ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് നേരെ വന്‍ റാന്‍സംവെയര്‍ ഒരുങ്ങുന്നു


ആന്‍ഡ്രോയിഡ് ഫോണുകള്‍ വഴി വളരെ എളുപ്പം പണമുണ്ടാക്കാന്‍ സാധിക്കും എന്നതാണ് ഹാക്കര്‍മാരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

ന്യൂഡല്‍ഹി: റാന്‍സംവെയര്‍ വഴിയുള്ള സൈബര്‍ ആക്രമണ ഭീഷണിയുള്ള ആദ്യ ഏഴ് രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. വിന്‍ഡോസ് ഉപകരണങ്ങള്‍ക്ക് പുറമെ ആഗോള തലത്തില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ വളര്‍ച്ചയുണ്ടായ ആന്‍ഡ്രോയിഡ്, ലിനക്‌സ്, മാക് ഓഎസ് ഉപകരണങ്ങളിലും ആക്രമണമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'സാധാരണ നിലയില്‍ വിന്‍ഡോസ് കമ്പ്യൂട്ടറുകളെ മാത്രമമേ റാന്‍സംവയെര്‍ ലക്ഷ്യം വെക്കാറുള്ളൂ. എന്നാല്‍ ഈ വര്‍ഷം ആഗോള തലത്തില്‍ ഉപയോഗിക്കുന്ന മറ്റ് ഓഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലും ആക്രമണം ഉണ്ടായേക്കും.' സൈബര്‍ സുരക്ഷാ സ്ഥാപനമായ സോഫോസ് (Sophos)ലാബ്‌സിലെ സുരക്ഷാ ഗവേഷകന്‍ ഡോര്‍ക പാലോറ്റേ പറഞ്ഞു.

ആന്‍ഡ്രോയിഡ് റാന്‍സം വെയര്‍ ആക്രമണങ്ങള്‍ വ്യാപിക്കാനുള്ള സാധ്യതയാണ് സുരക്ഷാ ഗവേഷകര്‍ മുന്നോട്ട് വെക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ വഴി വളരെ എളുപ്പം പണമുണ്ടാക്കാന്‍ സാധിക്കും എന്നതാണ് ഹാക്കര്‍മാരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

'ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാതെ ഫോണ്‍ ലോക്ക് ചെയ്യുക, അല്ലെങ്കില്‍ ഡാറ്റ് എന്‍ക്രിപ്റ്റ് ചെയ്ത് കൊണ്ട് ഫോണ്‍ ലോക്ക് ചെയ്യുക എന്നിങ്ങനെ രണ്ട് രീതിയിലുള്ള ആന്‍ഡ്രോയിഡ് ആക്രമണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സോഫോസില്‍ നിന്നുള്ള മുന്നറിയിപ്പ്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറിന് പുറത്തുള്ള സൈറ്റുകളില്‍ നിന്നും ലഭ്യമായ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലാണ് റാന്‍സം വെയര്‍ കണ്ടെത്തിയിട്ടുള്ളത്.

ഫോണുകളിലെ വിവരങ്ങള്‍ നിരന്തരം ബാക്ക് അപ്പ് ചെയ്ത് വെക്കണമെന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും സോഫോസ് മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ മെയിലുണ്ടായ വാന്നാക്രൈ റാന്‍സംവെയര്‍ ആക്രമണം വലിയ തോതിലാണ് ആഗോള തലത്തില്‍ കംപ്യൂട്ടറുകളെ ബാധിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram