കൊച്ചിയിലാദ്യമായി ഭക്ഷണം വിളമ്പാന്‍ റോബോട്ടുകള്‍


വി എസ് സിജു

നാല് റോബോട്ടുകളും ചൈനയില്‍ നിന്ന് വന്നവരാണ്. ആറുലക്ഷം രൂപ വരെയാണ് ഒരോന്നിനും ചെലവായത്. ചൈനക്കാരാണെങ്കിലും പേരുകളുടെ കാര്യത്തില്‍ തനി ലോക്കലാണ് നാല് റോബോട്ടുകളും. 'താര', 'അന്ന', 'സെബ', 'സൂസി' എന്നിങ്ങനെയാണ് പേരുകള്‍.

റെസ്റ്റോറന്റിന്റെ മുന്നില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരെ സ്വാഗതം ചെയ്യുന്നതോടൊപ്പം 'വെല്‍ക്കം ഡ്രിങ്ക്' കൂടി സ്‌നേഹപൂര്‍വം നീട്ടുന്ന റോബോട്ട്... തീന്‍മേശയില്‍ സ്ഥാനം പിടിക്കുന്നതോടെ ചെറിയ ശബ്ദത്തില്‍ പാട്ടൊക്കെ പാടി മെല്ലെ അരികിലേക്കെത്തുന്ന റോബോട്ട്. മെനു കാര്‍ഡിനൊപ്പം വെള്ളവും കരുതിയാണ് ആ വരവ്. വെള്ളവും മെനു കാര്‍ഡും എടുത്തുകഴിഞ്ഞാല്‍ കസ്റ്റമറുടെ അനുവാദത്തോടെ മെല്ലെ നടന്നുനീങ്ങും. ഓര്‍ഡര്‍ എടുക്കാന്‍ ഒരു കൂട്ടുകാരനോടൊപ്പമായിരിക്കും വരിക. പക്ഷേ, ഓര്‍ഡര്‍ പ്രകാരമുള്ള ഭക്ഷണം റോബോട്ട് തന്നെ കൊണ്ടുവരും.

പാലാരിവട്ടം ബൈപ്പാസില്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്ക് എതിര്‍വശത്തെ 'തക്കാരം' റെസ്റ്റോറന്റില്‍ കഴിഞ്ഞദിവസം മുതലാണ് പെണ്‍ റോബോട്ടുകള്‍ ഭക്ഷണവിതരണത്തിന് എത്തിയിരിക്കുന്നത്. റോബോട്ടുകള്‍ വിളമ്പുന്ന ഭക്ഷണം കഴിക്കാന്‍ ഇപ്പോള്‍ വലിയ തിരക്കാണിവിടെ.

റെസ്റ്റോറന്റുകളിലേക്ക് വിമാനവും തീവണ്ടിയുമൊക്കെ കൊണ്ടുവന്നവരാണ് 'തക്കാരം' ഗ്രൂപ്പ്. 'തക്കരിക്കുക' എന്ന വടക്കന്‍മലയാളത്തിന് 'സല്‍ക്കരിക്കുക' എന്നാണ് അര്‍ഥം. അതില്‍ നിന്നാണ് തക്കാരം എന്ന പേര്.

തിരുവനന്തപുരത്തെ റെസ്റ്റോറന്റിലാണ് വിമാനത്തിന്റെയും തീവണ്ടിയുടെയും മാതൃക സൃഷ്ടിച്ചത്.

ഈ മാതൃക പിന്തുടര്‍ന്നാണ് കൊച്ചിയിലെ റെസ്റ്റോറന്റിലേക്ക് 'റോബോട്ടു'കളെ കൊണ്ടുവന്നത്. 'തീം റെസ്റ്റോറന്റ്' എന്ന ആശയമാണ് ഇതിന് പിന്നിലെന്ന് ഉടകളിലൊരാളായ ഈറ്റിശ്ശേരി ഷാനവാസ് പറഞ്ഞു.

നാലുപേരും ചൈനക്കാരാണ്

നാല് റോബോട്ടുകളും ചൈനയില്‍ നിന്ന് വന്നവരാണ്. ആറുലക്ഷം രൂപ വരെയാണ് ഒരോന്നിനും ചെലവായത്. ചൈനക്കാരാണെങ്കിലും പേരുകളുടെ കാര്യത്തില്‍ തനി ലോക്കലാണ് നാല് റോബോട്ടുകളും. 'താര', 'അന്ന', 'സെബ', 'സൂസി' എന്നിങ്ങനെയാണ് പേരുകള്‍. സഞ്ചരിക്കാന്‍ പ്രത്യേക ട്രാക്കുണ്ട് റോബോട്ടുകള്‍ക്ക്. അതിലൂടെയാണ് അവയുടെ സഞ്ചാരം. ആവശ്യമെങ്കില്‍ ട്രാക്കില്‍ നിന്നിറങ്ങിയും കസ്റ്റമര്‍മാര്‍ക്കരികിലേക്ക് എത്തും. പക്ഷേ, പൊതുവേ ട്രാക്കിലൂടെ തന്നെയാണ് സഞ്ചാരം. ചൈനയില്‍ നിന്നെത്തിയ വിദഗ്ദ്ധരാണ് റോബോട്ടുകളെ ഇന്‍സ്റ്റാള്‍ ചെയ്തത്.

പുതിയ ലോകത്ത് എത്തിയതുപോലെ

'പുതിയ ലോകത്ത് എത്തിയ അനുഭവമാണ് റോബോട്ടുകള്‍ ഭക്ഷണവുമായി എത്തിയപ്പോള്‍ ഉണ്ടായത്' എന്ന് മൂവാറ്റുപുഴയില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ പവല്‍ കെ. എല്‍ദോ പറഞ്ഞു. പവലിന്റെ കസിന്‍ നിവിനും ഭാര്യ അന്നയും ഒപ്പമുണ്ടായിരുന്നു. റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്നത് അറിഞ്ഞാണ് ഇവര്‍ റെസ്റ്റോറന്റിലെത്തിയത്. ഓര്‍ഡര്‍ എടുക്കാനെത്തിയ റോബോട്ടിനും 'അന്ന' എന്നാണ് പേരെന്നത് മൂവര്‍ക്കും മറ്റൊരു കൗതുകമായി.

ലക്ഷ്യം കസ്റ്റമര്‍മാരെ ആകര്‍ഷിക്കുക തന്നെ

'കസ്റ്റമര്‍മാരെ ആകര്‍ഷിക്കുക തന്നെയാണ് ഇത്തരമൊരു പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്' എന്ന് റെസ്റ്റോറന്റ് ഉടമകള്‍ പറഞ്ഞു. റെസ്റ്റോറന്റിലെ 48 മേശകള്‍ക്കരികിലും റോബോട്ട് എത്തും. ട്രാക്കില്‍ തടസ്സമായി ആരെങ്കിലും നിന്നാല്‍ റോബോട്ട് നില്ക്കും... പിന്നെ ശാന്തമായി 'തനിക്ക് വഴി തരൂ' എന്ന് ഇംഗ്ലീഷില്‍ അഭ്യര്‍ഥിക്കും. ഇംഗ്ലീഷ് മാത്രമല്ല ഏത് ഭാഷയും വഴങ്ങും ഈ റോബോട്ടുകള്‍ക്ക്. കുട്ടികളെയാണ് റോബോട്ടുകള്‍ വളരെയധികം ആകര്‍ഷിച്ചിരിക്കുന്നത്.

നാല് മണിക്കൂര്‍ ചാര്‍ജില്‍ എട്ട് മണിക്കൂര്‍ ജോലി

റീ ചാര്‍ജബിള്‍ ബാറ്ററിയിലാണ് റോബോട്ടുകളുടെ പ്രവര്‍ത്തനം. നാല് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ വരെ റോബോട്ടുകള്‍ പ്രവര്‍ത്തിക്കും. കസ്റ്റമര്‍മാരുടെ സന്തോഷമാണ് നാലുപേരുടെയും സംതൃപ്തി.

'റോബോട്ടിനെയൊക്കെ ജോലിക്കാരായി നിയമിച്ചതോടെ ഭക്ഷണത്തിന് വിലകൂട്ടിയോ..?' എന്ന ചോദ്യത്തിന് 'ഏയ് അങ്ങനെയൊന്നും ഇല്ല' എന്നായിരുന്നു ഉടമകളുടെ മറുപടി. അതെന്തായാലും റോബോട്ടുകള്‍ ഭക്ഷണപ്രിയരുടെ മനം കീഴടക്കുകയാണിപ്പോള്‍.

Content Highlights : Robot waiters comes to Kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram