊഹിക്കാവുന്നവ ഒഴിവാക്കുക. ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കര്‍മ്മാര്‍ക്ക് സുപരിചിതവും പ്രിയപ്പെട്ടതും ആണ്.
- നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറില്‍ ആണെങ്കില്‍ കൂടി ബ്രൗസറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കുമ്പോള്‍ അവയേ ഒരു മാസ്റ്റര്‍ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുക.
- ഇന്റര്‍നെറ്റ് കഫേകളിലൂടെയും മറ്റും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്ന്. ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.